കോഴിക്കോട് പോയി സുലൈമാനി കുടിക്കണം എന്ന ആഗ്രഹം തുടങ്ങിട്ടു കുറച്ചു നാളായി..
ഞായറാഴ്ച വെളുപ്പിനെ 3.30 ആയപ്പോ ഒരു കട്ടൻ കാപ്പിയും കുടിച്ചിട്ട് ബുള്ളറ്റും കൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി.. പോകുന്ന വഴിക്ക് സുഹൃത്ത് അരുണിനെയും കൂടെ കൂട്ടി.. തിന്നാനായിട്ട് മാത്രമുള്ള പോകായത് കൊണ്ടാണ് അവൻ വെളുപ്പിനെ കുളിച്ചു റെഡി ആയി നിന്നതു.. അവിടെ ചെന്നിട്ടു നന്നായിട്ട് കഴിക്കാൻ വേണ്ടി അവൻ ഒരു ദിവസം ഉപവസമായിരുന്നു അത്രേ.
അങ്കമാലി കഴിഞ്ഞ് ഒരു സ്ട്രോങ്ങ് ചായ കുടി.. പിന്നെ നമ്മുടെ ബുള്ളറ്റിന് വയറു നിറച്ചു പെട്രോളും വാങ്ങി കൊടുത്തു.. അവനും സന്തോഷമാകട്ടെ..
പോകുന്ന വഴി കടലുണ്ടി പക്ഷി സങ്കേതം ഒന്ന് കണ്ടു കളയാം എന്ന് ഓർത്തു വണ്ടി അങ്ങട് വിട്ടു.. നിരാശയായിരുന്നു ഫലം.. കുറച്ചു കാക്കയെ മാത്രം കണ്ടു.. വിശപ്പിന്റെ വിളി തുടങ്ങിയത് കൊണ്ട് അധികനേരം നിന്നില്ല.. അവിടുന്ന് ജംങ്കാറിൽ കേറി ബേപൂർ വഴി നേരെ കോഴിക്കോട്ടേക്ക്. നേരം 10 മണി ആയിരിക്കുന്നു.. നേരെ പാരഗൺ ഹോട്ടലിലേക്ക്, കേറി ചെന്ന പാടെ 2 സുലൈമാനി ഓർഡർ ചെയ്തു.. സംഭവം നമ്മുടെ നാട്ടിലെ കട്ടൻ ചായ ആണേലും അവിടെ ചെന്നാൽ സുലൈമാനി എന്നെ പറയുള്ളൂ, ഇത്രയും ദൂരം ഇതിനായി സഞ്ചരിച്ചു വന്നത് കൊണ്ടാണോ എന്നറിയില്ല , സംഭവം കൊള്ളാം👌🏻.അവിടുത്തെ അപ്പവും ഫിഷ് മംഗോ കറിയും സൂപ്പർ.. പാരഗൺ ഹോട്ടലിലെ ചിക്കൻ ബിരിയാണിയും അപ്പവും ഫിഷ് കറിയും പ്രസിദ്ധമാണ്.. പണ്ട് ഇവിടെ വന്ന് ബിരിയാണി കഴിച്ചിട്ടുണ്ട്.. പക്ഷെ വല്യ പ്രത്യേകത ഒന്നും അന്ന് തോന്നിയില്ല..
പാരഗണിൽ നിന്നും ഇറങ്ങി നേരെ ഭാസ്കരേട്ടന്റെ മിൽക്ക് സെർബത് കടയിലേക്ക്.. പഴയൊരു കെട്ടിടത്തിൽ ഇരിക്കുന്ന ചെറിയ ഒരു കടയാണ്.. പക്ഷെ എപ്പോളും നല്ല തിരക്കാണ്.. കൊടും ചൂടിൽ ആ മിൽക്ക് സെർബത് കുടിച്ചപ്പോ ഒരു പ്രത്യേക സുഖം.. സമയം 11 ആകുന്നതെ ഉള്ളു.. ഇനി എന്താണെലും ഒന്ന് റസ്റ്റ് എടുത്തിട്ടെ എന്തെങ്കിലും കഴിക്കാൻ പറ്റൂ.. ഇതിനിടെ ഒരു സുഹൃത്തിനെ വീണ്ടും കാണാൻ സാധിച്ചു.. അഗസ്ത്യാർകൂടം യാത്രയിൽ വെച്ച് പരിചയപ്പെട്ട കോഴിക്കോട്ടുകാരൻ അശ്വിൻ.. റെയിൽവേ ഉദ്യോഗസ്ഥൻ ആണ് കക്ഷി, ഇന്ത്യയിൽ പോകാത്ത ഇടമൊന്നും ബാക്കിയില്ലന്നു തോന്നുന്നു.. !! വീണ്ടും ഒരു കൂടികാഴ്ച പ്രതീക്ഷിച്ചതല്ല..
ഉച്ച വെയിൽ കനത്തു.. അശ്വിൻ ചേട്ടൻ പറഞ്ഞതാനുസരിച്ചു സരോവരം ബയോ പാർക്കിലേക്ക് പോയി.. 20 rs ടിക്കറ്റ് എടുത്ത് അകത്തു കേറി.. കോഴിക്കോട് നഗരത്തിന് ചേർന്ന് തണൽ വിരിച്ചു നിൽക്കുന്ന സ്ഥലമാണ് സരോവരം പാർക്ക്.. വെയിലിൽ നിന്നും രക്ഷ നേടി ഒന്ന് വിശ്രമിക്കുകയാണ് ലക്ഷ്യം.. കടലുണ്ടി പക്ഷി സങ്കേതത്തിൽ കണ്ടതിനേകാൾ കൂടുതൽ കിളികൾ ആണ് ഇവിടെ.. പക്ഷെ , എല്ലാം ഇണകുരുവികൾ ആണെന്ന് മാത്രം.. പാർക്കിലെ എല്ലാ കൽബെഞ്ചുകളും അവർ കയ്യടക്കിയിരിക്കുന്നു.. അവരെ ആരെയും ശല്യപ്പെടുത്താൻ പോയില്ല.. നടന്നു നടന്നു ഒരു ചെറിയ കൂടാരത്തിൽ പോയിരുന്നു , നല്ല തണൽ ഉണ്ട്.. ക്ഷീണം കാരണം ചെറുതായിട്ടൊന്നു മയങ്ങി..
തലേ ദിവസവും ഉറക്കം ശരിയായിട്ടില്ല അതുകൊണ്ട് വിശ്രമം അത്യാവശ്യമായിരുന്നു..
ഒരു 2.30 ആയപ്പോ വീണ്ടും വിശപ്പിന്റെ വിളി.. നേരെ റഹ്മത് ലേക്ക്.. മാതൃഭൂമി ഓഫീസിന് അടുത്താണ് ഈ ഹോട്ടൽ.. ഇവിടുത്തെ ബീഫ് ബിരിയാണി വളരെ പ്രസിദ്ധമാണ്..നാട്ടിലെ അമ്പലത്തിലെ പ്രസാദ ഊട്ടിനു ഉണ്ണാൻ ക്യൂ നിന്നിട്ടുണ്ട്.. ആദ്യമായിട്ടാണ് ഒരു ഹോട്ടലിൽ ബിരിയാണി കഴിക്കാൻ 15 മിനിറ്റ് ക്യൂ നിൽക്കുന്നത്. അതുപോലെ തിരക്കാണ്.. കാത്തിരിപ്പിനൊടുവിൽ കഥ നായകൻ എത്തി.. ബീഫ് ബിരിയാണി.. കൂടെ ഒരു ചിക്കൻ ബിരിയാണിയും. രണ്ടും പങ്ക് വെച്ച് കഴിച്ചു. ടേസ്റ്റ് എന്താണെന്ന് അറിയണല്ലോ..!! അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് ,അരുണിൻ്റെ മുഖത്ത് ഒരു സങ്കടം……. ??????
ചിക്കൻ ബിരിയാണിക്ക് ഉളളിൽ മുട്ട വെച്ചിട്ടില്ലാന്ന്..!! പണ്ട് കോട്ടയത്ത് വെച്ച് ബിരിയാണിക്ക് അകത്ത് നിന്നും മുട്ട കിട്ടിയപ്പോൾ അവർക്ക് അബദ്ധം പറ്റിയതാണ് എന്നോർത്തു ഒറ്റ വിഴുങ്ങിന് മുട്ട അകത്താക്കിയ ആളാണ് കക്ഷി (ചുമ്മ). അവന്റെ വിഷമം മാറ്റാൻ ഒരു ഹാഫ് ബീഫ് ബിരിയാണി കൂടി വാങ്ങി.. കണ്ടാൽ ഒരു ലുക്കില്ല എന്നെ ഉള്ളു.. ഭയങ്കര തീറ്റയാണ്..! ബിരിയാണി കഴിച്ചാൽ പിന്നെ മിൻ്റ് ലൈം കൂടി കുടിയ്ക്കണം.. അതാണ് അതിൻ്റെ ഒരു ഇത്.. ദൂരെ നിന്നും വരുന്നതാണെന്ന് മനസിലാക്കിയിട്ടാവണം,ബില്ല് അടയ്ക്കാൻ ചെന്നപ്പോൾ ക്യാഷർ ചേട്ടൻ ” എവിടുന്നാ വരുന്നേ, ബിരിയാണി ഇഷടപ്പെട്ടോ..” കോട്ടയത്ത് നിന്നും ഭക്ഷണം കഴിക്കാനായിട്ട് മാത്രം വന്നതാണെന്ന് അറിഞ്ഞ് അവർക്കും സന്തോഷം.. ശരിക്കും വയറൂം നിറഞ്ഞു മനസും നിറഞ്ഞു..
ശരിക്കും ഈ ടേസ്റ്റ് ഒക്കെ നമ്മുടെ ഒരോ തോന്നലുകൾ അല്ലേ.. നല്ല വിശപ്പുണ്ടെങ്കിൽ പച്ച ചോറിനും നല്ല രുചിയാണ്. കൂടാതെ എന്തു ഭക്ഷണമായാലും അത് സ്നേഹത്തോടെ വിളമ്പി തരുമ്പോൾ നമ്മൾ അതിൻ്റെ പോരായമകൾ മറക്കും.. അതാണല്ലോ വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഭക്ഷണം നമ്മുക്ക് എല്ലാവർക്കും പ്രിയപ്പെട്ടതാകുന്നത്.. എത്ര വല്ല്യ ഹോട്ടലിൽ നിന്നും കഴിച്ചാലും വീട്ടിലെ കഞ്ഞിയും മുളക് പൊട്ടിച്ചതും ചമ്മന്തിയുടെയും അത്രയും ടേസ്റ്റ് കിട്ടില്ല.. അതു വേറെ കാര്യം.
കുറച്ചു സമയം മാനാഞ്ചിറ ഗ്രൗണ്ടിൽ പോയിരുന്നു…. അൽപ സമയത്തെ വിശ്രമത്തിനു ശേഷം
മിഠായി തെരുവിലേക്ക്.. പോകുന്ന വഴി ഓരോ അവിൽ മിൽക്ക് കൂടി കുടിച്ചു.. മിഠായി തെരുവ് ഒന്ന് കാണേണ്ടത് തന്നെയാണ്.. ഒരു നാടിന്റെ സംസ്കാരവും ചരിത്രവും ഉറങ്ങി കിടക്കുന്ന മണ്ണ്..
പക്ഷെ കാലത്തിന് അനുസരിച്ചുളള മാറ്റം പ്രകടമാണ്.. മിഠായി തെരുവിൽ തുണികച്ചവടമാണ് ഇപ്പോൾ കൂടുതൽ.. കടയിലേക്ക് ആളെ വിളിച്ച് കയറ്റുന്ന കച്ചവടകാർ.. ആദായ വിലയിൽ തുണി വാങ്ങാൻ തിരക്ക് കൂട്ടുന്ന സ്ത്രീ ജനങ്ങൾ..
ഞങ്ങളുടെ ലക്ഷ്യം ശങ്കരൻ ബേക്കറിയാരുന്നു.. വർഷങ്ങളുടെ പാരമ്പര്യമുളള ഒരു ചെറിയ കട.. ഹലുവയിൽ രുചിയുടെ വൈവിധ്യങ്ങൾ തീർത്തിരിക്കുന്നു.. പച്ചമുളക് ഹലുവ,ഇളനീർ ഹലുവ, അത്തിപ്പഴം ഹലുവ, ഡ്രൈ ഫ്രൂട്ട്സ് ഹലുവ,മാംഗോ ,ഓറഞ്ച്, സ്ട്രോബെറി, ഗോതമ്പ് ഹലുവ.. എല്ലാത്തിൻ്റേം ടേസറ്റ് നോക്കി തന്നെ വയറു നിറഞ്ഞു.. വീട്ടിലേക്ക് ഒരു കിലോ ഹലുവ വാങ്ങി. സാധാരണ എവിടെ പോയാലും ഷോപ്പിങ് നടത്താറില്ല.. പക്ഷെ കോഴിക്കോട് വന്നിട്ട് ഹലുവ വാങ്ങിയില്ലെങ്കിൽ എങ്ങനാ..
നടന്ന് ക്ഷീണിച്ചു, നല്ല ദാഹം, ഓരോ നാരങ്ങ വെളളവും കുടിച്ചിട്ട് പതുക്കെ അവിടുന്ന് ബോബെ ഹോട്ടലിലേക്ക്.. വൈകിട്ട് അവിടെ ചൂട് പലഹാരങ്ങൾ കിട്ടുമെന്ന് നമ്മടെ റഹമതിലെ ക്യാഷെർ ചേട്ടൻ പറഞ്ഞിരുന്നു.. ബോബെ ന് ഓരോ സുലൈമാനിയും ഉന്നകായും കഴിച്ചിട്ട് ബീച്ചിലേക്ക് വെച്ച് പിടിച്ചു..
ബൈക്ക് പാർക്ക് ചെയ്തിട്ട് ഒരറ്റത്തു നിന്നും നടന്നു, ഞായറാഴ്ച ആയതിനാൽ നല്ല തിരക്കുണ്ട്.. കോഴിക്കോട് ബീച്ചിൽ രുചിയുടെ കലവറ തന്നെ ഉണ്ട്.. വൈകുന്നേരത്തോടെ സജീവമാകുന്ന ചെറിയ തട്ടുകടകൾ.. ചൂട് പലഹാരങ്ങൾ.. കല്ലുമകായയുടെ രുചി ഒന്നു പരീക്ഷിച്ചു.. ചിലയിടത്ത് പായസ കച്ചവടം.. മുന്നോട്ട് നടക്കുന്നതിനിടയിൽ ഒരു ആൾകൂട്ടം കണ്ട് അങ്ങോട്ട് പോയി.. തെരുവ് സർക്കസ് നടന്നുകൊണ്ടിരിക്കുന്നു.. ഒരു യുവാവ് കത്തിച്ചു പിടിച്ചിരിക്കുന്ന ചെറിയ തീ വളയതിലൂടെ കൃത്യമായി ചാടികടക്കുന്നു.. ഒരു യുവതി ചെറിയ ചെണ്ട കൊട്ടി ആളുകളുടെ ശ്രദ്ധ ക്ഷണിക്കുന്നു.. മറ്റൊരു സ്ത്രീ പണം വാങ്ങുന്നു.. വിശപ്പ് മാറ്റാൻ എല്ലാവരും ഓരോ ജോലികൾ ചെയ്യുന്നു..
വീണ്ടും മുന്നോട്ട് ..ഉപ്പിലിട്ട മാങ്ങായും നെല്ലിക്കായും മറ്റ് പല ഫലങ്ങളും വിൽക്കുന്ന കടകൾ..ഒരു പരീക്ഷണത്തിന് മുതിർന്നില്ല.. എല്ലാം കൂടി കഴിച്ചാൽ പണികിട്ടാൻ വഴിയുണ്ട്.. വീണ്ടും ഒരാൾ കൂട്ടം , കുലുക്കി സർബെത് കടയാണ്.. സർബെത് ഉണ്ടാക്കുന്നയാളുടെ ആക്ഷൻ കാണാനുളള തിരക്കാണ്. കുടിച്ചത് ഞങ്ങൾ ഉൾപ്പെടെ വിരളിൽ എണ്ണാവുന്ന അത്രേം ആളുകൾ..വയ്യ ഇനി ഒന്ന് ഇരിക്കണം.. 2 ഐസ് ഉരത്തിയതും വാങ്ങി അസതമയ സൂര്യനെ നോക്കി ഒരു തിട്ടയിൽ ഇരുന്നു.. പഴയ ഹിന്ദി പാട്ടുകളുടെ പശ്ചാത്തല സംഗീതം.. ഒരു പ്രായമായ ചേട്ടനാണു പാടുന്നത്.. അതിമനോഹരം..!!
ഐസ് ഉരത്തിയതും കഴിച്ചോണ്ട് കടലിന്റെ ഭംഗി ആസ്വദിച്ചങ്ങിരുന്നു.. വൈകുന്നേരം ആഘോഷിക്കാൻ എത്തുന്ന യുവാക്കൾ,കടലിൽ കളിക്കുന്ന കുട്ടികൾ, കുടുംബസമേതം എത്തിയവർ, മനസിൽ ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന വയോജനങ്ങൾ.. എല്ലാവരിലും സന്തോഷം നിറഞ്ഞു നിൽക്കുന്നു.. ഇതിന് ഇടയ്ക്ക് ഒറ്റയ്ക്ക് കടലിൻ്റെ വിശാലതയിലേക്ക് നോക്കിയിരിക്കുന്നവരേയും കാണാം..
കടൽ അങ്ങനെയാണ്.. പലരുടെയും സന്തോഷത്തിൻ്റെയും, പ്രണയത്തിന്റെയും, കണ്ണീരിന്റയുമൊക്കെ സാക്ഷിയാണ് കടൽ.. ഇരുന്നു നേരം പോയതറിഞ്ഞില്ല.. അത്താഴം കഴിക്കണം.. പെട്ടന്ന് ഇറങ്ങിയാൽ നേരം വെളുക്കുന്നതിന് മുൻപ് വീട്ടിലെത്താം. വേഗം ആദാമിൻ്റെ ചായക്കട തപ്പി ഇറങ്ങി.. ചായകട കാഴ്ചയിൽ തന്നെ മനസ്സ് കീഴടക്കി.. വ്യത്യസ്തമായ ഒരു ഹോട്ടൽ.. വിഭവങ്ങളുടെ പേരിൽ തന്നെ ഉണ്ട് പ്രത്യേകത..
ചിക്കൻ പൊട്ടി തെറിച്ചത്,ചുരുട്ടി കൂട്ടിയത്,ചിക്കൻ പാൽക്കാരൻ.. ചിക്കൻ മിഠായി.. ചായയിലും ഉണ്ട് പല വൈവിധ്യങ്ങൾ.. ഇഞ്ചിപ്പുല്ല് ചായ, ദുബായ് ചായ.. etc തൽക്കാലം ചിക്കന്റ പല അവസ്ഥന്തരങ്ങളാണ് ഞങ്ങൾ പരീക്ഷിച്ചത്.. കൊള്ളാം.. അതുപിന്നെ രുചിയുടെ ആസ്ഥാനത്ത് ഭക്ഷണം മോശമാകുമോ അല്ലേ.. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്.. രുചി കൊണ്ടും സ്നേഹത്തോടെ ഉള്ള പെരുമാറ്റം കൊണ്ടും കോഴിക്കോട് മനസ്സ് കീഴടക്കി..
കോഴിക്കോട് വ്യത്യസ്തമായ രുചി വിളമ്പുന്ന ഒരുപാട് ചെറിയ നല്ലകടകൾ ഉണ്ട്.. എല്ലാം പരീക്ഷിക്കണമെങ്കിൽ ഇങ്ങോട്ട് താമസം മാറ്റേണ്ടി വരും.. വീണ്ടും വരാം എന്ന് പറഞ്ഞ് ഞങ്ങൾ കോഴിക്കോടിനോട് വിട പറഞ്ഞു… ഉറക്കമകറ്റാൻ ഇടയക്ക് കട്ടൻ ഒക്കെ കുടിച്ച് , പതുക്കെ ഇങ്ങ് പോന്നു.. വെളുപ്പിനെ 3 ആയപ്പോൾ വീട്ടിൽ തിരിച്ചെത്തി..
വിവരണവും ചിത്രങ്ങളും – ശ്രീനാഥ് പി.എസ്.