“സാഹസികതയുടെ നേപ്പാൾ” – ഭാഗം രണ്ട്

നല്ല വായു, നല്ല കാലാവസ്ഥ പിന്നെ അടിപൊളി താമസം.. രാത്രി തണുപ്പ് സഹിക്കാൻ പറ്റാതെ തെർമൽസും ജാക്കറ്റും പിന്നെ തലമൂടുന്ന രോമത്തൊപ്പിയും വച്ചായിരുന്നു ഉറക്കം. പിന്നെ എപ്പോളോ ചൂടെടുക്കാൻ തുടങ്ങിയതുപോലെ പിന്നെ ജാക്കറ്റ് ഊരിക്കളഞ്ഞു സ്വറ്റർ ഇട്ടു ചുരുണ്ടുകൂടി കട്ടിപ്പുതപ്പിനുള്ളിൽ കിടന്നു നല്ല ഉറക്കം. എനിക്ക് രാവിലെ ചില പണികൾ ഉണ്ട് അതുകൊണ്ടു നേരത്തെ തന്നെ എണീക്കണം എന്നുകരുതി അലാറം ഒക്കെ റെഡി ആക്കി ആണ് എന്റെ ഉറക്കം. പാവം ഉർമിക്കു നല്ല പനി പിടിച്ചിട്ടുണ്ട്. കിടക്കുമ്പോൾ തന്നെ അവൾക്കു ശബ്ദം ഒന്നും വരുന്നില്ലായിരുന്നു. പാവം, അതുകണ്ടു പ്രികോഷൻ ആയി ഞാൻ നല്ല ചൂടുവെള്ളം ഒക്കെ കുടിച്ചാണ് കിടക്കുന്നത്.

 

രാവിലെ പറഞ്ഞസമയത് അലാറം അടിച്ചു ആദ്യം ഉണരുന്നത് ഞാനാകും എന്നൊക്കെ കരുതിയിരിക്കുമ്പോളാണ് രണ്ടും നേരത്തെ എണീട്ടിരിക്കുന്നുണ്ട് . അടിപൊളി ഞാൻ പ്ലിങ് ആയി. ഇന്നാണ് ഞങ്ങളുടെ ബാക്കി ക്യാമ്പ് അംഗങ്ങൾ എത്തുന്ന ദിവസം. രാത്രി വൈഫൈ കിട്ടിയപ്പോൾ എല്ലാവരെയും വിളിച്ചു കാര്യങ്ങൾ ഒക്കെ സെറ്റ് ആക്കി, പിന്നെ നാട്ടിൽ എന്തുണ്ടായാലും ആദിഷ് ഏട്ടനും സങ്കീര്ത്തും ഹെല്പ് ഡെസ്കും പിടിച്ചിരിക്കുന്നുണ്ട് .

4 പേർ കൊച്ചിന്നും രണ്ടാൾ അഹമ്മദാബാദിൽനിന്നും ആണ് വരുന്നത്. കൊച്ചിന് മുംബൈ എത്തി അവർ അവിടെ ഒരു ഹോട്ടൽ ഒക്കെ എടുത്തു. രാവിലെ ഒന്നൂടി വിളിച്ചു എയർപോർട്ടിൽ നിന്നുള്ള ഒന്ന് രണ്ടു കൊച്ചിക്കാരായ നമ്മുടെ ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്താം.
ഞാൻ മുന്നേ പറഞ്ഞില്ലേ 4 strong women ഞങ്ങളുടെ ക്യാമ്പിലെ. അതിലെ 3 എണ്ണം ആണ് ഈ ഗ്രൂപ്പിൽ. crazy girls എന്നാണ് പേരിട്ടിരിക്കുന്നത്. രണ്ടാളും കൂടി ഉണ്ടായേനെ ഞങ്ങളുടെ സ്വന്തം വിനയ മാം, പിന്നെ ഷേർളി ചേച്ചി. മാറ്റി വെക്കാൻപറ്റാത്ത ചില കാര്യങ്ങൾ പെട്ടെന്ന് വന്നപ്പോൾ അവർക്കു എത്താൻപറ്റിയില്ല.

ഈ ടീച്ചർമാരുടെ കൂടെ ഒരു പൂച്ചകുട്ടിയെപോലെ ഞങ്ങളുടെ ഗ്യാങിലെ ഒരേ ഒരു ആൺ തരി അരുണും. ഈ ഗ്രൂപ്പിലെ ബീന ടീച്ചർനെ മാത്രമാണ് മുന്നേ എനിക്ക് പരിചയം. ഞങ്ങളുടെ മിസ്ററ് @ കൊടചാദ്രി ക്യാമ്പിലും പാമ്പാടും ഷോല ക്യാമ്പിലും വളരെ ആക്റ്റീവ് ആയി ടീച്ചർ ഉണ്ടായിരുന്നു. യാത്രകളെ പ്രണയിക്കുന്ന ഒരു അദ്യാപിക.. അതിലുപരി കാൻസർ എന്ന രോഗത്തെ മനഃശക്തിയാൽ അതിജീവിച്ച ഒരു വനിത. ഞങ്ങൾക്ക് എന്നും ടീച്ചർ ഒരു ഇൻസ്പിറേഷൻ ആണ്. പിന്നെ ഞാൻ ആദ്യ ആയി കാണാൻ പോകുന്ന രാജി ടീച്ചറും രതി ടീച്ചറും. അവരെ കുറിച്ച് വഴിയേ പറയാം.

അങ്ങനെ ഞാൻ കുളിച്ചു റെഡി ആയി ഫുഡ് കഴിക്കാനായി പുറത്തേക്കിറങ്ങി. വല്യ തണുപ്പൊന്നും തോന്നിയില്ല അതുകൊണ്ടു സ്വെറ്ററോ, ജാക്കറ്റ്, കയ്യുറ, സോക്സ്‌ ഒന്നും ഇട്ടില്ല. ഈ തണുപ്പൊക്കെ നമുക്കെന്തു എന്ന ഭാവം ആയിരുന്നു. എന്നാൽ പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ തുളച്ചു കയറുന്ന പോലെ. റൂമിലേക്കോടി മുകളിൽ പറഞ്ഞ എല്ലാ സാധനവും എടുത്തിട്ടു. കണ്ണാടിയിൽ നോക്കിയാ ഇപ്പൊ ഒരു ഹിമകരടി നില്കുന്നപോലെ.

എന്തായാലും ബ്രേക്ഫാസ്റ് ഒക്കെ കഴിച്ചു കഴിഞ്ഞപ്പോളേക്കും ഞങ്ങളുടെ സുബാഷ് ഏട്ടൻ എത്തി. ഞാനും സുബാഷ് ഭായും കൂടി ആണ് ബാക്കി ഉള്ളവരെ കൂട്ടാൻ എയർപോർട്ടിൽ പോകുന്നത്. സുബാഷ് ഭായിയുടെ ബൈക്കിൽ കയറി താമലിലൂടെ ഒരു യാത്ര. പിന്നെ ഞങ്ങളുടെ വാൻ എത്തി അതില്കയറി എയർപോർട്ടിൽ. 11.30 ആണ് അവയുടെ ജെറ്റ് ഐർവേസ്‌ ലാൻഡ് ചെയുന്നത്. ഞാൻ 12 മണി ആയപോളെക്കും അവിടെ എത്തി. ഇന്നലെ ഞങ്ങൾ വന്നതിലും തിരക്കാണ് എയർപോർട്ടിൽ . ധാരാളം ടൂറിസ്റ്റുകൾ എത്തികൊണ്ടേ ഇരിക്കുന്നു. ജെറ്റ് ഐർവേസ്‌ ലേറ്റ് ആണ്. ഞാൻ പോയി ടൂറിസ്റ്റ് റെപ്രെസെന്ററ്റീവ്‌സിന്റെ കൂടെ നിന്നു. എല്ലാവരുടെയും കയ്യിൽ പ്ലക്ക് കാർഡുകൾ ഉണ്ട്. കുറച്ചു പേരൊക്കെ വായിക്കാൻ ഞാൻ കഷ്ടപ്പെട്ടു. കൂടുതലും ചൈനക്കാരാണ്. പിന്നെ സുബാഷ് ഭായിയുടെ സംസാരിക്കാൻ തുടങ്ങി.

അദ്ദേഹം വലിയ യാത്ര പ്രിയനാണ്. എവറസ്റ്റ് ബേസ് ക്യാമ്പിലും അന്നപൂർണ base ക്യാമ്പിലും പോയിട്ടുണ്ട്. അന്നപൂർണ ബേസ്‌ക്യാമ്പിലെ ഓരോ ഫോട്ടോകൾ ആയി അങ്ങേരു എന്നിക്കു കാണിച്ചു തന്നു. എന്റമ്മോ അന്നപൂർണയുടെ ഭംഗി അത് അപാരം ആണ്. ഓരോ ചിത്രങ്ങളും എന്റെ മനസ്സിൽ ഇപ്പോളും മായാതെ കിടക്കുന്നുണ്ട്. അപ്പൊ തന്നെ ഉറപ്പിച്ചു എവറസ്റ്റ് ബേസ് ക്യാമ്പ് ട്രെക്കിങ്ങു് മുൻപേ ഞാൻ അന്നപൂർണ ബേസ് ക്യാമ്പ് പോയിരിക്കും. ഫ്ലൈറ്റ് എപ്പോളോ ലാൻഡ് ചെയ്തു ഞാനും സുബാഷ് ഭായും അക്ഷമരായി കാത്തിരിക്കുകയാണ്.

ഒരുപാട് നേപ്പാൾ കഥകളും കേരളം കഥകളും വിശേഷങ്ങളും പറഞ്ഞു. അതിനിടക്ക് സമയം പോയത് അറിഞ്ഞില്ല. അവർ ഇതുവരെ എത്തിയിട്ടില്ല. ഏകദേശം രണ്ടു മണി കഴിഞ്ഞു. എന്റെ ക്ഷമ നശിച്ചു തുടങ്ങി. അവർ ചിലപ്പോ എന്തെങ്കിലും പ്രശ്നം കാരണം അകത്തു കുടുങ്ങിക്കാണും അങ്ങട്ട് വിളിക്കാനോ അവർക്കു ഇങ്ങട്ടു വിളിക്കാനോ പറ്റില്ല. അവസാനം ഞാൻ അകത്തു കയറാൻ തന്നെ തീരുമാനിച്ചു. നേപ്പാൾ പൊലീസിന് id കാർഡും കാണിച്ചു ബോഡി ചെക്കിങ്ങും കഴ്ഞ്ഞു അകത്തേക്കു കയറിയപ്പോൾ ധാ എത്തി ഞങ്ങളുടെ താരങ്ങൾ.. രാജി രതി, ബീന ടീച്ചർ കൂടെ അരുണും. അരുണിന്റെ മുഖത്തു ഒറ്റക്കായി എന്ന വിഷമം ഉണ്ടോ.. ഹേ ആള് നല്ല സ്ട്രോങ്ങ് ആണ്. അധികം സംസാരിക്കാത്ത പ്രകൃതംആണോ എന്നൊക്കെ ഞാൻ സംശയിച്ചു, ആ സംശയം ഒക്കെ വെറും അസ്ഥാനത്താണ് എന്ന് പിന്നീട് ഞാൻ തിരിച്ചറിഞ്ഞു .

വെൽക്കം ടു നേപ്പാൾ, നൈസ് ടു മീറ്റ് യു. ഒരു നേപ്പാളി ഗൈഡ് നെപോലെ ഞാൻ അവരെ സ്വീകരിച്ചു. വാനിൽ കയറിയപ്പോ മുതൽ രാജി ടീച്ചർ വിമാനയാത്രയുടെ വിശേഷങ്ങൾ വാതോരാതെ സംസാരിക്കാൻ തുടങ്ങി. അടുത്തിരുന്ന ഗുജറാത്തികൾ ബിയർ കുടിച്ചതും. വീണ്ടും വീണ്ടും ചോദിച്ചു ചോദിച്ചു ബിയർ കുടിച്ചതും പിന്നെ ആകാശ കാഴ്ചകളും മൂന്നാളും പറഞ്ഞുകൊണ്ടിരുന്നു.

താമലിലെ വീഥികളിലൂടെ ബാഗും ആയി ഞങ്ങൾ നടന്നു.അങ്ങനെ ഞങ്ങൾ ഹോട്ടലിൽ എത്തി. ഇന്ന് വേറെ ഹോട്ടൽ ആണ്, ഹോട്ടൽ ആർട്സ്. . പേരുപോലെ തന്നെ മനോഹരം ആണ് ഹോട്ടൽ ആർട്സ്. കയറുമ്പോൾ മുതൽ മനോഹരമായ ശില്പങ്ങൾ, ചുവരുകളിൽ മുഴുവൻ ചിത്രകലാ. . ഒരു എക്സിബിഷൻ ഹാളിൽ കയറിയ പ്രതീതി.. അപ്പോളേക്കും അഹമ്മദാബാദിൽനിന്നും ഫോറം എന്ന പെൺകുട്ടിയും സ്നേഹയും ഹോട്ടലിൽ ശർമിള ചേച്ചിയുടെ കൂടെ എത്തിയിരുന്നു. ഇനിയുള്ള യാത്ര കഠ്മണ്ഡുവിലെ പ്രശസ്തമായ ബൗദ്ധനാതസ്തൂപത്തിലേക്കും പശുപതിനാഥ് ക്ഷേത്രത്തിലേക്കുമാണ്.

യാത്ര ചെയ്തെത്തിയതിന്റെ ആലസ്യം മാറ്റിയതിനു ശേഷം, ഞങ്ങൾ നേപ്പാളിലെ പുതിയിടങ്ങൾ തേടി യാത്ര ആരംഭിച്ചു ബൗദ്ധനാഥ് സ്തൂപം, പിന്നെ പശുപതിനാഥ ക്ഷേത്രം ഇവിടെക്കാണ് ഇനിയുള്ള യാത്ര. എല്ലാവരും വാനിൽ കയറി. കൂടെ സുബാഷ് ഏട്ടനും. റോഡിൽ നല്ല ട്രാഫിക് ഉണ്ട്. ചെറിയ സ്ഥലം , ഒരുപാട് ജനങ്ങൾ, ഒരുപാട് വാഹനങ്ങൾ, അപ്പോൾ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുക സ്വാഭാവികം തന്നെ. പിന്നെ ഭൂകമ്പത്തിൽ തകർന്ന പൈപ്പുകളും മറ്റും പുതുക്കി പണിയുകയാണ് വശങ്ങളിൽ.

ബൗദ്ധനാഥ ക്ഷേത്രത്തിലേക്കെത്തുമ്പോൾ മുതൽ പ്രതേക രീതിയിൽ വസ്ത്രം ധരിച്ച ബുദ്ധ/ജൈന സന്യാസിമാരെ കാണാൻ സാധികും. ഇതിനുമുൻബ് കൂർഗിൽ വച്ചാണ് ഇത്തരം വസ്ത്രധാരികളായ സന്യാസിമാരെ കണ്ടിട്ടുള്ളത്. ക്ഷേത്രത്തിലേക്കടുക്കുന്തോറും നല്ല തിരക്കനുഭവപ്പെട്ടുകൊണ്ടിരുന്നു. ലോകത്തിലെ തന്നെ അർത്ഥഗോളാകൃതിയിലുള്ള സ്തൂപങ്ങളിൽ ഏറ്റവും വലുതാണ് ഇവിടെയുള്ള ബൗദ്ധനാഥ സ്തൂപം. ലോക പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ച ഇവിടം ലോകത്തെവിടെയും ഉള്ള ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം ആണ്. നാല് വശങ്ങളിൽ കണ്ണുകൾ ഉള്ള രൂപം സ്തൂപത്തിന്റെ മുകളിൽ വരച്ചിട്ടിരിക്കുന്നു. പണ്ടുകാലത്തു ടിബറ്റിൽ നിന്നുള്ള വ്യാപാരികൾക്ക് വിശ്രമകേന്ദ്രവും പ്രാർത്ഥിക്കാൻ ഉള്ള ഇടവും ആയിരുന്നു കാഠ്മണ്ഡു വാലിയിൽ സ്ഥിതി ചെയുന്ന ഈ മനോഹര സ്തൂപം.

ഈ സ്തൂപത്തിന്റെ നിർമ്മിതിക്ക് പിന്നിൽ മനുഷ്യകുരുതിയുടെ ഒരു കഥയുണ്ട് എന്ന് ഇന്നാട്ടുകാർ വിശ്വസിക്കുന്നു. സമയം കഴിയുന്തോറും തിരക്ക് കൂടിക്കൊണ്ടിരുന്നു. ഞങ്ങൾ മന്ത്രങ്ങൾ എഴുതിയ തകിടുകൾ ഉരുട്ടി.. ഇതു ഇവിടുത്തെ പ്രാർത്ഥനാ രീതി ആണ്. പലവലിപ്പത്തിലുള്ള പല നിറത്തിൽ ഉള്ള, നിറയെ മന്ത്രങ്ങൾ എഴുതിയ ഉരുണ്ട തകിടുകൾ.. ഒരു വലിയ മുറി അതിനുള്ളിൽ ഇതുപോലെ ഒരുപാടുമന്ത്രങ്ങൾ എഴുതിയ ഉരുണ്ട തകിട് തൂക്കിയിരിക്കിന്നു. 8- 9 കുട്ടികൾ അതിനു ചുറ്റും ഓടുകയാണ് എല്ലാവരും ഒരുമിച്ചാണ് കറക്കുന്നത്. കൂട്ടത്തിൽ ഞങ്ങളും കൂടി.

അങ്ങനെ ബൗദ്ധനാഥന്റെ മണ്ണിൽനിന്നും ഞങ്ങൾ പശുപതിനാഥ ക്ഷേത്രത്തിലേക്ക് യാത്ര ആരംഭിച്ചു. സമയം ഏതാണ്ട് 5 മണി കഴിഞ്ഞതേ ഉള്ളു. നമ്മുടെ നാട്ടിലെ 6 മണികഴിഞ്ഞ പ്രതീതി ആണ്. ഇരുട്ട് കൂടി കൂടി വരുന്നു . ആദ്യം പോയത് ഒരു ബുദ്ധക്ഷേത്രത്തിലേക്കാണെങ്കിൽ ഇപ്പോള് ഞങ്ങൾ എത്തിനിൽക്കുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിൽ ആണ്. ബാഗ്മതി നദിതീരത്തു സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ക്ഷേത്രം. ഞങ്ങൾ എത്തുമ്പോൾത്തന്നെ ഇരുട്ടു ഈ ക്ഷേത്രത്തിൽ നിറഞ്ഞുനിന്നിരുന്നു. മൊബൈൽ കാമറ ഹാൻഡിക്യാമെറ ഒന്നും ക്ഷേത്രത്തിനകത്തു പ്രവേശനം ഇല്ല. പിന്നെ ക്ഷേത്രത്തിനകത്തു ദീപങ്ങളുടേതല്ലാതെ മറ്റൊരു പ്രകാശവും ഇല്ല.

1979 മുതൽ ഈ ക്ഷേത്രം യുനെസ്കോ യുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഒന്നാണ്. ഭൂകംബം ഈ ക്ഷേത്രത്തെ നന്നായി പിടിച്ചുലച്ചതിന്റെ എല്ലാ ലക്ഷണവും കാണാം. ക്ഷേത്രത്തിന്റെ വശങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. മഹാശിവരാത്രി ഈ സ്ഥലത്തെ മറ്റൊരു ലോകം ആക്കി മാറ്റും. അന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് 8 ലക്ഷത്തിനു മുകളിൽ ആളുകൾ പ്രാർത്ഥനക്കായി ഇവിടെ എത്തുന്നു. ക്ഷേത്രത്തിനകത്തു ബാഗ്മതി നദിയിൽ നിന്നുള്ള ഭാഗം ഒരു കുളം പോലെ തോന്നിക്കും. അതുകാണാൻ ആയി അങ്ങോട്ടെത്തിയ ഞങ്ങൾക്ക് അവിടെ നേപ്പാളിലെ ആചാരപ്രകാരം ഒരു നടക്കുന്ന ഒരു ശവസംസ്‍കാരം കാണാൻ സാധിച്ചു.

ക്ഷേത്രത്തിന്റെ പുറത്തിറങ്ങുമ്പോൾ സമയം ഏതാണ്ട് 7.30 ആയിട്ടുണ്ട് എന്നാൽ നല്ല ഇരുട്ടാണ് ഒരു 9 മണിയുടെ പ്രതീതി. ക്ഷേത്രത്തോട് ചേർന്ന് നിരവധി രുദ്രാക്ഷ കച്ചവടക്കാർ ഉണ്ട്. നേപ്പാളിൽ ഏറ്റവും നല്ല രുദ്രാക്ഷങ്ങളും ലഭിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണത്രെ ഇവിടം. അവിടെനിന്നു രുദ്രാക്ഷം വാങ്ങി ഞങ്ങൾ ഹോട്ടലിലേക്ക് യാത്രതിരിച്ചു. നല്ല തണുപ്പായി തുടങ്ങി. എല്ലവരും തേർമൽസും, ജാക്കറ്റും, ഗ്ലൗസ്, സോക്സ്‌ എല്ലാം ഇട്ടാണ് നടത്തം.

തിരിച്ചു ഹോട്ടലിൽ എത്തി എല്ലാവരെയും വിശദമായിത്തന്നെ പരിചയപെട്ടു. നേപ്പാൾ സ്റ്റൈലിൽ ഫുഡും കഴിച്ചു എല്ലാവരും നേരത്തെ ഉറങ്ങാൻ കിടന്നു. നാളെ യാത്ര ആരംഭിക്കേണ്ട സമയം 7 മണി ആണ്. ഇനി ഒരു ലോങ്ങ് ഡ്രൈവ് ആണ്, ചന്ദ്രഗിരി മലനിരകൾക്കു മുകളിലേക്ക് 2.4 km ദൂരത്തിൽ കഠ്മണ്ഡുവിന്റെയും അന്നപൂർണയുടെയും മനോഹാര്യത ദൃശ്യമാകുന്ന കേബിൾ കാർ യാത്ര. അവിടെനിന്ന് ഹിമാലയൻ നദീതീരങ്ങളിലൂടെ സാഹസത്തിന്റെ നാടായ പൊഖ്‌റയിലേക്ക്. (തുടരും…)

വിവരണം – ഗീതു മോഹന്‍ദാസ്‌  (https://www.facebook.com/LetsGoforaCamp)

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply