കിളിമഞ്ചാരോയുടെ നാട്ടിലേക്കു ഒരു റോഡ് ട്രിപ്പ്…

വിവരണം – ‎Ignatious Enas‎.

ഈസ്റ്റ് ആഫ്രിക്കയിലെ ടാങ്കനികയും ഇന്ത്യൻ മഹാ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സാൻസിബാർ ഐലൻഡും ചേർന്ന് രൂപം കൊണ്ടതാണ് ഇന്നത്തെ ടാൻസാനിയ എന്ന രാജ്യം. ഡൊഡൊമ ആണ് തലസ്ഥാനം എങ്കിലും തീരദേശത്തു സ്ഥിതി ചെയ്യുന്ന ദാർസലാം (Dar es Salaam) ആണ് പ്രധാന നഗരം. ആഫ്രിക്കയിലെ ഏറ്റവും വലിയ കൊടുമുടി ആയ കിളിമഞ്ചാരോ ടാൻസാനിയയിൽ ആണുള്ളത്. ലോകത്തെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമായ ടാങ്കാനിക്കയുടെ പ്രധാന ഭാഗവും ഇവിടെയാണ്.

കെനിയയുടെ തലസ്ഥാനമായ നൈറോബിയിൽ നിന്നും ഏകദേശം 1000 കിലോമീറ്റര് ദൂരമുണ്ട് ദാർസലേമിലേക്ക്. 2013 ൽ ഞാനും പ്രശാന്തും കൂടി ഒരു ഈജിപ്ത് ട്രിപ്പ് ഉറപ്പിച്ചതായിരുന്നു. അപ്പോഴാണ് അവിടെ ആഭ്യന്തര കലാപം തുടങ്ങുന്നത്. പിന്നെ പ്ലാൻ മാറ്റി ടാൻസാനിയയിലേക്കു ഒരു റോഡ് ട്രിപ്പ് ആക്കി. പത്തു ദിവസത്തെ യാത്രക്ക് വണ്ടിക്കും ഡ്രൈവറിനും കൂടി ഏകദേശം 750 USD ഉറപ്പിച്ചു. പെട്രോൾ എല്ലാം ഞങ്ങൾ അടിക്കണം. അങ്ങിനെ പ്രശാന്തും, പൂജയും, ശ്രീദേവിയും, സോഫിയും ഞാനും കൂടി 2013 ഒക്ടോബര് 12 നു നൈറോബിയിൽ നിന്നും യാത്ര തിരിച്ചു.

രാവിലെ തിരിച്ച ഞങ്ങൾ നമാങ്കാ (Namanga) അതിർത്തിയിൽ എത്തി ഓൺ അറിവൽ വിസയും അടിച്ചു (50 USD) ടാൻസാനിയയിലേക്കു പ്രവേശിച്ചു. കുറെ നേരം വളരെ വിജനവും വരണ്ടതുമായ ഭൂപ്രകൃതിയിലൂടെ യാത്ര ചെയ്തു. പിന്നെ പച്ചപ്പാർന്ന പ്രദേശങ്ങൾ കണ്ടുതുടങ്ങി. ഇടയ്ക്കു പരന്നു കിടക്കുന്ന സൈസാൾ പ്ലന്റഷനുകള് കാണുന്നുണ്ട് . അരുഷയിലെത്തിയ ഞങ്ങൾ ഒരു എത്യോപ്യൻ റെസ്റ്ററന്റിൽ നിന്നും ഭക്ഷണവും കഴിച്ചു മണിയറ തടാകം (lake manyara) കാണാനായി തിരിച്ചു. പണി നടന്നുകൊണ്ടിരിക്കുന്ന റോഡും ഗൂഗിൾ മാപ്പും കൂടി ആകെ കുളമാക്കി. നൂറിലധികം കിലോമീറ്റർ താണ്ടിയതല്ലാതെ തടാകം കാണുന്നില്ല. എന്നാൽ അവിടെയുള്ളവരോട് ചോദിക്കാമെന്ന് വച്ചാൽ ഇംഗ്ലീഷിന്റെ ABCD പോലും അവർക്കു അറിയില്ല. പിന്നെ വഴിയിൽ കണ്ട ഒരു ബാഓബാബ് (baobab) മരത്തിന്റെ ചുവട്ടിൽ വിശ്രമിച്ചു കുറച്ചു ഫോട്ടോയും എടുത്തു വീണ്ടും ആരൂഷയിലേക്കു തിരിച്ചുപോന്നു. അവിടെയൊരു ഹോം സ്റ്റേയിൽ ആയിരുന്നു താമസം. കിളിമഞ്ചാരോ പർവതം കയറാൻ പോകുന്ന കുറച്ചു സോളോ യാത്രക്കാരെ പരിചയപ്പെട്ടു. 15 ദിവസമെടുക്കുന്ന കിളിമഞ്ചാരോ കയറ്റത്തിന് ഏകദേശം 2000 USD ചെലവാകും.

പ്രഭാത ഭക്ഷണവും കഴിഞ്ഞു ഞങ്ങൾ ദാർസലാം ലക്ഷ്യമാക്കി യാത്ര തുടർന്നു. കിളിമഞ്ചാരോ പർവതത്തിന്റെ ചുവട്ടിൽ സ്ഥിതി ചെയ്യുന്ന മോഷിയിലൂടെയുള്ള യാത്ര രസകരമായിരുന്നെങ്കിലും മേഘങ്ങൾ മൂടികിടന്നതിനാൽ ദർശന ഭാഗ്യം ഉണ്ടായില്ല. തുടന്നുള്ള യാത്രയിൽ പലപ്പോഴും എന്റെ നാടായ ഇടുക്കിയിൽ കൂടി യാത്ര ചെയുന്ന ഒരു ഒരു അനുഭൂതി ആയിരുന്നു. മാവ് , പ്ലാവ്, കശുമാവ്, പപ്പായ മരം, മുരിങ്ങ മരം തുടങ്ങി ആത്ത മരം വരെ എവിടെയും കാണാം.

രാത്രിയോടെ ഞങ്ങൾ ദാർസലാമിൽ എത്തിച്ചേർന്നപ്പോൾ എന്റെ കൂട്ടുകാരായ അജേഷും ജയകുമാറും പോർക്ക് ഫ്രൈ , മീൻ കറി, തെങ്ങിൻ കള്ള് മുതലായവയൊക്കെ റെഡിയയാക്കി കാത്തിരിക്കുന്നു 🙂 പ്രശാന്ത് മദ്യം തൊടാത്ത നല്ലകുട്ടി ആണ്. യാത്രഷീണം ഉള്ളതിനാൽ പ്രശാന്തും പൂജയും ശ്രീദേവിയും സോഫിയും ഭക്ഷണവും കഴിച്ചു ഉറങ്ങാനായി പോയി. ഞാനും ജയനും അജേഷും അടുത്ത പ്രോഗ്രാമിലേക്കും 😉 നല്ല കിടിലൻ തെങ്ങിൻ കള്ള്. വിലയോ തുച്ഛം ഗുണമോ മെച്ചം 🙂 രാത്രി എപ്പോഴോ പോയി കിടന്നുറങ്ങി.

ജയകുമാർ (കുഞ്ചുത്തണ്ണി) പൈനാവ് പോളിയിൽ എന്റെ ജൂനിയറും ചെന്നൈയിൽ ജോലി ചെയ്യുമ്പോൾ സഹമുറിയനും ആയിരുന്നു. അജേഷും ഇടുക്കിക്കാരനാണ്. ഞങ്ങൾ എല്ലാവരും ഇപ്പോൾ ഒരേ കമ്പനിയിൽ തന്നെ ജോലി ചെയ്യുന്നു.

രാവിലെ ഞങ്ങൾ ആർക്കിയോളജിക്കൽ സൈറ്റും പഴയ ജർമൻ ഈസ്റ്റ് ആഫ്രിക്കയുടെ തലസ്ഥാനവും ആയിരുന്ന ബാഗമൊയോ (Bagamoyo) കാണാനായി തിരിച്ചു. ഇതൊരു വേൾഡ് ഹെറിറ്റേജ് സൈറ്റ് ആണ്. ഒരു മോസ്കിന്റെ ശേഷിപ്പുകളും കുറച്ചു ശവകുടീരങ്ങളും കണ്ടു. ഉച്ചക്ക് ലോക്കൽ ഫുഡ് ആണ് കഴിച്ചത്. ടാൻസാനിയന് ഭക്ഷണം വളരെ രുചികരവും ഇന്ത്യൻ ഭക്ഷണങ്ങളോട് സാമ്യമുള്ളവയും ആണ്. ഉച്ചഭക്ഷണത്തിനു ശേഷം മ്യൂസിയവും അടിമകളെ പാർപ്പിച്ചിരുന്ന സ്ഥലവും കാണാൻ പോയി. പതിനെട്ടാം നൂറ്റാണ്ടിൽ അടിമ വ്യാപാരത്തിന്റെ കേന്ദ്രമായിരുന്നു ദാർസലമും സൻസിബാറും. കറുത്തവർഗക്കാരോട് കാണിച്ച ക്രൂരതകൾ ലോകമനഃസാക്ഷിക്കുമുന്നിൽ എന്നും ഉണങ്ങാത്ത ഒരു മുറിവായി തന്നെ നില്കും. മനസ്സിൽ ഒരു വിങ്ങലോടുകൂടിമാത്രമേ അവിടം വിട്ടു പോരാൻ കഴിയുകയുള്ളു.

ജർമൻകാർ നിർമിച്ച സെന്റ് ജോസഫ് കത്തീഡ്രലും കണ്ടു ആഫ്രിക്കൻ കരകൗശല മാർക്കറ്റിലെത്തി കുറച്ചു സാധനങ്ങൾ വാങ്ങി. രാത്രി അനിലുചേട്ടൻ നടത്തുന്ന സ്വാദ് റെസ്റ്ററന്റിൽ പോയി കേരള ഭക്ഷണം വയറു നിറയെ കഴിച്ചു. ദാരസലാമിൽ ജോലിചെയ്യുന്ന കുറെ നല്ലവരായ മലയാളി സുഹൃത്തുക്കളെയും പരിചയപ്പെടുകയുണ്ടായി. അജേഷ് രാവിലെ തന്നെ പോയി സാൻസിബാറിലേക്കു സ്പീഡ് ഫെറി ടിക്കറ്റ് എടുത്തു. AC സൗകര്യങ്ങൾ ഒക്കെ ഉള്ള ഡബിൾ ഡെക്കർ ഫെറി ആണ്. മെയിൻ ലാൻഡിൽ നിന്നും ഏകദേശം 25 കിലോമീറ്റര് ദൂരെയായി ഇന്ത്യൻ മഹാസമുദ്രത്തിൽ ആണ് സാൻസിബാർ (Zanzibar) സ്ഥിതി ചെയ്യുന്നത്. സ്പീഡ് ബോട്ടിൽ കൂറ്റൻ തിരമാലകളെ കീറിമുറിച്ചുള്ള യാത്ര വളരെ രസകരമാണ്. ടാൻസാനിയയുടെ ഭാഗമാണെകിലും ബോട്ടിൽനിന്നും ഇറങ്ങിയ ഉടനെ ചെറിയൊരു വിസ ചെക്കിങ്ങും പാസ്പോര്ട് സ്റ്റാമ്പിങ്ങും ഉണ്ട്.

മനോഹരമായ ബീച്ചുകൾ, വേൾഡ് ഹെറിറ്റേജ് സൈറ്റ് ആയ സ്റ്റോൺ ടൌൺ, കേരളത്തിലെന്നപോലെയുള്ള സുഗന്ധ വ്യഞ്ജനങ്ങൾ, വംശനാശ ഭീഷണി നേരിടുന്ന കൊളംബസ് കുരങ്ങന്മാർ എന്നിവയെല്ലാം കൊണ്ട് ലോക പ്രശസ്തമാണ് സാൻസിബാർ. ടാൻസാനിയയുമായി ലയിക്കുന്നതിനു മുൻപ് ഒമാൻ സുൽത്താന്റെ ഭരണത്തിന് കീഴിൽ ആയിരുന്നു ഇവിടം.

ഒരു വില്ല ഞങ്ങൾ മൂന്ന് ദിവസത്തേക്ക് എടുത്തിരിക്കുകയാണ്. അവിടെ വേറൊരു വണ്ടിയും വാടകക്കെടുത്തു. മുറ്റത്തുതന്നെ പ്ലാവും തെങ്ങും അമ്പഴവും ഒക്കയായി ഒരു കേരള ടച്ച്. കുറച്ചു വിശ്രമമെല്ലാം കഴിഞ്ഞു പ്രിസൺ ഐലൻഡ് കാണാനായി ഇറങ്ങി. ഇതൊരു അടിമകച്ചവട ചന്തയായും മഞ്ഞപ്പനി പിടിച്ചവരെ താമസിപ്പിക്കാനുള്ള ഇടമായിട്ടുമൊക്കെ ഉപയോഗിച്ചിട്ടുണ്ട്. ഇന്ന് ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. ഇവിടെ പതിനെട്ടാം നൂറ്റാണ്ടിൽ സീഷെൽസിൽ നിന്നും കൊണ്ടുവന്ന പ്രത്യേകതരം വലിയ ആമകളെയും ധാരാളം മയിലുകളെയും കാണാൻ സാധിക്കും.

അടുത്ത ദിവസം രാവിലെതന്നെ കടലിൽ സ്ഥിതി ചെയ്യുന്ന റോക്ക് റെസ്റ്റോറന്റ് കാണാൻ പോയി. അവിടുന്ന് ഡോൾഫിനുകളെ കാണാനായി കിസിംകാസി (Kizimkazi) വില്ലേജിലേക്കു തിരിച്ചു. സായിപ്പുമാരും മദാമ്മമാരും ഡോൾഫിന്റെ കൂടെ നീന്തുന്നത് കണ്ടപ്പോൾ അജേഷിനും ഒരു മോഹം. സ്‌നോർക്കലിംഗിന്റെ കൊമ്പും കുഴലും എല്ലാം വച്ച് കടലിലേക്ക് ഒരു ചട്ടം. രണ്ടു മൂന്ന് തവണ കൈ പൊക്കി കാണിച്ചു. ഉടനെ അജേഷിന്റെ ഭാര്യ നിത്യയുടെ ഡയലോഗ്. ഡോൾഫിനെ കണ്ടെന്നു പറയുന്നതാ..എന്തോ പന്തികേട് തോന്നിയതിനാൽ ബോട്ടടുപ്പിച്ചു വലിച്ചുകേറ്റി. ഒരു നാലഞ്ചു കവിൾ ഉപ്പുവെള്ളം കുടിച്ചതെ ഉള്ളു, വേറെ കുഴപ്പമൊന്നും ഇല്ല 🙂 പിന്നെ സ്‌നോർക്കലിംഗ് കുഴലൊക്കെ മാറ്റി കുറേനേരം ഡോൾഫിന്റെ കൂടെ നീന്തി 🙂 ശേഷം വംശനാശ ഭീഷണി നേരിടുന്ന കൊളംബസ് കുരങ്ങന്മാരെയും അടുത്തുതന്നെ ഉള്ള ബട്ടർഫ്‌ളൈ പാർക്കും കണ്ടു തിരിച്ചു വീട്ടിലേക്കു.

അടുത്ത ദിവസം സാൻസിബാറിലെ സ്റ്റോൺ ടൗണിൽ കൂടി ചെറുതായൊന്നു കറങ്ങി. അടുത്തുതന്നെ ഉള്ള നക്കുപെണ്ട (nakupenda) ബീച്ചിലേക്കാണ് പിന്നെ പോയത്. ഇത്ര മനോഹരമായ ബീച്ച് എന്റെ ജീവിതത്തിൽ ആദ്യമായാണ് കാണുന്നത്. ക്രിസ്റ്റൽ ക്ലിയർ ആയിട്ടുള്ള വെള്ളം. രണ്ടുമൂന്നു മണിക്കൂർ അവിടെ ചിലവഴിച്ചു. അവിടുന്ന് തിരിച്ചുപോരാൻ മനസില്ലായിരുന്നെന് പറയാം 😉

സ്റ്റോൺ ടൗണിലുള്ള ലുക്മാന് (Lukmaan) എന്ന ഭക്ഷണശാല വളരെ പ്രശസ്തവും സ്വാഹിലി വിഭവങ്ങളാൽ സമ്പന്നവും ആണ്. അവിടെനിന്നും കഴിച്ച ഏത്തവാഴക്കകൊണ്ടുള്ള ഒരു ഐറ്റത്തിന്റെ രുചി ഇപ്പോഴും നാക്കിൻത്തുമ്പിൽ ഉണ്ട്. ഉച്ചക്കുശേഷം സ്‌പൈസ് ടൂറിനായി പുറപ്പെട്ടു. അവിടെ ജാതി, ഗ്രാമ്പു , കുരുമുളക് , ഏലം തുടങ്ങി കേരളത്തിൽ കാണപ്പെടുന്ന ഒരുവിധം എല്ലാ സുഗന്ധവ്യഞ്ജനങ്ങളും കാണാൻ പറ്റി. അതും പോരാഞ്ഞു തെങ്ങു കയറ്റത്തിന്റെ ഒരു ചെറിയ ക്ലാസും തന്നു. ആറുമണിക്ക് ശേഷം ആരംഭിക്കുന്ന ഫോറോധാനി ഫുഡ് മാർക്കറ്റ് കാണേണ്ട ഒന്ന് തന്നെയാണ്. സീഫുഡിന്റെ വിശാല ലോകം 🙂 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് mishkaki (കമ്പിൽ കോർത്ത് ചുട്ട ബീഫ്) ആയിരുന്നു. കുറെ മിശ്കാകിയും മറ്റു വിഭവങ്ങളും വാങ്ങി വീട്ടിലെത്തി ശ്രീദേവിയും നിത്യയും അജേഷും ജയകുമാറും ഞാനും കൂടി ഒരു ഫുൾ ബോട്ടിൽ ടെക്വില (tequila) തീർത്തിട്ടാണ് ഉറങ്ങിയത് (മദ്യപാനം ആരോഗ്യത്തിന് ഹാനികരം).

ഇന്ന് സാൻസിബാറിനോട് വിട പറയുകയാണ്. ഉച്ചകഴിഞ്ഞു കിളിമഞ്ചാരോ സ്പീഡ് ബോട്ടിൽ വീണ്ടും ദാരാസലാമിലേക്കു. ഞാനും അജേഷും കൂടി കടലിനോടു ചേർന്നുള്ള മീൻ മാർക്കറ്റിൽ പോയി പിടക്കുന്ന നെയ്യ്‌മീനും വാങ്ങി വീട്ടിലെത്തി. അജേഷ് ഒന്നാന്തരം ഒരു കുക്ക് കൂടിയാണുകേട്ടോ. കുടംപുളിയൊക്കെ ഇട്ട മീൻകറിയും, ചോറും, കപ്പ ബിരിയാണിയും, ഒക്കെയായി ഒരു രാത്രികൂടി.

രാവിലെ തന്നെ അജേഷിന്റെ വീട്ടിൽ നിന്നും ഭക്ഷണവും കഴിഞ്ഞു ഉച്ചക്കുള്ളത് പായ്ക്കും ചെയ്തു ദർസലാമിനോട് വിട പറഞ്ഞു. വൈകുന്നേരത്തോടെ മോഷിയിലെത്തിയ ഞങ്ങൾ അവിടെ ഒരു ഹോം സ്റ്റേയിൽ താമസിച്ചു. ഇത്തവണ കിളിമഞ്ചാരോ തല കാണിച്ചു. മേഘങ്ങൾക്ക് മുകളിലായി തലയുയർത്തി നിൽക്കുന്ന കിളിമഞ്ചാരോ വളരെ മനോഹരം തന്നെ. രാവിലെ തന്നെ മോഷിയോടു വിടപറഞ്ഞു, മറക്കാൻ പറ്റാത്ത ഓർമകളും നെഞ്ചിലേറ്റി നൈറോബിയിലേക്കു……

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply