20 പെൺശലഭങ്ങൾ വെണ്മേഘങ്ങൾക്കു മുകളിൽ ചിറകുയർത്തി പറന്നപ്പോൾ…

യാത്രകൾഎല്ലാം തന്നെ, അത് എവിടേക്കായാലും വളരെ പ്രിയപ്പെട്ടതാണ് ഓരോ യാത്രികക്കും , പക്ഷെ അതിൽ പെൺയാത്രകൾക്ക് എന്നും മാധുര്യം കൂടുതൽ ആണ്. അടച്ചിടലുകളുടെ വേലിക്കെട്ടുകൾ ചവിട്ടി തുറക്കാൻ പെൺയാത്രകൾക്കു കഴിയും. സ്ഥലങ്ങൾ കണ്ട് , ഹോട്ടൽ മുറികളിൽ താമസിച്ചു , ഫാമിലിയിൽ ഒതുങ്ങി, ഷോപ്പിങ്ങും കഴിഞ്ഞു മടങ്ങി വരുന്ന ടിപ്പിക്കൽ ടൂറിൽ നിന്ന്, ഒരു സഞ്ചാരിയുടെ എല്ലാ അനുഭവവും സ്ത്രീകളിലേക്കെത്തിക്കാൻ മുകളിൽ പറഞ്ഞ ടിപ്പിക്കൽ ടൂർനു കഴിയുമോ എന്ന് സംശയം ആണ്.

സ്വന്തമായി കാര്യങ്ങൾ ചെയ്യാനും, തീരുമാനങ്ങൾ എടുക്കുന്നതിനും യാത്ര സ്ത്രീക്ക് നൽകുന്ന കോൺഫിഡൻസ് ചെറുതൊന്നും അല്ല. യാത്ര പോകാൻ തീരുമാനം എടുക്കുന്നത് മുതൽ തിരിച്ചെത്തുന്ന സമയം വരെ അവൾ ഒരുപാട് ചോദ്യചിഹ്നത്തിന്റെ മുന്നിൽ ആകും, അച്ഛന്റെ, അമ്മയുടെ, അമ്മായിയുടെ,ആങ്ങളമാരുടെ, സമൂഹത്തിന്റെ , കൂട്ടുകാരുടെ, ഭർത്താവിന്റെ ഭർത്താവിന്റെ വീട്ടുകാരുടെ… അങ്ങനെ ഈ നിര അവസാനിക്കാതെ തുടരും. ഇതെല്ലാം അതിജീവിച്ചു അത്തരം ഒരു യാത്ര നടത്തി തിരിച്ചെത്തുന്ന സ്ത്രീ, അവൾ സ്വന്തം സ്വപ്നങ്ങൾക്ക് മേൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയർന്നു പറക്കും.

ഇനി യാത്രയിലേക്കു കടക്കാം, ബാംഗ്ലൂരിലെ തിരക്കുപിടിച്ച ജീവിതത്തിൽ, ജോലിയും വീടുമായി ദിവസവും ഓടിക്കൊണ്ടിരിക്കുന്ന കുറേ സ്ത്രീകൾ ഉണ്ട്. ആഗ്രഹങ്ങളെ ഓഫീസിലെ ക്യൂബിക്കിളിൽ അലിയിപ്പിച്ചു കളഞ്ഞ സ്ത്രീകൾ, അവർക്കു ഒരു പുതിയ അനുഭവം നൽകാം എന്ന് കരുതി തുടങ്ങിയതാണ് ഈ യാത്ര .

എന്റെ കൂട്ടുകാരി സുധീനയുടെ നാടായ ഗൂഡലൂരിനടുത്തു, ഊട്ടിയിലേക്ക് പോകുന്ന വഴി മനോഹരമായ ഒരു സ്ഥലം ഉണ്ട് ഷൊലൂർ , ഊട്ടിയെക്കാൾ മനോഹരമായ സ്ഥലം. അവള് വിളിച്ചു പറഞ്ഞപ്പോൾ മുതൽ ഞാൻ വളരെ എക്സറ്റെഡ് ആണ്, കാരണം നീലഗിരി യിൽ എനിക്കിതു പുതിയ ഒരു സ്ഥലം ആണ് . ചുട്ടുപൊള്ളുന്ന വേനലിൽ കുളിരു തേടി ഒരു യാത്ര. പബ്ലിക് ട്രാൻസ്‌പോർട് ആണ് നമുക്കിഷ്ട്ടം എന്നും .KSRTC യിൽ ഊട്ടിയിലേക്ക് സീറ്റ് ബുക്ക് ചെയ്തു. ഇങ്ങനെ ഒരു സ്ഥലത്തു പോകുന്നത് അറിയിച്ചപ്പ്പോൾ കുറെ ആളുകൾ വരാനായി റെഡി. പിന്നെ എന്റെ നേരെ ചോദ്യ ശരങ്ങൾ ആയിരുന്നു. എങ്ങനെ ആണ് യാത്ര, എവിടെ ആണ് സ്റ്റാർട്ടിങ് പോയിന്റ്, എവിടെ നിന്നാണ് പിക്ക് അപ്പ്..

എനിക്കൊരു കാര്യം മനസിലായി, എല്ലാവരും പാക്കേജ് ടൂർ എടുത്തു യാത്രചെയ്യുന്നവർ ആണ്. അതുകൊണ്ടാണ് ഇത്തരം ചോദ്യങ്ങൾ. ഞാൻ അവരെ വിളിച്ചു പറഞ്ഞു, ഇതു ഒരു ടൂർ അല്ല.. നമ്മൾ ഒരു യാത്ര പോകുകയാണ്, യാത്രയിലെ സാധാരണ ഉണ്ടാകുന്ന അനുഭവങ്ങൾ, അതിൽ ബസ് ബുക്കിംഗ് മുതൽ എല്ലാം നിങ്ങൾ experience ചെയ്യണം എന്നാണ് ആഗ്രഹം.. അങ്ങനെ ബസ് ഡീറ്റെയിൽസ് കൊടുത്തു അവരോടു സ്വയം ബുക്ക് ചെയ്യാൻ പറഞ്ഞു, പലരും ടൂറിസ്റ്റ് വാഹനങ്ങളിൽ കംഫോര്ട് സോണിൽ മാത്രം യാത്രചെയ്തിരുന്നവർ ആയിരുന്നു. ആദ്യമായി ബസ് ബുക്ക് ചെയ്യുന്നവർ വരെ. എല്ലാം അവർക്കു പുതിയ ഒരു experienceആയി മാറി . ഇതു തന്നെ ആയിരുന്നു ഈ യാത്രയുടെ ഉദ്ദേശവും, കംഫോര്ട് സോൺനു പുറത്തുള്ള ഒരു പെൺ യാത്ര. അത്തരം യാത്രകൾ സ്ത്രീകൾക്ക് നൽകുന്ന കോൺഫിഡൻസ് വളരെ വലുതാണ് .

അങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ, വെറുതെ പറയുന്നതല്ല. പഞ്ചാബ്, ബംഗാൾ, ഗുജറാത്ത്, തമിഴ്നാട്, കേരള, കർണാടകം അങ്ങനെ പല സംസകാരങ്ങളിൽ നിന്നും പലഭാഷകൾ സംസാരിക്കുന്ന 20 പെണുങ്ങൾ ഷൊലൂരിലെ കാഴ്ചകൾക്കായി ഒന്നിച്ചു. ശനി ആഴ്ച രാവിലെ 4 മണിക്ക് ഗൂഡലൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങുമ്പോൾ എല്ലാരും തണുത്തു മരവിച്ചിരിക്കുകയാണ്. എല്ലാവരുടെയും മുഖത്തു ഒരു ചോദ്യചിഹ്നം ഇനി എവിടേക്കു?? രാവിലെ സുധീനയുടെ വീട്ടിൽ പൊയി ഫ്രഷ് ആകാൻ തീരുമാനിച്ചിട്ടുണ്ട്. അപ്പോളേക്കും അവൾ ഒരു സ്കൂട്ടിയിൽ പറന്നെത്തി. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ഓരോ ഓട്ടോ പിടിച്ചു ഗൂഡലൂരിലെ വീട്ടിലേക്കു.പരസ്പരം പരിചയം ഉള്ള ആളുകൾ നന്നേ കുറവാണ് . ആദ്യമായാണ് ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ വീട്ടിലേക്കു ഇത്ര ധൈര്യത്തോടെ പോകുന്നത്. ഭയം ഉള്ളിലുള്ളവർ ഒന്നും പുറത്തുകാണിച്ചിട്ടില്ല. കുറെ പേര് ഉറങ്ങി, കുറെ പേര് ഇറങ്ങാനായി റെഡി ആയി . ആറരയോടെ ഞങ്ങൾ 20 പേർ ബസ് സ്റ്റാൻഡിലേക്ക് ഓടെടാ ഓട്ടം . ഭാഗ്യത്തിനാണ് തമിഴ്‌നാട്‌ ലോക്കൽ ബസ് കിട്ടുന്നത്.

അങ്ങനെ ഒന്നരമണിക്കൂർ വളഞ്ഞും തിരിഞ്ഞും തണുത്ത കാറ്റടിച്ചും ഉള്ള യാത്ര ഞങ്ങൾ ഷൊലുർ ജംഗ്ഷനിൽ അവസാനിപ്പിച്ചു. ഇപ്പൊതന്നെ എല്ലാവരും നല്ല കമ്പനി ആയിട്ടുണ്ട്. പലരുടേയും ഭയം പമ്പ കടന്നു. ഇവിടുന്നു ഒരു 5 KM ഉള്ളിലേക്കാണ് ഇനി യാത്ര. സുധിയുടെ ഫ്രണ്ടിന്റെ ഒരു പഴയ എസ്റ്റേറ്റ് ഉണ്ട് അവിടെ. ബ്രിട്ടീഷ്കാരുടെ കാലത്തിനും മുൻപ് നിർമിക്കപ്പെട്ട ഒരു കെട്ടിടവും. അവിടെ ആണ് ഞങ്ങൾ ടെന്റ് അടിച്ചു താമസിക്കുന്നത്. ഒരു ജീപ്പ് പറഞ്ഞിരുന്നു. കുറെ പേർ ജീപ്പിൽ കയറി പോയി. ഞങ്ങൾ കുറച്ചു പേര് മനോഹരമായ പൈൻ ഫോറെസ്റ്റിലൂടെ നടപ്പു തുടങ്ങി.

നടക്കുന്ന വഴി സിംഹവാലൻ കുരങ്ങുകളുടെ വലിയ കൂട്ടത്തെ , ആരെയും മൈൻഡ് ആകാതെ ഇഴഞ്ഞു നീങ്ങുന്ന അണലി പാമ്പിനെ, ചിത്രശലഭങ്ങളെ ഒക്കെ കാണാൻ സാധിച്ചു. ഞങ്ങൾ പോകുന്ന സ്ഥലം Badaga ട്രൈബൽ കമ്മ്യൂണിറ്റിയുടെ വാസസ്ഥലം ആണ്. എല്ലാവര്ക്കും എന്താണ് badaga/തൊടാസ് ട്രൈബൽ കമ്മ്യൂണിറ്റി എന്നും അവരുടെ വിഭാഗങ്ങളെ പറ്റിയും സുധി പറഞ്ഞു കൊടുത്തു. ” തട്ടനേരി ” മനോഹരമായ വ്യൂ പോയിന്റിലെ കാഴ്ചകൾക്ക് ശേഷം ഞങ്ങൾ എസ്റ്റേറ്റിന്റെ വലിയ ഗെയ്റ്റ് കടന്നു അകത്തേക്ക് പ്രവേശിച്ചു. എസ്റ്റേറ്റ് എന്ന് പെരുമാത്രമേ ഉള്ളു, വലിയ ഒരു കാടാണ്. ഇതു ഇങ്ങനെ ഇടാൻ ആണ് ഇവർക്കിഷ്ടം. . ഇടയ്ക്കു ഫ്രൂട്ട് ഫോറെസ്റ് ആക്കാൻ ഉള്ള ചില പ്ലാനുകൾ ഉണ്ടായിരുന്നു എന്ന് ഓണർ കിരൺ പറഞ്ഞു. പക്ഷെ ഈ സൗന്ദര്യം അങ്ങനെ തന്നെ നില നിർത്തട്ടെ എന്ന് കരുതി..ഇപ്പോൾ ധാരാളം സാമ്പാർ ഡീർ, ബാർക്കിങ് ഡീർ, ആനകൾ, ബൈസൺ എല്ലാം കയറി ഇറങ്ങുന്നുണ്ട്. നഗരത്തിലെ തിരക്കിൽ നിന്നെല്ലാം അകന്നു മനോഹരമായ ഒരു സ്ഥലം. അവിടെ ഞങ്ങൾ 20 പെൺശലഭങ്ങളും.

പിന്നെ ഒരുപാട് കളികളിലൂടെ, ചിരികളിലൂടെ പാട്ടുകളിലൂടെ ഞങ്ങൾ എല്ലാം ഒരു കുടുംബം ആയി.. 10 വര്ഷം മുന്നേ ഉള്ള കൂട്ടുകാരെ പോലെ തോന്നി ഗുജറാത്തിലെ കൗശാലിയും കേരളത്തിലെ നിഖിലയും തമ്മിലുള്ള സൗഹൃദം കണ്ടപ്പോൾ. കളികൾ അവസാനിപ്പിച്ചു എല്ലാവരും വെള്ളച്ചാട്ടത്തിലേക്കും അത് വഴി പ്രകൃതി ഒരുക്കിയ മനോഹരമായ ചെറിയ തടാകത്തിലും കുളി.. സമയം പോകുന്നത് അറിഞ്ഞില്ല. ആഴം ഇല്ലാത്ത ചെറുതടാകത്തിൽ, മലയുടെ മുകളിൽ നിന്ന് ഒഴുകി എത്തുന്ന ബ്രൗൺ നിറത്തിലുള്ള വെള്ളത്തിൽ അവൾ സ്വാതന്ത്രത്തിന്റെ വലിയ ഒരു നിമിഷം ആഘോഷിച്ചു.

വെള്ളച്ചാട്ടത്തിലെ കുളികഴിഞ്ഞു വൈകിട്ട് ഒരു നടപ്പും കഴിഞ്ഞു എല്ലാരോടും സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞ കാര്യങ്ങൾ പറയട്ടെ, ഫാമിൽ ആയി ടൂർ പോകുമ്പോൾ ഇത്തരം വെള്ളച്ചാട്ടങ്ങളും തടാകങ്ങളും കാണുമ്പോൾ കുളിക്കാനായി മനസ് കൊതിക്കും പക്ഷെ സംഭവിക്കുന്നത്…

1. ആണുങ്ങൾ കുളിക്കും, അതും നോക്കി അവരുടെ വസ്ത്രവും പിടിച്ചു പുഴക്കരയിൽ ഞങ്ങൾ കുത്തി ഇരിക്കും, 2. വെള്ളച്ചാട്ടം കണ്ടാൽ, അയ്യോ അങ്ങോട്ട് പോകല്ലേ, അപകടം ആണ് തെന്നി വീഴും, 3. വെള്ളത്തിൽ ഇറങ്ങിയാൽ, ശെടാ പാന്റ് നനയും ഡ്രസ്സ് നനയും, നനഞ്ഞ കാണാൻ വൃത്തികേടാണ്, 4 . മലവെള്ളത്തിന്റെ നിറം കാണുമ്പോൾ, അയ്യേ ഇത്ര വൃത്തികെട്ട വെള്ളം ആണോ.. ഇതിൽ എങ്ങനെ ഇറങ്ങാനാ, ഇറങ്ങിയാൽ വല്ല അസുഖവും വരും, കയറിപ്പോ, 5 . മഴപെയ്ത, പുറത്തിറങ്ങാൻ തുടങ്ങുമ്പോൾ, അയ്യോ പനി വരും നാളെ സ്കൂൾ/ ഓഫീസിൽ പോകാനുള്ള കയറി പോ, 6. ഇനി ഇതെല്ലാം അതിജീവിച്ചു ഇറങ്ങിയാൽ, താന്തോന്നി, ഇവളെ ഒക്കെ എങ്ങനെ ആണ് വളർത്തിയേകുന്നത്, ആരെ കാണിക്കാനാണാവോ ഇങ്ങനെ ഒക്കെ. എന്റെ പിള്ളേര് ഇതൊക്കെ കണ്ടാകുംലോ വളരുന്നത് . നാശങ്ങൾ!!!

അമിതമായ സ്നേഹം കാരണമോ സമൂഹത്തെ ഭയന്നോ, മുകളിൽ പറഞ്ഞ കാര്യങ്ങൾ കേൾക്കാത്ത പെൺകുട്ടികൾ ഇല്ല എന്നുതന്നെ പറയാം.

എന്തായാലും ഞങ്ങൾ അത്തരം വേലികെട്ടുകൾ പൊളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. രാത്രിയിലെ ചർച്ച.. അത് ഒരു ഒന്നൊന്നര ചർച്ചയായിരുന്നു. സ്ത്രീകൾ സ്ത്രീകളോട് പോലും പറയാൻ മടിക്കുന്ന ആർത്തവം എന്ന ഒരു സാധാരണ അവസ്ഥയെ പറ്റി. അതുകാരണം പല യാത്രകളും, പുഴയിലെ ഇറക്കവും മാറ്റിവച്ച സാഹചര്യങ്ങളെ പറ്റി. കൂടെ സ്ത്രീകൾക്കിടയിൽ വിപ്ലവം തീർത്ത നാപ്കിനുകളും, അത് ഇന്ന് ഉണ്ടാക്കികൊണ്ടിരിക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി മലിനീകരണത്തെ പറ്റി. “GREEN THE RED ക്യാമ്പയിങ്‌ “.. ഇതായിരുന്നു ഈ പെൺയാത്രയുടെ ഏറ്റവും വലിയ ലക്‌ഷ്യം.

പലസ്ത്രീകളും അറിയാത്തതും എന്നാൽ അറിയുന്നവർ പേടികാരണം ഉപയോഗിക്കാത്തതും ആയ 10 വര്ഷം വരെ reuse ചെയ്തു ഉപയോഗിക്കാവുന്ന menstrual cup നെ കുറിച്ചുള്ള ചർച്ചകൾ, സോഷ്യൽ സർവീസ് വിദ്യാർത്ഥിയും ഇതിൽ റിസേർച് ചെയുന്ന ശ്വേതാ, ഡോക്ടർ അപർണ്ണ രണ്ടാളും കൂടി ചർച്ചകൾക്ക് നേതൃത്വം നൽകി. പല ആളുകൾക്കും ഇതു ഒരു പുതിയ അറിവായി, ഉപയോഗിച്ച് ശീലമുള്ളവരുടെ അനുഭവങ്ങൾ എല്ലാവര്ക്കും ഒരു കോൺഫിഡൻസ് നൽകി , നാപ്കിനുകൾ ഉപയോഗിക്കുന്ന ഓരോ സ്ത്രീയും പ്രകൃതിയിലേക്കെത്തിക്കുന്ന മാലിന്യം കുറച്ചൊന്നും അല്ല. നാപ്കിൻ വിപ്ലവത്തെ പോലെ ഇവിടെ വരേണ്ട ഒന്നായി menstrual cup വിപ്ലവം മാറേണ്ടതാണ് എന്ന ചർച്ചകൾക്കൊടുവിൽ എല്ലാവര്ക്കും മനസിലായി.

രാത്രിയിലെ ക്യാമ്പ് ഫയറിനു ചുറ്റും, ഗുജറാത്തി, ബംഗാളി, പഞ്ചാബി നൃത്തത്തിനൊപ്പം എല്ലാവരും ചുവടിവച്ചു, കൂട്ടത്തിൽ എല്ലാവരും ഒന്നിച്ചു ഒരു തിരുവാതിര കളിയും. കാഴ്ചകൾക്കപ്പുറം പല സംസ്കാരങ്ങളുടെ , പല അറിവുകളുടെ ഒരു വലിയ അനുഭവം ആയിരുന്നു ഈ യാത്ര . പുതിയ കൂട്ടുകാർ ടെന്റിൽ ഒരുമിച്ചുറങ്ങി. രാവിലെ വെളുക്കും വരെ അവർ വിശേഷങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു.

രാവിലെ അവർ സ്വയം ടെന്റുകൾ ഉണ്ടാകാകൻ പഠിച്ചു. ബ്രിട്ടീഷ് ഹൌസ്ന്റെ ചരിത്രത്തിലൂടെ, മൈസൂർ രാജാവിന്റെ ചരിത്രത്തിലൂടെ ഒരു യാത്ര നടത്തി.മേഘങ്ങൾക്ക് മേലെ ഉള്ള മനോഹരമായ ഒരു ട്രെക്കിങ്ങ്. . കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ, മുന്നിലൂടെ ഓടി മറഞ്ഞ സാമ്പാർ മാനുകൾ, മേഘങ്ങൾ മഞ്ഞു മലകൾ പോലെ അവർക്കു മുന്നിലൂടെ ഒഴുകി എത്തിയപ്പോൾ, ഈ സ്ഥലങ്ങൾ നാളത്തെ തലമുറയ്ക്ക് കൂടി വകാശത്തപെട്ടതാണ്, അത് അവർക്കു വേണ്ടി ഒരുക്കാൻ, ഒരു പ്ലാസ്റ്റിക് കടലാസുപോലും പുറത്തേക്കു വലിച്ചെറിയാതെ, ഉത്തരവാദിത്തം നിറഞ്ഞ തലമുറയെ ഇവിടെ ഉണ്ടാക്കാൻ സ്ത്രീകൾ വഹിക്കുന്ന പങ്കു വളരെ വലുതാണ് എന്ന തിരിചറിവ്‌ അവരിൽ ഉണ്ടാക്കാൻ ഈ യാത്രക്ക് കഴിഞ്ഞു.

By- Geethu Mohandas.

Check Also

മാളൂട്ടി ചിക്കൻ കോർണർ; പാലോട്ടുവിളയിലെ വിജയൻ ചേട്ടൻ്റെ കട

വിവരണം – ‎Praveen Shanmukom‎, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. പാലോട്ടുവിളയിലെ വിജയൻ ചേട്ടന്റെ കട. ഇത് ഒരു …

Leave a Reply