ജനപ്രിയ വാഹനമായിരുന്ന അംബാസിഡര്‍ കാറുകള്‍ തിരികെ വരുന്നു..

ഒരുകാലത്ത് ഇന്ത്യയുടെ ജനപ്രിയ വാഹനമായിരുന്നു അംബാസിഡര്‍ കാറുകള്‍.  1960നും 70നും ഇടയ്ക്കുള്ള കാലഘട്ടത്തിലാണ് ആദ്യമായി അംബാസഡർ ഇന്ത്യൻ നിരത്തുകൾ കീഴടക്കുന്നത്. വൈകാതെ അംബാസഡർ ഒരു കാർ എന്നതിലുപരി ഇന്ത്യക്കാരുടെ വികാരമായി മാറി. ഇന്ത്യയിലെ സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രി വരെയുള്ളവരുടെ വാഹനം.  ഇന്ത്യയുടെ നഗരജീവിതത്തിന്റെ അവിഭാജ്യഘടകം.

1980 വരെ അംബാസഡർ തന്റെ ഈ മേധാവിത്തം തുടർന്നെങ്കിലും എണ്‍പതുകളുടെ പകുതിയില്‍ മാരുതി 800 ന്‍റെ വരവോടെ അംബാസിഡര്‍ യുഗത്തിന് മങ്ങലേറ്റു. പിന്നീട് ആഗോളവല്‍ക്കരണത്തിന്‍റെ കുത്തൊഴുക്കില്‍ നിരത്തുകള്‍ കീഴടക്കിയ വിദേശ കുത്തക മോഡലുകളോടും മത്സരിക്കാനാവാതെ വന്നതോടെ 2014ൽ അംബാസഡർ ഇന്ത്യൻ നിരത്തുകളിൽ നിന്ന് പൂർണമായും തുടച്ചു നീക്കപ്പെട്ടു.

അംബസാസിഡറിനെ ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ പ്യൂഷേ ഏറ്റെടുത്തത് 2017 ഫെബ്രുവരിയിലാണ്. ഇപ്പോഴിതാ അംബാസിഡറിന്‍റെ തിരിച്ചുവരവിന് വീണ്ടും ജീവന്‍വച്ചിരിക്കുന്നതായാണ് പുതിയ വാര്‍ത്തകള്‍. സികെ ബിർള ഗ്രൂപ്പുമായി സഹകരിച്ച് തമിഴ്നാട്ടിൽ നിർമാണ ശാല സ്ഥാപിച്ച പ്യുഷോ 2020 ൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനപ്രിയ സെഗ്മെന്റ് തന്നെ ലക്ഷ്യം വെയ്ക്കുന്ന പ്യൂഷോ അംബാസിഡർ എന്ന പേരിൽ വാഹനം പുറത്തിറക്കിയേക്കും. ഒരു കാലത്ത് ഇന്ത്യക്കാരുടെ ജനപ്രിയ കാറായിരുന്ന അംബാസിഡർ പോലൊരു ബ്രാൻഡ് നാമത്തിന് പ്യൂഷോയെ ജനകീയമാക്കാൻ സാധിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

എസ്‌സി1, എസ്‌സി 2, എസ്‌സി 3 എന്നീ വാഹനങ്ങളെ പ്യൂഷോ ഇന്ത്യയിലെത്തിക്കുമെന്നും 2020–ലെ ഓട്ടോഎക്സ്പോയിൽ ഈ വാഹനങ്ങളെ അവതരിപ്പിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാരുതി സുസുക്കിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ, ഹാച്ച്ബാക്ക് സ്വിഫ്റ്റ്, കോംപാക്റ്റ് സെഡാൻ ഡിസയർ എന്നിവയ്ക്കുള്ള എതിരാളികളായിരിക്കും ഈ വാഹനങ്ങള്‍. ഇവയില്‍ ഏതെങ്കിലുമൊന്നാവും അംബാസിഡറെന്നും സൂചനകളുണ്ട്.

ഇത് മൂന്നാംതവണയാണ് പ്യൂഷോ ഇന്ത്യയിലേക്ക് വരുന്നത്. പ്രീമിയർ ഓട്ടമൊബീൽസുമായുള്ള സംയുക്ത സംരംഭവുമായിട്ടായിരുന്നു പി എസ് എ ഗ്രൂപ്പിന്റെ ആദ്യ വരവ്. പ്യൂഷോ 309’ എന്ന ഒറ്റ മോഡലിനു ശേഷം തൊണ്ണൂറുകളോടെ ഇന്ത്യൻ വിപണിയോടു വിട പറഞ്ഞ കമ്പനി രണ്ടാം തവണ പുതിയ പ്ലാന്‍റ് സ്ഥാപിക്കാനായി  2011ൽ ഗുജറാത്തിൽ സ്ഥലം വാങ്ങിയിരുന്നെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

മൂന്നാംവരവില്‍ പ്രധാനമായും ഇന്ത്യൻ വിപണിക്കായി വികസിപ്പിക്കുന്ന കാർ മറ്റ് ആസിയാൻ വിപണികളിലും ആഫ്രിക്കൻ വിപണികളിലും പിഎസ്എ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Source – http://www.asianetnews.com/automobile/ambassador-car-come-back-to-india-roads

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply