ഏകാന്തസഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ചിക്കമംഗളുരുവിലേക്ക് ഒരു സോളോ യാത്ര..

ഏകാന്തസഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ചിക്കമംഗളുരുവിലേക്ക് ഒറ്റയ്ക്കു ഒരു യാത്ര.. കര്‍ണാടകയിലെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നാണ് ചിക്കമഗളൂര്‍. പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ കാഴ്ചയ്ക്ക് വസന്തമൊരുക്കുന്നതോടൊപ്പം മനസ്സിന് കുളിര്‍മയും നല്‍കുന്നു. വ്യത്യസ്തമായ ഭൂപ്രകൃതി കൂടിയാണ് ചിക്കമഗളൂരുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. താഴ്ന്ന നിരപ്പായ പ്രദേശങ്ങള്‍ മുതല്‍ മലനാടിന്റെ ഭാഗമായുള്ള കുന്നിന്‍പുറങ്ങളും പര്‍വ്വതപ്രദേശങ്ങളും നിറഞ്ഞതാണ് ചിക്കമഗളൂര്‍ കാഴ്ചകള്‍
സാഹസിക യാത്രയ്ക്കും തീര്‍ത്ഥാടനത്തിനും വന്യജീവിസങ്കേതങ്ങള്‍ക്കും കാപ്പിത്തോട്ടത്തിനും പേരുകേട്ടതാണ് സഞ്ചാരികളുടെ സ്വര്‍ഗ്ഗമെന്ന് വിളിക്കപ്പെടുന്ന ചിക്കമഗളൂര്‍. ഇന്ത്യയിലാദ്യമായി കാപ്പികൃഷി തുടങ്ങിയ സ്ഥലം എന്ന പ്രത്യേകത കൂടിയുണ്ട് ചിക്കമഗളൂരുവിന്. ക്ഷേത്രനഗരങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെ സുലഭമായി കാണാം.

ചിക്കമഗളൂര്‍ യാത്രയില്‍ സഞ്ചാരികള്‍ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുതാത്ത ഒരു കാഴ്ചയാണ് ബാബ ബുദാന്‍ ഗിരി. സമുദ്രനിരപ്പില്‍ നിന്നും 1895 മീറ്റര്‍ ഉയരത്തിലാണ് ബാബ ബുദാന്‍ ഗിരി സ്ഥിതി ചെയ്യുന്നത്. ദത്തഗിരി ഹില്‍ റേഞ്ച് (ഇനം ദത്താത്രേയ പീഠം) എന്നും ഇതിന് പേരുണ്ട്. ചിക്കമഗളൂര്‍ ടൗണില്‍നിന്നും 28 കിലോമീറ്റര്‍ ദൂരെയുള്ള ബാബ ബുദാന്‍ ഗിരി ഹിന്ദുക്കളുടെയും മുസ്ലീംകളുടെയും ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. ഇതേത്തുടര്‍ന്നാണ് ഹിന്ദുദൈവമായ ദത്താത്രേയന്റെയും മുസ്ലിം ദൈവമായ ബാബ ബുദാന്റെയും പേരില്‍ ഇവിടം അറിയപ്പെടുന്നത് എന്നാണ് വിശ്വാസം. മൂന്ന് സിദ്ധന്മാര്‍ സന്യസിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന മൂന്ന് ഗുഹകളും ബാബ ബുദാന്‍ ഗിരിയില്‍ കാണാം.

ശീതള – മല്ലികാര്‍ജ്ജുന എന്നിങ്ങനെ രണ്ട് ശ്രീകോവിലുകളോട് കൂടിയ മഠമുള്ള ശീതളയാണ് ഇവിടത്തെ മറ്റൊരു ആകര്‍ഷണ കേന്ദ്രം. മാണിക്യധാര വെള്ളച്ചാട്ടത്തിലേക്ക് ഇവിടെ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളൂ. നീണ്ട കാല്‍നടയാത്രകള്‍ക്കും ട്രക്കിംഗിനും പറ്റിയ സ്ഥലമാണ് ബാബ ബുദാന്‍ ഗിരി. മുല്ലയനഗിരി, ദത്തഗിരി എന്നു പേരുള്ള രണ്ട് കൂറ്റന്‍ കൊടുമുടികള്‍ ഇവിടെയാണ്. കര്‍ണാടകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് സമുദ്രനിരപ്പില്‍ നിന്നും 1930 മീറ്റര്‍ ഉയര്‍ന്നുനില്‍ക്കുന്ന മുല്ലയനഗിരി.

എങ്ങിനെ ചിക്കമഗളൂര്‍ എത്തിച്ചേരാം? റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 240 കിലോമീറ്റര്‍ അകലമുണ്ട് ഇവിടേക്ക്. ഹൂബ്ലി (306 കിമി) മംഗലാപുരം (150) തിരുപ്പതി എന്നിവയും ഏറെ അകലത്തിലല്ല. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്.

വിവരണം – നിജോ മണിവേലില്‍.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply