ഓഖി ദുരന്തം നേരില്‍ കാണുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ഒരു നാവികന്റെ അനുഭവക്കുറിപ്പ്​

ഓഖി ദുരന്തം നേരില്‍ കാണുകയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ഒരു നാവികന്റെ അനുഭവക്കുറിപ്പ്​

”ചീഫ് ഓഫീസര്‍, സബ് മഛ്‌ലി ബോട്ട് കോ ഉധര്‍േസേ ഭഗാദോ” ( എല്ലാ മല്‍സ്യ ബോട്ടുകളേയും അവിടെ നിന്ന് പറഞ്ഞുവിടൂ). കപ്പലിന്റെ നാവിഗേഷന്‍ കേന്ദ്രമായ വീല്‍ഹൗസില്‍ നിന്നും ബൈനോക്കുലറിലൂടെ നോക്കിക്കൊണ്ട് ക്യാപ്റ്റന്‍ പറഞ്ഞു. ഞാന്‍ മനസില്ലാ മനസോടെ നില്‍ക്കുന്നത് കണ്ട് വടക്കേ ഇന്ത്യക്കാരനായ ക്യാപ്റ്റന്റെ അടുത്ത ചോദ്യം.

”ക്യാ ഹുവാ? ആപ്കാ ഗാവ് വാലാ ഹേ, ഇസ്ലിയേ?’ (എന്തുപറ്റി? താങ്കളുടെ സ്വന്തം നാട്ടുകാരായതുകൊണ്ടാണോ?). ‘ഐസാ കുഛ് നഹി സര്‍, ഗരീബ് ലോഗ് ഹേ നാ, രഹ്നേ ദേ’
(അങ്ങനെ ഒന്നുമില്ല സര്‍, പാവങ്ങളല്ലേ, അവിടെ നിന്നോട്ടേ). ”ഠീക് ഹേ ആപ്കാ മര്‍ജി, ലേകിന്‍ ഥോടാ ധ്വാന്‍ ദേദാ” (താങ്കളുടെ ഇഷ്ടം. പക്ഷേ ഒന്ന് ശ്രദ്ധിച്ചേക്കൂ).

കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ട് കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ചുമാസങ്ങളായി. സാധാരണഗതിയില്‍ നങ്കൂരമിട്ടുകിടക്കുന്ന കപ്പലിന്റെ അടുത്തുവരാന്‍ ആരും അനുവദിക്കാറില്ല. കപ്പലിന്റെ സുരക്ഷാ ഉദ്യോഗസ്ഥപദം കൂടി വഹിക്കുന്ന ചീഫ് ഓഫീസറുടെ മറ്റൊരു ഉത്തരവാദിത്വം കൂടിയാണത്. കപ്പലിന്റെ സുരക്ഷയെ മുന്‍നിര്‍ത്തിയാണിത്. ക്യാപ്റ്റന്‍ മല്‍സ്യബന്ധന ബോട്ടുകളെ ഓടിച്ചുവിടാന്‍ പറയാനുള്ള കാരണവും മറ്റൊന്നുമല്ല.

പുലര്‍ച്ചെ നാലുമണിക്ക് ഞാന്‍ ആങ്കര്‍ വാച്ച് ഡ്യൂട്ടിക്ക് എത്തുമ്പോളേക്കും കപ്പലിന്റെ ഇരുവശത്തുമായി മുപ്പതിലധികം ചെറു മല്‍സ്യബന്ധന ബോട്ടുകള്‍ എത്തിയിട്ടുണ്ടാകും. കപ്പലില്‍ നിന്നുള്ള ലൈറ്റുകളുടെ പ്രകാശത്തില്‍ ആകൃഷ്ടരായി മീനുകള്‍ കപ്പലിന് ചുറ്റും എത്തുന്നതാണ് അതിന് കാരണം.വീല്‍ ഹൗസില്‍ ഡ്യൂട്ടി സീമാനെ നിര്‍ത്തി താഴെ മെയിന്‍ ജക്കില്‍ ചെന്നുനിന്ന് എല്ലാവരും കേള്‍ക്കെ അറിയാവുന്ന തമിഴില്‍ വിളിച്ചുപറഞ്ഞു.

”അണ്ണാ, വേണന്നാ മീന്‍ പിടിച്ചുക്കോ, ആനാ വേറെ തപ്പാന ഏതും സെയ്യാതെ”. ബോട്ട് നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന കറുത്തുമെലിഞ്ഞ ചുവന്ന ബനിയനിട്ട പയ്യന്‍ എന്നെ നോക്കി ചെറുതായൊന്നു ചിരിച്ചു. ബോട്ടിലുണ്ടായിരുന്ന പ്രായമായ, മുന്‍നിരയിലെ പല്ലുകള്‍ നഷ്ടപ്പെട്ടൊരാള്‍ മോണ കാട്ടി ചിരിച്ചുകൊണ്ട് ഉറക്കെ വിളിച്ചുപറഞ്ഞു. ”ഇല്ലെ സാര്‍, അപ്പിടി ഏതും സെയ്യാത്”.

മീന്‍ പിടിക്കാന്‍ ചെറുബോട്ടുകളില്‍ വരുന്നവരില്‍ ഏറിയ പങ്കും തമിഴന്മാരാണ്. രാവിലെ എട്ടുമണിക്ക്, വെയില്‍ മൂക്കും മുമ്പേ തന്നെ അവര്‍ കൊച്ചുബോട്ടുകളില്‍ അന്നന്നത്തെ വകയ്ക്കുള്ളതുമായി തീരത്തേക്ക് തിരിച്ചിരിക്കും. അതില്‍ പകുതിയിലേറെ ബോട്ടുകള്‍ വീണ്ടും രാത്രി ഏഴുമണിയാകുമ്പോഴേക്കും വീണ്ടും കപ്പലിന്റെ അടുത്തെത്തും. ഒരിക്കല്‍ക്കൂടി വലവീശാനായി. കൂടുതല്‍ പ്രാരാബ്ധക്കാരായിരിക്കാമെന്ന് ഞാന്‍ വെറുതേ മനസിലോര്‍ത്തു. പാതിരാത്രിയോടെ അവര്‍ മടങ്ങും.

മല്‍സ്യത്തൊഴിലാളികള്‍ കപ്പലിന് അടുത്തെത്തിയാല്‍ ഞങ്ങള്‍ സര്‍വ് ലൈറ്റുകള്‍ അടക്കം എല്ലാ വിളക്കുകളും തെളിച്ചിടും. അവര്‍ക്ക് കൂടുതല്‍ മീനുകള്‍ കിട്ടാനായി. അവര്‍ തിരികെ പോകുമ്പോള്‍ അധികമുള്ള ലൈറ്റുകള്‍ അണയ്ക്കും. ആരും പറഞ്ഞിട്ടല്ല. ആരെയും കാണിക്കാനുമല്ല. കപ്പലിലായാലും വഞ്ചിയിലായാലും എല്ലാവരും കടലില്‍ ജീവിക്കുന്ന മനുഷ്യര്‍. അതാണ് ഞങ്ങളെ എല്ലാവരേയും കൂട്ടിയിണക്കുന്ന കണ്ണി. ഞങ്ങളുടെ വേദനകള്‍ പരസ്പരം പറയാതെ തന്നെ തമ്മില്‍ അറിയാം. അല്ലെങ്കില്‍ അത്രയൊന്നും സാമ്പത്തികമല്ലാതെ അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന അവര്‍ ഞങ്ങളോട് ഒരിക്കലും ഇങ്ങനെ ചോദിക്കേണ്ട ആവശ്യമില്ലായിരുന്നുവല്ലോ.

”സാര്‍ നാളൈ വരുമ്പോത് കരയില്‍ നിന്ന് ഏതാവത് ഉങ്കള്ക്കാ വാങ്കിക്കൊണ്ടു വരണമാ”  പട്ടിണിയും പരിവട്ടവുമാണെങ്കിലും നിഷ്‌ക്കളങ്കരായ ആ മനുഷ്യര്‍ക്ക് മുന്നില്‍ എന്നും തലകുനിക്കാനേ നമുക്ക് യോഗ്യതയുള്ളുവെന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. കുറച്ചുദിവസങ്ങളായി അന്തരീക്ഷം എന്നും മൂടിക്കെട്ടിയാണ് നില്‍പ്പ്. ഡിസംബര്‍ മാസമാണ്, ലോകം മുഴുവന്‍ തണുപ്പിന്റെ പിടിയിലേക്ക് നീങ്ങുന്ന സമയം അതായിരിക്കാം കാരണം എന്നുകരുതി.

നവംബര്‍ 30 ന് രാവിലെ ഇന്ത്യന്‍ സമയം 5: 30 നാണ് ആദ്യത്തെ സാറ്റലൈറ്റ് സന്ദേശം ലഭിക്കുന്നത്. ശ്രീലങ്കയില്‍ നിന്നും ഏകദേശം 125 നോട്ടിക്കല്‍ മൈല്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം രൂപം കൊള്ളുന്നതായും കൊടുങ്കാറ്റിന് സാധ്യതയുണ്ടെന്നും ആയിരുന്നു മുന്നറിയിപ്പ്. സാധാരണ ഇത്തരം മുന്നറിയിപ്പുകള്‍ വന്നാലും അത്ര കാര്യമായ കാറ്റോ മഴയോ ഉണ്ടാകാറില്ല. ചെറിയതോതില്‍ അവ കടന്നുപോവുകയാണ് പതിവ്. എന്നത്തേയും പോലെ അന്നും മല്‍സ്യബന്ധന ബോട്ടുകള്‍ വന്നുപോയിരുന്നു.

രണ്ടാമത്തെ സാറ്റലൈറ്റ് കാലാവസ്ഥാ റിപ്പോര്‍ട്ട് വന്നു. ഒപ്പം തന്നെ ക്യാബിനിലേക്ക് ഫോണ്‍കോളും. ക്യാപ്റ്റന്‍ അടിയന്തരമായി മാനേജ്‌മെന്റ് മീറ്റിങ് വിളിച്ചിരിക്കുന്നു. ലക്ഷദ്വീപിനടുത്ത് ന്യൂനമര്‍ദ മേഖല രൂപപ്പെടുന്നുണ്ട്.അധികം വൈകാതെ തന്നെ കാറ്റിന്റെയും തിരയുടേയും ഗതിയും ശക്തിയും മാറിയേക്കും. ”സോ പ്രിപ്പെയര്‍ ദ ഷിപ്പ് ഫോര്‍ ഹെവി വെതര്‍”. ക്യാപ്റ്റന്റെ ഓര്‍ഡര്‍ വന്നു. ”യെസ് സര്‍.” എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. മൂടിക്കെട്ടിയുള്ള അന്തരീക്ഷവും ഇടക്കിടെ വരുന്ന വലിയ തിരമാലകളും വരാന്‍ പോകുന്ന വലിയ വിപത്തിനെക്കുറിച്ച് വ്യക്തമായ സൂചന നല്‍കി. 220 മീറ്റര്‍ നീളവും 35 മീറ്റര്‍ വീതിയുമുള്ള കൂറ്റന്‍ കപ്പല്‍, സാധനങ്ങള്‍ ഒന്നും താറുമാറാക്കാത്ത രീതിയില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ വരിഞ്ഞുകെട്ടി. കാറ്റിന്റെയും തിരമാലയുടേയും സ്വഭാവം അപ്പോളേക്കും മാറിക്കഴിഞ്ഞിരുന്നു. കാറ്റിന്റെ വേഗത 40 നോട്ട് കഴിഞ്ഞു. ബാരോമീറ്ററില്‍ അന്തരീക്ഷമര്‍ദം താഴ്ന്നുകഴിഞ്ഞിരുന്നു. വലിയ മല പോലുള്ള തിരകള്‍ പ്രത്യക്ഷപ്പെട്ടു.

ഓഖി പിറന്നുകഴിഞ്ഞിരുന്നു. അപ്പോഴാണ് ആദ്യമായി ആ പേര് കേള്‍ക്കുന്നത്. ഒരിക്കലും മറക്കാനാവാത്തവിധം ഒരുപാട് മനുഷ്യരുടെ ജീവിതം മാറ്റിമറിച്ച പേര്. ലക്ഷദ്വീപ് മുതലുള്ള ഓഖിയുടെ ട്രാക്ക് മുഴുവന്‍ ഞങ്ങള്‍ ചാര്‍ട്ടില്‍ പ്ലോട്ട് ചെയ്തു. സൈക്ലോണ്‍ ഐ യില്‍ നിന്നും 120 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു കപ്പലിന്റെ പൊസിഷന്‍. കൊച്ചിയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ മാത്രം ആയിരുന്നിട്ടും 20 ഡിഗ്രിയില്‍ അധികം ആടിയുലഞ്ഞ കപ്പലില്‍ ജീവിതം നരകതുല്യം ആയിരുന്നു. വി.എച്ച്.എഫ് ചാനല്‍ – 16 ല്‍ ഇന്ത്യന്‍ നേവിയും  ഇന്ത്യന്‍ എയര്‍ഫോഴ്‌സും ഇടവിടാതെ മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്‍കിക്കൊണ്ടിരുന്നു. രണ്ടുബോട്ടുകള്‍ മറിഞ്ഞ നിലയില്‍ കണ്ടതായും ആളുകള്‍ ശക്തമായ തിരയില്‍ പല ദിക്കില്‍ ചിതറിപ്പോയതായും ഒരു വിദേശ കപ്പല്‍ റിപ്പോര്‍ട്ട് ചെയ്തു. അവരില്‍ നിന്നും പൊസിഷന്‍ അറിഞ്ഞ നാവികസേനയുടെ കപ്പല്‍ അവിടം ലക്ഷ്യമാക്കി കുതിച്ചു.

കൂരിരുളും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി. വര്‍ഷങ്ങളായി കപ്പലില്‍ ജോലി ചെയ്യുന്നവര്‍ പോലും ഛര്‍ദിച്ചും ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചും തുടങ്ങി. അതിഭയങ്കരമായ ഈ അവസ്ഥ രണ്ടു ദിവസത്തോളം നീണ്ടു നിന്നു. രണ്ടു ദിവസമായി എല്ലാവരും ഒന്നുറങ്ങിയിട്ട്, ഭക്ഷണം കഴിച്ചിട്ട്, കുളിച്ചിട്ട് കുടിച്ച വെള്ളം പോലും ഛര്‍ദിച്ചു പോയിരുന്നു. വയറ്റില്‍ ഒന്നുമില്ലാതിരുന്നാല്‍ തൊണ്ടപൊട്ടി ചോര ഛര്‍ദിക്കും! ഞങ്ങള്‍ ഭക്ഷണം കഴിച്ചു ഛര്‍ദിക്കാനായി!

ഷിപ്പിലെ എല്ലാ ഫ്‌ളഡ് ലൈറ്റും 24 മണിക്കൂര്‍ ഓണ്‍ ആയിരുന്നു. ലൈഫ് ബോയ്, ലൈഫ് ബോട്ട്, ലൈഫ് റാഫ്റ്റ് എല്ലാം തയ്യാറായിരുന്നു. VHF,MF/HF,SATC എല്ലാം 24 മണിക്കൂര്‍ മോണിറ്റര്‍ ചെയ്തുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ നിന്നും വ്യക്തമല്ലാത്ത നിലവിളിയും സഹായ അഭ്യര്‍ത്ഥനകളഉം പല ചാനലുകളിലും കേള്‍ക്കാമായിരുന്നു. മറിച്ചെന്തെങ്കിലും ചോദിക്കും മുമ്പേ ആ ശബ്ദം നിലച്ചുകഴിഞ്ഞിരിക്കും. പ്രാണന്‍ രക്ഷിക്കാനുള്ള എത്രയെത്ര അഭ്യര്‍ത്ഥനകള്‍! സ്വന്തം ജീവന്‍ പണയം വെച്ചും മരണത്തെ മുഖാമുഖം കണ്ടിട്ടും രണ്ടുദിവസം ഞങ്ങള്‍ കണ്ണുകള്‍ തുറന്നിരുന്നു. ആരെങ്കിലും ഒരാള്‍ സ്വന്തം ജീവനായി, സഹായത്തിനായി കൈകള്‍ നീട്ടിയാലോ നമ്മള്‍ അറിയാത്ത, പറയാത്ത എത്രയെത്ര ആളുകള്‍ ഇതുപോലെയൊക്കെ ചെയ്തിട്ടുണ്ടാകും ?

നിങ്ങള്‍ കേട്ടതിലും വലുതാണ് ഞങ്ങള്‍ അനുഭവിച്ച ഓഖി! ഒരിക്കലും പറയണം എന്ന് വച്ചതല്ല!  എന്നാലും പറഞ്ഞുപോവുകയാണ് ഉറച്ച മണ്ണില്‍ ചവിട്ടി നിന്നുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനത്തേക്കാള്‍ നിങ്ങള്‍ ചിന്തിക്കാവുന്നതിലേറെ ദുഷ്‌കരമാണ് ആര്‍ത്തിരമ്പുന്ന കടലിലെ രക്ഷാപ്രവര്‍ത്തനം. കടല്‍ ഒരല്പം ശാന്തമായി എന്നിരുന്നാലും ഞങ്ങളുടെ മനസ്സിലെ മുറിപ്പാടുകളില്‍ നിന്നും അപ്പോഴും രക്തം കിനിഞ്ഞുകൊണ്ടിരുന്നു.

‘സര്‍, എനിക്ക് വീട്ടില്‍പോകണം, അമ്മന്നയെക്കാണണം’ ഇരുപത്തിരണ്ടുകാരനായ കൂട്ടത്തില്‍ ഇളയവനായ സീമാന്‍ കരഞ്ഞ കണ്ണുകളുമായി കൈകള്‍ കൂപ്പി മുന്നില്‍ വന്നു നിന്നു. കേട്ടത് പ്രാണനുവേണ്ടിയുള്ള ഒരേ നിലവിളികള്‍ ആയിരുന്നു. അതിദാരുണമായ, ഭീകരമായ കാഴ്ചകള്‍, പ്രകൃതിയ്ക്ക് മുന്നില്‍ മനുഷ്യര്‍ വെറും നിസ്സാരമായി മാറുന്ന കാഴ്ചകള്‍. മൂന്നാംപക്കം പലയിടത്തുനിന്നും കടലില്‍ ജീവിതം അവസാനിച്ചുപോയവരുടെ ശരീരങ്ങള്‍ കണ്ടെത്തിത്തുടങ്ങിയിരിക്കുന്നു. വി.എച്ച്.എഫ്.എല്‍.അവ റിപ്പോര്‍ട്ട് ചെയ്യുന്ന തിരക്കിലായിരുന്നു കപ്പലുകള്‍. ഒരു ടഗ്ഗ് ബോട്ട് ഞങ്ങളുടെ കപ്പലിനടുത്തുവന്നു നിന്നു. ആ ബോട്ടില്‍ ഏറ്റവും ഇളയവനായ ആ സീമാനെ കരയിലേക്ക് കയറ്റിവിട് ആരും കാണാതെ കണ്ണു തുടച്ച് ഞാന്‍ കാബിനിലേക്ക് നടന്നു.

രാവിലെ പതിവുപോലെ നാലുമണിക്ക് ഡ്യൂട്ടിക്ക് ചൊല്ലുമ്പോള്‍ കപ്പലിനിരുവശവും ആ ചെറിയ മീന്‍പിടിത്ത ബോട്ടുകളെ എന്റെ കണ്ണുകള്‍ തിരഞ്ഞുകൊണ്ടിരുന്നു. ഇല്ല! അവരാരും ഇല്ല! കടല്‍ ശാന്തമായി എന്നിട്ടും അവരാരും എന്തേ വരാത്തേ? ഞാന്‍ സ്വയം ചോദിച്ചു പോയി! നേരം പുലര്‍ന്നുവരുന്നതേയുള്ളു. അങ്ങകലെയായി എന്തോ ഒരു ചെറിയ സാധനം ഒഴുകി വരുന്നതായി ഞാന്‍ കാബിനിലെ പോര്‍ട്ട് ഹോളിലൂടെ കണ്ടു എന്താണത്? ഓടി വീല്‍ ഹൗസില്‍ വന്ന് ബൈനോക്കുലറിലൂടെ നോക്കി മനസ്സ് ഒരല്പം പതറി. തലത്തീഴായിക്കിടക്കുന്ന ഒരു ചെറുമീന്‍ പിടുത്ത ബോട്ട് ഒഴുകി വരുകയാണ്. ഞാന്‍ വീണ്ടും വീണ്ടും നോക്കി അതിനടുത്തെങ്ങും ആരെയും കണ്ടില്ല. ഞാനെന്റെ അടുത്തു കണ്ടിട്ടുള്ള നീലക്കളറുള്ള പെയിന്റടിച്ച ഭംഗിയുള്ള കൊച്ചു കൊച്ചു ബോട്ടുകള്‍ ഒന്നിനു പുറകെ ഒന്നായി വേലിയേറ്റത്തില്‍ ഒഴുകി കരയ്ക്ക് വന്നു കൊണ്ടിരിക്കുന്നു. ചില ബോട്ടുകളില്‍ വലകള്‍ ചുറ്റുപിണഞ്ഞുകിടക്കുന്നു. ചിലവയില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടികെട്ടിയിട്ടുണ്ട്. ജീവനറ്റ ശരീരങ്ങള്‍. ഞാനൊന്നേ നോക്കിയുള്ളൂ! ഓരോ ബോട്ടുകാണുമ്പോഴും ഞങ്ങള്‍ പോര്‍ട്ട് കണ്‍ട്രോളിനെ വിളിച്ചുപറയുന്നുണ്ടായിരുന്നു. പറഞ്ഞു കൊടുക്കുന്ന സ്ഥലത്തേക്ക് ഇന്ത്യന്‍ നേവിയുടെ കപ്പല്‍ വന്ന് അവയെ തീരത്തേക്ക് കൊണ്ടുപോകുന്നുണ്ടായിരുന്നു.

കുറച്ച് ദിവസം കഴിഞ്ഞ് വൈകുന്നേരം ആയപ്പോള്‍ കപ്പലിനടുത്തേക്ക് ഒരു ചെറിയ മീന്‍ പിടിത്ത ബോട്ട് എത്തി. അതവനാണ്. ഞാനാദ്യമായി സംസാരിച്ച ബോട്ടിലെ ചുവന്ന ബനിയനിട്ട് മെലിഞ്ഞ പയ്യന്‍, അവനപ്പോഴും അതേ മുഷിഞ്ഞ ചുവന്ന ബനിയന്‍ തന്നെയാണ് ധരിച്ചിരിക്കുന്നത്. അവനെക്കണ്ട സന്തോഷത്തില്‍ ഞാനുറക്കെ വിളിച്ചു ചോദിച്ചു ”അണ്ണന്‍ ഇല്ലേ?.”

മൗനം! ദീര്‍ഘമായ മൗനം ! അതിനുത്തരം തരാതെ അവന്‍ തലതാഴ്ത്തി നിന്നു. ബോട്ടില്‍ കൂടെ ഉണ്ടായിരുന്ന ആളുകളും ഒന്നും പറഞ്ഞില്ല. നേരം ഇരട്ടിത്തുടങ്ങിയതേയുള്ളൂ. അവര്‍ എന്തോ അന്നു നേരത്തെ തന്നെ കരയിലേക്ക് തിരിച്ചു. വേറെയൊരു ബോട്ടും അന്ന് അവിടെയെങ്ങും കണ്ടില്ല. അവര്‍ വരും അവര്‍ എല്ലാവരും വീണ്ടും വരും ! എനിക്കുറപ്പുണ്ട്. അവരെയും കാത്ത് കപ്പലിലെ മുഴുവന്‍ ലൈറ്റുകളും തെളിച്ചിട്ട് ഞങ്ങള്‍ കാത്തിരിക്കുന്നു.

Source – Mathrubhumi

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply