ബസില്‍ പുകച്ചാല്‍ ഇനി കണ്ടക്ടര്‍ ‘പെറ്റി’യടിക്കും

ബസിലിരുന്നു പുകവലിച്ചാല്‍ പിഴയിടാക്കാന്‍ കണ്ടക്ടര്‍മാര്‍ക്കും അധികാരം. പൊതുസ്ഥലത്തെ പുകവലി നിരോധന നിയമം ഗതാഗതവകുപ്പില്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ബസിലിരുന്നു പുകവലിക്കുന്നവരില്‍ നിന്നു 200 രൂപവരെ പിഴ ചുമത്തുന്നതിനുള്ള അധികാരം കണ്ടക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും നല്‍കിക്കൊണ്ട് ഗതാഗത വകുപ്പ് ഉത്തരവിറക്കി. നിയമത്തിലെ വകുപ്പുകള്‍ പ്രകാരം സൂചനാ ബോര്‍ഡുകള്‍ പൊതു ഗതാഗത സംവിധാനങ്ങളില്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.

പൊതുസ്ഥലത്തെ പുകവലി നിയന്ത്രിക്കുന്നതിനുള്ള നിയമമായ സിഗരറ്റ്‌സ് ആന്‍ഡ് അദര്‍ ടുബാക്കോ പ്രോഡക്ട്‌സ് (പ്രൊഹിബിഷന്‍ ഓഫ് അഡ്വര്‍ടൈസ്‌മെന്റ് ആന്‍ഡ് റഗുലേഷന്‍ ഓഫ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ്, പ്രൊഡക്ഷന്‍, സപ്ലൈ, ആന്‍ഡ് ഡ്രിസ്ട്രിബ്യൂഷന്‍) ആക്ട് 2003 (കോട്പ) കര്‍ശനമായി നടപ്പാക്കാന്‍ ഗതാഗത വകുപ്പില്‍പ്പെടുന്ന മോട്ടോര്‍ വാഹന വകുപ്പ്, കെ.എസ്.ആര്‍.ടി.സി, ജലഗതാഗത വകുപ്പ് എന്നിവ നടപടി ആരംഭിച്ചു. ഗതാഗതമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ നീക്കം.

പുകവലി നിയമലംഘനത്തിനു നടപടി സ്വീകരിക്കാന്‍ ഡപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍, ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒമാര്‍ എന്നിവര്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍  നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകളിലേയും ബസ് സ്റ്റേഷനുകളിലേയും ഓഫിസുകളിലേയും പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ സ്റ്റാളുകളിലോ കാന്റീനുകളിലോ പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നില്ലെന്നും ബസ് സ്റ്റാന്‍ഡുകളില്‍ പുകയില വിമുക്ത സ്ഥലം എന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്താന്‍ എല്ലാ യൂനിറ്റ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജല ഗതാഗത വകുപ്പിനു കീഴില്‍ സര്‍വിസ് നടത്തുന്ന എല്ലാ ബോട്ടുകളിലും പുകവലി പാടില്ലെന്ന ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബോട്ടിനുള്ളിലെ പുകവലി കണ്ടെത്താന്‍ പ്രത്യേക സംഘത്തെയും രൂപീകരിച്ചു.

പൊതുവാഹനങ്ങളില്‍ പുകവലി പാടില്ലെന്നു സചിത്ര മുന്നറിയിപ്പ് സ്ഥാപിക്കണമെന്ന് കോട്പാ നിയമത്തിലെ നാലാം വകുപ്പ് നിഷ്‌കര്‍ഷിക്കുന്നുണ്ട്. വാഹന രജിസ്‌ട്രേഷന്‍ സമയത്തും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടോ എന്ന പരിശോധനയും കര്‍ശനമാക്കും. സ്വകാര്യ ബസുകള്‍, ടാക്‌സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവയ്‌ക്കെല്ലാം ഇതു ബാധകമാണ്.

കോട്പ അഞ്ചാം വകുപ്പ് അനുശാസിക്കുന്ന ക്രമത്തില്‍ പുകയില ഉല്‍പന്നങ്ങളുടെ പ്രത്യക്ഷ, പരോക്ഷ പരസ്യങ്ങളും അവയുടെ സ്‌പോണ്‍സര്‍ഷിപ്പും പൊതുഗതാഗത സംവിധാനങ്ങളില്‍ പാടില്ലെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. നിയമത്തിലെ നാല്, അഞ്ച് വകുപ്പുകളുടെ ലംഘനങ്ങള്‍ ഗതാഗത വകുപ്പിന്റെ പ്രതിമാസ പരിശോധന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കുന്നതിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.

റെയില്‍വേയും പുകവലിക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. റെയില്‍വേ പൊലിസും റെയില്‍വേ സംരക്ഷണസേനയും ട്രെയിനുകളിലെ പുകവലിക്കാരെ പിടികൂടാന്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നുണ്ട്.

News: Suprabhatham

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply