ഇന്ത്യയുടെ ഏത് ഭാഗത്തും സ്വതന്ത്രമായി സഞ്ചരിക്കാനും നിയമാനുസൃതമായ ജോലി ചെയ്യാനും ഭരണഘടന എല്ലാ പൗരന്മാര്ക്കും അനുവാദം നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ അധീനതയിലുള്ളതും എന്നാല്‍ ഇന്ത്യയ്ക്കാരുള്‍പ്പെടെ ആര്‍ക്കും പ്രവേശനമില്ലാത്ത ഒരു ദ്വീപിനെക്കുറിച്ച് കേട്ടിട്ടുണ്ടോ. അതീവ അപകടകാരികളായ ഓംഗ വംശജര്‍ അധിവസിക്കുന്ന നോര്‍ത്ത് സെന്റിനല്‍ ദ്വീപിനെപറ്റിയാണ് പറഞ്ഞുവരുന്നത്. ഈ പ്രദേശത്തേക്ക് പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്. യാത്രക്കാരുടെ സുരക്ഷിതത്വവും ഗോത്രവര്‍ക്കാരുടെ സംസ്ക്കാരവും കണക്കിലെടുത്താണ് ഇത്.
മനോഹരമായ ബീച്ചുകളും ,ഇടതൂർന്ന് നിൽക്കുന്ന മനോഹരമായ ഹരിതഭംഗി വിളിച്ചോതുന്ന കാടുകളും ഈ ദ്വീപിനെ സുന്ദരിയാക്കുന്നു. എന്നാൽ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാമെന്നു കരുതി ബാഗും ബൈനോക്കുലറും തൂക്കി ഇതൊന്ന് ആസ്വദിക്കാമെന്ന് കരുതി അങ്ങോട്ടു പോവാമെന്ന് ആരും കരുതണ്ട. കാരണം ആക്രമണകാരികളായ ഒരു കൂട്ടം ആദിവാസി സമൂഹത്തിന്റെ പിടിയിലാണ് പൂർണമായും ഈ ദ്വീപ്. 60,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്നും സിൽക്ക് റൂട്ട് വഴി വന്ന് ഇവിടെ കുടിയേറിയെന്ന് കരുതപ്പെടുന്ന ഈ ആദിവാസി സമൂഹത്തെ ഭയന്ന് ടൂറിസ്റ്റുകൾ പോയിട്ട് മീൻപിടുത്തക്കാർ പോലും ഈ വശത്തേക്ക് തിരിഞ്ഞു നോക്കില്ല എന്നതാണ് സത്യം.
ആധുനിക സമൂഹത്തെ എല്ലാ തരത്തിലും അകറ്റി നിർത്തുന്ന ഈ ആദിവാസി സമൂഹം പുറം ലോകവുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല. അഥവാ അവർക്ക് ഇതിൽ ഒട്ടും താത്പര്യമില്ലെന്നാണ് വ്യക്തമാകുന്നത്. ഏതെങ്കിലും തരത്തിൽ സെന്റിനൽ ദ്വീപിൽ എത്തപ്പെടുന്ന പുറംനാട്ടുകാരെ ഇവർ കൂട്ടംകൂടി ആക്രമിച്ചു വിടുകയാണ് പതിവ്. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുന്നത് സാധാരണമാണ്. ഇന്ത്യയുടെ ഭാഗമാണെന്ന് പറയപ്പെടുന്ന ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ അറിയാവുന്നവർ വളരെ ചുരുക്കം തന്നെ. പുറംലോകത്തുള്ളവരുമായി യാതൊരു വിധ സഹകരണവും ഇഷ്ടപ്പെടാത്തതു കൊണ്ടു തന്നെ സെന്റിനൽ ദ്വീപ് സമൂഹത്തെക്കുറിച്ച് അറിയാവുന്നവരും വളരെ കുറച്ചുമാത്രം.
ഏകദേശം 72 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ആന്‍ഡമാന്‍ നിക്കോബാറിന്റെ ഭാഗമാണ്.ചുറ്റും വെള്ള നിറത്തിലുള്ള കടല്‍ ഒരു രക്ഷാകവചം പോലെ നില്ക്കുന്ന ദ്വീപില്‍ സ്വാഭാവിക തുറമുഖങ്ങള്‍ ഒന്നും തന്നെയില്ല. 2006ല്‍ ദ്വീപിനോടടുത്ത പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായിരുന്നു.ഇവരെ ദ്വീപ് വാസികള്‍ കൊലപ്പെടുത്തിയതായാണ് കരുതുന്നത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെടുക്കാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. ദ്വീപിനടുത്തേക്ക് വഴി തെറ്റിയെത്തുന്ന സഞ്ചാരികളെയും മത്സ്യത്തൊഴിലാളികളെയും ഇന്ത്യന്‍ നാവികസേന ദൂരെ നിന്നു തന്നെ തടഞ്ഞ് തിരിച്ചയക്കുന്നു.
1967ല്‍ ഓംഗകളുമായി ബന്ധപ്പെടാനും അവര്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുമായി ഇന്ത്യന്‍ സര്‍ക്കാര്‍ നരവംശ ശാസ്ത്രജ്ഞനായ ടി.എന്‍ പണ്ഡിറ്റിന്റെ നേതൃത്വത്തില്‍ ഒരു സംഘത്തിനെ അയച്ചിരുന്നു. സമ്മാനങ്ങളും വസ്ത്രങ്ങളും നല്കി ദ്വീപിലുള്ളവരെ ഇണക്കാന്‍ ശ്രമിച്ചെങ്കിലും ഇക്കൂട്ടര്‍ ഇണങ്ങാന്‍ തയ്യാറായില്ല. കൂടാതെ കടല്‍ത്തീരത്തേക്ക് കൂട്ടമായി വന്ന ഇക്കൂട്ടര്‍ ദൗത്യ സംഘത്തിന് നേരെ പുറം തിരിഞ്ഞ് നിന്ന് വിസര്‍ജനം ചെയ്യാന്‍ ശ്രമിച്ചതായി ടി.എന്‍ പണ്ഡിറ്റ് പറയുന്നു. ഇങ്ങനെ ചെയ്യുന്നത് അതിഥികളെ അവഹേളിക്കാനും ദ്വീപിലേക്ക് ആരും വരേണ്ടെന്ന് കാണിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സമ്മാനങ്ങളും വസ്ത്രങ്ങളും ഇക്കൂട്ടരെ പ്രലോഭിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പുറംനാട്ടുകാരോട് ഇത്രയേറെ അകൽച്ച സൂക്ഷിക്കുന്നതുകൊണ്ടു തന്നെ ഇവരെ സമീപിക്കുന്നത് ഏറെ അപകടം പിടിച്ച കാര്യമാണ്. ഇവരുടെ ഭാഷ, സംസ്കാരം അങ്ങനെ ഇവരെ കുറിച്ചുള്ള ഒരു വിവരണവും ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.വളരെ എണ്ണപ്പെട്ട സമയങ്ങളില്‍ മാത്രമാണ് ഈ ദ്വീപു നിവാസികളുടെ ഫോട്ടോ എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ഇങ്ങനെ എടുക്കപ്പെട്ടിട്ടുള്ള ദൃശ്യങ്ങളില്‍ നിന്നും വിചിത്രവും വസ്ത്രധാരണം പോലുമില്ലാത്തതാണ് അവരുടെ ജീവിത ശൈലി. ദ്വീപിലെ ജനസാന്ദ്രത ഉൾപ്പെടെയുള്ള വിവരങ്ങളെക്കുറിച്ചും ഒട്ടും വ്യക്തതയില്ല. 2004 – ല്‍ ഉണ്ടായ സുനാമിയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിരുന്നെങ്കിലും, സുനാമി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ അവര്‍ അടുപ്പിക്കുകയുണ്ടായില്ല. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയത്തു പോലും ഹെലികോപ്റ്ററിനെതിരെ ഈ ദ്വീപു നിവാസികള്‍ അമ്പ് എയ്തുവിടുകയാണുണ്ടായത്.
ശിലായുഗത്തിനു തുല്യമായ അവസ്ഥയിൽ തന്നെ ജീവിക്കുന്ന മനുഷ്യരെ ബന്ധപ്പെടാൻ ഇന്ത്യൻ ഗവൺമെന്റ് ഒട്ടേറെ തവണ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഇവരെ ഇവരുടേതായ രീതിയിൽ തന്നെ ജീവിക്കാൻ വിടുകയായിരുന്നു. ദ്വീപിനു ചുറ്റും മൂന്ന് മൈൽ ചുറ്റളവിൽ നിരോധിത മേഖലയായി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിൽ പ്രവേശിക്കുന്നതും സെന്റിനെലീസിനെ ബന്ധപ്പെടാൻ ശ്രമിക്കുന്നതും കുറ്റകരമാണിപ്പോൾ.
സമൂഹവുമായി ഒറ്റപ്പെട്ട് കഴിയുന്നതിനാല്‍ ഇവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണെന്നും കുറഞ്ഞ കാലത്തിനുള്ളില്‍ ഇവര്‍ ഭൂമിയില്‍ നിന്ന് തന്നെ തുടച്ചു നീക്കപ്പെട്ടേക്കാമെന്നും ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു. പക്ഷേ ഓംഗകളുമായി ആശയവിനിമയം നടത്തുന്നത് എങ്ങനെയെന്ന കാര്യത്തില്‍ ഇവര്‍ക്കും നിശ്ചയമില്ല. കറെന്റും, ഇന്റെര്‍നെറ്റും മൊബൈല്‍ ഫോണുമില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നമുക്ക്, ഈ സുഖ സൌകര്യങ്ങളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത ഒരു സമൂഹം ഇന്നും ലോകത്തില്‍ ജീവിക്കുന്നുവെന്നത് അതിശയകരമാണ്.
കടപ്പാട് – ചരിത്രാന്വേഷികൾ ഫേസ്ബുക്ക് ഗ്രൂപ്പ്, വിവിധ ഓൺലൈൻ മാധ്യമങ്ങൾ.