അധികമാരും കേട്ടിട്ടില്ലാത്ത, പൊന്നുവിളയുന്ന ബ്രൂണെ മഹാരാജ്യത്തേക്ക്…

സഹൃദയരേ, ഞാനിന്നിവിടെ അവതരിപ്പിക്കാൻ പോകുന്ന കഥ, ഇത്തിരിക്കുഞ്ഞൻ ബ്രൂണെ രാജ്യത്തേക്കുള്ള
എളിയ യാത്രയെക്കുറിച്ചാണ്. കാഥികൻ :- ശ്രീഹരി. നമ്മുടെ കഥാനായകൻ അങ്ങകലെ തായ്‌ലന്റിലെ ബാങ്കോക്ക് നിവാസിയാണ്. ചുറ്റുവട്ടത്തുള്ള രാജ്യങ്ങളിലൊക്കെ എങ്ങനെ സിമ്പിളായി പോയിവരാം എന്ന് ചിന്തിച്ച് ജീവിതം തള്ളി നീക്കുന്ന ഒരു സാദാ മലയാളി. അതാ അങ്ങോട്ട് നോക്കൂ. യാതൊരു കൂസലുമില്ലാതെ അയാൾ അടുത്തയാത്ര വിളംബരം ചെയ്യുകയാണ് സുഹൃത്തുക്കളെ. പാസ്‌പോർട്ടും കയ്യിലെടുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു, “ചെസ്റ്റ് നമ്പർ 11, ‘ബ്രൂണെ’ ഓൺ സ്റ്റേജ്” യാത്രയെക്കുറിച്ച് പറഞ്ഞപ്പോൾത്തന്നെ എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. എന്താണീ ബ്രൂണേ.. എവിടെയാണ് ബ്രൂണേ.. ബ്രൂണേ ഒരു രാജ്യമാണോ..ഠിങ്..

അതെ കൂട്ടരേ ബ്രൂണേ ഒരു രാജ്യമാണ്. ധനികനായ സുൽത്താൻ ഭരിക്കുന്ന അതിസമ്പന്നരാജ്യം. നാച്ചുറൽ ഗ്യാസും ഓയിലും വേണ്ടുവോളം കുഴിച്ചെടുത്ത് പൊന്നുവിളയിക്കുന്ന കിഴക്കനേഷ്യയിലെ ശാന്തമായ നാട്. മ്യൂസിക്..//..♫♫♫..ആരുപറഞ്ഞാലും നേര് പറയണം ബ്രൂണേയൊരുകൊച്ചു രാജ്യമല്ലോ നമ്മളാരാരും പോവാത്ത നാടല്ലോ.. ഓയിലും ഗ്യാസും കുഴിച്ചെടുത്തീടണം എല്ലാരും സമ്പന്നന്മാരല്ലോ ഇവിടെല്ലാരും സന്തുഷ്ട്ടരാണല്ലോ.. സഞ്ചരിക്കാത്തവരാരുണ്ട്, യാത്ര ചെയ്യാത്തവരാരുണ്ട്.. സഞ്ചാരമേത് യാത്രികരാര് ഞങ്ങളും നിങ്ങളും കണ്ടത് കാഴ്ചയാണേ..♪♪♪ ഠിങ്..

നിന്ന് കഥാപ്രസംഗം നടത്താതെ യാത്ര വിവരിക്കെടോ. അത് പിന്നെ, ഒരാവേശത്തിന്. ഇപ്പ ശരിയാക്കിത്തരാം.

ബ്രൂണെ എന്ന രാജ്യം യാത്രയ്ക്കായി തിരഞ്ഞെടുക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്തായാലും പുതിയൊരു രാജ്യവും അവിടുത്തെ കാഴ്ചകളും സംസ്കാരവുമൊക്കെ കണ്ടു എന്ന് പറയാമല്ലോ. കുലാലംപൂർ വഴി എയർ ഏഷ്യയുടെ ചിലവുകുറഞ്ഞ വിമാനസർവീസുമുണ്ട്. തായ്‌ലന്റിൽ വസിക്കുന്ന ഈയുള്ളവൻ ഇവിടുത്തെ ബ്രൂണെ എംബസിയിൽനിന്നുമാണ് വിസ എടുത്തത്. സാധാരണ ടൂറിസ്റ്റ് വിസപോലെതന്നെ ലളിതമായി കിട്ടുമെങ്കിലും ആരെങ്കിലും ബ്രൂണെയിൽ ജോലി ചെയ്യുന്നുണ്ടെങ്കിൽ ഒരു ഇൻവിറ്റേഷൻ ലെറ്ററും കൂടി ബലത്തിന് വെച്ചേക്കാൻ പറഞ്ഞു. അങ്ങനെ അവിടെയുള്ള നൻപന്റെ ID ഒക്കെ ഉൾപ്പെടുത്തി ദർബാർ രാഗത്തിൽ ഒരു ലെറ്റർ വെച്ചുകൊടുത്തു; വിസ ഓഫീസർ ഫ്‌ളാറ്റ്. നാട്ടിലെ 1000 രൂഫായ്ക്ക് പാസ്‌പോർട്ടിന്റെ ഒരു മുഴുവൻ പേജങ്ങട്
വിഹരിച്ചുനിക്കണ സിംഗിൾ എൻട്രി വിസ കിട്ടിബോധിച്ചു.

അങ്ങനെ ആ സുദിനം വന്നെത്തി. ജോലികഴിഞ്ഞ് റൂമിലെത്തി കൂറത്തുണികളും ലൊട്ടുലൊടുക്ക് സാധനങ്ങളും വാരിപ്പെറുക്കി ബാക്ക്പാക്ക് തോളിലിട്ട് ഇറങ്ങി. ബാങ്കോക്കിലെ ‘ഡോൺ മുവാങ്’ എയർപോർട്ടിൽനിന്നും രാത്രി 9 മണിക്കാണ് ഫ്‌ളൈറ്റ്. സമയ-താമസ ലാഭത്തിനു രാത്രികാലബസ് അല്ലെങ്കിൽ ട്രെയിൻ ബുക്ക് ചെയ്യുന്നപോലൊരു പരിപാടിയാണ് ഇത്തവണ ഫ്‌ളൈറ്റിന് ചെയ്തിട്ടുള്ളത്. 2 മണിക്കൂർ പറന്ന് മലേഷ്യയിലെ കുലാലംപൂർ എത്തിയശേഷം 6 മണിക്കൂർകഴിഞ്ഞ് അടുത്ത ബീമാനത്തിൽ രാവിലെയോടെ ബ്രൂണെയിൽ എത്തിച്ചേരും. മാറിക്കയറിയുള്ള എയർ ഏഷ്യയുടെ സർവീസ് മാത്രമാണ് കൊക്കിലൊതുങ്ങുന്നതായിട്ടുള്ളത്. രാത്രി 9 മണിക്ക് തായ്‌ലന്റിൽനിന്നും ചിറകുവിരിച്ച വിമാനം മലേഷ്യൻ സമയം 12 മണിയോടെ കുലാലംപൂരിൽപറന്നിറങ്ങി. ഏഷ്യയിലെ ഉൾപ്പെടെ പല സ്ഥലത്തേക്കുമുള്ള യാത്രയുടെ ട്രാൻസിറ്റ് ഹബ് ആണ് കുലാലംപൂർ. മലേഷ്യ ആസ്ഥാനമായിട്ടുള്ള മലേഷ്യൻ എയർലൈൻസ്, എയർ ഏഷ്യ, മലിൻഡോ, തുടങ്ങിയ എയർലൈനുകളാണ് ഇതിന്റെ മുഖ്യ ഉത്തരവാദികൾ. എവിടേക്ക് പോകുവാനാണെങ്കിലും കുലാലംപൂർ വഴിയുള്ള ട്രാൻസിറ്റ് ടിക്കറ്റ് ആണെങ്കിൽ മലേഷ്യൻ വിസയുടെയൊന്നും ആവശ്യമില്ല, കണക്ഷൻ ഫ്ളൈറ്റുകാർക്ക് ഇമിഗ്രെഷനിലേക്ക് പോകാതെതന്നെ അടുത്ത ഗേറ്റിലേക്ക് പോവാനുള്ള ട്രാൻസിറ്റ് വഴികൾ ബോർഡുകളുൾപ്പെടെ ഉണ്ട്.

എവിടെങ്കിലുമൊന്ന് തല ചായ്‌ക്കാമെന്ന് വെച്ച് ഉള്ളിലേക്ക് കയറിചെന്നപ്പോൾ, എയർപോർട്ടിനുള്ളിലെ പുറമ്പോക്ക് ഭൂമി മുഴുവനും കയ്യേറ്റക്കാർ അടക്കിവാണിരിക്കുന്നു. കസേരകളും, അല്ലാതെയുള്ള മുക്കിലും മൂലയിലും തറയിലുമെല്ലാം ആളുകൾ ചുരുണ്ടുകൂടിയിരിക്കുകയാണ്; ടോയ്ലറ്റ് മാത്രമേയുള്ളൂ ഇനി ഫ്രീയായിട്ട്.
എന്നെപ്പോലെതന്നെ പല രാജ്യങ്ങളിൽനിന്നുവന്ന് മറ്റു പലയിടങ്ങളിലേക്ക് കാലത്തേ ഫസ്റ്റ് വണ്ടി
പിടിക്കാൻകാത്തിരിക്കുന്ന ആളുകളാണെല്ലാവരും. അവസാനം അടുപ്പിച്ചുള്ള 3 കസേര ഒഴിഞ്ഞുകിടന്നത് കൈക്കലാക്കി ബാഗ് തലയിണയാക്കിവെച്ച് മൂന്നാല് മണിക്കൂർ സുഖനിദ്രയിലാണ്ടു. ആഹാ,ഫൈവ്സ്റ്റാർ ഹോട്ടലിൽ കിട്ടുവോ ഇത്ര നല്ല ഉറക്കം. സ്വപ്നത്തിൽ ഞാൻ അമേരിക്കായ്ക്കുള്ള ബിസിനസ് ക്ലാസ് ഫ്ളൈറ്റിലായിരുന്നു. എയർഹോസ്റ്റസ് ഊണിനു ഇലയിട്ടുന്ന് പറഞ്ഞ് വിളിച്ചപ്പഴാണ് ഉണർന്നത്. നോക്കുമ്പോ എയർഹോസ്റ്റസ് അല്ല, ഫോണിലെ അലാറം കറക്റ്റ് സമയത്ത് അടിച്ചതാണ്. അതുകൊണ്ടെന്തായാലും ആറരയ്ക്കുള്ള ബ്രൂണെ ഫ്‌ളൈറ്റിൽ കയറിപ്പറ്റാൻ സാധിച്ചു. രണ്ടര മണിക്കൂർ പറന്ന് രാവിലെ 9 മണിക്ക് ബ്രൂണെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്നു. മലേഷ്യ, ബ്രൂണെ ടൈം സോൺ ഒന്നുതന്നെയാണ്.

ഒരു റൌണ്ട് എബൗട്ടിന്റെ അത്രമാത്രം വലിപ്പമുള്ള കുഞ്ഞ് എയർപോർട്ട് ആണ് ബ്രൂണെയിലേത്. ഇത്തിരിക്കുഞ്ഞൻ രാജ്യത്തെ ഒരേയൊരു എയർപോർട്ട് ആണിത്. ബ്രൂണെയുടെ ഔദ്യോഗികവാഹിനിയായ റോയൽ ബ്രൂണെ എയർലൈൻസ് ഉൾപ്പെടെ വിരലിൽ എണ്ണാവുന്ന എയർലൈനുകൾ മാത്രം കുറച്ച് സ്ഥലങ്ങളിലേക്കേ നേരിട്ട് വിമാന സർവീസ് ഇവിടുന്ന് നടത്തുന്നുള്ളൂ. നമ്മുടെ ഇന്ത്യയിൽനിന്നുള്ളവർ, ഇന്തോനേഷ്യക്കാർ, ഫിലിപ്പീൻസ്, മലേഷ്യ എന്നിവിടങ്ങളിൽനിന്നുമെല്ലാം ജോലിതേടി നിരവധിയാളുകൾ ഇവിടേക്കെത്താറുണ്ട്.. എന്റെകൂടെ ഫ്‌ളൈറ്റ് ഇറങ്ങിയ ഇന്തോനേഷ്യൻ പെൺകുട്ടികൾ ഇമിഗ്രെഷൻ ഫോം പൂരിപ്പിക്കാൻപോലുമറിയാതെ നട്ടംതിരിയുന്നുണ്ടായിരുന്നു. എയർപോർട്ടിൽ മലയാളം ഭക്തിഗാന റിങ്‌ടോൺ കേട്ട് നോക്കുമ്പോ മലയാളി; അതുപിന്നെ അങ്ങനെയാണല്ലോ. അവിടെ ഓയിൽ ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ്. അങ്ങനെയുള്ള കുറെപ്പേരും പിന്നെ ബിസിനസ് ഒക്കെയായിട്ട് കുറച്ചുപേരും ഉണ്ട് റോയൽ ബ്രൂണെ മല്ലൂസ്.

മലേഷ്യ രാജ്യത്തിൻറെ അധികമാർക്കും അറിയാത്ത തീരെ ജനവാസമില്ലാത്തൊരു ഭാഗം മലേഷ്യയോട് വേർപെട്ട് കിഴക്കുമാറി സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്കൻ മലേഷ്യ എന്നറിയപ്പെടുന്ന, തെക്കൻ ചൈനാ കടലിനോട് ചേർന്നുള്ള ഈ സ്ഥലവും, നിറയെ ദ്വീപുകൾ ഉൾപ്പെട്ട രാജ്യമായ ഇന്തോനേഷ്യയുടെ ഒരുഭാഗവും കൂടിച്ചേർന്ന വലിയൊരു പ്രദേശത്തിന്റെ മുകളിൽ തിലകക്കുറി ചാർത്തിയപോലെയാണ് ബ്രൂണെ രാജ്യം നിലകൊള്ളുന്നത്. സുൽത്താനേറ്റ്
ഓഫ് ബ്രൂണെ അഥവാ മലായ്‌ ഭാഷയിൽ ‘നെഗര ബ്രൂണെ ദറുസലെം’ (Negara Brunei Darussalam) എന്നറിയപ്പെടുന്ന ഈ കൊച്ചുരാജ്യത്ത് 5 ലക്ഷത്തിൽ താഴെമാത്രം ജനങ്ങളാണ് വസിക്കുന്നത്. മലേഷ്യൻ ഭാഷയായ മലായ് തന്നെയാണ് വളരെക്കുറച്ച് മാറ്റങ്ങളോടെ ‘മലയു ബ്രൂണെ’ എന്നപേരിൽ ഇവിടുത്തെ ജനങ്ങളുടെ ഭാഷ. അത് മാത്രമല്ല മലേഷ്യയുമായി ബന്ധപ്പെട്ടുള്ളത്; ആചാരങ്ങളും വാസ്തുവിദ്യകളും തുടങ്ങി മുഴുവൻ ജീവിതരീതികളും മലേഷ്യയിൽനിന്നും വേരോടെ പിഴുതെടുത്തതാണ്. ഒരുവിധപ്പെട്ടവരൊക്കെ ഇംഗ്ലീഷ് സംസാരിമെന്നതിനാൽ നവരസങ്ങൾ കുറച്ചേ പ്രയോഗിക്കേണ്ടി വരുള്ളൂ.

ഇസ്ലാം ആണ് ബ്രൂണെയിലെ ഔദ്യോഗിക മതം. 2014 മുതൽ ശരിഅത് നിയമവും നിലവിൽവന്നു. വളരെക്കുറച്ച് ശതമാനം ക്രിസ്ത്യൻ, ബുദ്ധമതവിശ്വാസികളുമുണ്ടിവിടെ. മലേഷ്യൻ സംസ്കാരവും ഇസ്ലാം മതവിശ്വാസവും കൂടിച്ചേർന്ന ഈ രാജ്യം പൊന്നുപോലെയാണ് സുൽത്താൻ നോക്കിനടത്തുന്നത്. അറബ് രാഷ്ട്രങ്ങളിലെപ്പോലെ പർദ്ദ ധാരികളായ സ്ത്രീകളെയൊന്നും ഇവിടെ കാണാൻ സാധിക്കില്ല; മറിച്ച് മലേഷ്യ, ഇൻഡോനേഷ്യ തുടങ്ങിയിടങ്ങളിലെപ്പോലെതന്നെ പല വർണങ്ങളിലുള്ള തട്ടമിട്ട സാധാരണ വേഷധാരികൾ.  ഇസ്ലാം മതത്തിന്റെ നെടുംതൂണായ അറബ് ഭാഷ, ഔദ്യോഗികമല്ലെങ്കിൽക്കൂടി ഇവിടെ വഴികളിലും കടകളുടെയൊക്കെ ബോർഡുകളിലും ഇംഗ്ലീഷിനൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. ബ്രൂണെയിലെ കറൻസിയിലും അറബിയിലുള്ള അച്ചടിയുണ്ട്. അടിച്ചുപൊളിക്കാനായി ഇവിടേക്ക് വരുന്നവർക്ക് നിരാശയായിരിക്കും ഭലം. മദ്യം, മദിരാശി ഒക്കെ പാടേ നിരോധിച്ച് നല്ലപിള്ള ചമഞ്ഞിരിക്കുന്ന ബ്രൂണെ രാജ്യത്ത് മദ്യം തേടി അലഞ്ഞാൽ ചമ്മിപ്പോവത്തെയുള്ളൂ.

ജീവിതരീതികൾ മലേഷ്യയുമായി ബന്ധമുള്ളതാണെങ്കിൽ ഇവിടുത്തെ കറൻസിക്ക് സാമ്യം സിംഗപ്പൂരുമായാണ്. ബ്രൂണെ ഡോളർ (BND) എന്ന കറൻസി സിംഗപ്പൂർ ഡോളറിന്റെ അതേ മൂല്യത്തോടുകൂടിയതാണ്. അതുകൊണ്ടുതന്നെ ഇവ രണ്ടും നിർദാക്ഷിണ്യം ബ്രൂണെയിൽ ഉപയോഗിക്കാൻ സാധിക്കും. രണ്ടും ഇച്ചിരി ഇച്ചിരി മാറ്റിക്കൊണ്ട് പോയിരുന്നു. എയർപോർട്ടിൽ ഇമിഗ്രെഷനിലൊക്കെ വളരെ ശാന്ത സ്വഭാവികളാണുള്ളത്. തിരിച്ചുപോകുന്ന ടിക്കറ്റും ഹോട്ടൽ ബുക്കിങ് ഒന്നും ആവശ്യപ്പെട്ടുകൂടിയില്ല. ടൂറിസം അത്ര കണ്ട് വരവറിയിച്ചിട്ടില്ലാത്ത ബ്രൂണെയിൽ എല്ലാ ഓണംകേറാമൂലയിലും കാണാറുള്ള അലമ്പ് ചൈനീസ് ടൂറിസ്റ്റുകളാണ് കൂടുതലും എത്താറ്. എയർപോർട്ടിൽനിന്നുതന്നെ ഒരു സിം കാർഡും ലേലത്തിനുപിടിച്ചു. സംഭവം വെറും 3 ദിവസമേ ഉള്ളൂ, ഓഫ്‌ലൈൻ മാപ്പൊക്കെ ഉപയോഗിക്കാമെങ്കിലും വന്നുവന്ന് ഇപ്പൊ സിമ്മുണ്ടെങ്കിലേ ഒരു ഗുമ്മുള്ളൂ എന്ന അവസ്ഥയാണ് എവിടെച്ചെന്നാലും.

എയർപോർട്ട് ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ബ്രൂണെയുടെ തലസ്ഥാനനഗരിയായ ബന്താർ സിരി ബെഗ്‌വാനിലാണ് (Bandar Seri Begawan) അഞ്ച് ലക്ഷത്തിന്റെ മുക്കാൽഭാഗം ആളുകളും വസിക്കുന്നത്. ‘BSB’ അല്ലെങ്കിൽ ‘ബന്താർ’ എന്ന് ചുരുക്കിവിളിക്കുന്ന തീർത്തും ശാന്തമായ ഈ സിറ്റിയെ ചുറ്റിപ്പറ്റിയാണ് കാണേണ്ട കാഴ്ചകളെല്ലാംതന്നെയുള്ളത്. ബന്താർ നഗരമുൾപ്പെടെ വളരെക്കുറച്ച് ജനവാസമേഖലകളൊഴിച്ചാൽ ബാക്കി ഏറിയപങ്കും മഴക്കാടും റിസർവ് വനങ്ങളുമാണ് ബ്രൂണെ രാജ്യത്തിൻറെ തോഴന്മാർ.

ഹർത്താലിന്റെയന്നു ഗവണ്മെന്റ് ഓഫീസിലെ അവസ്ഥപോലെ ആളുകളൊക്കെ നന്നേ കുറവാണ് എയർപോർട്ടിൽ. പുറത്തേക്കിറങ്ങി, എല്ലാ സ്ഥലത്തെയും പതിവുപോലെ ഒന്നുരണ്ട് ടാക്സിക്കാർ സ്വാഗതം ചെയ്‌തെങ്കിലും ചിരിച്ചുകൊണ്ട് നിരസിച്ചു. ടാക്സി ഞമ്മക്ക് ഹറാമാണ്. ബ്രൂണെ രാജ്യത്തെ ഏറ്റവും വ്യത്യസ്തമായ കാര്യം എന്തെന്നാൽ എല്ലാ വീടുകളിലും ഒന്നോ അതിലധികമോ കാറുള്ളതിനാൽ പൊതുഗതാഗത സംവിധാനവും ടാക്സികളും തീരെ കുറവാണ്. വെറും 26 രൂപയാണ് പെട്രോളിനിവിടെ വില, അപ്പൊപ്പിന്നെ എല്ലാവരും കാറെടുത്തില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. തെരുവോരങ്ങളിലൊന്നും മഷിയിട്ടുനോക്കിയാൽപോലും ടാക്സി കാണാനൊക്കില്ല, എപ്പോഴെങ്കിലുമൊരു ടാക്സി കണ്ടാൽ മഹാഭാഗ്യമെന്നു പറയാം. ആകെ എയർപോർട്ടിലും, പിന്നെ മുൻകൂട്ടി ഹോട്ടൽവഴിയും വിളിക്കാം എന്ന പ്രതീക്ഷ മാത്രംമതി. കണക്കനുസരിച്ച് രാജ്യത്ത് മൊത്തം 100 ടാക്സി പോലും തികച്ച് ഇല്ല എന്നതാണ് യാഥാർഥ്യം. പലയിടങ്ങളിലും ചെയ്യാറുള്ളപോലെ ബൈക്ക്
വാടകയ്‌ക്കെടുക്കുന്നതിനെക്കുറിച്ച് പോകുന്നതിനുമുമ്പ് അന്വേഷിച്ചെങ്കിലും ചെന്നപ്പോഴാണ് മനസിലായത് ബൈക്ക് പോയിട്ട്ഒരു സൈക്കിളുപോലുമില്ലാത്ത ഇരുചക്രവാഹനവിമുക്ത രാജ്യം ആണെന്ന്. കാരണം എല്ലാവർക്കും കാറ് മതി, പെട്രോളിന് വിലകുറവായ കാരണം മിക്കവരുടേതും നല്ല സിസി കൂടിയ വമ്പൻ കാറുകളും ആണ്.

അപ്പൊ ടാക്സിയുടെ സീൻ പെട്ടിയിലടച്ച് പൂട്ടിട്ടു. ഇനി പൊതുഗതാഗതത്തെക്കുറിച്ച് നോക്കാം. പോകുന്നതിനുമുമ്പ് നടത്തിയ അന്വേഷണങ്ങളിലെല്ലാം ബ്രൂണെയിലെ പൊതുഗതാഗതത്തെക്കുറിച്ച് പിന്തിരിപ്പൻ അഭിപ്രായങ്ങളാണ് ലഭിച്ചത്, ഒട്ടും നടക്കില്ല എന്നുവരെ പലയിടത്തും കണ്ടു. പക്ഷെ ചന്തുവിന് ട്യൂഷനുള്ള കാരണം തോൽക്കാൻ തയാറല്ലായിരുന്നു, കുറച്ച് കഷ്ട്ടപ്പെട്ടായാലും ബസ്സിലേ യാത്ര ചെയ്യൂ എന്നുറപ്പിച്ചാണ് എത്തിയത്. അതേ സുഹൃത്തുക്കളെ, വളരെ വിപുലമായതല്ലെങ്കിലും തരക്കേടില്ലാത്ത രീതിയിൽ ബസ് സർവീസുണ്ടിവിടെ. ബന്താറിലെ ഒരു ഷോപ്പിംഗ് മാളൊക്കെ ഉൾപ്പെട്ട വലിയ കെട്ടിടത്തിന്റെ താഴത്തെ നില കേന്ദ്രീകരിച്ചാണ് ബസ് സർവീസ് നടത്തുന്നത്. 6 വ്യത്യസ്ത റൂട്ടുകളിലായി തലസ്ഥാന നഗരിയെ മുഴുവനായും ബന്ധിപ്പിച്ചുകൊണ്ട് തെറ്റല്ലാത്ത രീതിയിൽ ബസ് സർവീസുണ്ട്. പർപ്പിൾ, ഗ്രീൻ തുടങ്ങി ഓരോ ഏരിയകളിലേക്കും കളർ കോഡും കൂടാതെ ബസ് നമ്പറും ഉണ്ട്. ഇതിൽ പർപ്പിൾ ലൈനിലെ 38ആം നമ്പർ ബസ് ആണ് എയർപോർട്ടുമായി ബന്ധിപ്പിക്കുന്നതിൽ മികച്ച സർവീസ്. ഓരോ അരമണിക്കൂർ കൂടുമ്പോഴും എയർപോർട്ടിൽനിന്നും ബസ് കിട്ടും. എല്ലാ ബസിലും സിറ്റിയിൽ എവിടെക്കുമുള്ള യാത്രയ്ക്കും 1 ബ്രൂണെ ഡോളർ (Rs.50) ആണ് നിരക്ക്, എയർപോർട്ട് ബസിനും അത്രതന്നെ. വെറും 10 കിലോമീറ്റർ അകലെയുള്ള സിറ്റിയിലേക്ക് 25 ഡോളർ(Rs.1250) ടാക്സിക്ക് കൊടുക്കേണ്ടിവരും എന്നതാലോചിക്കുമ്പോഴാണ് ഈ ഒന്നിന്റെ മഹത്വം മനസിലാവുക.

എയർപോർട്ടിനുവെളിയിൽ 2-3 തദ്ദേശീയരോടൊപ്പം ബസ് കാത്തുനിന്നു. ഇവിടുത്തെ ആളുകളെക്കാളും ബ്രൂണെയിൽ ജോലിയെടുത്ത് താമസിക്കുന്ന മറുരാജ്യക്കാരാണ് കൂടുതലും ബസുകളെ ആശ്രയിക്കുന്നത്. ഇരുപതോളം പേർക്കിരിക്കാവുന്ന മിനിബസുകളാണ് ഭൂരിഭാഗവും. ബസിൽ കയറി, ഡ്രൈവർതന്നെയാണ് പൈസ വാങ്ങുന്നത്. ചില ബസിൽ മാത്രം ഇതിനായി ഫിലിപ്പീൻസ് പെണ്കൊടികളെ നിയമിച്ചിട്ടുണ്ട്. പ്രൈവറ്റ് കമ്പനിയാണ് ഇവിടുത്തെ ബസ് സർവീസ് നടത്തുന്നത്. ഒട്ടുമിക്ക ബസിലും നമ്മുടെ ഇന്ത്യക്കാരാണ് ഡ്രൈവർമാർ, പ്രത്യേകിച്ചും തമിഴ്‌നാട് സ്വദേശികൾ. പോകുന്ന വഴിയിലെല്ലാം സർക്കാർ മന്ദിരങ്ങളാവണം, നിറയെ പതാകകൾ പാറിപ്പറക്കുന്നുണ്ടായിരുന്നു. നല്ല ചേലൊത്ത കളർഫുൾ പതാകയാണ് ബ്രൂണെയുടെത്.

സിറ്റിയിലെ ബസ് സ്റ്റാൻഡിലിറങ്ങി നടന്നെത്താവുന്ന ദൂരത്തിൽ റൂം ബുക്ക് ചെയ്തിരുന്നു, അവിടേക്ക് നടന്നെത്തി. ഈ ബസ് സ്റ്റാൻഡും ചുറ്റുവട്ടത്തായി പ്രധാന ആകർഷണങ്ങളൊക്കെയും സ്ഥിതി ചെയ്യുന്ന ഇവിടെത്തന്നെ റൂമെടുത്തില്ലെങ്കിൽ ഗതാഗതസൗകര്യം കോഞ്ഞാട്ടയാവും. ഡോർമെറ്ററി ഹോസ്റ്റലുകൾ ഒന്നുംതന്നെ ബ്രൂണെയിൽ ഇല്ലെന്നുപറയാം. എവിടെപ്പോയാലും തുച്ഛമായ പൈസക്ക് ഹോസ്റ്റൽ എടുക്കാറുള്ള എനിക്ക് 1000 രൂപയ്ക്ക് മുകളിൽ ദിവസവാടകയുള്ള റൂമെടുക്കേണ്ടിവരുന്നത് എന്ത് കഷ്ടമാണ്. സാദാ ഹോട്ടലുകളാണെങ്കിലും വളരെ കുറച്ചെണ്ണം മാത്രമേ ഉള്ളൂ ഇവിടെ. ബാക്ക്പാക്കേഴ്സിന്റെ പറുദീസയായ സൗത്തീസ്റ്റ് ഏഷ്യയിൽ അതിനു അപവാദമായി ഒരു രാജ്യമുണ്ടെങ്കിൽ അത് ബ്രൂണെ ആണ്. പക്ഷെ നല്ലരീതിയിൽ മാറിവരുന്നുണ്ട് എന്നുവേണം പറയാൻ. ഏറ്റവുംകൂടുതൽ ടൂർ നടത്താറുള്ള ചൈനീസ് പൗരന്മാർക്കൊക്കെ ഇവിടേക്ക് ഫ്രീവിസ അനുവദിച്ചുതുടങ്ങി എന്ന് കേട്ടിരുന്നു.

പത്തരയോടെ റൂമിലെത്തി ഇച്ചിരി വിശ്രമിച്ച് ഉച്ചരയോടെ പുറത്തേക്കിറങ്ങി. നഗരമധ്യത്തിൽത്തന്നെ പ്രൗഢിയോടെ നിലകൊള്ളുന്ന ‘ഒമർ അലി സൈഫുദ്ധീൻ മോസ്‌ക്’ലേക്കാണ് നടന്നെത്തിയത്. ബ്രൂണെ രാജ്യത്തിൻറെ അഭിമാനസ്തംഭമായ ഇത്. ഏഷ്യയിലെത്തന്നെ ഏറ്റവും മനോഹരമായ മുസ്ലിം പള്ളികളിലൊന്നാണ്. 1958 ൽ പണികഴിപ്പിച്ച ഈ പള്ളിക്ക് ഇപ്പോഴുള്ള സുൽത്താന്റെ മരിച്ചുപോയ പിതാവിന്റെ പേരാണ് ഇട്ടിരിക്കുന്നത്. നിസ്കാരസമയം ആയതിനാൽ അകത്തേക്ക് കയറിയില്ല. അല്ലാത്ത സമയങ്ങളിൽ ഏത് മതസ്ഥർക്കും ഇതിനകത്തേക്ക് സ്വാഗതമരുളിയിട്ടുണ്ട്. തൂവെള്ള മാർബിൾ പാകിയ മസ്ജിദും പരിശുദ്ധ സ്വർണത്തിൽ പൊതിഞ്ഞ വമ്പൻ മകുടവും ചേർന്ന ഈ അതിമനോഹര കെട്ടിടം, മുന്നിലുള്ള കൃത്രിമ തടാകത്തിൽ പ്രതിഫലിക്കുന്ന കാഴ്ച വർണനാതീതമാണ്. കാറ്റുമൂലം വെള്ളം തത്തിക്കളിച്ച് കിടക്കുന്നതിനാൽ അങ്ങനൊരു ദൃശ്യം പകർത്താൻ ദൈവം സഹായിച്ച് കഴിഞ്ഞില്ല. പള്ളിക്ക് മുന്നിലേക്ക് നീങ്ങി ഈ തടാകത്തിൽ സ്ഥിതി ചെയ്യുന്ന വഞ്ചിയുടെ ആകൃതിയിൽ പണിതിരിക്കുന്ന സംഭവവും മൊത്തത്തിൽ മാറ്റ് കൂട്ടുന്നു. ഈ പള്ളിയോടു ചേർന്നുതന്നെ പുതുതായി നിർമിച്ചിട്ടുള്ള ചെറു പാർക്കും സായാഹ്നം ചിലവഴിക്കാൻ പറ്റിയ ഇടമാണ്.

അവിടെയൊക്കെ കുറച്ച് ചുറ്റിയടിച്ച് പള്ളിയിൽനിന്നിറങ്ങി പള്ളയിലേക്കെന്തെങ്കിലും കുത്തിനിറയ്ക്കാനായി ഹോട്ടലിൽ കയറി. ഇന്ത്യവിട്ടു ടൂർ പോകുന്നവരുടെ ദേശീയഭക്ഷണങ്ങളായ മക് ഡൊണാൾഡ്‌സ്, KFC എല്ലാമുണ്ട് ഇവിടെയും. ഇതൊന്നുമല്ലാത്ത സാധാരണ ഹോട്ടലിലാണ് ഞാൻ കയറിയത്. മുൻപ് മലേഷ്യയുമായുള്ള ബന്ധം പറഞ്ഞകൂട്ടത്തിൽ കൂട്ടിച്ചേർക്കാനായി ബ്രൂണെയിലെ ആഹാരകാര്യവുമുണ്ട്; മലേഷ്യയുടെ അതേ തനതുവിഭവങ്ങളാണ് ഇവിടെയും ലഭിക്കുക. അതിൽത്തന്നെ ഒന്നാമനായ ‘നാസി ലെമാക്’ ഓർഡർ ചെയ്തു കഴിച്ചു. തേങ്ങാപ്പാൽ ചേർത്ത ചോറും, ചിക്കനും, നത്തോലി പോലുള്ള മീൻപൊരിച്ചതും, മുട്ട പുഴുങ്ങിയത് അല്ലെങ്കിൽ ബുൾസൈ, കുറച്ച് കപ്പലണ്ടി (നിലക്കടല) കൂടാതെ ഒന്നാന്തരമൊരു ചട്ട്ണിയും ചേർന്ന ഫേമസ് മലേഷ്യൻ ഫുഡാണിത്. ഇന്ത്യക്ക് പുറത്തേക്കുള്ള എയർ ഏഷ്യ ഫ്‌ളൈറ്റുകളിലും ലഭിക്കുന്ന ഈ ഐറ്റം അതിൽ യാത്ര ചെയ്യുന്നവർ തീർച്ചയായും ഒരുതവണ പരീക്ഷിക്കേണ്ടതാണ് (Pak nasser’s nasi lemak).

പള്ളയിലേക്ക് ഇന്ധനം നിറഞ്ഞതോടെ വീണ്ടും ഉഷാറായി. നഗരമധ്യത്തിലൂടെ ഒഴുകുന്ന ബ്രൂണെ നദിക്കരികിലേക്കെത്തി. ഇവിടുത്തെ പ്രധാന കാഴ്ചകളിലൊന്നായ വാട്ടർ വില്ലേജിലേക്കാണ് അടുത്തത്. കംപോങ് അയ്യർ (kampong ayer) എന്നാണിതിന്റെ വിളിപ്പേര്. അടിപൊളി, സേതുരാമയ്യർ ഒക്കെപോലെ നല്ല തറവാടി പേര്. ശരിക്കും, ‘വെള്ളത്തിൽ സ്ഥിതി ചെയ്യുന്നഗ്രാമം’ എന്നതിന്റെ മലായ് ഭാഷയാണിത്. നദിയുടെ അങ്ങേ കരയോട് ചേർന്ന് തൂണുകൾ നാട്ടി പൂർണമായും വെള്ളത്തിൽ നിലകൊള്ളുന്ന ഈ ഗ്രാമത്തിലേക്കുള്ള പോക്കുവരവ് സാധ്യമാക്കുന്നത് തലങ്ങും വിലങ്ങും തെന്നിക്കളിച്ച് പായുന്ന വാട്ടർ ടാക്സികളാണ്. നദിയുടെ കരയോട് ചേർന്ന് എല്ലായിടങ്ങളിലും ഈ ജലടാക്സികളുമായി നമ്മെയും കാത്ത് ആളുകളുണ്ടാവും. അപ്പുറത്തെ സൈഡിൽ അവിടിവിടായി പണിതിരിക്കുന്ന ജെട്ടികളിലോ, നേരിട്ട് വീടുകളിലോ കൊണ്ടാക്കിത്തരും. 1 ബ്രൂണെ ഡോളർ ആണ് ഒരുവശത്തേക്കുള്ള നിരക്ക്. ഇതല്ലാതെ നിശ്ചിത തുകയ്ക്ക് നദിയിലൂടെ സവാരി നടത്താം എന്നൊക്കെപ്പറഞ്ഞും ആളുകൾ സമീപിക്കും.

ഒരു ചെറുബോട്ടിൽ കയറി നിമിഷനേരംകൊണ്ട് പ്രമാദമായ ഈ ഗ്രാമത്തിലേക്കെത്തി. നൂറിൽപരം കുടുംബങ്ങളാണ് ഇവിടെ വസിക്കുന്നത്. തട്ടിക്കൂട്ട് കുടിലുകൾ മുതൽ ഗേറ്റും പൂന്തോട്ടവുമെല്ലാമായി മുന്തിയ വീടുകൾ വരെയുണ്ടിവിടെ. എല്ലാ വീടുകളിലും കറന്റും ഏസിയുമെല്ലാം സുലഭം. മരപ്പലകൾ പാകിയ പാലങ്ങൾവഴി എല്ലാ വീടുകൾ തമ്മിലും ബന്ധിച്ചിരിക്കുന്നു. നേരത്തെ പറഞ്ഞ മുന്തിയ വീടുകളുള്ള സ്ഥലങ്ങളിൽ മാത്രം കോൺക്രീറ്റ് പാലം; വല്യ പുള്ളികൾ. നമ്മുടെ പഞ്ചായത്ത് ഒക്കെപോലെ ഈ വില്ലേജിനെയും പലതായി തിരിച്ചിട്ടുണ്ട്. ബ്രൂണെയുടെ പൈതൃകസ്വത്തായ കംപോങ് അയ്യർ ന്റെ ഉന്നമനത്തിനുവേണ്ടി ഗവൺമെന്റിന് പ്രത്യേക താല്പര്യം തന്നെയുണ്ട്. മുൻപ് ഇല്ലാതിരുന്ന പല അടിസ്ഥാനസൗകര്യങ്ങളും ഇന്നീ ഗ്രാമത്തിൽ ലഭ്യമാണ്. പള്ളി, മദ്രസ, സ്കൂൾ, പോലീസ്സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവയൊക്കെയുണ്ട് ഇവിടെ.

തുടക്കത്തിൽത്തന്നെ സ്ഥിതി ചെയ്യുന്ന കംപോങ് അയ്യർ കൾച്ചറൽ & ടൂറിസം ഗാലറിയിൽ ഇതിന്റെ ചരിത്രവും മറ്റും വായിച്ചറിയാനും സുവനീർ വാങ്ങുവാനും കഴിയും. അതിനുശേഷം വെള്ളത്തിൽ ഉയർത്തി പണിതിരിക്കുന്ന പാലങ്ങളിലൂടെ തേരാപ്പാരാ നടക്കാം. മീന്പിടിത്തക്കാരും കർഷകരുമാണ് പ്രധാനമായും ഇവിടെ വസിക്കുന്നത്. മിക്ക വീടുകളിലും ചെറിയ ബോട്ട് ഉണ്ടാവും. ഗ്രാമത്തിലെ പെങ്കുട്ട്യോൾക്ക് കല്യാണാലോചന വരുമ്പോ പറയാല്ലോ സ്വന്തമായി ബോട്ടുള്ള തറവാട്ടിലെ കുട്ടിയെന്ന്. ഇടയ്ക്കിടെ വീടുകളോട് ചേർന്ന് സാധനങ്ങൾ വിൽക്കുന്ന കടകളും, ഭക്ഷണശാലയുമൊക്കെ ഒരുക്കിയിട്ടുണ്ട്. തടിപ്പാലങ്ങളിലൂടെയെല്ലാം സാഹസികമായി സൈക്കിൾ ചവിട്ടിപോകുന്ന കുരുപ്പുകൾ, മദ്രസ വിട്ടുവരുന്ന പൈതങ്ങൾ, പരദൂഷണം പറഞ്ഞിരിക്കുന്ന ചേച്ചിമാർ, ഉമ്മറത്ത് വിശ്രമിക്കുന്ന പ്രായമായവർ, പിഞ്ചുകുഞ്ഞുങ്ങളെ കളിപ്പിക്കുന്ന വീട്ടുകാർ ഇവരെയെല്ലാം കണ്ടും വെറുതെ ഹായ് പറഞ്ഞും ഈ പുഴഗ്രാമം മുഴുവനും ഒരു പ്രദക്ഷിണം നടത്തി.

തിരിച്ച് വീണ്ടും കരയിലെത്തുമ്പോഴേക്കും സന്ധ്യയോടടുത്തിരുന്നു. നദിയോട് ചേർന്ന് നിർമിച്ചിരിക്കുന്ന ഒരു മോണുമെന്റ് ആണ് ‘Mercu Dirgahayu 60’. അറബിയിലെ 60 എന്ന അക്കത്തെ ചിത്രീകരിക്കുന്ന ഈ സ്തൂപം സുൽത്താന്റെ അറുപതാം പിറന്നാളിന് ഇവിടുത്തെ ജനങ്ങൾ സമർപ്പിച്ചതാണ്. സ്വർണം പൂശിയ ഈ ഐറ്റത്തിന്റെയും ഫോട്ടോകൾ പകർത്തി ഫുഡും കഴിച്ച് ഇരുട്ടും മുന്നേ കൂടണഞ്ഞു.

പിറ്റേന്ന് രാവിലെ കുളിച്ച് മിടുക്കനായി വീണ്ടുമിറങ്ങി. നേരെ ബസ് സ്റ്റാന്റിലേക്കാണ് നടന്നെത്തിയത്. സ്രേഷ്ടനായ ബ്രൂണെ സുൽത്താന്റെ കൊട്ടാര പടിവാതിൽക്കൽ ഒന്ന് ചെന്ന് നിൽക്കാനുള്ള മോഹവുമായാണ് ബസ് കയറാൻ പോകുന്നത്. കൊട്ടാരമുറ്റത്തുകൂടി പോകുന്ന ബസ് നമ്പറൊക്കെ മാപ്പിൽനിന്നും കണ്ടുപിടിച്ച് അതിൽക്കയറി മൂന്നാല് സ്റ്റോപ്പുകൾ അപ്പുറത്തുള്ള കൊട്ടാര ഗേറ്റിങ്കൽ ഇറങ്ങി.. UP കാരനായ ബസ് ഡ്രൈവർ, സ്റ്റോപ്പ് ഇല്ലാഞ്ഞിട്ടുകൂടി കൃത്യം മുന്നിൽത്തന്നെ ഇറക്കിത്തന്നു. അടഞ്ഞുകിടക്കുന്ന വമ്പൻ ഗേറ്റും സെക്യൂരിറ്റിയും അകത്ത് ഒന്നുരണ്ട് തോക്കേന്തിയ പാട്ടാളക്കാരും; വിജനമായ റോഡിലെ ഗേറ്റിനുമുന്നിൽ ജന്മനാ കള്ള ലക്ഷണം ഉള്ള ഞാൻ മാത്രം. ബ്രൂണെ മണ്ണിൽക്കിടന്ന് ഭാരതമാതാജിയ്ക്ക് ജയ് വിളിക്കുന്നത് ഒരു മിന്നായംപോലെ മനസിലൂടെ
കടന്നുപോയി.

കുറച്ച് ദൂരെ നിന്നിരുന്ന സെക്യൂരിറ്റിയോട് ക്യാമറെടെ ആംഗ്യം കാണിച്ചപ്പോൾ ‘ഇജ്ജ് പൊളിക്ക് മുത്തെ’ന്ന് പറഞ്ഞതിന്റെ ധൈര്യത്തിൽ നിന്നും കിടന്നും ഫോട്ടോ എടുത്തു ഞാനെന്റെ കഴിവ് തെളിയിച്ചു. അകത്തേക്കു കയറ്റാത്തതിനാൽ 5 മിനുട്ടിൽ കൂടുതൽ അവിടെ ചെലവഴിക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. പക്ഷേങ്കിൽ വർഷത്തിൽ 3 ദിവസം, അതായത് ഈദ് സമയത്ത് ഈ കൊട്ടാരവാതിൽ മലർക്കെ തുറന്നിടും. രാജ്യത്തെ മുഴുവൻ ആളുകൾക്കും വിദേശികളുണ്ടെങ്കിൽ അവർക്കും ഇതിനകത്ത് പ്രവേശിക്കാം. സുൽത്താനെ കണ്ട് ഹസ്തദാനം നടത്താം, എല്ലാവർക്കുമായി ഒരുക്കിയിരിക്കുന്ന വിരുന്നുണ്ണാം. ഈ ദിവസങ്ങളിൽ സിറ്റിയിൽനിന്നും കൊട്ടാരത്തിലേക്ക് ഫ്രീയായി ബസ് സർവീസുമുണ്ടാവും.

‘ഹസന്‍ അല്‍ ബുല്‍ക്കിയ’ എന്ന നമ്മുടെ സുൽത്താന്റെ വമ്പൻ കൊട്ടാരത്തെക്കുറിച്ച് പറയാം. ഒരു ഭരണാധികാരിയുടെ ഏറ്റവും വലിയ വസതി എന്ന നിലയ്ക്ക് ഗിന്നസ് ബുക്കിൽ ചേക്കേറിയിട്ടുള്ള ഈ കൊട്ടാരത്തിന്റെ പേരാണ് ‘ഇസ്താന നുറുൽ ഇമാൻ’. ബ്രൂണെ നദിക്കരയോട് ചേർന്ന് 500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ സൗധം ലോകത്തിലേക്കും ഏറ്റവും വലിയ കൊട്ടാരവുംകൂടിയാണ്. 1984 ൽ പണിതു തീർക്കുമ്പോൾ ഏകദേശം ഒന്നര ബില്യൺ യു എസ് ഡോളർ ആണിതിന് ചിലവായിട്ടുള്ളത്. 1788 മുറികളും, വമ്പൻ ഹാൾ, നൂറിനുമുകളിൽ കാറുകൾ ഇടാനുള്ള ഗാരേജ്, 1500 പേരെ ഉൾക്കൊള്ളാനാവുന്ന വലിയ പള്ളി, 5 സ്വിമ്മിങ് പൂളുകൾ, സുൽത്താന്റെ ചുണക്കുട്ടന്മാരായ 200 കുതിരക്കുട്ടന്മാർക്കുവേണ്ടിയുള്ള ശീതീകരിച്ച കുതിരാലയം അങ്ങനെ പോകുന്നു കൊട്ടാരവിശേഷങ്ങൾ. ഈ കൊട്ടാരത്തിന്റെ ബാത്റൂമുകൾ ഉൾപ്പെടെ പലതും സ്വർണമയമാണ്. ആഹ് അതിനുംവേണമൊരു ഭാഗ്യം.

ദിവസേന വൈകുന്നേരം ഗോൾഫ് കളിക്കുന്നതിനു പുറത്തുള്ള ക്ലബിൽ സ്വയം കാറോടിച്ച് സുൽത്താൻ പോകും. ആ സമയത്ത് അവിടെച്ചെന്നാൽ സുൽത്താനെ കാണാം. അവിടേക്ക് പോകാനുള്ള പ്ലാനിട്ടെങ്കിലും നടന്നില്ല.. ഇതുകൂടാതെ പോളോ, ബാഡ്മിന്റൺ തുടങ്ങിയവയിലും അഗ്രഗണ്യനാണിദ്ദേഹം. സുൽത്താന്റെ കാറുകളോടുള്ള ഭ്രമം ലോകപ്രശസ്തമാണ്. 24 കാരറ്റ് സ്വർണം പൂശിയ റോൾസ് റോയ്‌സ് ഉൾപ്പെടെ നൂറുകണക്കിന് വമ്പൻ കാറുകളുടെ ശേഖരം നിലവിലുണ്ട്. ഒരുകാലത്ത് ആയിരക്കണക്കിന് കാറുകളുടെ വൻ ശേഖരവുമായി വിലസിയിരുന്നെങ്കിലും പിന്നീടതെല്ലാം ലേലം ചെയ്തു. കാർ റേസിങ്, ഹെലികോപ്റ്റർ, വിമാനം പറത്തൽ ഇതൊക്കെയാണ് മൂപ്പരുടെ മറ്റ് ഹോബികൾ. പറക്കുന്ന കൊട്ടാരം എന്ന ഖ്യാതിയുള്ള ഇദ്ദേഹത്തിന്റെ ബോയിങ് 747 വിമാനം അന്താരാഷ്ട്ര യാത്രകളിൽ സുൽത്താൻ തന്നെ പറപ്പിക്കാറുണ്ട്.

നിലവിൽ ലോകത്തിലേക്കും ഏറ്റവും സമ്പന്നനായ ഭരണാധികാരിയാണ് 71 വയസുള്ള ഹസന്‍ അല്‍ ബുല്‍ക്കിയ. സുൽത്താന്റെ സമ്പത്തൊക്കെ ജനങ്ങൾക്കുകൂടിയുള്ളതാണ്. വാരിക്കോരി ചിലവാക്കുന്ന കൂട്ടത്തിലാണ് പുള്ളി. ഈദ് സമയത്ത് ഓരോ വീടുകളിലും വിലകൂടിയ ഈന്തപ്പഴങ്ങൾ എത്തിക്കും. പെരുന്നാളിന്റെയന്ന് കൊട്ടാരത്തിലെത്തുന്നവർക്ക് വേറെ സമ്മാനം. പ്രായമായ എല്ലാവർക്കും എല്ലാ മാസവും നിശ്ചിത തുക അകൗണ്ടിൽ എത്തിക്കും. ബ്രൂണെയിലെ കുട്ടികൾക്ക് ലോകത്തെവിടെയും പോയി പഠിക്കുവാനുള്ള ചിലവ് അങ്ങനെ ഒരുപാട്
കാര്യങ്ങൾ ചെയ്യുന്നുണ്ട് നന്മയുടെ നിറകുടമായ സുൽത്താൻ. ടാക്സ് എന്നൊക്കെ കേട്ടാൽ അതെന്ത് സാധനമെന്ന് ചോദിക്കും ഇവിടുത്തുകാർ. തീരെ ഇല്ലെന്നല്ല, ചുരുക്കം ചില കാര്യങ്ങൾക്കൊക്കെ മാത്രമേ ടാക്സ് ഉള്ളൂ, അതും വളരെ തുച്ഛമായ തുക. പിന്നെ വീട്ടിലേക്ക് ഒരു പാക്കറ്റ് ഉപ്പ് വാങ്ങാൻ വരെ വാരിക്കോരി ലോൺ കിട്ടും ഇവിടെ. ഇതൊക്കെ കാണുമ്പോഴാ നമ്മുടെ നാട്ടിലെ ബാങ്കുകാരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്. അങ്ങനെയങ്ങനെ മറ്റെങ്ങുമില്ലാത്ത അനേകം പ്രത്യേകതകളുള്ള നാടാണ് ബ്രൂണെ.

അടുത്ത ബസിൽ കയറി തിരിച്ച് ബന്താർ സിറ്റിയിലെത്തി. ഇവിടെത്തന്നെ സ്ഥിതി ചെയ്യുന്ന’റോയൽ റിഗാലിയ’ മ്യൂസിയത്തിലേക്കെത്തി; ഫ്രീയാണ് ഇതിൽ കയറുന്നതിന്. ബ്രൂണെയിലുള്ള ആകർഷണങ്ങൾ സന്ദർശിക്കുന്നതിനൊന്നും തന്നെ എൻട്രൻസ് ഫീ ഇല്ല എന്നത് വലിയകാര്യം തന്നെ. പാദരക്ഷകൾ അഴിച്ചുവെച്ച് മൊബൈൽ ഉൾപ്പെടെയുള്ള ക്യാമറകൾ കൊടുത്തതിനുശേഷം മാത്രമേ മ്യൂസിയം സന്ദർശിക്കാൻ അനുവദിക്കുള്ളു. താഴത്തെ ഓപ്പൺഹാളിൽ വേണമെങ്കിൽ ഫോട്ടോകളെടുക്കാം. 1992 ൽ സുൽത്താന്റെ ഭരണത്തിന്റ 25 ആം വാർഷികവേളയിൽ പരേഡ് നടത്തിയ വമ്പൻ രഥവും പരേഡിന്റെ മുഴുവൻ ആവിഷ്കാരവും ഒരുക്കിയിട്ടുണ്ട്, കൂടാതെ TV സ്‌ക്രീനിൽ അന്നത്തെ വീഡിയോകളും പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.  മുകളിലെ നിലയിലേക്കെത്തിയാൽ സുൽത്താന്റെ വീരസാഹസിക കഥകളും ഫോട്ടോസും, സ്ഥാപരജംഗമ വസ്തുക്കൾ, പഴയ സുൽത്താന്മാരുടെ ചരിത്രം, വിലപിടിപ്പുള്ള വസ്തുവകകൾ ഒക്കെയായി കൺകുളിർക്കെ കാഴ്ചകളാണ്. ഏറ്റവും പ്രധാനം ഒട്ടുമിക്ക രാജ്യത്തെയും ഭരണാധികാരികൾ പല സമയങ്ങളിലായി കൊടുത്ത വിലപിടിപ്പുള്ള
ഉപഹാരങ്ങളും പെയിന്റിങ്ങുകളുമൊക്കെ പ്രദർശിപ്പിച്ചിരിക്കുന്നു. അവിടെയൊക്കെ അരിച്ചു പെറുക്കിയിട്ടും ഇന്ത്യയിൽനിന്നും കൊടുത്ത ഒരു കുന്തംപോലും കണ്ടില്ല. ശേ, ഞാനാകെ നാണംകെട്ടുന്ന് പറഞ്ഞാൽ മതീല്ലോ. അപമാനഭാരം താങ്ങാനാവാതെ അവിടുന്നിറങ്ങി. ഉച്ചയായിരുന്നു അപ്പോഴേക്കും. ഒരു രാജ്യത്തിൻറെ പ്രധാന സിറ്റിയിൽ നിൽക്കുന്ന ഞാൻ അന്തംവിട്ടു, റോഡിലെങ്ങും വണ്ടികൾ പോയിട്ട് ഒരു മാനും മനുഷ്യരുമില്ല. എന്തെങ്കിലും കഴിക്കാൻ നോക്കുമ്പോൾ KFC ഉൾപ്പെടെയുള്ള കടകളൊക്കെയും അടഞ്ഞുകിടക്കുന്നു; ഇതെന്താ ഇവിടെ കർഫ്യു വല്ലതും പ്രഖ്യാപിച്ചോ. പിന്നീടാണ് വെള്ളിയാഴ്ച ആണെല്ലോയെന്ന് ഓർത്തത്.

അങ്ങനെ ബസ് സ്റ്റാന്ഡിലേക്കെത്തിയപ്പോൾ ഒരു സിറ്റി സർക്കുലർ ബസ് പുറപ്പെടാൻ തയ്യാറായി നിൽക്കുന്നു. സമയം കളയാനായി അതിൽക്കയറി. നമ്മുടെ സ്വന്തം അയൽക്കാരൻ തമിഴ് ബ്രോ ഡ്രൈവറുമായി അസാധ്യ കമ്പനിയായി, ചങ്ങാതിയാണെങ്കിൽ ഗ്രഹിണി പിടിച്ച പിള്ളേർക്ക് ചക്കക്കൂട്ടാൻ കിട്ടിയപോലെ നോൺ സ്റ്റോപ്പായി സംസാരം തന്നെ. ഏറ്റവും ആവേശകരമായ കാര്യം സംസാരിച്ചത് ഒരു ദീർഘദൂര ബസ് സർവീസിനെപ്പറ്റിയാണ്.
ബ്രൂണെയുടെ തലസ്ഥാനഗരിയിൽനിന്നും പുറപ്പെട്ട് മലേഷ്യയുടെ ഭാഗമായ ‘മിരി’യും ‘സരവാക്കും’ കടന്ന് ഇൻഡോനേഷ്യയിലെ പോന്റിയനാക് (Pontianak) എന്നയിടത്തേക്കുള്ള മുപ്പതോളം മണിക്കൂറെടുക്കുന്ന ബസ് സർവീസ്. കേട്ടിട്ട് തന്നെ കോരിത്തരിക്കുന്നു. ഈ തമിഴ് ബ്രോയുടെ അതെ ബസ് കമ്പനി ഓപ്പറേറ്റ് ചെയ്യുന്ന ഈ സർവീസിൽ മൂപ്പരും ഇടയ്ക് ബസോടിക്കാൻ പോകാറുണ്ടത്രെ.

നീണ്ട റോഡ് യാത്രകൾ ഹരമായ എനിക്ക് എന്തുകൊണ്ടിത്ത് നേരത്തെ അറിഞ്ഞില്ല എന്ന ഒറ്റ വിഷമമേ ഉണ്ടായിരുന്നുള്ളൂ. ഉറപ്പായും ഇതിനുവേണ്ടിമാത്രം ഒരുതവണകൂടി ബ്രൂണെയിൽ വന്നിരിക്കും. ഒരു മണിക്കൂറോളം സമയമെടുത്ത് സിറ്റിയെ ഒന്ന് വലംവെച്ച് ബസ് തിരികെയെത്തി. ചങ്ങാതിയോട് യാത്ര പറഞ്ഞ് പിരിഞ്ഞു. നേരത്തെ പറഞ്ഞ ആ ദീർഘദൂര ബസ് ബ്രൂണെ നദിക്കരികിൽ റോഡിൽ വിശ്രമിക്കുന്നുണ്ടായിരുന്നു. സിമ്പിളായി മൂന്ന് രാജ്യങ്ങൾ കയറിയിറങ്ങുന്ന ബസിനെ ബഹുമാനത്തോടും തെല്ലൊരു അസൂയയോടെയും കുറച്ചുനേരം നോക്കിനിന്നു.

ഇനി ഇവിടെ ചെയ്യാൻ ബാക്കിയുള്ളത് ബ്രൂണെയുടെതന്നെ ഭാഗമായ എന്നാൽ കുറച്ച് വേർപെട്ടുകിടക്കുന്ന തെംബുറോങ് (Temburong) മഴക്കാടുകളിലേക്കുള്ള ട്രിപ്പ് ആണ്. പാക്കേജ് ടൂറുകളാണ് പ്രധാനമായും ഉള്ളത്. ഒരു മുഴുവൻ ദിവസം വേണ്ടതിനാലും നല്ല കത്തി റേറ്റ് ആയതിനാലും അതൊഴിവാക്കിയിരുന്നു. റൂമൊക്കെ ചെക്ക്‌ഔട്ട് ചെയ്ത് ബ്രൂണെയിലുള്ള സുഹൃത്തിനെ കാണുന്നതിനായി 100 കിലോമീറ്ററോളം അകലെയുള്ള കൊലാ
ബെലൈറ്റ് അഥവാ ‘KB’ യിലേക്ക് മറ്റൊരാളുടെയൊപ്പം കാറിൽ പുറപ്പെട്ടു. പോകുന്നവഴി ബ്രൂണെയുടെ അഭിമാനസ്തംഭമായ എംപയർ ഹോട്ടൽ വെറുതെ ഒന്ന് സന്ദർശിച്ചു. കടലിനഭിമുഖമായി വ്യാപിച്ചുകിടക്കുന്ന ആഡംബരത്തിന്റെ അതിപ്രസരം നിറഞ്ഞ ഈ 7 സ്റ്റാർ ഹോട്ടൽ കാണേണ്ട കാഴ്ച തന്നെയാണ്. ഇവിടെ റൂമെടുക്കാത്തവർക്കും വെറുതെ കണ്ട് പോകാനുള്ള സൗകര്യമുണ്ട്. അങ്ങനെ ബ്രൂണെ എന്ന കൊച്ചു മഹാരാജ്യത്തിന്റെ കാഴ്ചകൾ അവസാനിക്കുകയാണ്. സുഹൃത്തിനെയും കണ്ട് ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് ബസ് കയറി വീണ്ടും ബന്താർ സിറ്റിയിലെത്തി, അവിടുന്ന് എയർപോർട്ടിലേക്കും.

വിവരണം – ശ്രീ ഹരി (https://www.facebook.com/sreehari.sreevallabhan).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply