ഹൗസ് ബോട്ടിൽ ഒരു ദിവസത്തെ താമസവും,കായൽ കാറ്റും,നല്ല കരിമീൻ പൊള്ളിച്ചതും,

ചിത്രങ്ങളിലൂടെ മാത്രം കണ്ട ഒരു മനോഹര ഗ്രാമം കാണുവാന്‍…

വിവരണം – അമൃത അനീഷ്‌.

ചിത്രങ്ങളിലൂടെ മാത്രം കണ്ട ഒരു മനോഹര ഗ്രാമം കാണാനായിരുന്നു എന്റെ ഈ യാത്ര. സ്വപ്നങ്ങളിൽ ഞാൻ പലപ്പോഴും ഈ സ്ഥലത്തേക്ക്‌ യാത്ര പോയിട്ടുണ്ട്. മനോഹരമായ കായലും,ഹൗസ് ബോട്ടുകളും നിറഞ്ഞ സുന്ദരമായ കേരളത്തിലെ ഒരു കൊച്ചു ഗ്രാമം. ഈ ഗ്രാമം കണ്ടിട്ടാണോ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് കേരളത്തിന് പേരു വന്നത് എന്ന് തോന്നിപ്പോകും. കേരളത്തിന്റെ ‘അക്ഷര നഗരി’ എന്നറിയപ്പെടുന്ന നമ്മുടെ കോട്ടയത്തിലെ ഒരു കൊച്ചു ഗ്രാമമാണ്‌ കുമരകം. കൂടാതെ ഇന്ത്യയിലെ ഏറ്റവും നീളമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ നമ്മുടെ സ്വന്തം വേമ്പനാട് കായലിന്റെ തീരത്തതുമാണ് കുമരകം.

ഹൗസ്ബോട്ടുകളും, പക്ഷി സാങ്കേത കേന്ദ്രവുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. മരക്കഷ്ണങ്ങളിൽ ശില്പവേല ചെയ്തു വച്ചിരിക്കുന്ന ‘ബെ ഐലന്റ് ഡ്രിഫ്റ്റവുഡ് മ്യൂസിയം’ ഇവിടെ ആണ് സ്ഥിതി ചെയ്യുന്നത്. പലതരം ദേശാടന പക്ഷികൾ വരുന്ന ഒരു സ്വർഗ്ഗമാണ് ഈ കായൽ തീരം. എന്റെ ജീവിതത്തിൽ മറക്കാനാവാത്ത ഓർമകൾ തന്ന ഒരു യാത്രയായിരുന്നു അത്.
ജീവിതത്തിലെ എല്ലാ തിരക്കുകളും മാറ്റിവച്ചു ഒരു ദിവസം മനസ്സുതുറന്നു വിശ്രമിക്കാനും, രുചിയേറിയ ഭക്ഷണം കഴിക്കാനും അനുയോജ്യമായ എല്ലാവരുടെയും മനം കവരുന്ന ഒരിടമാണ്‌ കുമരകം. ഹൗസ് ബോട്ടിൽ ഒരു ദിവസത്തെ താമസവും,കായൽ കാറ്റും,നല്ല കരിമീൻ പൊള്ളിച്ചതും, മുളകിട്ടു വരട്ടിയെടുത്ത ഞണ്ടും,താറാവ് കറിയും കായൽ സവാരിക്കിടയിൽ കഴിക്കാനും ഉള്ള ആഗ്രഹം കുറേക്കാലമായി ഞാൻ മനസ്സിൽ കൊണ്ടു നടക്കുന്നു. ആ ആഗ്രഹം നടക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു സന്തോഷമായിരുന്നു എന്റെ ഉള്ളിൽ.

ഞാൻ പണ്ട് കൊല്ലത്തു ബാങ്ക് കോച്ചിങ്ങിന് പോയപ്പോൾ പരിചയപ്പെട്ട എന്റെ കൂട്ടുകാരിയുടെ കല്യാണത്തിനുള്ള ക്ഷണം വന്നപ്പോൾ മുതൽ ഞാൻ എന്റെ ഭർത്താവിനെ സോപ്പിടാൻ തുടങ്ങിയിരുന്നു. കുറേ ഗൂഗിൾ ഫോട്ടോയും കാട്ടിയായിരുന്നു എന്റെ ആദ്യത്ത ശ്രമം. എന്നാൽ അനിയേട്ടൻ മുൻപേ അവിടം സന്ദർശിച്ചതിനാൽ ആ ശ്രമം ചീറ്റിപ്പോയി. എന്തായാലും കല്യാണത്തിന് പോകാം എന്ന് സമ്മതിച്ചു. കുറച്ചു ദിവസത്തിനു ശേഷം എന്റെ നല്ല പാതി ഒരു സർപ്രൈസ് തന്നു. എന്താണെന്നല്ലേ! ‘എന്റെ സ്വപ്ന സാക്ഷാത്‍കാരം’ അതെ അദ്ദേഹം ഹൗസ് ബോട്ട് ബുക്കു ചെയ്‌തെന്ന്. ആ വാർത്ത കേട്ടതും എന്റെ മനസ്സിൽ ഒരായിരം ലഡ്ഡുകൾ ഒരുമിച്ചു പൊട്ടിക്കൊണ്ടേ ഇരുന്നു.

പിന്നീടുള്ള ദിവസം അതിനെപ്പറ്റി മാത്രമായിരുന്നു എന്റെ ചിന്ത. കല്യാണ തലേന്ന് കുമാരകത്തു എത്താനായിരുന്നു പ്ലാൻ. ആദ്യ ദിവസം ഹൗസ് ബോട്ടിൽ താമസിച്ചു അടുത്ത ദിവസം കല്യാണവും കൂടിയിട്ടു മടങ്ങാം എന്നായിരുന്നു ഉദ്ദേശം. അങ്ങനെ ആ സുദിനം വന്നെത്തി. ഞാനും എന്റെ അനിയേട്ടനും വീട്ടിൽനിന്ന് ഏകദേശം രാവിലെ 5 മണിക്ക് ഇറങ്ങാൻ ആയിരുന്നു പ്ലാൻ, എന്നാൽ എന്റെ ഒരുക്കം കഴിഞ്ഞ് ഇറങ്ങുമ്പോഴേക്കും 5.30 കഴിഞ്ഞിരുന്നു. കോയമ്പത്തൂരിൽ നിന്നും യാത്ര തുടങ്ങി പാലക്കാട് ലക്ഷ്യമാക്കി കാർ പാഞ്ഞു. തലേന്ന് ഹൗസ്‌ബോട്ടിന്റെ ചേട്ടനെ ഒന്നൂടെ വിളിച്ച് ഉറപ്പിച്ചിട്ടാണ് യാത്ര തുടങ്ങിയത്. പാലക്കാട്,തൃശ്ശൂർ വഴിയാണ് പോയത്. പോകും വഴി ഒരു ചായക്കടയിൽ നിന്നും രാവിലെ പുട്ടും കറിയും കഴിച്ചു വീണ്ടും യാത്ര തുടർന്നു. നല്ല സ്ഥലങ്ങളിൽ നിന്നെല്ലാം ഫോട്ടോ എടുത്തിട്ടാണ് പോയത്‌.

രാവിലെ 11.30 നേ ഞങ്ങളെയും നോക്കി ഹൗസ് ബോട്ട് ഇരിപ്പുണ്ടായിരുന്നു. എന്നാൽ ഏകദേശം 12 മണിക്കാണ് ഞങ്ങൾ എത്തിയത്‌. കാർ അടുത്തുള്ള ഒരു വീട്ടിൽ പാർക്ക് ചെയ്ത് ഞങ്ങളുടെ ഹൗസ് ബോട്ടിനെ ലക്ഷ്യമാക്കി നടന്നു. ഹൗസ് ബോട്ടുകളുടെ ദൂരക്കാഴ്ച അതി മനോഹരമായിരുന്നു. കായൽ പരവതാനിയിൽ അടുക്കി വച്ച കുറെ വീടുകൾ പോലെ ആയിരുന്നു അത്‌. ഞങ്ങളുടെ ബോട്ട് ഒടുവിൽ കണ്ടെത്തി. അതിൽ കയറാൻ കുറച്ചു പണിപ്പെട്ടു. ഒരു ബോട്ടിൽ നിന്നു പലക മുകളിൽ അതി സാഹസികമായി ഞങ്ങളുടെ ബോട്ടിൽ കയറി. ഹാവൂ സമാധാനം ആയി. ഞങ്ങൾ കയറിയപ്പോൾ ബോട്ട് ഓടിത്തുടങ്ങി. തുടക്കത്തിൽ തന്നെ രുചിയുള്ള ജ്യൂസ് തന്നാണ് ഞങ്ങളെ അവർ സ്വീകരിച്ചത്. ഞാൻ പുറത്തേക്കു നോക്കി. വേമ്പനാട് കായലിനെ കീറിമുറിച്ചുകൊണ്ടു ഞങ്ങളുടെ ബോട്ട് പോയ്ക്കൊണ്ടിരുന്നു. ഉച്ചയ്ക്ക് 1 മണി ആയപ്പോൾ ബോട്ട് കായൽ നടുവിൽ നങ്കൂരം ഇട്ടു.

അടുത്തതായി ഞങ്ങളെ ഉച്ച ഭക്ഷണത്തിനു ക്ഷണിച്ചു. കൈ കഴുകി തീൻ മേശയിൽ എത്തിയപ്പോൾ അവിടെ നിരത്തി വച്ച വിഭവങ്ങൾ കണ്ട്‌ എന്റെ വായിൽ ഒരു കപ്പലോടിക്കാൻ ഉള്ള വെള്ളമുണ്ടായിരുന്നു. കഴിച്ചു തുടങ്ങിയപ്പോളോ “എന്റെ സാറേ ചുറ്റും ഉള്ളതൊന്നും എനിക്ക് കാണാൻ പറ്റിയില്ല”. കഴിച്ചു കഴിഞ്ഞപ്പോൾ ബോട്ട് വീണ്ടും യാത്ര തുടർന്നു. യാത്രാ വേളയിൽ ചേട്ടൻ എല്ലാ സ്ഥലങ്ങളും പറഞ്ഞു തന്നു. കായലിൽ അതിമനോഹരമായ ചീന വലകളും, ചെറിയ കൊതുമ്പു വള്ളങ്ങൾ തുഴഞ്ഞു പോകുന്ന സ്ത്രീകളും ഒരു നിത്യ കാഴ്ചയാണ്. വൈകുന്നേരം ചൂട് ചായയും പഴംപൊരിയും തന്നു. ബോട്ടിൽ ഉള്ള അടുക്കളയിൽ രാത്രിയിലേക്കുള്ള പാചകം അവർ തുടങ്ങിയിരുന്നു. വൈകുന്നേരം ആയപ്പോൾ ബോട്ട് ഒരു കരയ്ക്ക് അടുപ്പിച്ചു. ഡ്രൈവർ ബോട്ട് കെട്ടിയിട്ടു ഞങ്ങളെ രാത്രി ഭക്ഷണത്തിനു ക്ഷണിച്ചു.

സമയം രാത്രി 7 മണി ആയിരിക്കുന്നു.സ്വദൂറുന്ന ഭക്ഷണം കഴിച്ച് ഞങ്ങൾ ഒരു സിനിമ കാണാൻ ഇരുന്നു.കുറച്ചു നേരം പിന്നിട്ടപ്പോൾ എന്റെ കണ്ണുകളെ ഉറക്കം മെല്ലെ മെല്ലെ തലോടിക്കൊണ്ടിരുന്നു. പിന്നെ അമാന്തിചില്ല. പെട്ടെന്ന് തന്നെ പോയി കിടന്നുറങ്ങി. രാവിലെ എണീറ്റ് കുളിയും കഴിഞ്ഞു ചെന്നപ്പോളേക്കും ചേട്ടൻ ബ്രേക്ക്ഫാസ്റ്റ് റെഡി ആക്കിയിരുന്നു. ചായ കുടി കഴിഞ്ഞ ഞങ്ങൾ മനസ്സില്ലാ മനസ്സോടെ അവിടെ നിന്നും യാത്ര പറഞ്ഞു.
നേരെ കല്യാണ ഹാളിനെ ലക്ഷ്യമാക്കി നീങ്ങി. താലി കെട്ടിന് മുൻപ് അവിടെ എത്താൻ കഴിഞ്ഞത് ഒരു ഭാഗ്യമായി തോന്നി. പിന്നെ വധു വരന്മാർക്കു മംഗളാശംസകൾ നേർന്ന് ഞങ്ങൾ കോയമ്പത്തൂർക്ക്‌ യാത്രയായി. യാത്ര കൊച്ചി വഴി ആയതിനാൽ അവിടെയുള്ള ലുലു മാളിൽ കുറച്ചു നേരം ഷോപ്പിംഗും നടത്തി.തുടർയാത്രയിൽ നാടൻ ഭക്ഷണം കിട്ടുന്ന ഹോട്ടലിൽ കയറി രുചിയൂറും കപ്പബിരിയാണിയും കഴിച്ചു.

പിന്നെ അധികം എവിടെയും നിർത്താൻ നിൽക്കാതെ ഞങ്ങൾ നേരെ കോയമ്പത്തൂരിനെ ലക്ഷ്യമാക്കി യാത്രയായി. രാത്രി വൈകുന്നതിന് മുന്നെ എത്താനായിരുന്നു അത്‌. ഇടയിൽ ഞാൻ ഒന്ന് മയങ്ങിപ്പോയി. ഒരു സഡൻ ബ്രേക്കിഗിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്. എതിർവശത്തുള്ള ഒരു ലോറിയെ മറ്റൊരു വണ്ടി ഓവർടേക്ക് ചെയ്തതാണ്. ഭാഗ്യത്തിന് കുഴപ്പമൊന്നും പറ്റിയില്ല. പിന്നെ ഉറങ്ങാനുള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു. രാത്രി കോയമ്പത്തൂർ വീട്ടിൽ എത്തി. പിന്നെ ഭക്ഷണം കഴിക്കാനൊന്നും തോന്നിയില്ല. ഉച്ചയ്ക്കും അതിനു ശേഷവും നല്ല തീറ്റയായതിനാൽ ഒരു കുളിയും പാസ്സാക്കി നേരെ കിടന്നുറങ്ങി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply