വീരപ്പന്‍ : ഇന്ത്യ കണ്ട ഏറ്റവും വലിയ നരവേട്ടയുടെ ചരിത്രം…..

വീരപ്പന് മുഖവുര വേണ്ട. കാട്ടുകളളന്‍, ചന്ദനക്കളളന്‍, ആനവേട്ടക്കാരന്‍, കൊലയാളി എന്നിങ്ങനെ ഏറെ വിശേഷണങ്ങളുണ്ട് വീരപ്പന്. തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു ‘വീരപ്പൻ’ അഥവാ കൂസു മുനിസ്വാമി വീരപ്പൻ. സത്യമംഗലം വനത്തിനുളളിലിരുന്ന് വീരപ്പന്‍ മീശപിരിച്ചാല്‍ തമിഴ്നാട്ടിലും കര്‍ണാടകത്തിലും നേതാക്കള്‍ക്കും പൊലീസുകാര്‍ക്കുമൊക്കെ നെഞ്ചിടിപ്പ് കൂടുമായിരുന്നു. ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. മേട്ടൂരിലെ വനത്തില്‍ വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്‍റെ ജീവിതം ആനക്കൊമ്പുവേട്ടയും പിന്നീട് ചന്ദനത്തടിമോഷണവുമായി വളര്‍ന്ന് പടര്‍ന്ന് പന്തലിക്കുകയായിരുന്നു.

മുനിസ്വാമി വീരപ്പന്‍ എന്ന ബാലന്‍ ആനവേട്ടക്കാരനാവുന്നത് 14 ാം വയസ്സിലാണ് – 1955 ല്‍. പതിനൊന്ന് – പന്ത്രണ്ട് വയസ്സില്‍ തന്നെ ദാരിദ്ര്യത്തിലായിരുന്ന വീരപ്പന്‍ ചില്ലറ മോഷണങ്ങളും പിടിച്ചുപറിയും നടത്തിത്തുടങ്ങിയിരുന്നു. കൊമ്പനെ വെടിവച്ചിട്ട് കൊമ്പുവിറ്റപ്പോള്‍ അന്നു കിട്ടിയത് വെറും 60 രൂപയായിരുന്നു. ഏതാണ്ട് പത്ത് കൊല്ലം മരംവെട്ടും ആനവേട്ടയും ചെറിയ മോഷണവുമായി കഴിഞ്ഞു.

1965 ലാണ് ആദ്യമായി പിടിയിലാവുന്നത്. പിന്നെയും കുറേക്കാലം മോഷണവും ആനവേട്ടയും ആയി വീരപ്പന്‍ കാട്ടില്‍ കഴിഞ്ഞു. 36 വയസ്സിലാണ് വീരപ്പന്‍ ഒരു കൊള്ളസംഘത്തിന്‍റെ നേതാവായി മാറുന്നത് – 1980 ല്‍. ആയുധങ്ങളും അനുയായികളും ഉന്നതരുടെ സഹായവും സ്വാധീനവും ഉള്ള വലിയൊരു കൊള്ളസംഘത്തിന്‍റെ തലവന്‍. നാല്‍പതാം വയസ്സില്‍ വീരപ്പന്‍ ചുവടുമാറ്റിച്ചവുട്ടി. ആനവേട്ടയ്ക്കു പകരം മനുഷ്യവേട്ടയില്‍ വീരപ്പന്‍ ആനന്ദം കണ്ടെത്തി. കര്‍ണ്ണാടകത്തിലെ നാല് വനംവകുപ്പ് ഉദ്യോഗസ്ഥരെ വീരപ്പന്‍ വകവരുത്തി. ഇതോടെ വീരപ്പന്‍ വേട്ട ഊര്‍ജ്ജിതമായി. 1986 ല്‍ വീണ്ടുമൊരിക്കല്‍ വീരപ്പന്‍ അറസ്റ്റിലായി.

1990ലാണ് കര്‍ണാടകതമിഴ്‌നാട് സര്‍ക്കാറുകള്‍ സംയുക്തമായി വീരപ്പനെ പിടികൂടുന്നതിന് പ്രത്യേക ദൗത്യസേനക്ക് (Special Task Force) രൂപംകൊടുത്തത്. പതിനൊന്ന് കോടിയോളം രൂപ വീരപ്പനെ പിടികൂടാനുള്ള ദൗത്യസേനക്കുവേണ്ടി മാത്രം ഓരോ മാസവും ചെലവഴിക്കപ്പെട്ടു. ഇന്ത്യകണ്ട ഏറ്റവും വലിയ നരവേട്ടയായിരുന്നു വീരപ്പനുവേണ്ടി ഭരണകൂടം നടത്തിയത്. അതിര്‍ത്തിഗ്രാമങ്ങളില്‍ ക്യാമ്പ്ഓഫിസുകള്‍ തുറന്നിട്ടും ഗ്രാമങ്ങള്‍ക്കുനേരെ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിട്ടും ഗ്രാമീണര്‍ തങ്ങളുടെ നേതാവിനെ ഒറ്റിക്കൊടുക്കാന്‍ തയാറായില്ല. അതിര്‍ത്തിഗ്രാമങ്ങളിലെ പാവപ്പെട്ടവരായിരുന്നു എന്നും വീരപ്പന്റെ ശക്തി.

ആസ്ത്മാ രോഗിയാണെങ്കിലും ദിവസവും 25 കിലോമീറ്റര്‍ വീരപ്പന്‍ സംഘാംഗങ്ങളോടൊപ്പം സഞ്ചരിച്ചിരുന്നു. കാട്ടരുവികളും പുഴകളുമുള്ള സ്ഥലത്തുകൂടിയായിരിന്നത്രേ സഞ്ചാരം. വഴിമധ്യേ സ്വാമി പ്രതിമകള്‍ കാണുന്നിടത്തെല്ലാം പൂജകള്‍ നടത്തും. ആഴ്ചയില്‍ രണ്ടുതവണമാത്രം കുളിച്ചിരുന്ന വീരപ്പന്‍ അപ്പോള്‍ പോലും തോക്ക് സമീപത്തുസൂക്ഷിച്ചിരുന്നു. പുകവലിയും മദ്യപാനവും വിഷയാസക്തിയും തൊട്ടുതീണ്ടിയിട്ടില്ലാത്തയാളാണെന്നതാണ് മറ്റൊരു പ്രത്യേകത. സ്ത്രീകളെ വളരെ ബഹുമാനിക്കുന്ന വീരപ്പന്‍ സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളൊന്നും സഹിക്കുമായിരുന്നില്ലത്രേ.

ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു. ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമഅയി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. കന്നഡ ചലച്ചിത്ര നടനായ രാജ് കുമാറിനെ തട്ടിക്കൊണ്ടുപോയാണ് 2000 ജൂലൈ 30 ന് വീരപ്പന്‍ നാടിളക്കിയത്. 100 ദിവസത്തിന് ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ വിട്ടയച്ചത്. 100 കോടി രൂപ മോചനദ്രവ്യം വാങ്ങിയശേഷമാണ്‌ അദ്ദേഹത്തെ മോചിപ്പിച്ചതെന്നാണ്‌ പുറത്തുപ്രചരിച്ചിട്ടുള്ള കഥകള്‍.

സര്‍ക്കാരിന്റെയും ഒരുപക്ഷേ വീരപ്പന്റെയും കണക്കുകൂട്ടലുകളെല്ലാം തെറ്റിയതു കര്‍ണാടകയിലെ മുന്‍മന്ത്രി നാഗപ്പയെ തട്ടിക്കൊണ്ടുപോയപ്പോഴാണ്. 108 ദിവസത്തെ തടവിനുശേഷം മോചിതനായ രാജ്കുമാറിനെപ്പോലെ നാഗപ്പയും തിരികെ വരുമെന്ന് എല്ലാവരും കണക്കുകൂട്ടി. പക്ഷേ, മൂന്നരമാസത്തിനുശേഷം കണ്ടെത്തിയതു നാഗപ്പയുടെ ജഡമായിരുന്നു.

ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പോലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു. 2004 ഒക്ടോബര്് 18നാണ് വീരപ്പനെ സത്യമംഗലം കാട്ടിനടുത്തുള്ള പ്രദേശത്തു തമിഴ്നാട് ദൌത്യസേന വെടിവച്ചു കൊന്നത്. മൂന്നു ദശകത്തിലേറെ ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പന്‍ യുഗത്തിന്റെ അവസാനമായിരുന്നു അത്. സംഘത്തിലെ ഭൂരിഭാഗം പേരും ദൌത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാല്‍ വീരപ്പന്‍ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കര്‍ണാടക മുന്‍ മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്നു വീരപ്പനെ എങ്ങനെയും പിടികൂടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു കര്‍ണാടക, തമിഴ്നാട് ദൌത്യസേനകള്‍. എന്നാല്‍, വീരപ്പന്റെ മരണം സംഭവിച്ച അഭ്യൂഹങ്ങള്‍ അവസാനിച്ചതേയില്ല. വിരപ്പന്‍ ആത്മഹത്യ ചെയ്തതാണെന്നും, സേന ചതിവില്‍ കൊലപ്പെടുത്തിയതാണെന്നുമൊക്കെയായി വാദങ്ങള്‍. സത്യവും നീതിയും കാത്തുസൂക്ഷിച്ചിരുന്ന വീരപ്പനെ ഒരു ധര്‍മയുദ്ധത്തിലൂടെ വേണമായിരുന്നത്രേ കീഴ്പെടുത്താന്‍. തന്റെ ഭര്‍ത്താവിനെ വിഷം കൊടുത്തു കൊന്നതാണെന്നാരോപിച്ചു പരാതി നല്‍കിയിരുന്നു.

കര്‍ണാടക-കേരള-തമിഴ്‌നാടന്‍ വനങ്ങള്‍ അടക്കിഭരിച്ച വീരപ്പന്‍, തന്റെ 30 വര്‍ഷത്തോളം നിണ്ടുനിന്ന കുറ്റകൃത്യജീവിതത്തിനിടയില്‍ സഞ്ചരിച്ചുകൂട്ടിയത് എത്ര കോടിയാണെന്ന് പോലും ആര്‍ക്കും നിശ്ചയമില്ലെന്നതാണ് സത്യം. പോലീസിന്റെ ഏകദേശ കണക്കനുസരിച്ച്, 2000ഓളം ആനകളെ കൊന്ന് 88000 പൗണ്ട് ആനക്കൊമ്പുകള്‍ വീരപ്പന്‍ സ്വന്തമാക്കിയിരുന്നു. ചുരുങ്ങിയത് 75 കോടിയോളം രൂപയുടെ ചന്ദനം വീരപ്പന്‍ കച്ചവടം ചെയ്തുവെന്നാണ് സര്‍ക്കാരിന്റെ ഏകദേശ കണക്ക്. യഥാര്‍ത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് ഇരട്ടിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വീരപ്പന്‍ കൊല്ലപ്പെട്ടു, എന്നാലീ കണക്കില്ലാത്ത സ്വത്തുകളെവിടെ? ഒരു വ്യാഴവട്ടത്തിനിപ്പുറവും ആര്‍ക്കും കണ്ടെത്താനാകാത്ത രഹസ്യമാണത്.

സത്യമംഗലം വനത്തിലെ ഗുഹകളിലും കുഴികളിലുമെല്ലാമായി ഈ നിധി ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്നാണ് അന്നുമിന്നും വിലയിരുത്തിപ്പോരുന്നത്. പ്ലാസ്റ്റിക് ചാക്കുകളിലാക്കി പണവും ആനക്കൊമ്പുമെല്ലാം കാട്ടിലെവിടെയോ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ഇപ്പോളും പലരും കരുതുന്നത്. ഈ മഹാസാമ്രാജ്യം സംരക്ഷിക്കാനായി 120 ഓളം ആളുകളെയാണ് വീരപ്പന്‍ കൊന്നൊടുക്കിയത്. വീരപ്പന്‍ കൊല്ലപ്പെട്ടയുടന്‍ ഈ നിധി കണ്ടെത്താന്‍ സായുധ സംഘങ്ങള്‍ക്കൊപ്പം നിരവധിയാളുകള്‍ കാടുകളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. എന്തായാലും കാട്ടിലെവിടെയോ ആ മഹാ നിധി മറഞ്ഞിരിപ്പുണ്ടെന്നാണ് ലോകം ഇന്നും വിശ്വസിക്കുന്നത്.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ..

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply