എന്നെ തിരിച്ചു വിളിച്ച ഒരു ദ്വീപ്.. കാപ്രി!.ഇറ്റലി!

വിവരണം – Derindavis Chalakudy.

വിസ്മയങ്ങൾ മാത്രം തീർത്ത ഒരു ദ്വീപ്, തെക്കൻ ഇറ്റയിലെ കാപ്രി.10.4 km മാത്രം ഉള്ള വർണിക്കാൻ വാക്കുകൾ ഇല്ല എനിക്ക്,അത്രയധികം എന്നെ ആകർഷിച്ച ഒന്ന്.എന്റെ കണ്ണിന് ഇത്ര നല്ല കാഴ്ചകൾ കിട്ടിയിട്ടുള്ള വേറെ സന്ദർഭം ഉണ്ടോ എന്ന് സംശയമാണ്‌. എത്തിപ്പെടാനായിട്ട് കാശും അതിലുപരി ജോലിയിൽ നിന്നുള്ള അവധി ദിനം കൂടെ എല്ലാം ഒരുമിച്ചു വരണം അതാണ് കഷ്ടം.. പക്ഷേ അതൊക്കെ ഒത്തു കിട്ടിയപ്പോ വെച്ചു പിടിച്ചു കാപ്രി..മ്മടെ മുത്താണ്.. 2 ആം വട്ടമാണ് ഞാൻ പോകുന്നത്. യാത്ര ഇഷ്ടമായത് കൊണ്ട് കഴിഞ്ഞ വട്ടം പോയത് സോറെന്തോ പോർട്ടിൽ നിന്നുമാണ്.

ആരാണ് ഒരു ചെയ്യ്ഞ്ച് ആഗ്രഹിക്കാത്തത്.. അപ്പൊ പോർട്ട് മാറ്റി അങ്ങു നേപ്പിൾസ് ആക്കി ഈ വട്ടം.കാപ്രിയിലേക്ക് എത്തിച്ചേരാൻ സോറെന്തോ, നേപ്പിൾസ്, അമാൽഫി എന്നിവിടങ്ങളിൽ നിന്നും ബോട്ട് സർവീസ് ഉണ്ട്. സോറെന്തോയിൽ നിന്ന് ചാർജ് 16,17 യൂറോ( ബോട്ട് പല കമ്പനികളുടെ സർവീസ് ഉണ്ട്. സീസൺ ടൈമിൽ നേരിയ വ്യത്യസം ഉണ്ടാകും). നേപ്പിൾസിൽ നിന്നും 21 യൂറോ ആണ് സ്റ്റാർട്ടിങ് റേറ്റ്. അമാൽഫിയിൽ നിന്നുമുള്ളത് അറിയില്ല..1 ദിവസം കൊണ്ട് കാപ്രി കണ്ടുതീർക്കണം എന്ന മോഹം ഉണ്ടായി, പക്ഷെ നടക്കില്ല എന്നു വളരെയധികം സങ്കടത്തോടെ പറയട്ടെ(എന്റെ ഒരു അഭിപ്രായം).പോകുന്ന സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യാൻ ആണ് ഇഷ്ടം,അതുകൊണ്ടു ഇവിടെ പ്രധാനമായും ഇവിടെ കാണേണ്ട കാഴ്ചകൾ ഞാൻ കണ്ടു. അതു നിങ്ങൾക്കു ഞാൻ കാണിച്ചു തരാം..

ബോട്ടിലാണ് യാത്ര, 45 – 50 മിനിട്ടോളം എടുക്കും കാപ്രി എത്താൻ. 8.40 നു നേപ്പിൾസിൽ നിന്നു ബോട്ട് പുറപ്പെട്ടു.കാലത്തു തണുത്ത കാറ്റുണ്ടായിരുന്നു. കടൽ കാറ്റു നല്ലോണം അടിച്ചപ്പോ ഇത്തിരി വിറച്ചു.എന്നാലും ഒരു ജാക്കറ്റ് കരുതിയതുകൊണ്ടു അഡ്ജസ്റ് ചെയ്തു.പക്ഷേ സമയം അതൊരു വലിയ വില്ലനായ ദിവസം ആയിരുന്നു എന്റെ ആ ദിവസം. കാലത്തു 9.30 കൂടി കാപ്രി മാരെ ഗ്രാൻന്തെ,അതാണ് സ്ഥലപേര്..(കാപ്രിപോർട്ട്) ഇവിടെയാണ്.വന്നിറങ്ങി ആദ്യം മോന്തെ സോളാരെ കാണാൻ പോയി.ബസിനും ബോട്ടിനും ടിക്കറ്റ് കിട്ടുന്ന സ്ഥലം അടുത്താണ്.കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുക്കുകയാണെങ്കിൽ ബസിന്റെ ടിക്കറ്റിനു 2 യൂറോ,. ടിക്കറ്റ് ബസിന്റെ ഉള്ളിലും കിട്ടും.2.50 യൂറോ ആണ് ചാർജ്.കാപ്രിയിൽ ടാക്സി സർവീസും ഉണ്ട് മിനിമം ചാർജ് 20 യൂറോ ആണ്.മുകൾ ഭാഗം തുറന്ന കാഴ്ചകൾ കാണാൻ പറ്റിയ ടാക്സി.ശ്രീലങ്കൻ ആളുകളും ടാക്സി ഓടിക്കുന്നുണ്ട് ഇവിടെ.അന്നാ കാപ്രിയിലേക്ക് വണ്ടി കയറി. സമുദ്രനിരപ്പിൽ നിന്നും 600 മീറ്റർ ഉയരത്തിൽ ഉള്ള മോന്തെ സോളാരെ,ചെയർ ലിഫ്റ്റിൽ ആണ് മുകളിലേക്കുള്ള യാത്ര.

11 യൂറോ ആണ് പോകാനും തിരിച്ചു വരാനും ഉള്ള ഫീസ്.ഇനി ട്രക്കിങ് ഇഷ്ടപ്പെടുന്നവർക് തിരിച്ചു നടന്നു ഇറങ്ങാൻ ഒരു അവസരം ഉണ്ട്‌.1 സൈഡ് ടിക്കറ്റ്‌ 8 യൂറോ എടുത്തു തിരിച്ചു പ്രകൃതി ഭംഗി ആസ്വദിച്ചു 40 മിനിട്ടോളം നടന്നു ഇറങ്ങാം. ടോപ്പിൽ നിന്നും കാപ്രി മാരെ ഗ്രാൻന്തെ,മാരെ പിക്കോളെ ഒരുവിധം മുഴുവനും കാണാം.പിന്നെ കാപ്രി എന്നു പറയുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് ഓടിവരുന്ന ഒരു ചിത്രം ഉണ്ട് അത് എടുക്കാൻ പറ്റാതോണ്ടു ഗൂഗിൾ ചേട്ടന്റെന് കടം എടുത്തിട്ടുണ്ട്. ആ കാഴ്ച്ച എനിക്കു മിസ്സ് ആയി.കോടമഞ്ഞു നൈസ് ആയിട്ടു പണിതന്നു.അതുകൊണ്ടു കാപ്രി പോകുന്നവർ ആദ്യം മോന്തെ സോളാരെ അല്ലാതെ വേറെ സ്ഥലം കാണാൻ ശ്രധിക്കുക. ഇഷ്ടമുള്ളത് കൊണ്ടും ട്രക്കിങ് വളരേയധികം ഇഷ്ടപെടുന്ന ആളായതുകൊണ്ടും ഞാൻ തിരിച്ചു അതൊക്കെ ആസ്വാദിച്ചു നടന്നാണ് വന്നത്.അന്നാ കാപ്രിയിൽ തിരിച്ചു വന്നു.

പിന്നെ കാണാൻ പോയത് വില്ല.സാൻ മിഖായേലെ ആണ്.വലിയ ക്യു ആയിരുന്നു. സമയകുറവുമൂലം അകത്തു കയറാൻ സാധിച്ചില്ല.ചെറിയ നടപ്പാതയാണ് അവിടെ,ഒരു സൈഡിൽ തെരുവോര കച്ചവടം,മറ്റേ സൈഡിൽ മരങ്ങളും. ഇത്തിരി തണലും മരങ്ങളെ ഭേദിച്ചു വരുന്ന വെയിലും വഴിയോര കച്ചവടവും പൊടിപൊടിക്കുണ്ട് ഇവിടം. കാപ്രിയിൽ പെർഫ്യൂം,ചെരിപ്പും ഉണ്ടാക്കുന്നത് കാണാം. ഇതു കണ്ടാൽ ആരും ഒന്നു നോക്കിപോകും വില കേട്ടാൽ മേടിക്കാതെ പോകേം ചെയ്യും!! പക്ഷേ സംഭവം സൂപ്പറാ ഞാൻ മേടിച്ചു ഒരു പെർഫ്യൂം.വില്ല. സാൻ മിഖായേലെ കഴിഞ്ഞു മുൻപോട്ടു നടന്നാൽ കാപ്രിയുടെ ഒരു അടിപൊളി കാഴ്ച്ച കാണാം.കാപ്രിയുടെ കടലിന്റെ ഒരു പ്രത്യേകതയാണ്‌ നീലനിറം വളരെ കൂടുതലാണ്.കടലിന്റെ നീല നിറം നമ്മളെ മറ്റൊരുലോകത്തു എത്തിക്കും.പിന്നെ ഒരു പ്രത്യേകത കടൽ തീരത്തു മണൽ അല്ലാ ചരൽ ആണ്.ചിത്രം താഴെ ഉണ്ട്.അന്നാ കാപ്രി ബസ് സ്റ്റാൻഡിൽ നിന്നും ഗ്രോത്ത അസ്സൂറോ കാണാൻ പോയി.

സൂര്യ പ്രകാശം വെള്ളത്തിൽ അടിക്കുമ്പോൾ നീല നിറം കാണുന്ന ഒരു പ്രതിഭാസം കാണേണ്ടത് തന്നെ.കാണാൻ 14 യൂറോ ആണ് പാസ്സ്.സത്യം പറഞ്ഞാൽ കണ്ടു മതിയായില്ല, അതിനുള്ളിൽ വഞ്ചി കറക്റ്റ് പോകാനുള്ള സ്ഥലമേ ഉള്ളു. വഞ്ചിയിൽ കിടന്നു വേണം അകത്തു കയറാൻ..ഉള്ളിൽ കയറിയപ്പോൾ വഞ്ചിക്കാരൻ ഒരു മൂളിപ്പാട്ട് പാടി യാത്രക്കാരെ കേൾപ്പിക്കുണ്ടായിരുന്നു.എന്റെ സാറേ!! പിന്നെ ഒന്നും ഓർമയില്ല!!. പുറത്തു വരണം എന്നില്ലാർന്നു.. അവസാനം ഇറങ്ങി പോന്നു.എല്ലാ 40 മിനിറ്റു കൂടുമ്പോളും ബസ് സർവീസ് ഉണ്ട്ട്ടോ.ചെറിയ വഴികൾ ആയതുകൊണ്ടും കയറ്റം ഒരുപാടുള്ളതുകൊണ്ടും ചെറിയ ബസുകൾ ആണ് സർവിസ് നടത്തുന്നത്. പെട്ടെന്നു തിരിച്ചു അന്നാ കാപ്രിയിൽ വന്നു മാരെ പിക്കോളെയിലേക്ക് പോകാൻ അവിടെ ചെന്നാൽ ഈ
കാപ്രിയുടെ സിംബൽ എന്നു വേണേൽ വിശേഷിപ്പിക്കാം. ഫാരാല്യിയോണി എന്നു പറയും. ഇതു കാണാം(മോന്തേ സോളാരെയിൽ എനിക്ക് കാണാൻ പറ്റാത്ത കാഴ്ച). മാരെ പിക്കോളെയിൽ നിന്നും ബസ് പിടിച്ചു തിരിച്ചു വന്നാൽ കാപ്രിയിൽ ഉറങ്ങി ജർദിനോ ദി ആഗോസ്തോ ആയിരുന്നു അടുത്ത സ്ഥലം പക്ഷേ കയറില്ല ഞാൻ( സമയകുറവ്) 1 യൂറോ ആണ് എന്ററി ഫീ.

ഇതിനിടെ ഉച്ചഭക്ഷണം ലഘുശാലയിൽ നിന്നും കഴിച്ചു. മാരെ ഗ്രാൻന്തെയിലേക്കു തിരിച്ചു പോയി. അവിടെ നിന്നും ജീരാ ദി ഐസോളെ(ദ്വീപ് മുഴുവൻ ഒരു കറക്കം ബോട്ടിൽ) ഏകദേശം 1.15 മണിക്കൂർ ഉണ്ട് ഈ കറക്കം 18 യൂറോ ആണ് ഫീസ് .ശ്രദ്ധിക്കുക 3.30 pm ന് ആണ് അവസാന ബോട്ട് കറങ്ങാൻ .ലാസ്റ്റ് ബോട്ട് പിടിച്ചു ഞാൻ കറങ്ങിയപ്പോൾ പല കാഴ്ച്ചകൾ കണ്ടു. മാതാവിന്റെ ഒരു രൂപം പറക്കെട്ടുകൾക്കിടയിൽ,ശബ്ദം ഉണ്ടാക്കുന്ന പാറ,ഗ്രീൻ ഗ്രോട്ട,വൈറ്റ് ഗ്രോട്ട, ഫാരാല്യിയോണി അടുത്തു കണ്ടു. ഒരു ദിവസം താമസിക്കാൻ 1000 യൂറോ വില വരുന്ന ഹോട്ടല് കണ്ടു.ഇതെല്ലാം ഈ യാത്ര എടുത്താൽ മാത്രം കാണാൻ സാധിക്കുകയുള്ളു. പിന്നെ തിരിച്ചു വന്നു.മാരെ ഗ്രാന്തെയിൽ ഫുണികോളാരെ വഴി മുകളിൽ പോയി. കാപ്രി മാരെ ഗ്രാന്തെ ഒന്നൂടെ അടുത്തു കാണാം മുകളിൽ നിന്നും.അതും കോ എന്ന തമിഴ് സിനിമയിൽ മാത്രം ഞാൻ കണ്ടിട്ടുള്ള മല മുകളിലേക്ക് ചെയിനിൽ വലിച്ചുകൊണ്ട് പോകുന്ന ട്രെയിനിൽ, ഒരു യാത്ര. എല്ലാം കൊണ്ടും കാപ്രി ജീവിതത്തിൽ മറക്കാൻ ആവാത്ത ഒരു യാത്ര എനിക്ക് സമ്മാനിച്ചു..ഇതെല്ലാം കണ്ടു കഴിഞ്ഞപ്പോഴേക്കും വൈകുന്നേരം 5.30 ആയി.മനസ്സില്ലാ മനസോടെ കാപ്രിയോട് ഒരു ബൈ ബൈ പറഞ്ഞു ബോട്ട് പിടിച്ചു തിരിച്ചു..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply