ഇന്നും ഒരത്ഭുതമായി മൂന്നാർ – കൊടൈക്കനാൽ എസ്കേപ്പ് റോഡ്…

റോഡ്സ്, വോയേജസ്‌ ആന്റ് ടെയിൽസ് ഓഫ് അഡ്വഞ്ചർ (Roads, Voyages and Tales of adventure) ഫേസ് ബുക്ക് പേജിന് വേണ്ടി ഷിംനിത്ത് എഴുതിയത്.  ഫേസ് ബുക്ക് പോസ്റ്റ്  ലിങ്ക് – https://www.facebook.com/permalink.php?story_fbid=595781300596597&id=508153476026047.

രണ്ടാം ലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കുകയാണ്. ജപ്പാനും ജർമ്മനിയും ഇറ്റലിയും ഉൾപ്പെടുന്ന അച്ചുതണ്ട് ശക്തികളായിരുന്നു യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ മുന്നിട്ട് നിന്നിരുന്നത്. ഇംഗ്ലണ്ട് ഉൾപ്പെടുന്ന സഖ്യകക്ഷികൾ പലയിടത്തും പരാജയം രുചിച്ചു തുടങ്ങിയിരുന്നു. ബ്രിട്ടീഷിന്ത്യയിലെ മദ്രാസ് പട്ടണത്തിൽ ജപ്പാനീസ് വ്യോമസേനയുടെ വിമാനങ്ങൾ ബോംബിംഗ് നടത്തി. ഭയപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ അധികം നാശനഷ്ടങ്ങൾ ഉണ്ടാക്കാത്ത ബോംബുകളായിരുന്നു വർഷിച്ചതെങ്കിലും, നാമമാത്രമായ നാശ നഷ്ടങ്ങളേക്കാളധികം പരിഭ്രാന്തി പരത്താൻ അവർക്ക് സാധിച്ചു. കടലിലൂടെയുള്ള ജപ്പാനീസ് അധിനിവേശമുണ്ടായേക്കാമെന്ന ഭയത്തിൽ പല സമ്പന്ന കുടുംബങ്ങളും താമസം പഴനി മലനിരകളിലെ ചെറുപട്ടണമായ കൊടൈക്കനാലിലേക്ക് മാറി.

കിഴക്കൻ തീരത്ത് നിന്ന് ജപ്പാനീസ് ആക്രമണം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പടിഞ്ഞാറൻ തീരത്തുള്ള കൊച്ചി തുറമുഖം വഴി ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടാൻ ബ്രിട്ടിഷുകാർ പദ്ധതികൾ തയ്യാറാക്കി. കിഴക്കൻ തീരത്തിനും പടിഞ്ഞാറൻ തീരത്തിനുമിടയിൽ ഒരു വൻമല പോലെ നിലകൊണ്ടിരുന്ന പശ്ചിമഘട്ടത്തെ താണ്ടി വേണമായിരുന്നു ഏതൊരു രക്ഷപ്പെടാനുള്ള വഴിയും ആസൂത്രണം ചെയ്യാൻ.

മദ്രാസ് മുതൽ പശ്ചിമഘട്ടത്തിന്റെ താഴ്വാര പട്ടണമായ തേനി വരെ മോട്ടോർ വാഹനങ്ങൾക്ക് സഞ്ചാരയോഗ്യമായ റോഡുണ്ടായിരുന്നു. മറുവശത്ത് കൊച്ചി തുറമുഖം മുതൽ പശ്ചിമഘട്ടത്തിന്റെ മറുതാഴ്വാരമായ മൂന്നാർ പട്ടണം വരെ മോട്ടോർ റോഡും, മൂന്നാർ മുതൽ ടോപ്പ് സ്റ്റേഷൻ വരെ എസ്‌റ്റേറ്റ് റോഡും നിലവിലുണ്ടായിരുന്നു. ടോപ്പ് സ്റ്റേഷനിൽ നിന്ന് പശ്ചിമഘട്ടം കടക്കാൻ തേനിയെക്കാൾ എളുപ്പവും ദൂരം കുറവും കൊടൈക്കനാൽ വഴിയായിരുന്നു. തേനിക്കടുത്തുള്ള ബത്തലഗുണ്ടിൽ നിന്നും കൊടൈക്കനാൽ വരെ ലോസ് റോഡ് (Law’ട Road) 1915ൽ തന്നെ മോട്ടോർ വാഹനങ്ങൾക്കായി തുറന്നു കൊടുത്തിരുന്നു.

കൊടൈക്കനാലിൽ നിന്ന് ടോപ്പ് സ്റ്റേഷൻ വരെ ബെരിജാം തടാകം കടന്ന്, വന്തരവ് കൊടുമുടിയോട് ചേർന്ന് ഒരു വഴിക്കായി ആദ്യം മുതൽ തന്നെ ബ്രിട്ടീഷുകാർ ശ്രമിച്ചിരുന്നു. ഇതിനിടയിലെ ബെരിജാം ലേക്ക് ടോപ്പ് സ്റ്റേഷൻ റോഡ് 1925ൽ തന്നെ തുറന്നിരുന്നെങ്കിലും അങ്ങേയറ്റം ബുദ്ധിമുട്ടേറിയ ഭൂമിശാസ്ത്ര മേഖലയിലൂടെ വേണം കടന്നു പോകാൻ എന്നതിനാൽ വാഹനങ്ങൾക്ക് തുടക്കം മുതൽ തന്നെ അപ്രാപ്യമായിരുന്നു ഈ വഴി. ബെരിജാം ലേക്കിൽ നിന്ന് കൊച്ചിയിലേക്ക് 160 മൈൽ ആണ് ദൂരം. 8375 അടി ഉയരത്തിലുള്ള വന്തരവ് കൊടുമുടിയോട് ചേർന്ന് പരമാവധി 8140 അടിവരെ ഉയരത്തിലൂടെയാണ് ഈ റോഡ് കടന്നു പോകുന്നത്. മഴക്കാലത്തും മറ്റും തീർത്തും അസാധ്യമായിരുന്നു ചതുപ്പുകൾ നിറഞ്ഞ ഇതിലൂടെയുള്ള സഞ്ചാരം. ഇത് നവീകരിച്ച് ഗതാഗതയോഗ്യമാക്കുകയായിരുന്നു ബ്രിട്ടീഷുകാർക്ക് മുന്നിലെ ആദ്യത്തെ കടമ്പ.

ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ എന്ന പ്രയോഗത്തെ അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുകയായിരുന്നു ബ്രിട്ടീഷ് മിലിട്ടറിയുടെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം. ഏതാനും ആഴ്ചകൾക്കുള്ളിൽ കാളവണ്ടികൾക്ക് പോകാവുന്ന രീതിയിലും മാസങ്ങൾക്കുള്ളിൽ മോട്ടോർ വാഹനങ്ങൾക്ക് യാത്രാ യോഗ്യമാക്കിയും അവർ ആ റോഡ് നവീകരിച്ചെടുത്തു.

അങ്ങനെ രക്ഷപ്പെടാൻ വേണ്ടി വികസിപ്പിച്ചെടുത്ത ഈ റോഡ് എസ്കേപ്പ് റോഡ് എന്ന് അറിയപ്പെടാൻ തുടങ്ങി. യുദ്ധാനന്തരവും സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞും ഈ റോഡിലൂടെ ചരക്ക് കടത്തും യാത്രയും തുടർന്നു പോന്നു. 1990 വരെ സാഹസികമായാണെങ്കിലും ഇതിലൂടെയുള്ള യാത്ര സാധ്യവും നിയമപരവുമായിരുന്നു. കേരളം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന വഴിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലി കേരള ഹൈവേസ് ഡിപ്പാർട്ട്മെൻറും തമിഴ്നാട് വനം വകുപ്പും തമ്മിൽ തർക്കങ്ങൾ ഉടലെടുക്കുകയും അനന്തരഫലമായി ഗതാഗതം പൂർണ്ണമായും നിരോധിക്കുകയും ചെയ്തു.

റൂട്ട് ഇങ്ങനെ :  കൊടൈക്കനാൽ – മോയിർ പോയൻറ് – Goschen റോഡ് ഫൗണ്ടേഷൻ സ്റ്റോൺ – അല്ലിനഗരം റിസർവ് ഫോറസ്റ്റ് – ബെരിജാം ലേക്ക് – കൊണലാർ ഡാം – കത്തിരിക്കെ പാലം – പുലവച്ചിയാർ പാലം – വന്തരവ് പീക്ക് – പാമ്പാടും ഷോല നാഷണൽ പാർക്ക് – ടോപ്പ് സ്റ്റേഷൻ – മൂന്നാർ – കൊച്ചി.

ഇപ്പോഴത്തെ അവസ്ഥ : കൊടൈക്കനാലിൽ നിന്ന് Goschen റോഡിന്റെ ഫൗണ്ടേഷൻ റോഡ് വരെ തടസ്സങ്ങളൊന്നുമില്ലാതെ സഞ്ചരിക്കാം. അവിടെ നിന്ന് ബെരിജാം ലേക്കിലേക്ക് പോകാൻ മുൻകൂട്ടി കൊടൈക്കനാൽ DFO യുടെ പെർമിഷൻ വേണം. ഒരു ദിവസം വളരെ കുറച്ച് ആൾക്കാർക്കും വാഹനങ്ങൾക്കും മാത്രമേ പെർമിഷൻ കിട്ടുകയുള്ളൂ. ബെരിജാം ലേക്ക് മുതൽ പാമ്പാടും ഷോല പാർക്ക് വരെ റോഡ് ഇല്ല എന്ന് തന്നെ പറയാം. മരങ്ങൾ വളർന്നും വനം വകുപ്പുകൾ കിടങ്ങുകൾ നിർമ്മിച്ചും പാലങ്ങൾ തകർന്നും പുതിയ അരുവികളും ചതുപ്പുകളും രൂപപ്പെട്ടും റോഡ് ഏകദേശം മുഴുവനായും ഇല്ലാതായി. വന്തരവ് പീക്ക് കഴിഞ്ഞ് പാമ്പാടും ഷോല പാർക്കിന്റെ ചെക്ക് പോസ്റ്റ് വരെ ഇടക്ക് തകർന്ന രീതിയിലുള്ള റോഡ് ഉണ്ട്. കേരള വനംവകുപ്പിന്റെ ട്രെക്കിംഗ് പാക്കേജുകൾ ഇവിടെ വരെ പ്രവേശിക്കാൻ അനുമതി തരുന്നുണ്ട്. ചെക്ക് പോസ്റ്റ് മുതൽ ടോപ്പ് സ്റ്റേഷൻ വഴി മൂന്നാർ വരെ സാധാരണ രീതിയിൽ ഗതാഗത യോഗ്യമായ റോഡ് ഉണ്ട്.

സമാന്തര പാതകൾ : കൊടൈക്കനാൽ – മോയിർ പോയന്റ് – പൂമ്പാറ – മന്നവനൂർ – പൂണ്ടി – ക്ലാവര -കടവേരി – കുറിഞ്ഞിമല നാഷണൽ പാർക്ക് – കൊട്ടാക്കമ്പൂർ – കോവിലൂർ – വട്ടവട – പാമ്പാടും ഷോല നാഷണൽ പാർക്ക് – ടോപ്പ് സ്റ്റേഷൻ – മൂന്നാർ. ഇത് വഴി കൊടൈക്കനാൽ – ക്ലാവര വരെയും കൊട്ടാക്കമ്പൂർ – മൂന്നാർ വരെയും സഞ്ചാരയോഗ്യമായ റോഡുണ്ട്. ക്ലാവര – കൊട്ടാക്കമ്പൂർ ഓഫ് റോഡ് ട്രെയിൽ ഉണ്ടെങ്കിലും ഇത് വഴിയുള്ള യാത്ര നിയമവിരുദ്ധവും അപകടകരവുമാണ്.

ഈ വഴി പുനർ നിർമ്മിക്കാൻ റിസോർട്ട് മാഫിയകൾ ഉൾപ്പെടെ പല കേന്ദ്രങ്ങളിൽ നിന്നും സമ്മർദം ശക്തമാണ്. ഇത് സാധ്യമായാൽ ദക്ഷിണേന്ത്യയിലെ രണ്ട് പോപ്പുലർ ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറും കൊടൈക്കനാലും ട്വിൻ – സ്പ്പോട്ടുകൾ ആയി മാറുകയും ടൂറിസ്റ്റുകളുടേയും വാഹനങ്ങളുടേയും എണ്ണം പതിന്മടങ്ങ് വർദ്ധിച്ച് ആവാസ വ്യവസ്ഥയിലും പരിസ്ഥിതിയിലും വൻതോതിലുള്ള ആഘാതങ്ങൾ ഉണ്ടാക്കി സ്വാഭാവിക വനത്തെ മറ്റൊരു മാലിന്യ ഭൂമിയാക്കി മാറ്റും.

ഏഷ്യയിൽ തന്നെ ഒരേയിടത്ത് ഏറ്റവും കൂടുതൽ കാട്ടുപോത്തുകളെ ഒരുമിച്ച് കാണാൻ കഴിയുന്നത് വന്തരവ് പീക്കിന്റെ പരിസര പ്രദേശങ്ങളിലാണ്. മോട്ടോർ വാഹനങ്ങളുടെയും ഉത്തരവാദിത്തമില്ലാത്ത സഞ്ചാരികളുടേയും നിരന്തര പ്രയാണത്തിന്റെ ഫലമായി അവയുടെ തനത് ആവാസ വ്യവസ്ഥിതി നശിക്കുകയും ചെയ്യും. ഇതിന് ബദൽ മാർഗ്ഗമായി വട്ടവട – കടവേരി -ക്ലാവര റോഡ് വികസിപ്പിക്കാനുള്ള സമ്മർദ്ദവും ശക്തമാണ്. കുറിഞ്ഞിമല നാഷണൽ പാർക്കിന്റെ ഹൃദയത്തിലൂടെ ഇങ്ങനെ ഒരു വഴി വന്നാൽ പരിസ്ഥിതിക്ക് ഏൽക്കുന്ന ആഘാതത്തിനെ അളക്കാൻ പോലും ആവില്ല.

ചരിത്രം ചരിത്രമായും പ്രകൃതി പ്രകൃതിയായും നിലകൊള്ളട്ടെ. പ്രകൃതിയെ സംരക്ഷിക്കാനും വനങ്ങളെയും വന്യജീവികളേയും നശിപ്പിക്കാതിരിക്കാനും നമുക്ക് ഈ വഴികൾ പുനർനിർമ്മിക്കാതെ അതേ പോലെ നിലനിർത്താം.

Check Also

പ്രണയദിനത്തിൽ കാമുകി നൽകിയ വ്യത്യസ്തമായ ഒരു ഗിഫ്റ്റ്..

വിവരണം – റസാഖ് അത്താണി. “ഇക്കാ നാളെ എന്താ പ്രത്യേകതായെന്നറിയുമോ?” രാത്രിയിലെ സംസാരത്തിനിടയിലാണ് അവൾ ആ ചോദ്യം ചോദിച്ചത്. നാളെ …

Leave a Reply