ഇടുക്കിയിലെ പൊന്മുടിയെക്കുറിച്ച് ആരെങ്കിലും കേട്ടിട്ടുണ്ടോ?

ടൂറിസം വികസനത്തിന്‌ വലിയ സാധ്യതകൾ ഉള്ള പ്രകൃതി മനോഹാരിതയുടെ നിറവസന്തമാണ്‌ പൊൻമുടി. എന്നാൽ ഇത്‌ പ്രയോജനപ്പെടുത്തുവാൻ അധികൃതർ പരിശ്രമിക്കുന്നുമില്ല. മലയാളം, തമിഴ്‌ തുടങ്ങിയ നിരവധി സിനിമാ ചിത്രീകരണങ്ങൾക്ക്‌ വേദിയായ പൊൻമുടിയുടെ ടൂറിസം വികസനം നാട്ടുകാരുടെ വലിയ സ്വപ്നമാണ്‌.

മലയാളത്തിൽ ഏറെ ഹിറ്റായ ഓഡിനറി, മരംകൊത്തി, ആട്‌ തുടങ്ങിയ നിരവധി ചിത്രങ്ങൾക്ക്‌ ഹരതാഭമായ ഗ്രാമീണ അന്തരീക്ഷം തീർത്ത്‌ പ്രേക്ഷക മനസിൽ ഇടം നേടിയ പ്രദേശം കൂടിയാണ്‌ പൊൻമുടി. പൊൻമുടി ജലാശയവും സമീപ പ്രദേശങ്ങളിലും ടൂറിസം വികസനത്തിന്റെ വലിയ സാധ്യതകളാണ്‌ നിറഞ്ഞിരിക്കുന്നത്‌. ഹൈഡൽ ടൂറിസത്തിന്റെ ഭാഗമായി ഇവിടെയും ബോട്ടിംഗ്‌ ആരംഭിച്ചാൽ ദിവസേന ആയിരക്കണക്കിന്‌ രൂപാ വരുമാനമുണ്ടാക്കുവാൻ കഴിയുന്നതാണ്‌.

ഇത്തരം സംവിധാനങ്ങൾ ഒന്നും തന്നെ ഇവിടെ ഇല്ലെങ്കിലും സ്വദേശീയരും വിദേശീയരുമായ നിരവധി സഞ്ചാരികളാണ്‌ ഇവിടേക്ക്‌ എത്തുന്നത്‌. പൊൻമുടി അണക്കെട്ടിന്റെ മുകളിൽ നിന്നാൽ കാണുവാൻ കഴിയുന്ന മൂന്നാർ മലനിരകളുടെ വിദൂരദൃശ്യം ആരെയും ആകർഷിക്കുന്നതാണ്‌. മാത്രവുമല്ല അണക്കെട്ടിന്റെ താഴ്ഭാഗത്തായി പതിറ്റാണ്ടുകൾക്ക്‌ മുമ്പ്‌ പണികഴിപ്പിച്ചിട്ടുള്ള തൂക്കുപാലവും സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്‌. പാറക്കെട്ടിന്‌ മുകളിലൂടെ 150 അടിയിലധികം ഉയരത്തിലാണ്‌ തൂക്ക്‌ പാലം സ്ഥിതിചെയ്യുന്നത്‌. ഇതിന്‌ മുകളിലുടെയുള്ള വാഹന യാത്ര സാഹസികത ഇഷ്ടപ്പെടുന്നവർക്ക്‌ ഏറെ ഹരം പകർന്നു നൽകുന്നതാണ്‌. നിലവിൽ 21ന്‌ ശ്രീനാരായണപുരം ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്ത്‌ പ്രവർത്തനം ആരംഭിക്കുമ്പോൾ പൊൻമുടിയിൽ ബോട്ടിംഗ്‌ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ മൂന്ന്‌ കിലോമീറ്റർമാത്രം അകലത്തിൽ സ്ഥിതിചെയ്യുന്ന ഇരുപ്രദേശങ്ങൾക്കും വലിയ വികസനത്തിന്‌ വഴിയൊരുക്കും.

പൊൻമുടി അണക്കെട്ടിന്റെ നീരൊഴുക്ക്‌ നിലച്ച ഇരുകരകളിലുമായി പൂന്തോട്ടങ്ങളും, ചിൽഡ്രൻസ്‌ പാർക്കുകളും ഒരുക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ട്‌. ഇവിടെ ഇപ്പോൾ കാടുകയറി മൂടിയിരിക്കുകയാണ്‌. ഇത്‌ വെട്ടിത്തെളിക്കുന്നതിനായി വർഷാവർഷം വൻതുകയാണ്‌ കെ എസ്‌ ഇ ബി മുടക്കുന്നത്‌. ഈ സാഹചര്യത്തിൽ വൻ ലാഭമുണ്ടാക്കുവാൻ കഴിയുന്ന തരത്തിലുള്ള പദ്ധതികൾ ഇവിടെ നടപ്പിലാക്കുവാൻ കഴിയുമെന്നിരിക്കെ ഇത്‌ പ്രയോജനപ്പെടുത്താൻ അധികൃതർ പരിശ്രമിക്കുന്നില്ല.

© സന്ദീപ്‌ രാജാക്കാട്‌ 

malayalamemagazine

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply