ബസ് യാത്രക്കാരിയുടെ കളഞ്ഞുപോയ പഴ്സ് തിരികെ ലഭിക്കുവാൻ കാരണമായത്..

ഈ അനുഭവക്കുറിപ്പ് തയ്യാറാക്കിയത് – ഷെഫീഖ് ഇബ്രാഹിം (KSRTC കണ്ടക്ടർ, എടത്വ ഡിപ്പോ).

കഴിഞ്ഞ ഞായറാഴ്ച്ച ( 10-06-2018) ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ബസ്സ് സ്റ്റേഷനില്‍ എത്തിയതാണ്. Arrival വെച്ച് കഴിഞ്ഞ് അവിടെ നില്‍ക്കുമ്പോള്‍ വൃദ്ധയായ ഒരു മാതാവും, ചെറുമകളും ഇന്‍സ്പെക്ടറുടെ സീറ്റിന് മുമ്പലെ കൗണ്ടറില്‍ നില്‍ക്കുന്നു. ആ വൃദ്ധമാതാവ് കരയുകയായിരുന്നു. KSRTC ബസ്സില്‍ യാത്ര ചെയ്ത അവര്‍ കിഴക്കേക്കോട്ട ഇറങ്ങിയപ്പോള്‍ കൈയിലിരുന്ന പേഴ്സിലേക്ക് ടിക്കറ്റ് വെച്ചതിന് ശേഷം ഒരു കവറില്‍ വെച്ചു. ആ കവര്‍ ബസ്സില്‍ വെച്ച് മറന്നുപോയി.തമ്പാന്നൂര്‍ വഴി എന്നത് ബോര്‍ഡില്‍ ഉളളതിനാല്‍ വെളളനിറത്തിലുളള ( വേണാട്) ബസ്സ് തേടി വന്നതാണ്. വ്രതാനുഷ്ഠാനത്തിലായതിനാല്‍ ആ മാതാവിന്‍റെ മുഖത്ത് നല്ല ക്ഷീണവുമുണ്ടായിരുന്നു. ഇന്‍സ്പെക്ടര്‍ ടിക്കറ്റ് കൈയ്യിലുണ്ടോ എന്ന് അന്വേഷിച്ചു. ഇല്ല എന്ന് പറഞ്ഞപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പറഞ്ഞു.

അവരുടെ വീട്ടിലേക്ക് പോകുവാന്‍ പോലും കൈവശം ഒരു രൂപ പോലുമുണ്ടായിരുന്നില്ല. ഇതെല്ലാം ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരെ അടുത്തേക്ക് വിളിച്ചു കാര്യം വിശദമായി തിരക്കി.അവര്‍ വന്ന ബസ്സ് സ്റ്റാന്‍ഡില്‍ എവിടെയെങ്കിലും ഉണ്ടോ എന്ന് ഒന്നുകൂടി നോക്കിവരാന്‍ പറഞ്ഞു.കൂടെ വന്ന ഏകദേശം 15 വയസ്സോടു കൂടിയ മകളോടു പോയി നോക്കിവരാന്‍ ആ വൃദ്ധ പറഞ്ഞു. ഞാന്‍ പെട്ടെന്ന് വിലക്കി . ആ മോളെ ഒറ്റക്ക് വിടേണ്ട.കൂടെ പോകൂ എന്ന് അഭ്യര്‍ത്ഥിച്ചു. അവരുടെ കൈവശം ഉണ്ടായിരുന്ന മറ്റൊരു കവര്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസിന്‍റെ വാതില്‍ക്കല്‍ വെച്ചിട്ട് കയറുന്ന ഭാഗത്ത് വെച്ചിട്ട് കുഴഞ്ഞു വീഴുമോ എന്നൊരു സംശയത്തില്‍ പതിയെ ആ മോളോടൊപ്പം നടന്നു നീങ്ങി.

 

ബസ്സ് കാണണമേ എന്ന പ്രാര്‍ത്ഥനകളോടെ ഞാനും,എന്നോടൊപ്പം ഡ്രൈവര്‍ അജിത്ത് ചേട്ടനും ഉണ്ടായിരുന്നു.
അല്പ സമയത്തിന് ശേഷം അവര്‍ തിരികെയെത്തി. കണ്ണുനീര്‍ തുടച്ച് അകലെ നിന്ന് വന്ന വൃദ്ധയുടെ അരികിലേക്ക് നടന്ന് നീങ്ങി. ഞാന്‍ വിവരങ്ങള്‍ തിരക്കി .പേരും, നഷ്ടമായ സാധനങ്ങളും ചോദിച്ചറിഞ്ഞു.നഷ്ടമായ പേഴ്സില്‍ കുറച്ച് രൂപയും, ആധാര്‍ കാര്‍ഡും,ഐഡന്‍റിറ്റി കാര്‍ഡും, പെന്‍ഷന്‍ കാര്‍ഡും, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും ഉണ്ടായിരുന്നു. ആ മാതാവിനോട് വിവരങ്ങള്‍ തിരക്കിയിട്ട് ലഭിച്ചാല്‍ വിളിച്ച് പറയേണ്ട നമ്പര്‍ കൂടി വാങ്ങി.ജീവനക്കാരുളള വിവിധ ഫേസ്ബുക്ക് ,വാട്ട്സ് ആപ് ഗ്രൂപ്പുകളിലേക്ക് ആളുടെ പേരും,മറ്റു വിവരങ്ങള്‍ ആയ അയണിയറന്തല,അയിത്തിയൂര്‍,ബാലരാമപുരം എന്ന അഡ്രസ്സും നല്‍കി. എര്‍ണ്ണാകുളത്തേക്ക് പുറപ്പെടുന്നതിന് മുമ്പായി ഒരു ബസ്സില്‍ കയറ്റി ടിക്കറ്റ് എടുത്തു നല്‍കി. അവര്‍ നന്ദിയോടെ കൈകള്‍ കൂപ്പി.യാതൊന്നും കൈകളില്‍ ഇല്ലാതെ നിസ്സഹായരായിരുന്നു അവര്‍.

എന്‍റെ ബസ്സ് എര്‍ണ്ണാകുളത്തേക്ക് പുറപ്പെട്ടു. കുറേ നേരത്തേക്ക് ഈ വിവരം ഒരിടത്തും പോസ്റ്റ് ചെയ്തില്ല. എകദേശം ഒരു മണിക്കൂര്‍ ശേഷം അവര്‍ നല്‍കിയ ഫോണില്‍ നിന്നും കോള്‍ വന്നു. തിരക്കായതിനാല്‍ അറ്റന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. തിരികെ വിളിച്ചു. ആ വൃദ്ധ മാതാവ് ഫോണെടുത്തു. “മോനേ, നഷ്ടമായതെല്ലാം കിട്ടും”. ഞാന്‍ തിരക്കി എങ്ങനെയെന്ന്. നെയ്യാറ്റിന്‍കരയില്‍ നിന്നുളള ഒരു ബസ്സിലെ കണ്ടക്ടറുടെ കൈയ്യില്‍ കൊടുത്തു വിടും. പേഴ്സില്‍ കുറിച്ചിട്ടിരുന്ന മകളുടെ മൊബൈല്‍ നമ്പര്‍ ആണ് അനുഗ്രഹമായത്. അവര്‍ ബസ്സ് ഇപ്പോള്‍ എത്തുമെന്ന് പറഞ്ഞ് കാത്തു നില്‍ക്കുകയാണ്. പേഴ്സും നഷ്ടമായി എന്ന് കരുതിയ സാധനങ്ങളുമായി ആ വൃദ്ധമാതാവും മകളും സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി…

വ്രതാനുഷ്ഠാനത്തിന്‍റെ പുണ്യവുമായി….നൂറ് നൂറ് അനുഗ്രഹങ്ങള്‍ നേര്‍ന്നാണ് ഞാനുമായുളള ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. യാത്രികരുടെ വിലയേറിയ സാധനങ്ങളോ, ഡോക്യുമെന്‍റുകളോ ഇതുപോലെ ഒരു പക്ഷേ, നഷ്ടമാകാം.അത് വീണ്ടെടുക്കുവാനുളള ശ്രമമെങ്കിലും KSRTC ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകണം. ഇത്തരം ഇടപെടല്‍ യാത്രികരുടെ മനസ്സ് കീഴടക്കും. ഓരോ ജില്ലകളിലും ജില്ലാകേന്ദ്രങ്ങളിലെ ഫോണ്‍ നമ്പര്‍ മുഖാന്തിരം ബസ്സില്‍ നിന്നും കിട്ടുന്ന,സാധനങ്ങളെക്കുറിച്ച് ഒരു ഇന്‍ഫര്‍മേഷന്‍ നല്‍കുവാന്‍ കണ്ടക്ടര്‍ക്ക് കഴിഞ്ഞാല്‍ തീര്‍ച്ചയായും യാത്രികര്‍ക്ക് സഹായമാകും. അതുപോലെ ഇപ്രകാരം ഒരു സംവിധാനം ഉളളതായി യാത്രികര്‍ക്കും ബോധവത്ക്കരണം നല്‍കിയാല്‍ ഉത്തമം.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply