കിഴക്കൻ പാക്കിസ്താൻ’ അഥവാ ഇന്നത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവും 1971ലെ യുദ്ധവും

എഴുതിയത്- പ്രിൻസ് പവിത്രൻ.

“ഇന്നും പലർക്കും അറിയാത്ത ‘കിഴക്കൻ പാക്കിസ്താൻ’ അഥവാ ഇന്നത്തെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരവും അതിന് കാരണമായ 1971ലെ ഇന്റ്യാ പാക്കിസ്താൻ യുദ്ധവും പിന്നെ അതിന്റെ ഫലമായി ഉണ്ടായ സോവിയറ്റ്/അമേരിക്കൻ യുദ്ധാന്തരീക്ഷവും.”

ലോകചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധസന്നാഹങ്ങളിലൊന്നായിരുന്ന കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് ശ്രീകൃഷ്ണ ഭഗവാൻ സ്വന്തം സഹോദരതുല്യർക്കെതിരെ യുദ്ധം ചെയ്യാൻ മടിച്ച അർജ്ജുനന് കൊടുത്ത കൗരവരെപ്പറ്റിയുള്ള ഏറ്റവും വിലപ്പെട്ട ഉപദേശമായിരുന്നു “വിനാശകാലേ വിപരീത ബുദ്ധി”. അതായത് ഏതൊരുവനാണോ അവന്റെ വിനാശകകാലത്തിലേക്ക് കടക്കുന്നത് അവന് തോന്നുന്നതെല്ലാം വിപരീതമായിരിക്കും,വിനാശകാരികളായിരിക്കും. ഇതേ കാരണം കൊണ്ട് തന്നെയാണ് ഇന്റ്യാ വിഭജനത്തിന്ശേഷം നമ്മുടെ രാജ്യത്തിന് ഇരുവശവുമായി നിലവിൽ വന്ന കിഴക്കൻ പാക്കിസ്താനും പടിഞ്ഞാറൻ പാക്കിസ്താനും തമ്മിലുള്ള ബന്ധം വഷളാവുകയും കിഴക്കൻ പാക്കിസ്താൻ ‘ബംഗ്ളാദേശ്’ എന്ന രാജ്യമായി മാറുകയും ചെയ്ത സംഭവവികാസവും അതിന്കാരണമായ 1971ലെ ഇന്റ്യാ പാക്കിസ്താൻ യുദ്ധവും.

1947 ൽ ഇന്റ്യക്ക് സ്വാതന്ത്ര്യം നല്കുന്നതിന് മുന്പ് തന്നെ ഇന്ദ്രപ്രസ്ഥത്തിൽ രാജ്യം വെട്ടിമുറിക്കുന്ന ചർച്ചകൾ തകൃതിയായി നടന്നു. ഇന്റ്യൻ സ്വാതന്ത്ര്യസമരകാലത്ത് 1940 ൽ ലാഹോറിൽ വെച്ച് ‘മുഹമ്മദ് അലി ജിന്ന’ ആദ്യമായി ‘ഇരു രാജ്യ സിദ്ധാന്തം’ മുന്നോട്ടുവെച്ചു. അദ്ദേഹത്തിന്റെ അഭിപ്രായം മുസ്ളീം മതവിഭാഗത്തിനായി സ്വാതന്ത്രാനന്തരം ഒരു പുതിയ രാജ്യം വേണമെന്നതായിരുന്നു. ‘ഭിന്നിപ്പിച്ച് ഭരിക്കുക’ എന്ന ബ്രിട്ടീഷ് കുതന്ത്രത്തിന്റെ ഫലമായുണ്ടായ വംശീയകലാപങ്ങൾ ഈ തീരുമാനത്തിന് ആക്കം കൂട്ടി. ബ്രിട്ടീഷുകാർ ഇതൊരവസരമായികണ്ട് മുഹമ്മദ് അലി ജിന്നക്ക് പൂർണ്ണപിന്തുണ കൊടുത്തപ്പോൾ അന്നത്തെ സമാധാനപരമായ സ്വാതന്ത്ര്യ സമരത്തിന് ചുക്കാൻ പിടിച്ചിരുന്ന ഇന്റ്യൻ നാഷണൽ കോണ്ഗ്രസ് നേതാക്കളായിരുന്ന മഹാത്മാഗാന്ധിയും തിലകനും പട്ടേലും നെഹ്റുവുമടക്കമുള്ളവർ ജനാധിപത്യ മതേതരരാജ്യത്തെ പിന്താങ്ങി,ഇരുരാജ്യ സിദ്ധാന്തത്തെ ആദ്യം നഖശിഖാന്തം എതിർത്തു. പക്ഷേ പിന്നീട് രാജ്യം കണ്ടത് രക്തരൂക്ഷിതമായ വർഗ്ഗീയകലാപങ്ങളായിരുന്നു. മതവെറി മൂത്ത ഇന്റ്യൻജനത തമ്മിൽ തല്ലിഇല്ലാതാകുന്ന ഘട്ടം വരുമെന്നായപ്പോൾ ഇന്റ്യൻ നാഷണൽ കോണ്ഗ്രസ് നേതാക്കൾ ജിന്നയുടെ ‘ഇരു രാജ്യ സിദ്ധാന്തം’ അംഗീകരിച്ചെന്നും പറയപ്പെടുന്നു.

ഇത്രയും വിസ്തൃതമായിരുന്ന ഒരു രാജ്യം എങ്ങിനെ വിഭജിക്കുമെന്ന ചോദ്യം ഉയർന്നപ്പോളാണ് പ്രൊവിൻഷ്യൽ സ്റ്റേറ്റ്സായ രാജാക്കന്മാർക്കോ നാട്ടുരാജ്യങ്ങൾക്കോ ഇന്റ്യൻ യൂണിയനിലോ പാക്കിസ്താൻ യൂണിയനിലോ ചേരുവാനുള്ള സ്വാതന്ത്ര്യം നല്കിക്കൊണ്ടുള്ള നിയമനിർമ്മാണം ബ്രിട്ടീഷുകാർ കൊണ്ടുവന്നത്. അങ്ങിനെയാണ് മുസ്ളീം ഭൂരിപക്ഷപ്രദേശമായിരുന്ന ബലൂചിസ്ഥാനും പടിഞ്ഞാറൻ പഞ്ചാബ് പ്രൊവിൻസും സിന്ധും അടങ്ങുന്ന പടിഞ്ഞാറൻ പാക്കിസ്ഥാനുണ്ടായത്. എന്നാൽ കിഴക്ക് ബംഗാൾ ലെജിസ്ളേറ്റീവ് അസംബ്ളി 1947 ജൂൺ 20 ന് ഇന്റ്യയിൽ നിന്ന് വിഭജിച്ച് മാറാനും ജൂലൈ നാലോടെ പാക്കിസ്ഥാനിൽ ലയിക്കാനും തീരുമാനിച്ചു. ആഗസ്റ്റ് 15 ഓടെ രക്തരൂക്ഷിതമായ ഇന്റ്യാവിഭജനത്തിന് തുടക്കമായി.

അന്നേവരെ ലോകംകണ്ട ഏറ്റവും വലിയ മനുഷ്യകുടിയേറ്റം അങ്ങിനെ ലോകത്തിന് ഇന്റ്യ കാട്ടിക്കൊടുത്തു. പടിഞ്ഞാറ് പഞ്ചാബിലും കിഴക്ക് ബംഗാളിലും മനുഷ്യത്വത്തെ മരവിപ്പിക്കുന്ന മൃഗീയമായ വർഗ്ഗീയ കലാപങ്ങളുണ്ടായി. കുട്ടികളും സ്ത്രീകളുമടക്കം ജാതിമതഭേദമന്യേ ബലാഝംഗപ്പെടുകയോ കൊന്നുതള്ളുകയോ ചെയ്യപ്പെട്ടു. അന്നേവരെ സഹോദരങ്ങളെപ്പോലെ കഴിഞ്ഞിരുന്നവർ ബന്ധവൈരികളെപ്പോലെ പരസ്പരം ഏറ്റുമുട്ടി. പട്ടിണിയും ദാരിദ്ര്യവും മാറാവ്യാധികളും കൊണ്ട് ഇന്റ്യയുടേയും പാക്കിസ്ഥാന്റെ ഇരുഭാഗവും പൊറുതിമുട്ടി. അങ്ങിനെ രക്തരൂക്ഷിതമായ കലാപങ്ങൾക്കവസ്സാനം ഇന്റ്യ മൂന്നായി വിഭജിക്കപ്പെട്ടു. നടുക്ക് ഇന്റ്യൻ നാഷണൽ കോണ്ഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ ഇന്റ്യ എന്ന ജനാധിപത്യ മതേതര രാജ്യം ഉണ്ടായപ്പോൾ ഇരുവശങ്ങളിലുമായി ഇസ്ളാമിക് റിപ്പബ്ളിക്കുകളായി കിഴക്കൻ പാക്കിസ്താനും പടിഞ്ഞാറൻ പാക്കിസ്ഥാനും ഉണ്ടായി.

‌കിഴക്കൻ പാക്കിസ്താനിൽ പ്രധാനമായും അധിവസിച്ചിരുന്നത് ഇന്റ്യയിൽനിന്ന് കുടിയേറിയവരോ പണ്ടേ തന്നെ അവിടെ താമസിച്ചിരുന്നവരോ ആയ ‘ബംഗാളി’ ഭാഷ സംസാരിക്കുന്ന മുസ്ളീം വംശജരായിരുന്നു. ഇരു പാക്കിസ്താൻ രാജ്യങ്ങളേയും വേർതിരിച്ച് 1300 കിലോമീറ്റർ ദൂരത്തിൽ ഇന്റ്യ വിരിഞ്ഞുകിടന്നു. പടിഞ്ഞാറൻ പാക്കിസ്താനിലെ ഉർദ്ദു ഭാഷ സംസാരിച്ചിരുന്ന പാക്കിസ്ഥാനികൾ പക്ഷേ അധികാരകേന്ദ്രങ്ങളിലെല്ലാം കടന്നുകയറുന്നകാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. തുടരെതുടരെയായി വന്ന പട്ടാള അട്ടിമറികളും പട്ടാള ജനറൽമാരുടെ ഭരണവും കിഴക്കൻ പാക്കിസ്താനികളുടെ സ്വാതന്ത്ര്യം കവർന്നെടുക്കുവാൻ തുടങ്ങി. അതിന്റെ വ്യക്തമായ പ്രതിഫലനമായിരുന്നു 1948 ഫെബ്രുവരി 2 ന് കിഴക്കൻ പാക്കിസ്താനി നേതാവായിരുന്ന ‘ധീരേന്ദ്ര ദത്ത’ പാക്കിസ്താനി നാഷണൽ അസംബ്ളിയിൽ കിഴക്കൻ പാക്കിസ്താന്റെ ഔദ്യോഗിക ഭാഷ ‘ബംഗാളി’ ആക്കണമെന്ന് അപേക്ഷിക്കുകയും അതിനെ അന്നത്തെ പാക്ക് പ്രൈം മിനിസ്റ്റർ ‘ലിയാഖത്ത് അലി ഖാൻ’ പുഛിച്ചു തള്ളുകയും ചെയ്ത സംഭവം. തൊട്ടടുത്ത മാസം മുതൽ തന്നെ കിഴക്കൻ പാക്കിസ്താന്റെ ഔദ്യോഗിക ഭാഷ ‘ബംഗാളി’ ആക്കണമെന്ന് ആവശ്യപ്പെട്ട് നാടെങ്ങും പ്രതിഷേധപ്രകടനങ്ങളുണ്ടായി. അതിൽ ആബാലവൃദ്ധം ജനങ്ങളും വിദ്യാർത്ഥികളും പങ്കെടുത്തു.കിഴക്കൻ പാക്കിസ്താന്റെ ആവശ്യം ഒരിക്കലും നടക്കില്ലെന്ന് പാക്കിസ്താന്റെ രാഷ്ട്രപിതാവായ ‘മുഹമ്മദലി ജിന്ന’ തന്നെ ശക്തമായി അഭിപ്രായപ്പെട്ടപ്പോൾ രക്തരൂക്ഷിതമായ മറ്റൊരു കൂട്ടകുരുതിക്കുകൂടി കളമൊരുങ്ങി.

1952 ൽ പ്രതിഷേധപ്രകടനങ്ങളുമായെത്തിയ വിദ്യാർത്ഥികൾക്കുനേരേ പോലീസ് വെടിവെപ്പുണ്ടായി. നിരായുധരായ സ്വന്തം യുവജനങ്ങളെ പടിഞ്ഞാറൻ പാക്കിസ്താനികളായ നേതാക്കൾക്ക് കലാപകാരികളായേ കാണാൻ കഴിയുമായിരുന്നുള്ളൂ. ( 1999 മുതൽ യുനെസ്ക്കോ ഈ ദിനമാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്) കാരണം സാമ്പത്തികവും സാമൂഹികവുമായ തീരുമാനങ്ങളഞടുക്കുന്ന കോർ കമ്മിറ്റിയിലേക്ക് കിഴക്കൻ പാക്കിസ്താനികളായ നേതാക്കൾ വരുന്നത് പടിഞ്ഞാറൻ പാക്കിസ്താനികളായ നേതാക്കളെ ചൊടിപ്പിച്ചു. അവരുടെ സ്വാതന്ത്ര്യങ്ങൾ തല്ലിക്കൊഴിച്ചു. കൂടുതൽ പട്ടാളക്കാരും 99% പട്ടാള ജനറൽമാരും പടിഞ്ഞാറുകാരായിരുന്നു. പതിയെ പതിയെ ബംഗാളി ജനതക്ക് കാര്യഗൗരവം മനസ്സിലായി തുടങ്ങി. അവർ രാഷ്ട്രീയത്തിലടക്കം കൂടുതൽ സ്വാതന്ത്ര്യത്തിനായി വാദിച്ചുതുടങ്ങി.

ഒടുവിൽ 1958 ൽ ഫീൽഡ് മാർഷ്യൽ ‘അയൂബ് ഖാൻ’ പട്ടാളനിയമം കിഴക്കൻ പാക്കിസ്താനിൽ അടിച്ചേല്പ്പിച്ചു. ബംഗാളി ജനതയുടെ മുഖത്തേറ്റ ആദ്യ പ്രഹരമായിരുന്നു അത്. ജനങ്ങൾ കൂടുതൽ അസ്വസ്തരായിക്കൊണ്ടിരുന്നു. പട്ടാള ഭരണവും സ്വാതന്ത്ര്യമില്ലായ്മയും പട്ടിണിയും കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി. 1969 നവംബറിൽ ജനറൽ അയൂബ് ഖാനുപകരം പാക്കിസ്താന്റെ അധികാരമേറ്റ ജനറൽ ‘യഹ്യാ ഖാൻ’ പാക്കിസ്താനി നാഷണൽ അസംബ്ളിയിലേക്ക് തിരഞ്ഞെടുപ്പുനടത്തുവാൻ തീരുമാനിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെടുന്നവർ 120 ദിവസത്തിനുള്ളിൽ ഭരണഘടനയുണ്ടാക്കി അധികാരമേൽക്കണമെന്നതായിരുന്നു ആ പട്ടാള ജനറലിന്റെ വ്യവസ്ഥ.

കാലങ്ങളായി കാത്തിരുന്ന രാഷ്ട്രീയമാറ്റം സ്വപ്നം കണ്ടിരുന്ന കിഴക്കൻ പാക്കിസ്താനികളായിരുന്ന ബംഗാളികൾ ബംഗാളിയായ ‘ഷേയ്ഖ് മുജീബുൾ റഹ്മാന്റെ’ അവാമി നാഷണൽ ലീഗ് പാർട്ടിയെ 162 സീറ്റിൽ 160 സീറ്റും വിജയിപ്പിച്ചു. അതേ സമയം പടിഞ്ഞാറൻ പാക്കിസ്താനികളായ ഉർദ്ദു ഭാഷക്കാരാകട്ടെ ‘സുൽഫിക്കർ അലി ഭൂട്ടോ’യുടെ പാക്കിസ്താനി പീപ്പിൾസ് പാർട്ടിയെ 138 സീറ്റിൽ 81 സീറ്റും വിജയിപ്പിച്ചു. അങ്ങിനെ തിരഞ്ഞെടുപ്പിന് മുന്പുണ്ടാക്കിയിരുന്ന ഉടമ്പടി പ്രകാരം ‘മുജീബുൾ റഹ്മാന്റെ’ അവാമി നാഷണൽ ലീഗ് പാർട്ടി പാക്കിസ്ഥാന്റെ ഭരണമേറ്റെടുക്കാൻ തയ്യാറെടുത്തു.

എന്നാൽ പാക്കിസ്ഥാനിലെ രാഷ്ട്രീയം അതിന്റെ തനി നിറം അപ്പോൾ പുറത്തുകാട്ടി. ജനങ്ങൾ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ‘മുജീബുൾ റഹ്മാന്റെ’ അവാമി നാഷണൽ ലീഗ് പാർട്ടിക്ക് ഒരൊറ്റനേതാവേയുള്ളെന്ന മുടന്തൻ ന്യായം പറഞ്ഞ് ജനറൽ ‘യഹ്യാ ഖാൻ’ സുൽഫിക്കർ അലി ഭൂട്ടോ’യുടെ പാക്കിസ്താനി പീപ്പിൾസ് പാർട്ടിയെ സർക്കാരുണ്ടാക്കുവാനായി ക്ഷണിച്ചു.

‌കിഴക്കൻ പാക്കിസ്താനിലെ ജനങ്ങൾക്ക് ഇതൊക്കെ തങ്ങളുടെ സ്വാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മനസ്സിലാക്കാൻ അധികം സമയം വേണ്ടിവന്നില്ല. 1971 മാർച്ച് ആയപ്പോളേക്കും കാര്യങ്ങൾ പാക്കിസ്താനി പട്ടാളത്തിന്റെ കൈവിട്ടുപോയി. ജനങ്ങൾ ജനാധിപത്യത്തിനായി തെരുവിലിറങ്ങി. 1971 മാർച്ച് 1 ന് ‘യാഹ്യാ ഖാൻ’ കിഴക്കൻ പാക്കിസ്താനിലെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭയെ പിരിച്ചുവിട്ടു. മുജീബുൾ റഹ്മാൻ മാർച്ച് മൂന്നിന് ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുത്ത 171 പേരെ പട്ടാളം നിഷ്ക്കരുണം വെടിവെച്ച് കൊന്നു. കിലോമീറ്ററുകളോളം പിന്തുടർന്ന് നടത്തിയ ആ ആക്രമണത്തിൽ 358 ഓളം ആബാലവൃദ്ധം ജനങ്ങൾക്കും പരിക്കേറ്റു.

1971 മാർച്ച് 7 ന് മുജീബുൾ റഹ്മാൻ ചരിത്രത്തിലാദ്യമായി കിഴക്കൻ പാക്കിസ്താന് സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തി ചരിത്രം സൃഷ്ടിച്ചു.1971 മാർച്ച് 19 ആയതോടെ പടിഞ്ഞാറൻപാക്കിസ്ഥാനിപ്പട്ടാളം സ്വന്തം ജനങ്ങളുടെ രക്തം കൊണ്ട് കണക്ക് ചോദിച്ചുതുടങ്ങി. പാക്കിസ്ഥാനിപ്പട്ടാളം ഒറ്റ ദിവസം കൊണ്ട് 1100 പേരെ കൊന്ന് പുതിയ ചരിത്രം സൃഷ്ടിച്ചു. ബംഗാൾ ഗ്രാമങ്ങൾ അക്ഷരാർത്ഥത്തിൽ കത്തിയമർന്നു. സ്ത്രീകൾ മാനത്തിനായി പരക്കം പാഞ്ഞു. ആണുങ്ങളായി ജനിച്ചവരൊക്കെ നാടുവിട്ടോടി. കുട്ടികളെപ്പോലും വേട്ടമൃഗത്തെപോലെ പാക്കിസ്ഥാനിപട്ടാളം ആക്രമിച്ച് കൊന്നു. ഗത്യന്തരമില്ലാതെ ‘മുജീബുൾ റഹ്മാൻ’ ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആവശ്യപ്പെട്ടു.

ബംഗാളികളിലെ ഉറങ്ങിക്കിടന്ന രാജ്യസ്നേഹം അണപൊട്ടിയപ്പോൾ പാക് ജനറൽ ‘ഓപ്പറേഷൻ സേർച്ച് ലൈറ്റ്’ എന്ന ലോകം കണ്ട ഏറ്റവും നിഷ്ടൂരമായ മനുഷ്യക്കുരുതിക്ക് തുടക്കമിട്ടു.1971 മാർച്ച് 25 രാവിലെ 1.15 ആരംഭിച്ച ആ പട്ടാള ഓപ്പറേഷനിൽ കൊല്ലപ്പെട്ടവരുടെ കണക്ക് ഇന്നും വ്യക്തമല്ല. പിൽക്കാലത്ത് ബംഗ്ലാദേശ് അധികൃതർ പുറത്ത് വിട്ട കണക്കനുസരിച്ച് 30 ലക്ഷത്തോളം നിരായുധരായിരുന്ന ജനങ്ങൾ കൊന്നുതള്ളപ്പെട്ടെന്നാണ്. പത്ത് ലക്ഷത്തോളം ജനങ്ങൾ ഇന്റ്യൻ അതിർത്തി മുറിച്ച് കടന്ന് ഇന്റ്യയിൽ അഭയാർത്ഥികളായി.തുടർച്ചയായ അഭയാർത്ഥികളുടെ പ്രവാഹം ഇന്റ്യൻ പ്രധാന മന്ത്രി ‘ശ്രീമതി ഇന്ദിരാഗാന്ധിയെ’ ചൊടിപ്പിച്ചു.

രാഷ്ട്രീയ തീരുമാനങ്ങൾ ചടുലമായെടുക്കുവാനും അത് പ്രാവർത്തികമാക്കുവാനും കഴിവുണ്ടായിരുന്ന നമ്മുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി തുടക്കത്തിൽ യുദ്ധത്തിൽ പ്രത്യക്ഷത്തിൽ ഇടപെടാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പകരം ബംഗാളിഅഭയാർത്ഥികൾക്ക് ‘മുക്തി ബാഹിനി’ എന്ന പേരിൽ ഒരു ഗറില്ലാ വിമത സംഘടനയുണ്ടാക്കി അവർക്കാവശ്യമായ പരിശീലനങ്ങൾ നല്കി. ‘മുക്തി ബാഹിനി’ക്കാവശ്യമായ തിരഞ്ഞെടുപ്പും പരിശീലനവും താമസവും ഭക്ഷണവും ആയുധങ്ങളും ഇന്റ്യൻ ആർമിയുടെ കിഴക്കൻ കമാന്റിന് കീഴിൽ നടത്തപ്പെട്ടു.

1971 മെയ് പതിനഞ്ചോടെ ‘ഓപ്പറേഷൻ ജാക്ക് പോട്ട്’ എന്ന പേരിൽ ഇന്റ്യൻ ആർമി ഒരു തുറന്ന പോരാട്ടത്തിലേക്ക് കടന്നു. 1971 ഡിസംബർ 3 ന് ഇന്റ്യൻ എയർഫോഴ്സ് കിഴക്കൻ പാക്കിസ്ഥാന്റെ പട്ടാളക്യാമ്പുകളിലെ ഓയിൽ ഡിപ്പോട്ടുകൾ ബോംബിട്ട് തകർത്തു. തിരിച്ചടിയെന്നോണം പാക്കിസ്താൻ ഇന്റ്യയുടെ പടിഞ്ഞാറൻ മേഖലയിൽ ആക്രമണമഴിച്ചുവിട്ടു. ഇന്റ്യൻ ആർമിയുടെ കഴിവും വീരസ്യവും കാട്ടികൊടുത്ത ‘ലോംകെവാലയിലെ’ യുദ്ധത്തിൽ പാക്കിസ്താൻ അടിയറവു പറഞ്ഞു. (ബോളീവുഡിലെ പ്രശസ്തമായ ‘ബോർഡർ’ സിനിമ ഈ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്)പടിഞ്ഞാറൻ ഇന്റ്യൻ എയർ ഫീൽഡുകൾ ആക്രമിച്ച് പകരം വീട്ടിയ പാക്കിസ്ഥാനികളെ ‘ഇന്ദിരാ ഗാന്ധി’ ആഗോള രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെടുത്തി.

1971 ഡിസംബർ 8 ന് പാക്കിസ്താന്റെ ഏറ്റവും പ്രധാനമായ തുറമുഖം ‘കറാച്ചി’ ഇന്റ്യൻ നേവി മിസൈൽ ബോട്ടാക്രമണത്തിൽ തകർത്തുതരിപ്പണമാക്കുകകൂടി ചെയ്തതോടെ പാക്കിസ്താൻ പരാജയ ഭീതിയിലായി. 1962 ഇന്റോ ചൈനയുദ്ധത്തെ തുടർന്ന് തളർന്ന ഇന്റ്യൻ ഡിഫൻസിൽ നിന്ന് അവർ ഒരിക്കലും ഇത്ര കൃത്യമായ ഒരു ആക്രമണ പാടവം പ്രതീക്ഷിച്ചില്ല. ഇന്റ്യനാർമിയുടെ കിഴക്കൻ കമാന്റന്റും മുക്തിബാഹിനിയും ചേർന്ന് പാക്കിസ്ഥാനിപട്ടാളത്തെ തുരത്തിയോടിച്ചുകൊണ്ടേയിരുന്നു. 1971 ഡിസംബർ 11 ഓടെ ഹില്ലി, മൈമേൻഷിംഗ്, ഖുഷ്ടിയ, നൗഖാലി എന്നീ കിഴക്കൻ പാക്കിസ്ഥാനി മേഖലകൾ ഇന്റ്യനാർമി കീഴടക്കി.

1971 ഡിസംബർ 13 ന് പരാജയം മുന്നിൽ കണ്ട പാക്കിസ്ഥാനികൾ അന്നത്തെ അവരുടെ യജമാനന്മാരായിരുന്ന അമേരിക്കയുടെ അടുത്തേക്ക് നിലവിളിച്ചുകൊണ്ടോടി..!! അമേരിക്കൻ പ്രസിഡന്റ് നിക്സണാവട്ടെ ആവേശം മൂത്ത് യു.എസ്സ്.എസ്സ് എന്റർപ്രൈസ് എന്ന വിമാനവാഹിനിക്കപ്പലും ബ്രിട്ടന്റെ യുദ്ധക്കപ്പലുകളും പാക്കിസ്ഥാന്റെ രക്ഷക്കായി ആഫ്രിക്കൻ തീരത്തുനിന്നും ബേ ഓഫ് ബംഗാളിലേക്ക് കുതിക്കാൻ ഉത്തരവിട്ടു. പക്ഷേ ബുദ്ധികൂർമതയിൽ അമേരിക്കൻ പ്രസിഡന്റ് ‘നിക്സണനേക്കാൾ’ പലമടങ്ങ് മുകളിലുള്ള ‘ശ്രീമതി ഇന്ദിരാ ഗാന്ധി’ യുദ്ധത്തിന് മുന്പ് തന്നെ സോവിയറ്റ് യൂണിയനുമായി രഹസ്യ കരാറിൽ ഏർപ്പെട്ടിരുന്നു. ഇതൊന്നുമറിയാതെ ആഫ്രിക്കൻ തീരത്തുനിന്നും ബേ ഓഫ് ബംഗാളിലേക്ക് കുതിച്ചുകൊണ്ടിരുന്ന ബ്രിട്ടീഷ് പടക്കപ്പലിന് ഒരു സന്ദേശം ലഭിക്കുന്നു. തുടർന്ന് അവരത് തൊട്ട് പിന്നാലെവന്ന യു.എസ്സ്.എസ്സ് എന്റർപ്രൈസിന് കൈമാറി. സന്ദേശം ഇതായിരുന്നു, ‘ നമ്മുടെ മുന്നിൽ സോവിയറ്റ് യൂണിയന്റെ ന്യൂക്ലിയർ അന്തർവാഹിനികൾ നില ഉറപ്പിച്ചിരിക്കുന്നു, എന്ത് ചെയ്യണമെന്നായിരുന്നു!!??

ചങ്കിടിച്ചുപോയ അമേരിക്കൻ ക്യാപ്റ്റനും സോവിയറ്റ് യൂണിയന്റെ ന്യൂക്ലിയർ അന്തർവാഹിനിയിൽ നിന്നും റേഡിയോ സന്ദേശമെത്തി. ചോദ്യം ഇത്ര മാത്രം, “നിങ്ങളിവിടെ എന്ത് ചെയ്യുന്നു!!??” മറുപടിയായി അമേരിക്കൻ ക്യാപ്റ്റൻ പറഞ്ഞത് ഞങ്ങൾ സ്ഥിരം ചെയ്യാറുള്ള ഡ്രില്ലിന്റെ ഭാഗമായി വന്നതാണെന്നാണ്. തുടർന്ന് ഒരു സാഹസത്തിന് മുതിരാതെ യു.എസ്സ്.എസ്സ് എന്റർപ്രൈസ് എന്ന വിമാനവാഹിനിക്കപ്പലും ബ്രിട്ടന്റെ യുദ്ധക്കപ്പലുകളും ആഫ്രിക്കൻ തീരത്തേക്ക് തിരിച്ചുപോയി.

ഒടുവിൽ ഇന്റ്യനാർമിയുടെ കിഴക്കൻ കമാന്റന്റും മുക്തി ബാഹിനിയും ചേർന്ന് 1971 ഡിസംബർ 16 ന് തലസ്താനമായ ധാക്ക പാക്കിസ്താനി പട്ടാളത്തിൽ നിന്ന് പിടിച്ചെടുത്തു.ഡിസംബർ 26 ന് നാടുകടത്തിയിരുന്ന രാഷ്ട്രീയ നേതാക്കൾ കിഴക്കൻ പാക്കിസ്ഥാനിൽ തിരിച്ചെത്തി ബംഗാളികളുടെ നാട് എന്നർത്ഥമുള്ള ‘ബംഗ്ലാദേശ്’ എന്ന പുതുരാജ്യം രൂപീകൃതമായി. ലോകത്തിന് മുന്നിൽ.നാണം കെട്ട് 93,000 പാക്കിസ്താനി പട്ടാളക്കാർ ഇന്റ്യക്കു മുന്നിൽ കീഴടങ്ങി. (ആ കലിപ്പ് അവന്മാർക്കിന്നും മാറിയിട്ടില്ലെന്നത് ചരിത്രം). യുദ്ധത്തിലെ തോൽവിക്ക് ശേഷം പാക്കിസ്ഥാന്റെ ലഫ്റ്റനന്റ് ജനറൽ എ.എ.കെ നിയാസി ഇന്റ്യയുടെ ലഫ്റ്റനന്റ് ജനറൽ ജെ.എസ്സ് അറോറയുടെ മുന്നിൽ 93,000 പാക്കിസ്ഥാനി പട്ടാളത്തിന്റെ ജീവനുവേണ്ടിയാചിച്ചുകൊണ്ടു സമാധാന ഉടമ്പടിയിൽ ഒപ്പ് വെക്കുകയും ചെയ്തു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply