കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ 45 മിനിറ്റിൽ തൃശ്ശൂർ മുതൽ കൊച്ചി വരെ

ഹോളിവുഡ് സിനിമകളിലെ ചേസിംഗ് രംഗങ്ങളെ വെല്ലുന്ന രംഗമാണ് തൃശൂർ എറണാകുളം ദേശീയ പാതയിൽ കണ്ടത്. വഴിയില്‍ തടസ്സങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍. തൃശ്ശൂര്‍ അമല ആശുപത്രിയില്‍ നിന്നും കൊച്ചി അമൃത ആശുപത്രിയിലേക്കെത്താന്‍ സാധാരണയായി വേണ്ടി വരുന്നത് 2 മണിക്കൂര്‍.

തൃശ്ശൂര്‍ പുഴക്കല്‍ മുതല്‍ മണ്ണുത്തി ബൈപ്പാസ് വരെയുള്ളതും, അങ്കമാലി, ഇടപ്പള്ളി എന്നിവടങ്ങളിലെ ട്രാഫിക്ക് കുരുക്കും കൂടിയായാല്‍ അത് മൂന്നു മണിക്കൂറും ആകാം. എന്നാല്‍ ദൈവദൂതനെ പോലെ വെറു 45 മിനിറ്റില്‍ ഒരു ആംബുലന്‍സ് പറത്തിയെത്തി പിഞ്ചു കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ചിരിക്കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍ റെജില്‍.

തലയില്‍ രക്തം കട്ടപിടിച്ചു ഗുരുതരാവസ്ഥയിലെത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ കാക്കാന്‍ കയ്യിലുള്ളത് 45 മിനിറ്റ്. താണ്ടേണ്ടത് പേരാമംഗലത്തുനിന്നു കൊച്ചി അമൃത ആശുപത്രി വരെയുള്ള 80 കിലോമീറ്റര്‍ ദൂരം. യാത്ര ചെയ്യേണ്ടത് ഏറ്റവും തിരക്കേറിയ സമയമായ വൈകിട്ട് ആറിന്. അസംഭവ്യമെന്നു വിളിക്കാവുന്ന ദൗത്യത്തിനു മുന്നില്‍ ‘നോ’ പറയാന്‍ ആംബുലന്‍സ് ഡ്രൈവര്‍ റെജില്‍ തയാറായില്ല. ഒപ്പം പായാന്‍ പൊലീസും ‘നോ’ പറഞ്ഞില്ല. ഫലം, 45 മിനിറ്റിനുള്ളില്‍ കൊച്ചിയിലെത്തിയ ആംബുലന്‍സില്‍ കുഞ്ഞിന്റെ ജീവന്‍ ഭദ്രം. ട്രാഫിക് സിനിമ മോഡലിനെ വെല്ലുന്ന യാത്ര സൃഷ്ടിച്ചതു ചരിത്രവും.

കേച്ചേരി മുണ്ടത്തിക്കോട് കൊട്ടിയാട്ടില്‍ വിജിത്ത് ജയശ്രീ ദമ്പതികളുടെ എട്ടുമാസം പ്രായമുള്ള മകന്‍ അനുരഞ്ജന്റെ ജീവനാണ് തലനാരിഴയ്ക്കു രക്ഷപ്പെടുത്താനായത്. അമ്മയുടെ കയ്യിലിരിക്കുമ്പോള്‍ തേങ്ങ തലയില്‍ വീണാണ് കുഞ്ഞിനു ഗുരുതര പരുക്കേറ്റത്. തലച്ചോറില്‍ രക്തസ്രാവമുണ്ടാവുകയും രക്തം കട്ടപിടിക്കുകയും ചെയ്തു.നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കൊച്ചി അമൃതയിലേക്കു മാറ്റാന്‍ നിര്‍ദേശിച്ചു.

കുട്ടികളുടെ ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍തന്നെ കൊച്ചിയിലേക്കു കൊണ്ടുപോകണമെന്നായിരുന്നു നിര്‍ദേശം.ഇത്തരം ആംബുലന്‍സുകള്‍ ജില്ലയിലില്ലെന്നു മനസിലായപ്പോള്‍ ഐസിയു സൗകര്യമുള്ള മറ്റു രണ്ട് ആംബുലന്‍സുകളെ വിളിച്ചു നോക്കി. അസംഭവ്യമായ ദൗത്യം ആരും ഏറ്റെടുത്തില്ല. ഒടുവില്‍ സിഎന്‍ ബാലകൃഷ്ണന്‍ സപ്തതി സ്മാരക ആംബുലന്‍സ് സര്‍വീസില്‍ വിളിച്ചപ്പോള്‍ ഡ്രൈവര്‍ ചിറ്റിശേരി മണിക്കപ്പറമ്പില്‍ റെജില്‍ ദൗത്യമേറ്റെടുത്തു. സപ്പോര്‍ട്ടിങ് സ്റ്റാഫ് ജിയോ ജോസ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു. കണ്‍ട്രോള്‍ റൂമില്‍ വിളിച്ചു പൊലീസ് സഹായവുമഭ്യര്‍ഥിച്ചു.

15 മിനിറ്റിനുള്ളില്‍ പേരാമംഗലം മുതല്‍ അമൃത വരെയുള്ള മുഴുവന്‍ റോഡുകളിലും ഗതാഗതം നിയന്ത്രിച്ച് ആംബുലന്‍സിനു പോകാന്‍ പൊലീസ് പാതയൊരുക്കി. പൈലറ്റ് ആയി പൊലീസ് ജീപ്പ് മുന്നിലും. 5.45നു പുറപ്പെട്ട ആംബുലന്‍സ് അമൃതയിലെത്തിയത് 6.30ന്.

വളവുകളിലൊഴികെ വേഗം 100 കിലോമീറ്ററിനു മുകളില്‍. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പരിശോധനാഫലങ്ങള്‍ ലഭിച്ചശേഷം കുട്ടിയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. കുട്ടി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Source – http://binocularlive.com

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply