ആഡംബര ബസ് വാടകയ്ക്കെടുത്ത് അന്തർ സംസ്ഥാന സർവീസിന് കെഎസ്ആർടിസി

അന്തർ സംസ്ഥാന റൂട്ടുകളിൽ ആഡംബര ബസുകൾ വാടകയ്ക്ക് എടുത്തു സർവീസ് നടത്താൻ കെഎസ്ആർടിസി പദ്ധതി തയാറാക്കി. മൾട്ടി ആക്സിൽ ബസുകൾ നിർമിക്കുന്ന വോൾവോ, സ്കാനിയ കമ്പനികളുമായി കെഎസ്ആർടിസി അധികൃതർ ഇതു സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി.

ഡ്രൈവർ, മറ്റു ജീവനക്കാർ എന്നിവ ഉൾ‌പ്പെടെ ബസുകൾ ഇരു കമ്പനികളും കെഎസ്ആർടിസിക്കു വാടകയ്ക്കു നൽകും. കെഎസ്ആർടിസിയുടെ കണ്ടക്ടർക്കായിരിക്കും സർവീസിന്റെ പൂർണ ചുമതല. ഓടുന്ന കിലോമീറ്ററിന് അനുസരിച്ചു ബസുകളുടെ വാടക കെഎസ്ആർടിസി നൽകും.

അറ്റകുറ്റപ്പണികൾ, ടോൾ, പെർമിറ്റ് തുടങ്ങിയവ സ്വകാര്യ ബസ് കമ്പനിയുടെ ചുമതലയിൽ ആയിരിക്കും. വാടകയ്ക്കു ബസുകൾ എടുത്തു വിജയകരമായി സർവീസ് നടത്തുന്ന കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ മാതൃകയാണു കെഎസ്ആർടിസി സ്വീകരിക്കുന്നത്. വിലയും ചെലവും ഏറിയ മൾട്ടി ആക്സിൽ ബസുകൾ കെഎസ്ആർടിസിക്കുണ്ടെങ്കിലും അവ ലാഭകരമായി സർവീസ് നടത്താൻ സാധിക്കുന്നില്ല. അറ്റകുറ്റപ്പണികൾ സമയ ബന്ധിതമായി നടത്താൻ സാധിക്കാത്തതു മൂലം പലപ്പോഴും സർവീസുകൾ മുടങ്ങുന്ന സ്ഥിതിയും ഉണ്ടായിരുന്നു.

സർവീസിൽ കൃത്യത നില നിർത്താൻ സാധിക്കാത്തതിനാൽ സ്ഥിരം ദീർഘ ദൂര യാത്രക്കാർ കെഎസ്ആർടിസി ഉപേക്ഷിച്ചു സ്വകാര്യ ബസ് സർവീസുകളെ ആശ്രയിക്കുന്ന സ്ഥിതിയും വന്നു. ഈ സാഹചര്യത്തിലാണു ബസുകൾ വാടകയ്ക്ക് എടുക്കുകയെന്ന നിർദേശം മന്ത്രി തോമസ് ചാണ്ടി മുന്നോട്ടു വച്ചത്. നേരത്തെ പലവട്ടം വാടക ബസുകൾ ആലോചിച്ചെങ്കിലും യൂണിയനുകളുടെ എതിർപ്പു മുലം ഉപേക്ഷിക്കേണ്ടി വന്നു. ബെംഗളൂരു, ചെന്നൈ, മംഗളുരു, മണിപ്പാൽ, സേലം, മധുര എന്നീ റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ വാടക ബസുകൾ ഓടിക്കുക. വാടക സംവിധാനം ലാഭകരമെന്നു കണ്ടാൽ മറ്റു റൂട്ടുകളിലേക്കും വ്യാപിപ്പിക്കും.

ബസുകൾ വാടകയ്ക്ക് എടുക്കുന്നതു വഴി മറ്റു സംസ്ഥാനങ്ങളിലെ ട്രാൻസ്പോർട്ട് കോർപറേഷനുകളുമായുള്ള തർക്കവും ഒഴിവാക്കാൻ സാധിക്കും. വാടക ബസുകൾ സാങ്കേതികമായി സ്വകാര്യ മേഖലയിലായിരിക്കും നില നിൽക്കുക. അതു മൂലം മറ്റു സംസ്ഥാനങ്ങളിൽ കെഎസ്ആർടിസി ഓടുന്ന കിലോമീറ്ററുകൾക്കു തുല്യമായി അവിടത്തെ കോർപറേഷൻ ബസുകൾക്കു പെർമിറ്റ് നൽകണമെന്ന മാനദണ്ഡം ബാധകമാകില്ല.

© മലയാള മനോരമ

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply