നമ്മുടെ നാട്ടിൽ തൈക്കാവ് എന്നറിയപ്പെടുന്നത് എന്തിനെയെന്നറിയാമോ?

മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരു പേർഷ്യൻ വാക്ക് നമ്മുടെ കൊച്ചി ഉൾപ്പെടെയുള്ള മധ്യകേരളം മുതൽ തിരുവനന്തപുരം വരെയുള്ള മുസ്ലിങ്ങളും തമിഴ് നാട്ടുകാരും ഉപയോഗിക്കുന്നു. ജുമാ നമസ്ക്കാരം നടക്കാത്ത ചെറിയ പള്ളികളെ കുറിക്കാൻ ഉപയോഗിക്കുന്ന “തക്യാവ്” അഥവ അൽപ്പം കൂടി മലയാളീകരിച്ച്കൊണ്ട് പറയുന്ന “തൈക്കാവ്” എന്നതാണ് ആ വാക്ക്. മലബാറിൽ സ്രാമ്പി എന്ന വാക്കാണ് തക്യാവ് എന്നതിന് പകരം ഉപയോഗിച്ച് കാണുന്നത്.

“തക്യാവ്” എന്ന വാക്കിനെ കുറിച്ച് ഞാൻ നടത്തിയ പഠനത്തിൽ കുറെ അധികം മനസ്സിലാകാൻ കഴിഞ്ഞു: തക്യാവ് എന്ന വാക്കിന്റെ അർത്ഥം തേടി കുറെനാൾ നടന്നു….വളരെ നാളുകൾക്കു ശേഷമാണ് അത് പേർഷ്യൻ പദമാണ് എന്ന് മനസ്സിലായത്…. വളരെ ചെറുപ്പത്തിൽ ഇതിനെ കുറിച്ച് ഞാൻ അന്വേഷിച്ചപ്പോൾ ആളുകൾ പറഞ്ഞത് കാവുമായി ബന്ധപെട്ട ഒരു കഥയാണ്‌. പ്രഥമദൃഷ്ട്യാ”കാവ്” എന്ന വാക്കുമായി ബന്ധമുള്ള ഒരു പ്രയോഗം ആയി ആർക്കും തോന്നാം. പക്ഷെ യുക്തിക്ക് ചേരാത്ത വ്യാഖ്യാനം, അതിനാൽ അന്വേഷണം തുടർന്നു.

വർഷങ്ങൾക്കു മുൻപ് അമേരികയിൽ നിന്നും വന്നു കൊച്ചിയിലെ മുസ്ലിം പള്ളികളെ കുറിച്ച് പഠനം നടത്തിയ പട്രീഷ്യ ഫെല്സിനെ 2015 ഫെബ്രുവരി കൊച്ചിയിൽ വച്ച് കാണാൻ സാധിച്ചു അവരുടെ പുസ്തകം വായിക്കവേ അതിൽ മുസ്ലിം പള്ളികളുടെ ചരിത്രത്തെ കുറിച്ച് ചില തെറ്റുകൾ കാണാൻ ഇടയുണ്ടായി. അവരുമായി ഒരു ചര്‍ച്ച ചെയ്യാൻ വേണ്ടി നടത്തിയ പഠനത്തിനിടെ ആണ് ഈ വാക്കിന്റെ ഉത്ഭവത്തെ കുറിച്ച് ഞാൻ കൂടുതൽ പഠിക്കാൻ നാളുകൾക്ക് ശേഷം വഴിയൊരുങ്ങിയത്.

“തക്യാവ്” എന്ന പദത്തിന്റെ ഉത്ഭവം പേർഷ്യൻ പദമായ “تکیه ” (തക്യാ) യിൽ നിന്നുമാണ്. വിശ്രമസ്ഥലം, കസേരകൈ, താങ്ങ്, എന്നിങ്ങനെ പല അർഥങ്ങൾ ഉള്ള ഈ വാക്ക് ഉർദുവിൽ “തലയിണ” എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. കൊച്ചിയിലും മറ്റും ജുമാ നമസ്കാരം (വെള്ളിയാഴ്ച നമസ്കാരം) നടക്കാത്ത ചെറിയ പള്ളികളെ “തക്യാവ് പള്ളി” എന്ന് പറയാറുണ്ട്‌. കൊച്ചിയിലെ രണ്ടു തക്യവ് പള്ളികുള്ള പ്രത്യേകത അതിന്റെ മുൻവശം / പ്രവേശന കവാടം കായലിലെക്കണു അഭിമുഖീകരികുന്നതു, തെളിച്ചു പറഞ്ഞാൽ കായലിലെ കച്ചവടക്കാർക്ക് വേണ്ടി പണിത രീതിയിലാണ് ഇരിപ്പ്.

തിരുവനന്തപുരത്തുള്ള ആളുകളും ചെറിയ പള്ളിക്ക് “തക്യാവ്” അഥവാ അൽപ്പം കൂടി മലയാളീകരിച്ച് “തൈക്കാവ് പള്ളി” എന്നാണു പറയുന്നത്. തമിഴ് നാട്ടിലും മറ്റും മഹാന്മാർ അന്ത്യവിശ്രമംകൊള്ളുന്ന മഖ്ബറ അല്ലെങ്കിൽ ദർഖ (ശവകുടീരം) യ്ക്കാണ് “തക്യാ” എന്ന് പറയുന്നത്. സുഫിവര്യർ, ഫഖീറുകൾ താമസിക്കുന്ന സ്ഥലത്തെ അല്ലെക്കിൽ ആശ്രമങ്ങളെ “തക്യാ” എന്നാണ് കോൺസ്റ്റാന്റിനോപ്പിൾ, കെയ്റോ പോലുള്ള സ്ഥലങ്ങളിൽ അറിയപെടുന്നത്.

മദ്ധ്യേഷ്യയിൽ പുണ്യവാൻമാരായ ആളുകളുടെ വസിച്ചിരുന്ന/ വിശ്രമിച്ചിരുന്ന/ സന്ദർശിച്ച/ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്തെ “തക്യാ” എന്നാണു പറയുക. ഒരു കൊടിയോ കൽകുറ്റിയോ വച്ച് ഈ സ്ഥലം അടയാളപെടുത്തുക പതിവാണവിടെ. നേരെമറിച്ച് ദമാസ്കസിൽ തീര്‍ത്ഥാടകർക്കുള്ള ലോഡ്ജ്, റസ്റ്റ്‌ ഹൌസ് എന്നിവയെ “തക്യാ” എന്ന് വിളിക്കുന്നു. ഇറാനിൽ ശിയാക്കളുടെ ഇടയിൽ “തക്കിയാ” എന്നത് മുഹറം വിലാപതിനായി ഒത്തുചേരുന്നയിടം ആണ്.

എല്ലാവര്ക്കും ഉപകാരപ്രദമായ ഈ വിവരങ്ങൾ നമുക്കായി എഴുതി തയ്യാറാക്കിയത് – തൗഫീക്ക് സക്കരിയ..  എഴുത്തുകാരനായ തൗഫീക്ക് സക്കരിയയെക്കുറിച്ച്  കൂടുതലായി അറിയുവാൻ – CLICK HERE.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply