കെ.എസ്.ആർ.ടി.സി.യുടെ മിന്നൽ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാർത്ഥിക്ക് കിട്ടിയ പണി..!!

ഉദുമ: തീവണ്ടിയുടെ വേഗതയെ തോൽപ്പിക്കാനാണ് മിന്നൽ സർവ്വീസിന് തുടക്കമിട്ടത്. കെ എസ് ആർ ടി സി എംഡിയുടെ പുതിയ പരീക്ഷണത്തെ യാത്രക്കാർ സ്വാഗതം ചെയ്തു. കൃത്യം സമയത്തിന് എത്തിക്കുന്ന ബസ് ആയി മിന്നിൽ മാറി. എംഡി രാജമാണിക്യത്തിന്റെ ഇടപെടലോടെ കെ എസ് ആർ ടി സിയിൽ വീണ്ടും വരുമാന വർദ്ധനവിന്റെ കഥയുമെത്തി. എന്നാൽ ഇതിന്  പാര വയ്ക്കാൻ ചിലരൊക്കെ ശ്രമിക്കുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ മിന്നലിന് തടസ്സമാകാൻ നിന്നാൽ പണി കിട്ടും. കെ.എസ്.ആർ.ടി.സി.യുടെ മിന്നൽ ബസ്സിനെ വട്ടംകറക്കി കാറോടിച്ച വിദ്യാർത്ഥിക്ക് കിട്ടിയത് പിഴശിക്ഷ ഇത് തെളിവാണ്.

കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. കാസർകോട്ടുനിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന ബസ്സിന്റെ വഴിമുടക്കി തലശ്ശേരി പുന്നോൽ മുതൽ കുഞ്ഞിപ്പള്ളിവരെ കാറോടിച്ച മെഡിക്കൽ വിദ്യാർത്ഥിക്കാണ് പിഴ അടയ്‌ക്കേണ്ടി വന്നത്. ചോമ്പാലയിലെത്തുമ്പോഴേക്കും കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് ദിവസം കഴിഞ്ഞാണ് കാർ വിട്ടുകൊടുത്തത്. മിന്നലിനുണ്ടായ വരുമാന നഷ്ടത്തിന് 5,000 രൂപ പിഴയും ഈടാക്കി. തലശ്ശേരിയിൽനിന്ന് കോഴിക്കോട്ടേക്കു പോവുകയായിരുന്ന അഴീയൂർ സ്വദേശി ഫൈസലാണ് മിന്നലിനെ വലച്ചത്. പുന്നോലിൽനിന്ന് ബസ്സിനെ മറികടന്ന കാർ ഏറെ നേരം ബസ്സിനെ പോകാനനുവദിക്കാതെ സഞ്ചരിച്ചു.

കാർ ഡ്രൈവറുടെ കുഴപ്പം മനസ്സിലാക്കിയ ബസ് യാത്രക്കാർ ഡ്രൈവറോട് പരാതിപ്പെടാൻ ആവശ്യപ്പെട്ടു. ഡ്രൈവർ ജഗദീഷ് കോഴിക്കോട് സോണൽ ഓഫീസിൽ പ്രശ്നം റിപ്പോർട്ട് ചെയ്തു. അവിടെനിന്ന് തിരുവനന്തപുരം കൺട്രോൾ റൂമിൽ വിവരമറിയിച്ചു. തുടർന്ന് വടകര ചോമ്പാല പൊലീസ് കാർ കസ്റ്റഡിയിലെടുത്തു. മൂന്നാം ദിവസം ബസ് കാസർകോട്ട് തിരിച്ചെത്തിയതിനുശേഷമാണ് വടകരയിലെ കെ.എസ്.ആർ.ടി.സി. ഇൻസ്പെക്ടർമാർ സ്റ്റേഷനിലെത്തി ചർച്ച നടത്തിയത്. പിന്നീട് പൊലീസ് പിഴയടപ്പിച്ച് കാർ വിട്ടുകൊടുത്തു.

കെ.എസ്.ആർ.ടി.സി. മിന്നൽ സർവീസിൽ എന്ത് തടസ്സം നേരിട്ടാലും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡിപ്പോകളിൽ എം.ഡി. രാജമാണിക്യത്തിന്റെ നിർദ്ദേശമുണ്ട്. തീവണ്ടിയെക്കാൾ വേഗത്തിൽ തിരുവനന്തപുരത്തുനിന്ന് കാസർകോട് വരെ എത്താമെന്നതാണ് മിന്നൽ സർവ്വീസിന്റെ പ്രധാന വാഗ്ദാനം. ഇത് തെറ്റരുതെന്നാണ് രാജമാണിക്യത്തിന്റെ ഉറച്ച നിലപാട്. ഇത് തന്നെയാണ് കാറുകാരന് പിഴ നൽകേണ്ട സാഹചര്യം ഉണ്ടാക്കിയതും.

 

Source – http://www.marunadanmalayali.com/news/keralam/minnal-bus-80812

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

One comment

  1. നിക്ക്

    മുന്നേ ഓടി പാര വെക്കുന്ന സ്വകാര്യ ബസ്സുകള്‍ക്ക് എതിരെ വല്ലതും ???? അതല്ലേ ആദ്യം വേണ്ടത്

Leave a Reply