അവളെയും തേടി കള്ളവണ്ടി കയറി മദിരാശിയിലേക്ക്

ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാത്തതായി ആരുമുണ്ടാവില്ല .അവർക്കായ് … ഇതാ ഒരു പ്രണയ കാവ്യം….?

പ്രണയം അതൊരു നൊമ്പരമാണ് .അതിൽ സങ്കടവും സന്തോഷവുമുണ്ട് .ചിലരിൽ കളവും ,ചതിയും,വഞ്ചനയും ഉണ്ട് .നേര് പറഞ്ഞാൽ വേർപാടിന്റെയും ,നൊമ്പരത്തിന്റെയും കേദാരമാണ് പ്രണയം .നമ്മുടെ ഉള്ളിന്റെ ഉള്ളിലെ മോഹങ്ങൾക്കുമുണ്ടാകാം ,പ്രണയിക്കാനായൊരു മോഹം. അങ്ങിനെയൊരു മോഹം എന്റെ മനസിലും വളർന്നു .ഒരിക്കൽ പത്ത് വർഷങ്ങൾക്ക് മുൻപ് ,വീട്ടിലാരോടും പറയാതെ ആലുവയിൽ നിന്നും ചെന്നൈ – ആലപ്പി എക്സ്പ്രസ്സിൽ കള്ളവണ്ടി കയറി ഞാൻ യാത്ര തിരിച്ചു …അവളെയും തേടി …. മദിരാശിയിലേക്ക് ( ചെന്നൈ ).

വർഷങ്ങളായുള്ള ഞങ്ങളുടെ സൗഹൃദം പെട്ടെന്നൊരു ദിവസം പ്രണയത്തിലെത്തിപ്പെടുകയായിരുന്നു. അങ്ങിനെയങ്ങിനെ ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു കൊണ്ടിരുന്നു. അവൾക്ക് വീട്ടിൽ വിവാഹാലോചനകൾ ഒന്നൊന്നായി വന്നു തുടങ്ങിയിരിക്കുന്നു. അങ്ങിനെയിരിക്കയാണ് അവൾക്ക് പoനത്തിന്റെ ഭാഗമായി ഒരു മാസത്തേക്ക് ചെന്നൈ ലേക്ക് training നു പോകേണ്ടതായി വന്നത് .വളരെ വേദനയോടെ ഞാൻ അന്നവളെ യാത്രയയച്ചു. പ്രണയത്തിന്റെ വെള്ളരിപ്രാവുകൾ വിദൂരതയിൽ പോകുമ്പോഴുള്ള വേർപാടിന്റെ മൗനം ,ഞാനന്നു ആദ്യമായി തിരിച്ചറിഞ്ഞു.അതേ വരെ കരയാനറിയില്ലാത്ത എന്റെ കണ്ണുകൾ നനഞ്ഞു തുടങ്ങിയിരിക്കുന്നു…, സംസാരിക്കുമ്പോൾ ശബ്ദം ഇടറുന്ന പോലെ .., വീട്ടിൽ നിന്നും പുറത്തിറങ്ങാനേ തോന്നുന്നില്ല .അവൾ വിളിക്കുന്നതും കാത്ത് ഫോണിൽ നോക്കി ഒരേ ഇരിപ്പാണ് .നേരെ ചൊവ്വെ ഭക്ഷണവും, ഉറക്കവും ഇല്ലാത്ത ദിനരാത്രങ്ങൾ .അങ്ങോട് ഫോൺ കണക്റ്റ് ആയാൽ തന്നെ ,അടുത്താരെങ്കിലുമൊക്കെ അടുത്ത് ഉണ്ടെന്ന് പറഞ്ഞ് ആ ഫോണങ്ങ് കട്ട് ചെയ്യും .നമ്മുടെ വേദനകൾ അവരുണ്ടോ അറിയുന്നു.

ഒരു പതിനഞ്ച് ദിവസം ഞാൻ അങ്ങിനെയിങ്ങനെയൊക്കെ കഴിച്ചു കൂട്ടി .ഒരു ദിവസം എന്നിലെ ഭ്രാന്തൻ ഉയർത്തി എഴുന്നേറ്റു .പരസ്പരം സംസാരിച്ചു ,സംസാരിച്ചു അങ്ങ് കാര്യങ്ങൾ വശളായി. ഒച്ചപ്പാടും ,തെറിയും ബഹളവുമായി. ഒടുവിൽ ഈ ബന്ധത്തിൽ അവൾക്ക് താൽപ്പര്യമില്ലെന്ന് തുറന്നടിച്ചു .ഞാനും വിട്ടുകൊടുത്തില്ല. അല്ലേലും ആർക്ക് വേണം നിന്നെ ..? എന്ന് ഞാനും വച്ചടിച്ചു ഫോൺ കട്ട് ചെയ്തു. പിന്നെ ഉറങ്ങാൻ പറ്റോ .., അന്നത്തെ രാത്രി വീടിന്റെ ജനലഴിയിലൂടെ ഇരുട്ടിന്റെ എല്ലാ യാമങ്ങളും ഈറനണിഞ്ഞ കണ്ണുകളുമായി വിദൂരതിയിലേക്ക് നോക്കി നിന്നങ്ങിനെ നേരം വെളുപ്പിച്ചു.

ഇനിയങ്ങോട്ട് വിളിക്കണ്ട ,വിളിക്കരുത് ,വിളിച്ച് പോകരുത് എന്ന് ഒരായിരം വട്ടം എന്റെ മനസ്സ് മന്ത്രിച്ചതാണ് .പക് ഷെ എന്റെ മോഹങ്ങൾ ഈ പാവം മനസിനെ ത്രിപ്തിപ്പെടുത്താൻ പ്രാപ്തനായിരുന്നില്ല. വരുന്നത് വരട്ടെ എന്ന് കരുതി ,ഒരു ക്ഷമ പറഞ്ഞ് അവസാനിപ്പിക്കാമെന്ന് കരുതി വീണ്ടും അവളുടെ നമ്പറിൽ എന്റെ വിരലുകളമർന്നു. എത്ര വിളിച്ചിട്ടും ഫോൺ കണക്റ്റ് ആയില്ല .സ്വിച്ച് ഓഫ് തന്നെ .എങ്ങിനെ കണക്റ്റ് ആവാന ?ആ ദേഷ്യത്തിൽ അന്ന് ആ ഫോൺ അവൾ വലിച്ചെറിഞ് പൊട്ടിച്ച് കളഞ്ഞിരുന്നു .ഇതൊന്നുമറിയാതെ ഞാൻ ഇവിടെയിരുന്ന് തച്ചിന് വിളിയോട് വിളിയാ ..

അന്ന് വൈകുന്നേരമായപ്പോഴേക്കും എന്റെ സർവ്വ നിയന്ത്രണവും വിട്ടു .അവളെ ഒന്ന് കാണാതെ ,ഒന്ന് മിണ്ടാതെ ,ഒന്നു സംസാരിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന അവസ്ഥയിലായി .അവൾ താമസിക്കുന്ന hostel ന്റെ അഡ്രസ്സ് ആണെങ്കിലോ അറിയുകയുമില്ല .ടീ നഗറിൽ ഒരു മാതാ ladies hostel, അത്ര മാത്രമേ അറിയുകയുള്ളു . വീട്ടിൽ ഒരു വലിയ നുണയും പറഞ്ഞ് അന്നേ ദിവസം തന്നെ ആലുവയിൽ നിന്നും ,ചെന്നൈ – ആലപ്പി എക്സ്പ്രസ്സിൽ കള്ളവണ്ടി കയറി 7.30 ഓടെ ജനറൽ കംബാർട്ട്മെന്റിൽ കയറി ഞാൻ യാത്ര തിരിച്ചു .. മദിരാശിയിലേക്ക്.

വണ്ടിയിലാണെങ്കിലോ ശബരിമല സീസണായതിനാൽ അണ്ണൻമാരുടെ പൊരിഞ്ഞ തിരക്ക് .നിൽക്കാനായി കാല് കുത്താനിടമില്ല. ആലുവ തൊട്ട് പാലക്കാട് വരെ ഞാൻ എയറിൽ തന്നെയായിരുന്നു .വിശന്നിട്ടാണെങ്കിൽ കുടല് കത്തുന്നു. തൃശൂര് മുതൽ ചായ ,കാപ്പി ,ബിരിയാണി എന്നൊക്കെ പറഞ്ഞ് പുറത്ത് കൂടെ ആളുകൾ പരക്കം പായുന്നുണ്ട് .പക് ഷെ ആ തിരക്കിനിടയിൽ അത് വാങ്ങാൻ പോയിട്ട് അവരെ കാണാൻ പോലും കിട്ടുന്നില്ല .കള്ളൻമാർ, പോക്കറ്റടിക്കാർ ,സ്വവർഗ്ഗ രതികൾ അങ്ങിനെ ഒട്ടേറെ കൂട്ടക്കാർ അന്ന് ആ ബോഗിയിലുണ്ടായിരുന്നു.

പാലക്കാട് എത്തിയപ്പോൾ ട്രെയിൻ ഒരു 10 മിനിറ്റോളം നിർത്തിയിട്ടു .ആ തക്കത്തിന് ആ തിരക്കിനിടയിൽ നിന്നും ഒരു വിധത്തിൽ ഞാൻ പുറത്ത് ചാടി .അപ്പോഴേക്കും ബിരിയാണിക്കാർ എല്ലാം ഉറക്കം പിടിച്ചിരുന്നുവെന്ന് തോന്നുന്നു .അവിടുന്ന് വീണ്ടും വണ്ടിയെടുത്തപ്പോൾ എനിക്കിരിക്കാൻ ഒരു സീറ്റ് കിട്ടി. അതും ചവിട്ടുപടിയിൽ … അതും നല്ലവണ്ണം പിടിച്ചിരുന്നില്ലെങ്കിൽ, എനിക്ക് നല്ല പൊക്കവും വണ്ണവും ഒക്കെ ഉള്ളതിനാൽ കാറ്റടിച്ച് ഞാൻ താഴെ ചാടും. അങ്ങിനെ കണ്ണ് ഇമ വെട്ടാതെ ,ഒന്നുറങ്ങാതെ ചെന്നൈ വരെ ആ ചവിട്ടുപടിയിലിരുന്ന് ഒരേ ഒരു ലക്ഷ്യ ബോധവുമായി ,ലക്ഷ്യമില്ലാത്ത ഒരു യാത്ര പോവുകയാണ് ഞാൻ.

രാവിലെ 7.30 ഓടെ മദിരാശിയിൽ ഞാൻ കാല് കുത്തി. വല്ലാത്ത വിശപ്പ് .റെയിൽവേ സ്‌റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ ഞാൻ മുന്നിൽ കണ്ട ഒരു ചായ കടയിൽ കയറിയപ്പോഴേക്കും ഒരു പോലിസ് വാഹനം എന്റെ അരികിൽ വന്നു നിന്നു. അവർ എന്നെ അടിമുടി ഒന്നു നോക്കി .എന്നെ അരികിലേക്ക് വിളിച്ചു. പേടിച്ച് വിറച്ച ഞാൻ പതിയെ അവരുടെ അരികിലെത്തി .എന്താണെന്നറിയില്ല ?അവർ പേരും ,നാടും ,ID കാർഡും ചോദിച്ചു. പക്ഷ ID കാർഡ് എന്റെയടുത്ത് ഉണ്ടായിരുന്നില്ല. പകരം Blood bank ന്റെ ഒരു ID കാർഡ് ഉണ്ടായിരുന്നു .അത് കാണിച്ച് കൊടുത്തപ്പോൾ അവരങ്ങ് പോയി .ശേഷം ആ കടയിൽ കയറി ഒരു ചായ ഓർഡർ ചെയ്തു. പെട്ടെന്നൊരു തലചുറ്റൽ ,പിന്നെ ഒരു മണിക്കുർ നേരം എന്താ സംഭവിച്ചന്ന് എനിക്ക് ഓർമയില്ല .ഓർമ വന്നപ്പോൾ ഞാൻ അടുത്തുള്ള കടത്തിണണയിൽ കിടപ്പുണ്ട്

ഞാൻ മെല്ലെ എഴുന്നേറ്റ് ആ ചായക്കടയിൽ കയറി .വീണ്ടും ഒരു ചായ ഓർഡർ ചെയ്തു. കുറെ നേരത്തേക്ക് എനിക്ക് ബോധമില്ലായിരുന്നു വെന്ന് അയാളുടെ തമിഴ് വാക്കുകളിൽ നിന്നും എനിക്കു മനസ്സിലായി .അവരാണ ത്ര എന്നെ ആ കടത്തിണ്ണയിൽ കൊണ്ട് പോയി കിടത്തിയത് .അവർ കരുതി ഞാൻ ആള് തണ്ണിയാണെന്ന്.

പ്രഭാത കൃത്യങ്ങളെല്ലാം നടത്തിയതിനു ശേഷം ഞാൻ വഴിയിലേക്കിറങ്ങി .ഒരു വല്ലാത്ത സിറ്റി തന്നെ .അതെ വരെ ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ പട്ടണം കൊച്ചിയായിരുന്നു’ .ഇത് കൊച്ചിയുടെ ഒരു മുന്നരട്ടി വരും .എവിടെ നോക്കിയാലും വണ്ടികൾ ,റോഡുകൾ ,പാലങ്ങൾ അങ്ങിനെ വല്ലാത്ത ഒരു തിരക്ക് .എല്ലാവർക്കും തിരക്ക് തന്നെ തിരക്ക് .

ഞാൻ ഫോണെടുത്ത് അവളെയൊന്ന് വിളിച്ച് നോക്കി .ഒരു രക്ഷയുമില്ല .സ്വിച്ച് ഓഫ് തന്നെ .മുന്നിൽ കണ്ട ഒരു ഓട്ടോക്ക് കൈ കാണിച്ച് എനിക്കറിയാവുന്ന അഡ്രസ് ഞാൻ പറഞ്ഞു .300 രൂപ ചാർജ് അയാൾ ആവശ്യപ്പെട്ടു. ഞാൻ വണ്ടിയിൽ കയറി യാത്ര തുടങ്ങി .പട്ടണത്തിലെവിടെ നോക്കിയാലും പോലീസുകാർ മാത്രം .എന്താണ് ഇത്രയധികം പോലീസുകാർ ,എന്ന് ഓട്ടോക്കാരനോട് കാര്യം തിരക്കി .പട്ടണത്തിൽ ഏതോ ഒരു സംഘടനയുടെ അക്രമണ ഭീഷണിയുണ്ടത്രെ .ഒരു മണിക്കുറിന് ശേഷം ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കൊണ്ട് പോയി അയാൾ വണ്ടി നിർത്തി. ശേഷം താങ്കൾ പറഞ്ഞ സ്ഥലം ഇതാണെന്നും ,ഇത് one way ആണെന്നും ,ഇവിടെ അന്വേഷിച്ചാൽ hostel കാണാമെന്നും പറഞ്ഞു .ഞാൻ ഇറങ്ങിയ പാടെ ക്യാഷ് വാങ്ങി അയാൾ വണ്ടി വിട്ടു. ഞാൻ എന്റെ പ്രണയിനിയെ തേടി ആ തെരുവിലൂടെ നടത്തം തുടങ്ങി.

ഒരു 10 കി.മി ചുറ്റളവിൽ ഞാൻ നടന്നു .പക്ഷെ അവിടെയെങ്ങും അവൾ താമസിക്കുന്ന Iadies hostel ഞാൻ കണ്ടില്ല.പലരോടും ഞാൻ ചോദിച്ചു നോക്കി .പക്ഷ അവർ പറയുന്നതൊന്നും എനിക്ക് മനസിലാവുന്നുമില്ല. എല്ലായിടത്തും തമിഴ് ബോർഡുകൾ മാത്രം .എന്റെ സ്നേഹം സത്യമാണ് ,ആയതിനാൽ ഏത് കോണിലാണെങ്കിലും ഞാൻ അവളെ കണ്ടത്തിയിരിക്കും എന്ന് ഞാൻ തന്നെ ഇടയ്ക്കിടക്ക് എന്റെ മനസിനെ പറഞ്ഞ് പഠിപ്പിച്ച് കൊണ്ടിരുന്നു. ഒടുവിൽ നടന്നു നടന്നു ഞാൻ വല്ലാതെ ക്ഷീണിതനായി .രാവിലെ 10 മണിക്ക് തുടങ്ങിയ തിരച്ചിലാണ് .സമയം വൈകിട്ട് 6 മണിയോടടുത്തു. അവളെ കണ്ടെത്താനായിട്ടില്ല .അവൾ ഒന്നു വിളിച്ചിരുന്നെങ്കിൽ എന്ന് ഒരു പാട് ഞാൻ ആശിച്ചു .പക് ഷെ എന്ത് പ്രയോജനം ?.

സമയം അങ്ങിനെ പൊയ്ക്കൊണ്ടിരുന്നു. റൂമെടുക്കാനൊന്നും കയ്യിൽ പണമില്ല പെട്ടെന്നുള്ള യാത്രയായതിനാൽ കയ്യിൽ കാര്യമായൊന്നും കരുതാനും പറ്റിയില്ല. പിന്നെ പണ്ടേ കടം ചോദിക്കാൻ മടി ആയതിനാൽ ആരോടും ചോദിച്ചുമില്ല. കുറേ ദൂരം മുന്നോട്ട് പോയപ്പോൾ ആളൊഴിഞ്ഞ പണിതീരാത്ത ഒരു കെട്ടിടം ഞാൻ കണ്ടു. അന്നത്തെ രാത്രി അവിടെയെന്ന് ഞാൻ ഉറപ്പിച്ചു .രാത്രി 9 മണിയോടെ ഭക്ഷണവും കഴിച്ച് ആരും കാണാതെ ഞാൻ ആ കെട്ടിടത്തിനുള്ളിൽ കയറിപ്പറ്റി .ആ നാട്ടിലെ പട്ടികൾ മുഴുവൻ ആ കെട്ടിടത്തിലുണ്ട് .ഒരു 20 എണ്ണമെങ്കിലും കാണും .പക് ഷെ എന്തോ അവരാരും ഉപദ്രവകാരികൾ ആയിരുന്നില്ല. അവിടെയിവിടെയായി ചിതറിക്കിടക്കുന്ന സിമന്റ് ചാക്കുകൾ ഞാൻ വാരിക്കൂട്ടി. അവയെല്ലാം നിലത്ത് വിരിച്ചു ഉറങ്ങാൻ കിടന്നു. കിടന്നിട്ടാണെങ്കിൽ ഉറക്കവും വരുന്നില്ല. എപ്പോൾ വേണമെങ്കിലും ആ പട്ടികൾ കടന്നാക്രമിച്ചേക്കാം .കുറച്ച് സമയം കഴിഞ്ഞപ്പോൾ ആ കെട്ടിടത്തിന്റെ മതിൽ കെട്ടിനോട് ചേർന്ന് ഒരു വാഹനം വന്ന് നിർത്തി .ഞാൻ പതിയെ എഴുന്നേറ്റ് നോക്കിയപ്പോൾ കാക്കി വേഷമിട്ട രണ്ട് പോലിസുകാർ വാഹനത്തിനരികിൽ നിൽക്കുന്നു. എന്റെ നെഞ്ചിലെ ചങ്കിടിപ്പ് പട പട ന്ന് ഇടിക്കാൻ തുടങ്ങി .ശ്വാസം അടക്കിപിടിച്ച് ആ രാത്രി ആ കെട്ടിടത്തിനുള്ളിൽ ഞാനും ,കൂട്ടിനായി എന്നെ പോലെ കുറെ തെരുവുനായ്ക്കളും . (തുടരും…).

വിവരണം – സക്കീര്‍ (Riders Alwaye).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply