തായമ്മാവുടെ കായ്‌കറിത്തോട്ടവും പുതുആണ്ടു കൊണ്ടാട്ടവും

വിവരണം – നിയാഫ്.

തായമ്മയുടെ വീട്ടിൽ അരിപ്പൊടികൊണ്ട് കോലം വരച് ഒരു പക്കാ തമിഴ്നാടൻ ശൈലിയിൽ ആയിരിന്നു ഇത്തവണത്തെ ന്യൂ ഇയർ ആഘോഷം. ഊട്ടി – ദൊഡ്ഡബെട്ട റൂട്ടിലൂടെ ഗ്രാമീണ ജീവിതം കാണാൻ ഇറങ്ങവേ അപ്രതീക്ഷിതമായാണ് തയമ്മാവുടെ തോട്ടത്തിൽ എത്തിപെടുന്നത്. ഫ്രഷ് ആയി പറിച്ചു വെച്ച ക്യാരറ്റും മുള്ളങ്കിയുമെല്ലാം എല്ലായിടത്തും കണ്ടെങ്കിലും ബൈക്ക് നിർത്താൻ കാരണം മഞ്ഞ നിറമുള്ള ഇത് വരെ കാണാത്ത ഒരു പച്ചക്കറി കണ്ടതിനാലാണ്.

ഉപ്പും മുളകും പോട്ട് അപ്പടിതാന് ശാപ്പിട മുടിയും ! ഒരു തരം കക്കിരി ആയിരുന്നു അത്. വില പേശിക്കൊണ്ടിരിക്കുമ്പോയാണ്‌ തായെ കാരറ്റ് തോട്ടത്തിലേക്ക് ഒരു വഴി ഉള്ളതു ശ്രദ്ധയിൽ പെടുന്നത്. ഇത് വരെ കണ്ട എല്ലായിടത്തും തോട്ടങ്ങൾക്ക് വേലി കെട്ടി തിരിച്ചു അന്യർക്ക് വിലക്ക് എഴുതി വച്ചിരുന്നു. കാരറ്റും സ്ട്രോബെറിയുമെല്ലാം തോട്ടത്തിൽ വിളഞ്ഞു നിൽക്കുന്നത് നേരിട്ട് കാണണം എന്ന ആഗ്രഹം നിറവേറ്റാനുള്ള സമയം ഇത് തന്നെ ആണെന്ന് അനുമാനിച്ചു.

മണി അഞ്ചു കഴിഞ്ഞിരുന്നു. ജീൻസ് തുളച്ചു തണുപ്പ് ഉള്ളിൽ കയറാൻതുടങ്ങിയതിനാലും, പിറ്റേന്ന് രാവിലെ തിരിച്ചു പോരേണ്ടതിന്നാലും ഇനി ഒരവസരം കിട്ടണമെന്നില്ല എന്നതു പരസ്പരം പറയുകയും ചെയ്തു. ഉള്ളിൽ കടക്കാൻ പറ്റില്ലെന്ന് ആരെന്കിലും പറഞ്ഞാൽ തിരിച്ചു പോരാം എന്ന മട്ടിൽ ക്യാമറ ജാക്കറ്റിൽ ഒളിപ്പിച്ചു നിറയെ വീടുകളുള്ള ആ ഭാഗത്തേക്ക് നടന്നു.

വഴി എത്തുന്നത് ഒരു വീടിന്റെ ഉമ്മറത്തേക്ക് ആയിരുന്നു. വീടിന്റെ മുന്നിൽ ഒരു പെൺകുട്ടി കോലം വരയ്ക്കുന്നുണ്ടായിരുന്നു. പെൺകുട്ടിയോട് ഉള്ളിലോട്ടു പോകാമോ എന്ന്‌ തിരക്കുമ്പോയേക്കും അകത്തു നിന്നും അവളുടെ അപ്പാ വാതിൽ പകുതി തുറന്ന് തലയിട്ടതും ഒരുമിച്ച് ആയിരുന്നു. തോട്ടങ്ങൾ കാണാൻ പറ്റുമോ എന്ന ചോദ്യം ആവർത്തിക്കേണ്ടി വന്നപ്പോൾ ഈ ഭാഗത്തേക്ക് വീടുകൾ ആണെന്നും പറ്റില്ലെന്നുമായിരുന്നു മറുപടി.

നാണംകെട്ട ഞങൾ തിരിച്ചു പോവാൻ ഒരുങ്ങുമ്പോയാണ്‌മ്പോഴാണ് വീടിന്റെ പുറകു വശത്തു നിന്നും തായമ്മ പ്രത്യക്ഷപ്പെടുന്നത്. “അന്ത ഇടമൊന്നുമേ പോകമുടിയാത് ആണാല്.. ഇന്ത പക്കം എന് തോട്ടം ഇരുക്കു… അത് പാക്കലാം” എന്ന്‌ പറഞ്ഞു കൊണ്ടു തായമ്മ കൃത്യസമയത്തു എവിടുന്നോ രജനി സ്റ്റൈലിൽ വന്ന് ഇറങ്ങുകയായിരുന്നു. മകന് ചെക്ക് ഇട്ടുകൊണ്ടുള്ള ഒരു മാസ്സ് എന്ററി തന്നെ ആയിരിന്നു തായമ്മയുടേത്. ആ ഇടപെടൽ വളരെ കൃത്യവും അനിവാര്യമായതുമായിരുന്നു.

പെൺകുട്ടി വരയ്ക്കുന്ന കോലത്തിൽ ചവിട്ടാതെ അരികിലൂടെ കയറി വരാന് തായമ്മ ആവശ്യപ്പെട്ടു. തായമ്മയുടെ വാക്കിന് അപ്പുറം ആ വീട്ടിൽ മറ്റൊന്നും ഇല്ലെന്ന പരമ സത്യം ആ ഒരൊറ്റ വാക്കിൽ മനസ്സിലാക്കിയ ഞങൾ അന്ത അപ്പാവെ മൈൻഡ് ചെയ്യാതെ തായമ്മയുടെ പുറകെ തലകുനിച്ചു നടന്നു. തായമ്മാവുടെ അടുക്കളതോട്ടത്തിൽ കാരറ്റ്നു ഒന്നര മാസം പ്രായം ആയിരുന്നു. സ്പ്രിന്ഗ് ളർ വെച്ചു നനക്കുന്ന തോട്ടത്തിൽ ക്യാബേജ്, കോളിഫ്ലവർ, ലെറ്റ്‌യുസ്, പലതരം മുള്ളങ്കികൾ, ബീറ്റ്റൂട്ട് എന്നിവ എല്ലാമാണുള്ളത്.

വലിയ കൃഷി ആയി ഇല്ലെങ്കിലും ഉള്ളി മുതൽ കടുക് വരെ ഏതാണ്ട് 25 ൽ അതികം പച്ചക്കറികളും സ്ട്രോബെറിയുമെല്ലാം വളർത്തിയിട്ടുണ്ട്. പുറത്തു നിന്നും ഒന്നും വാങ്ങേണ്ട എന്നും പറഞ്ഞു കൊണ്ടു ഓരോന്ന് ഓരോന്നായി പരിജയപ്പെടുത്തി. ഊട്ടിയിൽ നിന്നും വിത്ത് വാങ്ങി ചെങ്ങന്നൂർ കാരറ്റ് നട്ട് നോക്കണം എന്നുള്ളതിനാൽ രമേശ് തായമ്മയുടെ കൃഷി രീതികൾ ചോദിച്ചു അറിയുകയായിരുന്നു. തായമ്മ കേരളത്തിൽ എവിടെയോ ഉള്ള ഒരു ബന്ധുവിനെ കുറിച്ചു വാചാലയാവുകയും, എന്നെയും രമേശിനെയും ചായക്ക് ക്ഷണിക്കുകയും ചെയ്തു.

തായമ്മയോട് ഒരു ഫോട്ടോ പോസ് ചോദിച്ചപ്പോൾ ഡ്രെസ് എല്ലാ നല്ലത് ഇല്ലൈ എന്ന് പറഞ്ഞു മടി കാണിക്കുകയും എന്നാൽ ഫോട്ടോക് മുഖം തരുകയും ചെയ്തു. തായമ്മയുടെ പച്ചക്കറിതോട്ടം നടന്നു കണ്ടു തിരിച്ചു വരുമ്പോയേക്കും ഉമ്മറത്തു രണ്ട്‌ കോലം വരച്ചു തീർന്നിരുന്നു. പുതു ആണ്ടു ആഘോഷത്തിന്റെ ഭാഗമായി പെൺകുട്ടി കോലത്തിനു നടുവില് ഹാപ്പി ന്യൂ ഇയർ എഴുതാന് തുടങ്ങിയിരുന്നു.

വര തീർന്നപ്പോൾ തായമ്മയോട് കോലത്തിന്റെ ചിത്രം പകർത്താമോ എന്നു അനുവാദം ചോദിക്കുകയും… അനുവാദം തരുകയും ചെയ്തു. ക്യാമറ ഓൺ ചയ്യുമ്പോയെക്കും കാറ്റു വന്ന് എഴുത്ത് മായ്ഞ്ഞു. മായ്ഞ്ഞ ഭാഗങ്ങൾ തായമ്മ പൊടി കൊണ്ടു നന്നാക്കി വരക്കുമ്പോൾ ഒരല്പം പൊടി കയ്യിൽ വാങ്ങി ഹാപ്പി ന്യൂ ഇയർ എന്ന് എഴുതിയതിനു കട്ടി കൂട്ടി ഞാനും രമേശും തായമ്മയുടെ വീട്ടിലെ പുതു ആണ്ടു ആഘോഷത്തിൽ പങ്കാളികളായി.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply