ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സുള്ള ഒരു കടുവയുടെ ത്രസിപ്പിക്കുന്ന കഥ

*റാന്തബോറിലെ രാജ്ഞി: ലോകത്തില്‍ ഏറ്റവും അധികം ഫാന്‍സ് ഉള്ള മച്ചിലി; ഒരു റോയല്‍ ബംഗാള്‍ കടുവയുടെ ത്രസിപ്പിക്കുന്ന കഥ*- ഇവള്‍ ഒരു കടുവയാണ്, കടുവകളിലെ രാജ്ഞി. ലോകത്തില്‍ ഏറ്റവും അധികം ചിത്രങ്ങളെടുക്കപ്പെട്ടിട്ടുള്ള കടുവ, ഭാരതത്തിനു ഒരു വര്‍ഷം ശരാശരി പത്തു മില്യന്‍ അമേരിക്കന്‍ ഡോളര്‍ വരുമാനം നേടിത്തന്നിരുന്ന കടുവ, സോഷ്യല്‍മീഡിയയില്‍ ലക്ഷകണക്കിനു ഫാന്‍സ് ഉള്ളതും, ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ചിരുന്നതുമായ കടുവ.

തന്റെ കുഞ്ഞുങ്ങളെ ആക്രമിച്ച പതിനാലു അടി നീളമുള്ള മുതലകളെ കൊന്നും, ഇരട്ടി വലിപ്പമുള്ള ആണ്‍ കടുവകളോടു പൊരുതി, അവയെ നിലം പരിശാക്കിയും ശീലമുള്ളവള്‍. വെറും ഓരായിരത്തില്‍ ഒതുങ്ങിയ നമ്മുടെ ദേശിയമൃഗത്തിനെ തിരികെ കൊണ്ടു വരാന്‍ വലിയ പങ്കുവഹിച്ച കടുവ. ഭാരതസര്‍ക്കാര്‍ അവളുടെ ചിത്രം തപാല്‍ സ്റ്റാമ്പുആയും, പോസ്റ്റല്‍ കവറായും ഇറക്കി ആദരിക്കുകയും ചെയ്തു. അവളാണ് റാന്തബോറിലെ രാജ്ഞിയെന്നു വിളിപ്പേരുള്ള ‘മച്ചിലി’ എന്ന റോയല്‍ ബംഗാള്‍ കടുവ. എന്തു കൊണ്ടു റോയല്‍ ബംഗാള്‍ കടുവ ഭാരതത്തിന്‍ ദേശിയ മൃഗമായതു എന്നു സ്വന്തം ജീവിതം കൊണ്ട് തെളിയിച്ചയൊരു ജീവന്‍. ഇതു അവളുടെ കഥയാണു. മച്ചിലിയുടെ കഥ.

റാന്തബോറിലെ, കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സംരക്ഷിതവനത്തിലാണു പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പേ ‘ മച്ചിലി ‘ (സര്‍ക്കാര്‍ രേഖകളില്‍ ) Tiger-16ന്റെ ജനനം . പല്ലിനും, എല്ലിനും , തോലിനും വേണ്ടി മനുഷ്യവേഷം പൂണ്ട ധാരാളം ദുഷ്ടജന്മങ്ങള്‍ നമ്മുടെ ദേശിയമൃഗത്തെ നാമാവശേഷമാക്കി കൊണ്ടിരുന്ന കാലത്താണ് എവിടെയോ ഒരിടത്ത് ഈയൊരു കുഞ്ഞു കടുവ ജനിക്കുന്നത്. നമ്മുടെ ഓരോരുത്തരുടെയും വിരല്‍ അടയാളം പോലെ തന്നെയാണു കടുവകളുടെ മേലുള്ള വരയും. ഓരോരോ കടുവയും നമ്മളെപ്പോലെ തന്നെ അപ്രകാരം വരകളില്‍ വ്യത്യസ്തമാണ് എന്നു മാത്രമല്ല ഒന്നിനെ പോലെ മറ്റൊന്നുണ്ടാകില്ല . അപ്രകാരം, ആ കുഞ്ഞു കടുവക്കുട്ടിയെ പാര്‍ക്ക് അധികൃതര്‍ പരിശോധിച്ചനേരം, മത്സ്യത്തിന്‍ രൂപമുള്ള ചിത്രം, വരകളായി അവളുടെ മേല്‍ കണ്ടെത്തി. മത്സ്യം എന്നാല്‍ ഹിന്ദിയില്‍ ”മച്ചിലി” എന്നാണല്ലോ , അതിനാല്‍ അവര്‍ അവളെ ”മച്ചിലി” യെന്നു വിളിച്ചു .

സംരക്ഷിതവനത്തില്‍ പാര്‍ക്ക് അധികൃതരുടെ സംരക്ഷണത്തില്‍ വിരലില്‍ എണ്ണാവുന്ന കടുവകളില്‍ ഒരാളായി അവള്‍ വളരുന്ന കാലത്ത്, അവര്‍ പോലും കരുതിയില്ല റാന്തമ്പോറിലെ കാടുകളിലെ രാജ്ഞിയാകും ഇവള്‍ എന്ന്. അവളെ റന്തമ്പോറിലെ രാജ്ഞിയെന്നു വിളിക്കുന്നതു വെറുതേ അലങ്കാരത്തിനല്ല, അതിനു പിന്നില്‍ മറ്റൊരു കഥയുണ്ട്.

റാന്തബോര്‍ ഒരു കടുവാ സംരക്ഷണകേന്ദ്രം ആകുന്നതിനുമുന്‍പ് ഒരു പുരാതന പട്ടണമായിരുന്നു, ഒരു ചെറു രാജ്യമായിരുന്നു, കോട്ടയും കൊത്തളവും രാജാവും പ്രജകളുമായൊരു സുന്ദര നോര്‍ത്ത് ഇന്ത്യന്‍ ചെറുരാജ്യം. രാജ്യപ്രതാപമൊക്കെ ക്ഷയിച്ച വേളയില്‍, ധാരാളം വര്‍ഷങ്ങള്‍ക്കുശേഷം റാന്തബോര്‍ ഒരു കടുവാ സംരക്ഷണകേന്ദ്രം ആക്കുന്നേരം, ആഡ്യത്വത്തിന്‍ അടയാളങ്ങളില്‍ ഒന്നായ ആ പഴയ കൊട്ടാരവും കാട് എടുത്തു. ചുരുക്കം ചില വേളകളില്‍ മാത്രം പൂജയുള്ള ഒരു പഴയ കൊട്ടാര ക്ഷേത്രവും അതിനുള്ളില്‍ ഉണ്ടായിരുന്നു. പൂജാചുമതകള്‍ തലമുറകളായി നടത്തിവരുന്ന പൂജാരിമാര്‍ തന്നെയാണു, യൗവനത്തില്‍ ഇവളെ ആദ്യമായി കണ്ടത്. ആ പഴേ കൊട്ടാരത്തിലെ മട്ടുപ്പാവിലും, മഞ്ചത്തിലും രാജകീയമായി കിടന്നു അവരെ നോക്കുന്നയൊരു ശൗര്യമുള്ള പെണ്‍കടുവ. ഒരു നോട്ടം കൊണ്ട് പോലും അവള്‍ അവരെ ഭയപ്പെടുത്തിയില്ല ഒരിക്കലും!

എന്തു കൊണ്ട് ”മച്ചിലി” സവിശേഷതകള്‍ നിറഞ്ഞവള്‍ ആകുന്നു എന്നാല്‍, ഒരു കടുവക്കുട്ടി ജനിച്ചു വളര്‍ന്നു വലുതായി വരാന്‍ ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വരും. മനുഷ്യരില്‍ നിന്നും മറ്റു കടുവകളില്‍ നിന്നും ഒക്കെയുള്ള വെല്ലുവിളി അതിജീവിച്ചാണ് അവയുടെ ജീവിതം. കുഞ്ഞുങ്ങള്‍ ഉള്ളൊരു പെണ്‍കടുവയെ കണ്ടു കിട്ടിയാല്‍, ഒരു അന്യ ആണ്‍കടുവ ആദ്യം ചെയ്യുക ആ കുഞ്ഞുങ്ങളെ കൊല്ലുക എന്നതാണ്. എന്നാല്‍ മാത്രമേ ആ പെണ്‍കടുവയുമായി ഇണചേരാന്‍ സാധിക്കുകയുള്ളൂ എന്നതു കൊണ്ട് മാത്രം. അന്നേരം ആണ്‍കടുവയുടെ അക്രമത്തിനു മുന്നില്‍, പെണ്‍കടുവയുടെ മാതൃത്വം ക്രൗര്യമായി മാറുന്നു.

കുട്ടികളെ രക്ഷിക്കാന്‍ ഉള്ള ശ്രമത്തിനു ഇടയില്‍ പെണ്‍കടുവയും കുട്ടികളും കൊല്ലപ്പെടുകയോ , അതിസാരമായി പരിക്കു പറ്റുകയോ ആണ് പൊതുവേ സംഭവിക്കുക . ഇനിയിപ്പോള്‍ രക്ഷപെട്ടാല്‍ കൂടി തന്നെ , വേട്ടയാടാന്‍ സാധിക്കാതെ, വിശന്നു വിശന്നു പെണ്‍കടുവയും കുട്ടികളും മരിക്കാറുമുണ്ട് എന്നാല്‍ ഈ സാഹചര്യത്തില്‍. അതെ വനത്തിലെ അറുപതു ശതമാനം കടുവകളും മച്ചിലിയുടെ കുട്ടികള്‍ ആണെന്നതാ മറ്റൊരു അത്ഭുതം. അതിനു കാരണം അവള്‍ അവളുടെ കുട്ടികള്‍ക്കു വേണ്ടി അത്രത്തോളം പൊരുതിയെന്നതു തന്നെയാണ്. ഏതാണ്ട് ഇരട്ടി വലിപ്പമുള്ള ഒരു ആണ്‍കടുവയോടു പൊരുതി ജയിക്കുക അത്ര എളുപ്പമല്ല. പല വട്ടം ആണ്‍കടുവകളുടെ അക്രമത്തില്‍ സാരമായി മുറിവേറ്റിട്ടുണ്ട് അവള്‍ക്ക്. അവളുടെ പല്ലുകളും, എന്തിനേറെ… ഒരു കണ്ണ് വരെ അങ്ങിനെ നഷ്ടമായിട്ടുമുണ്ട്.

പക്ഷെ അവളുടെ കുട്ടികള്‍ എന്നും സുരക്ഷിതര്‍ ആയിരുന്നു. അവര്‍ക്കു ഭക്ഷണം കൊടുക്കുന്നതിലും, വേട്ടയാടാന്‍ പഠിപ്പിക്കുന്നതിലും അവളെപോലെ വിദഗ്ധയായ മറ്റൊരു കടുവ ഇല്ലെന്നാണു അറിവ്. പകരം വയ്ക്കാന്‍ ഇല്ലാത്ത ആ ചങ്കൂറ്റം തന്നെയാണു എണ്ണത്തില്‍ ശോഷിച്ച കടുവകളെ വീണ്ടും മടക്കികൊണ്ട് വരാന്‍ ഒരു കാരണം. മച്ചിലിയെ കുറിച്ച് അറിഞ്ഞ വിദേശിയര്‍ അവളെ തേടി വന്നു തുടങ്ങി.

BBCയും അനിമല്‍ പ്ലാനെറ്റും നാഷണല്‍ ജിയോഗ്രാഫിക്കും ഒക്കെ അവളെ കുറിച്ച് ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തു. ആദ്യമായി മച്ചിലിയെ പുറം ലോകം കാണുന്നത് വര്‍ഷങ്ങള്‍ക്കു മുന്നേ അങ്ങിനെ ഒരു ഡോക്യുമെന്ററിയിലാണ്.

നേരിട്ടും അല്ലാതെയും മച്ചിലികാരണം ഇതുവരെ ഉണ്ടായ സാമ്പത്തിക ലാഭം ഏതാണ്ട് ഇരുനൂറു മില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആണ് എന്നതു തന്നെ ആശ്ചര്യമല്ലേ! കാട്ടിലെ രാജാവ് സിംഹം ആണെന്നോക്കെയാ പറയുക പൊതുവേ, പക്ഷെ വാസ്തവത്തില്‍ അത് മറിച്ചാണ്. സിംഹമല്ല, കടുവയാണ് ആ സ്ഥാനത്തിനു ഏറ്റവും അര്‍ഹ. കാരണം, സിംഹം ഒരു കൂട്ടമായി മാത്രം ജീവിക്കുമ്പോള്‍, കടുവകള്‍ തങ്ങളുടെ ജീവിതത്തില്‍ തൊണ്ണൂറു ശതമാനവും ഒറ്റയ്ക്കും, ഒറ്റപ്പെട്ടും തന്നെയാണു ജീവിക്കുക. മാത്രമല്ല, തന്നെക്കാളും വലിപ്പവും ശക്തിയുമുള്ള ജീവികളെ നേരിടാന്‍ സിംഹം ഒന്നു അറയ്ക്കും. എന്നാല്‍ കടുവകള്‍ രണ്ടാമതു ഒന്നു ആലോചിക്കാറില്ല , പ്രത്യേകിച്ചും കുഞ്ഞുങ്ങള്‍ ഉള്ളൊരു പെണ്‍കടുവ ഒട്ടും ആലോചിക്കില്ല, ആനയായാല്‍ കൂടി അത് ആക്രമിച്ചിരിക്കും.

ഒരു സെക്കന്റ് നേരത്തെയ്ക്കു നമ്മുടെ ഹൃദയമിടിപ്പ് നിര്‍ത്തിക്കാന്‍ തന്റെ ശബ്ദത്തില്‍, തന്റെ അലര്‍ച്ചയില്‍ സാധിക്കുന്ന കഴിവുള്ള മനോഹരമായ ഒരു സൃഷ്ടിയാണു നമ്മുടെ ദേശിയ മൃഗം. നമ്മുടെ ദേശിയമൃഗമായും, ദേവിയുടെ വാഹനമായും ഒക്കെ കടുവരൂപങ്ങള്‍ ആകുന്നതും മറ്റൊന്നും കൊണ്ടല്ല. ശാന്തതയും രൗദ്രതയും ഒന്നു ചേരുന്ന ഒരു മൃഗം ഉണ്ടേല്‍ അതൊരു റോയല്‍ ബംഗാള്‍ കടുവ തന്നെയാണ്.

തന്റെ ജീവിതം കൊണ്ട് ഒരു വലിയ ദൗത്യം ചെയ്തു തീര്‍ത്ത മച്ചിലി 2016ല്‍ വിടവാങ്ങി. ലോകത്തില്‍ ഏറ്റവും അധികം കാലം ജീവിച്ച കടുവയെന്ന അപൂര്‍വ്വ റെക്കോര്‍ഡും അപ്പോഴേക്കും അവള്‍ സ്വന്തമാക്കിയിരുന്നു. വിടവാങ്ങുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്നേ അവളെ പലപ്പോഴും കാണാതാകുമായിരുന്നു. എന്നാല്‍ വനത്തിലെ ക്യാമറയില്‍ വീണ്ടും അവള്‍ പ്രത്യക്ഷപ്പെട്ട് അത്ഭുതപ്പെടുത്തിയിരുന്നു, അല്‍പ്പം മുമ്പ് പിടിച്ച ഇരയുമായി. പല രീതിയിലും ആകസ്മികമായൊരു ജീവിതം ജീവിച്ച് അവള്‍ കടന്നുപോയി.

Copy.കടപ്പാട് പേരറിയാത്ത കുട്ടുകാരന്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply