മുഖ്യമന്ത്രിയോട് ഒരു മുന്‍ KSRTC ജീവനക്കാരന്‍റെ മകളുടെ ഫേസ്ബുക്ക് പോസ്റ്റ്…

കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ച ഒരു ജീവനക്കാരന്‍റെ മകള്‍ ഫേസ്ബുക്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ടാഗ് ചെയ്ത് എഴുതിയ കുറിപ്പ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി സഖാവ് പിണറായി വിജയന് ഒരു ഇടതുപക്ഷ അനുഭാവി എഴുതുന്നത്. ഒരു ചതിയുടെ കഥയാണ്. വളരെ വേദനയോടെയാണ് ഇതെഴുതുന്നത്. KSRTC പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങളായി.മരണങ്ങളുടെ ഒരു പരമ്പര തുടങ്ങിയിട്ടും അത്ര തന്നെയായി… അതില്‍ അവസാനത്തേത്(അവസാനത്തേതാവട്ടെ !) ഇന്നു രാവിലെ കേട്ടു.

അച്ഛന്‍ KSRTC പെന്‍ഷനറാണ്. പെന്‍ഷന്‍ മുടങ്ങുന്നത് എല്ലാ സർക്കാരിന്റെ കാലത്തും തുടര്‍ക്കഥയാണെങ്കിലും ഇത്ര കൂടുതല്‍ കാലം ആദ്യമായാണ്.സമരത്തിനും ധര്‍ണ്ണയ്ക്കുമായി എല്ലാ ദിവസവും പോകുന്നുണ്ട്. അന്‍പതു പേരോളം എല്ലാ ദിവസവും ബസ്സ്റ്റാന്‍റിലെ സമരപ്പന്തലില്‍ ഉണ്ടാവാറുണ്ട് .അവരില്‍ ഏറെയും ഇൗയൊരു വരുമാനത്തില്‍ നിന്നു മാത്രം കുടുംബം നടത്തുന്നവരാണ്.

ഇടതുപക്ഷം ഭരിക്കുമ്പോള്‍ പോലും ആത്മഹത്യകളൊക്കെ വെറും കഥകളായിക്കഴിഞ്ഞു എന്നു വിശ്വസിക്കാനാവുന്നില്ല എന്നാണ് അച്ഛന്‍ പറഞ്ഞത്. കൂടെ ഇന്നലെവരെ സമരത്തിനുണ്ടായിരുന്ന ശിവദാസ് എന്നയാളുടെ മരണവാര്‍ത്ത കേട്ട ഞെട്ടലോടെയാണ് ഇവര്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തിയത്.കണ്ട കാഴ്ചകള്‍ മനുഷ്യത്വമുള്ള ആരെയും വേദനിപ്പിക്കാന്‍ പോന്നതായിരുന്നു.

മൂന്നര സെന്‍റ് സ്ഥലത്ത് ഒരു ഒറ്റമുറി വീട്.ഓട് പൊട്ടിയ ഭാഗങ്ങള്‍ ചോരാതെ ഷീറ്റ് കെട്ടി മറച്ചിരിക്കുന്നു.രണ്ടായിരത്തി ഏഴില്‍ പെന്‍ഷനായ ഇദ്ദേഹം ഹൃദ്രോഗി കൂടിയാണ്.മരുന്നിന്‍റെ ചിലവുകള്‍ക്കും മറ്റുമായി തേപ്പ്കട നടത്തുന്നുണ്ടായിരുന്നു വീടിനു മുന്നില്‍.മാസങ്ങളായി അതില്‍ നിന്നു കിട്ടുന്നതു മാത്രമാണ് വരുമാനം.ആ പൈസക്ക് വീട്ടു ചിലവുകള്‍ നടത്തണോ മരുന്നു വാങ്ങണോ…!

സ്വാഭാവികമായും മരുന്ന് രണ്ടാം സ്ഥാനത്തായി. പകല്‍ ജോലി ചെയ്യുന്നതു കാരണം റിലേ സത്യഗ്രഹത്തിനു എന്നും രാത്രി ഇരിക്കാനുള്ള ഉത്തരവാദിത്വം ഇദ്ദേഹം ഏറ്റെടുത്തു. അങ്ങനെയൊരു രാത്രി സത്യാഗ്രഹം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ്സു കയറിയതാണ്. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദ്രോഗിയാണ്. മരുന്നു മുടങ്ങിയതു കൊണ്ടാണ്. മരുന്നിനു പൈസയില്ലാഞ്ഞിട്ടാണ്. പകല്‍ വിശ്രമമില്ലാതെ ജോലി ചെയ്തിട്ടാണ്. രാത്രി കൂടി സമരത്തിനിറങ്ങിയിട്ടാണ്. ഇത്രയും കാലം അനുഭാവിയായിരുന്നയാളാണ്. കഴിഞ്ഞ ഇലക്ഷനും വോട്ട് ചെയ്തയാളാണ്.!

ആരാണ് സര്‍ ഈ മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുക.നാളെ പെന്‍ഷന്‍ തുക മുഴുവന്‍ കൊടുത്തു തീര്‍ക്കാന്‍ ധാരണയായാലും ഇതു കൊണ്ടു മാത്രം മരിച്ച ജീവനുകള്‍ക്ക് നഷ്ടപരിഹാരത്തുക കൂടി കൊടുത്താലേ മനുഷ്യത്വം മരവിച്ചിട്ടില്ല എന്നെങ്കിലും നമുക്ക് തലയുയര്‍ത്തി നിന്ന് പറയാനാവൂ. നാളെയും ഇടതുപക്ഷത്താണ് പ്രതീക്ഷ എന്നു പറയേണ്ടിയിരുന്ന ഒരു മനുഷ്യനാണ് /മനുഷ്യരാണ് / കുടുംബങ്ങളാണ് സര്‍ മരിച്ചു കൊണ്ടിരിക്കുന്നത്. പ്രതീക്ഷകള്‍ ഇനിയും ബാക്കി നില്‍ക്കുന്നതുകൊണ്ടാണ് സര്‍. കടപ്പാട് – ശ്രീജിത.

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply