ഗുണമേന്മയുള്ള ഭക്ഷണം ന്യായവിലയില്‍ നല്കുന്ന മക്കരപ്പറമ്പിലെ ഹോട്ടല്‍ നാട്ടുകാര്‍ക്ക് പ്രിയങ്കരമാകുന്നു. ദേശീയപാത 213-ല്‍ മക്കരപ്പറമ്പ്, പെരിന്തല്‍മണ്ണ റോഡില്‍ പ്രവര്‍ത്തിക്കുന്ന ‘നോണ്‍ സ്റ്റോപ്പ് ‘ ഹോട്ടലാണ് രണ്ടുമാസം കൊണ്ടുതന്നെ നാട്ടുകാര്‍ക്ക് പ്രിയങ്കരമായത്.
വിവിധ മേഖലകളില്‍നിന്നുള്ള മൂവര്‍സംഘത്തിന്റെ ചിന്തയില്‍നിന്ന് രൂപംകൊണ്ട ആശയമാണ് ഈ ന്യായവില ഹോട്ടല്‍. ചായ, എണ്ണപ്പലഹാരങ്ങള്‍ എന്നിവയ്ക്ക് അഞ്ചുരൂപ, 10 രൂപയ്ക്ക് ജ്യൂസ്, 60 രൂപയ്ക്ക് ചിക്കന്‍ ബിരിയാണി, 40 രൂപയ്ക്ക് നെയ്ച്ചോറും ചിക്കന്‍കറിയും തുടങ്ങി എല്ലാ വിഭവങ്ങള്‍ക്കും ന്യായവില മാത്രം. മൂന്നുരൂപയ്ക്ക് ചിക്കന്‍കറി മാത്രവും ലഭിക്കും.
‘പള്ളര്‍ച്ച് നെയ്ച്ചോറ്……’ എന്നാണ് ഹോട്ടലിന്റെ ബോര്‍ഡില്‍ എഴുതിവെച്ചിരിക്കുന്നത്. രണ്ടുമാസം മുമ്പാണ് മക്കരപ്പറമ്പ് ടൗണില്‍ അര്‍ഷദ്, സക്കീറലി, ഖാദറലി എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ തുടങ്ങിയത്.
വിലകുറച്ച് നല്കുന്നതിനാല് ആദ്യമൊക്കെ വലിയ എതിര്‍പ്പുകളുണ്ടായി. ആദ്യദിവസം ഹോട്ടലിലേക്കുള്ള വെള്ളം മുടക്കി. പിന്നെ കിണറില്‍ മാലിന്യങ്ങള്‍ തള്ളി. ഇങ്ങനെയൊക്കെ എതിര്‍പ്പുകളുണ്ടായിട്ടും പിടിച്ചുനില്‍ക്കാന്‍തന്നെ തീരുമാനിച്ചു.

ജി.എസ്.ടി, നോട്ടുനിരോധനം, ഗള്‍ഫ് പ്രതിസന്ധി തുടങ്ങി സധാരണക്കാരന്റെ നടുവൊടിക്കുന്ന ഈ സാമ്പത്തികമാന്ദ്യക്കാലത്ത് തികച്ചും ജീവകാരുണ്യപരമായ ചിന്തയില്‍ നിന്നാണ് സാധാരണക്കാരെ ഉദ്ദേശിച്ച് ഈ ഹോട്ടല്‍ രൂപംകൊണ്ടത്.
തൊഴിലാളികളുള്‍പ്പെടെ സാധാരണക്കാരായവരാണ് കൂടുതലും ഹോട്ടലിലെത്തുന്നത്. പുലര്‍ച്ചെ നാലരമുതല്‍ രാത്രി 11 വരെ രണ്ട് ഷിഫ്റ്റിലായി 10 തൊഴിലാളികളുണ്ട്. സാധാരണക്കാര്‍ക്ക് സേവനം നല്കുന്ന സന്തോഷം ചില്ലറയല്ലെന്ന് പങ്കാളികളിലൊരാളായ വറ്റലൂര്‍ സ്വദേശി ഖാദറലി പറഞ്ഞു.
കോഴിഫാം നടത്തിയിരുന്ന ഇദ്ദേഹം ജി.എസ്.ടിയെ തുടര്‍ന്ന് കോഴിഫാം പൂട്ടേണ്ടി വന്നതിനാലാണ് ഈ രംഗത്തേക്കു തിരിഞ്ഞത്. ഒരു ചായയുടെ ചെലവ് എങ്ങനെനോക്കിയാലും അഞ്ചുരൂപയില്‍ താഴെ മാത്രമേ വരൂ എന്നു മനസ്സിലാക്കിത്തന്നെയാണ് വിലകുറച്ചതെന്നും ഇദ്ദേഹം പറയുന്നു. ഇപ്പോള്‍ തങ്ങളുടെ മാതൃക പിന്തുടര്ന്ന് മറ്റു ചില ഹോട്ടലുകളിലും വില കുറയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും ഖാദര്‍ പറഞ്ഞു.
Source – Mathrubhumi
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog