എറണാകുളം-രാമേശ്വരം – ധനുഷ്കോടി – പഴനി -എറണാകുളം യാത്ര..

എറണാകുളം – രാമേശ്വരം ട്രെയിൻ അപ്ഡേറ്റ് – (വണ്ടിയുടെ സമയം വീണ്ടും മാറ്റിയിരിക്കുന്നു)
രണ്ട് ദിവസത്തെ അവധി കൊണ്ട് എറണാകുളം-രാമേശ്വരം – ധനുഷ്കോടി – പഴനി -എറണാകുളം യാത്ര..

കഴിഞ്ഞ വർഷം സമ്മർ സ്പെഷ്യൽ ആയി ഓടിച്ച എറണാകുളം – രാമേശ്വരം സ്പെഷ്യൽ ഫെയർ തീവണ്ടി ഈ വർഷവും ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചിരിക്കുന്നു.

ഏപ്രിൽ 3 മുതൽ ജൂൺ 26 വരെ എല്ലാ ചൊവ്വാഴ്ചയും രാത്രി 11 മണിക്ക് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വണ്ടി (വണ്ടി നമ്പർ -06035) ബുധനാഴ്ച രാവിലെ 11 ന് രാമേശ്വരത്ത് എത്തും. പാമ്പൻ പാലത്തിലൂടെയുള്ള ട്രെയിൻ യാത്ര അനുഭവിച്ചറിയാൻ പറ്റിയ അവസരമാണിത്. രാവിലെ 10:20 ന് ആണ് ഈ ട്രെയിൻ പാമ്പൻ പാലത്തിൽ കയറുന്നത്.

ബുധനാഴ്‌ചകളിൽ രാത്രി 11:10 ന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് വ്യാഴാഴ്ച ഉച്ചക്ക് 12:15 ന് എറണാകുളത്ത് ഈ വണ്ടി (വണ്ടി നമ്പർ -06036) തിരിച്ചെത്തും.

പോകുന്ന വഴിയും സ്റ്റോപ്പുകളും സമയവും. എറണാകുളം – 11 PM ( ചൊവ്വ മാത്രം), ആലുവ – 11;25 PM, തൃശൂർ – 12:27 AM, ഒറ്റപ്പാലം – 01:45 AM,  പാലക്കാട് ജംഗ്ഷൻ – O2:20 AM (20 മിനുറ്റ് സ്റ്റോപ്പ്), പാലക്കാട് ടൗൺ – 02:55 AM , പുതുനഗരം – 03: 07 AM , കൊല്ലങ്കോട് – O3:19 AM , പൊള്ളാച്ചി – O4:15 AM, ഉദുമലൈപേട്ട – 04:55 AM , പഴനി – 05:47 AM , ഡിണ്ടിക്കൽ – 07:00 AM, മദുരൈ – 08:10 AM, മനമദുരൈ – 08:45 AM , പരമക്കുടി – 09;05 AM , രാമനാഥപുരം – 09;35 AM , മണ്ഡപം – 10:00 AM , പാമ്പൻ പാലം – 10:20 AM (സ്റ്റോപ്പില്ല) , രാമേശ്വരം – ബുധൻ 11:00 AM.

തിരിച്ചു വരുന്ന സമയവും സ്റ്റോപ്പുകളും –  രാമേശ്വരം – 11:10 PM (ബുധൻ) , മണ്ഡപം – 11: 40 PM, രാമനാഥപുരം – 12:15 AM, പരമക്കുടി – 12;46 AM, മനമദുരൈ – 01:10 AM, മദുരൈ – 02:15 AM, ഡിണ്ടിക്കൽ – 03:30 AM, പഴനി – 04:55 AM, ഉദുമലൈപേട്ട – 05:40 AM, പൊള്ളാച്ചി – 06:20 AM, കൊല്ലങ്കോട് – O7:10 AM, പുതുനഗരം – 07:30 AM, പാലക്കാട് ടൗൺ – 08:02 AM, പാലക്കാട് ജംഗ്ഷൻ – 08:15 AM (20 മിനുറ്റ് സ്റ്റോപ്പ്), ഒറ്റപ്പാലം – 09: 13 AM, തൃശൂർ – 10:13 AM, ആലുവ – 11:18 AM, എറണാകുളം ടൗൺ – 11:50 AM, എറണാകുളം സൗത്ത്- 12:15 PM (വ്യാഴം).

രാമേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്ന് നടന്ന് പോകാനാവുന്ന ദൂരത്തിലാണ് രാമേശ്വരം അമ്പലം. രാമേശ്വരം രാമനാഥപുരം ബസിൽ കയറിയാൽ പാമ്പൻ പാലത്തിലും, അബ്ദുൾ കലാം മെമ്മോറിയലിലും ഇറങ്ങി അവിടുത്തെ കാഴ്ച്ചകൾ കാണാം. ചെറുതും വലുതുമായ ഒരു പാട് അമ്പലങ്ങൾ രാമേശ്വരത്തിലുണ്ട്. 300 രൂപക്ക് ഓട്ടോക്കാരുമായി ധാരണ ഉണ്ടാക്കിയാൽ രാമേശ്വരം ടൗണിലെ അമ്പലങ്ങളിലും, മുൻ പ്രസിഡണ്ട് അബ്ദുൾ കലാമിന്റെ വീട്ടിലും കൊണ്ട് പോകും. രാമസേതുനിർക്കാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലുകൾ, ചെറിയ പൂളുകൾ കെട്ടി, ദൈവ വിഗ്രഹം വെച്ച്, രാമായണ കഥാപാത്രങ്ങളുടെ പേരിൽ ഫ്ലക്സ് അടിച്ച് വെച്ച് പ്രദർശിപ്പിക്കുന്ന താത്കാലിക / ചെറുകിട അമ്പലങ്ങളും ഇവിടെ ധാരാളമുണ്ട്.

ലോകത്തേറ്റവും നീളം കൂടിയ അമ്പല ഇടനാഴി രാമേശ്വരം അമ്പലത്തിന്റേയാണ്. രാമേശ്വരത്ത് ആകെ 36 തീർത്ഥക്കുളങ്ങൾ / കിണറുകൾ ഉണ്ട്. സ്കന്ദപുരാണത്തിൽ പ്രതിപാദിച്ചിട്ടുള്ള 24 തീർത്ഥങ്ങളിൽ 22 എണ്ണവും ഈ അമ്പലത്തിനുള്ളിലാണ്. ഈ 22 എണ്ണത്തിലും കുളിക്കുന്നതിലൂടെ സർവപാപമുക്തി നേടുമെന്നാണ് വിശ്വാസം. അമ്പലകൗണ്ടറിൽ നിന്ന് 25 രൂപ ടിക്കറ്റെടുത്താൽ എല്ലാ തീർത്ഥങ്ങളിലും കുളിക്കാം. പൂജാരി / സഹായികളായി നിൽക്കുന്നവർക്ക് 100 രൂപ കൊടുത്താൽ, അവർ കൂടെ കൊണ്ടുപോയി എല്ലാ തീർത്ഥങ്ങളിലേയും വെള്ളം കോരി ഒഴിച്ചു തരും. തീർത്ഥങ്ങളിലെ കുളിക്ക് മുന്നേ, ഫോണും, പൈസ ഉൾപ്പെടെയുള്ള പേപ്പറുകളും, പ്ലാസ്റ്റിക് കവറിലാക്കി കൂടെ കരുതുകയോ, വഴിപാട് കൗണ്ടറിനടുത്തുള്ള ക്ലോക്ക് റൂമിൽ സൂക്ഷിക്കുകയോ ചെയ്യേണ്ടതാണ്. അമ്പലത്തിൽ കയറുന്നതിന് മുമ്പ് സമുദ്ര സ്നാനം ചെയ്യണമെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. അത്തരക്കാർക്ക് അമ്പലത്തിന്റെ തൊട്ടടുത്തുള്ള (250 മീറ്റർ) കടലിന്റെ കടവിൽ കുളിക്കാവുന്നതാണ്.

രാമേശ്വരം പോയാൽ മറക്കാതെ കാണേണ്ട സ്ഥലമാണ് ധനുഷ്കോടി. രാമേശ്വരത്ത് നിന്ന് 20 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന പ്രേതനഗരമാണിത്. 1964 വരെ ഇന്ത്യയിലെ ഏതൊരു ചെറിയ പട്ടണത്തേയും പോലെ, ബസ് സ്റ്റാന്റും, റെയിൽവേ സ്റ്റേഷനും, സ്കൂളും പള്ളിയും, അമ്പലങ്ങളും ഒക്കെ ഉള്ള ഒരു സാധാരണ ടൗൺ ആയിരുന്നു ധനുഷ്കോടി. 36 കിലോമീറ്റർ മാത്രം അകലെ ആയിരുന്ന ശ്രീലങ്കയിലേക്ക് ബോട്ട് സർവീസും ഇവിടെ നിന്നുണ്ടായിരുന്നു.

1964ൽ വീശിയടിച്ച മിനുറ്റുകൾ മാത്രം നീണ്ടു നിന്ന ചുഴലിക്കാറ്റ് ഈ നഗരത്തെയും, അവിടെ ജീവിച്ചിരുന്ന 1800 ഓളം ജനങ്ങളേയും കടലിനടിയിലേക്ക് കൊണ്ടുപോയി. ഇന്ത്യയിൽ അന്നുവരെ ഉണ്ടായിരുന്നതിൽ വെച്ച് ഏറ്റവും വലിയ കടൽ പാലമായ പാമ്പൻ പാലത്തെയും തകർത്ത കാറ്റ്, അപ്പോൾ പാലത്തിലൂടെ കടന്നു പോയിരുന്ന തീവണ്ടിയെയും, അതിലെ 180 പേരെയും കൂടി കൊണ്ടുപോയി. പിന്നീട് 45 ദിവസം കൊണ്ട് പാലം പുനർനിർമ്മിച്ച് തന്റെ ഇൻട്രൊഡക്ഷൻ ഇ.ശ്രീധരൻ ഗംഭീരമാക്കിയത് ചരിത്രം. തമിഴ്നാട് ഗവൺമെന്റ് ധനുഷ്കോടിയെ ജീവിക്കാൻസാധ്യമല്ലാത്ത (Unfit to live) പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒന്നു രണ്ട് കൊല്ലം മുന്നേവരെ ഓഫ് റോഡ് വണ്ടികൾക്ക് മാത്രമേ ധനുഷ് കോടിയിലേക്ക് പോകാൻ പറ്റിയിരുന്നുള്ളൂ. ഇപ്പോൾ തമിഴ്നാട് ഗവൺമെന്റ് ധനുഷ്കോടിക്കപ്പുറം അരിചൽമുനെ വരെയുള്ള റോഡ് പുനർനിർമ്മിച്ചിട്ടുണ്ട്. രണ്ട് വശത്തും ആർത്തിരമ്പുന്ന കടലിന്റെ നടുവിലൂടെ, റൺവേ പോലെ നീണ്ടു നിൽക്കുന്ന ഓൾവെതർ റോഡിലൂടെയുള്ള യാത്ര നിങ്ങളെ ആവേശഭരിതരാക്കും.

രാമേശ്വരം ബസ് സ്റ്റാന്റിൽ നിന്ന് മൂന്നാം നമ്പർ ബസ് പിടിച്ചാൽ ധനുഷ്കോടി വഴി അരിചൽമുനൈ വരെ പോകാം. ധനുഷ്കോടി പഴയനഗരം സ്റ്റോപ്പിൽ ഇറങ്ങിയാൽ പഴയ പള്ളിയുടേയും, റെയിൽവേ സ്റ്റേഷന്റെയും സ്കൂളുകളുടെയും ശേഷിച്ച ഭാഗങ്ങൾ കാണാം. പള്ളിയിലെ അവശേഷിച്ച ആൾത്താരയിൽ ഇപ്പോഴും വിശ്വാസികൾ വീശിയടിക്കുന്ന കാറ്റിലും മെഴുകുതിരി കത്തിച്ച് വെക്കാറുണ്ട്. പള്ളിക്ക് ചുറ്റും കടൽ കരകൗശല വസ്തുക്കളുടെ ചെറിയ താത്ക്കാലിക കടകൾ കാണാം. ഇവിടുത്തെ കടലിന് വല്ലാത്തൊരു ശാന്തതയാണ്. തീരത്തു നിന്ന് തിരയടിക്കുന്ന 10-20 മീറ്റർ ദൂരത്തിനപ്പുറം പുറം കടലെന്ന പോലെ അലയില്ലാതെ അനങ്ങാതെ നിൽക്കും കടൽ. വേലിയറക്കത്തിൽ ചിലപ്പോഴൊക്കെ പഴയ നഗരത്തിലെ കടലെടുത്തു പോയ ഗണപതി അമ്പലത്തിന്റെ മകുടവും കാണാനാകും.

കടലിന്റെ ശാന്തത പുറമേ മാത്രമാണ്. നല്ല ആഴവും അടിയൊഴുക്കും ഉള്ള ഇവിടെ കുളിക്കുന്നത് അപകടകരമാണ്. കുളിക്കാനിറങ്ങിയ ഒരു പാട് പേരെ കൊണ്ടുപോയ കടലാണിവിടെയും അരിചൽമുനൈയിലും.

പഴയ പള്ളിയിലെ ആൾത്താരയിൽ ഇരുന്ന് കണ്ണടച്ചാൽ കടലെടുത്തു പോയവരുടെ പ്രാർത്ഥനകളും അലമുറകളും കേൾക്കാമെന്നാണ് വിശ്വാസം. കാഴ്ചകൾ കണ്ട് കഴിഞ്ഞ്, ഫ്രെഷ് കടൽമീനും കൂട്ടി ഊണ് കഴിച്ച്, അടുത്ത ബസിൽ കയറി അരിചൽ മുനെയിൽ ഇറങ്ങാം. റോഡിവിടെ തീരുന്നു. ഇതു വരെയും, റോഡിന്റെ രണ്ട് വശത്തു നിന്നും പിൻതുടർന്നുകൊണ്ടിരുന്ന കടൽ ഇവിടെ വച്ച് 3 വശത്ത് നിന്നും നമ്മളെ പൊതിയാൻ തുടങ്ങും. ചുറ്റും അനാദിയായ കടൽ മാത്രമാണിവിടെ. അവിടൊരു രാമക്ഷേത്രവും, ദേശീയ ചിഹ്നമായ അശോകസ്തംഭവും ഉണ്ട്. സീതയെ ലങ്കയിൽ നിന്ന് വീണ്ടെടുക്കാൻ, വാനരൻമാരുടെ സഹായത്തോടെ ശ്രീരാമൻ നിർമ്മിച്ച ഇന്ത്യ – ലങ്ക പാലമായ രാമസേതു ഇവിടെ നിന്ന് തുടങ്ങുന്നു എന്നാണ് വിശ്വാസം. ആഴം കുറഞ്ഞ, പാറക്കെട്ടുകൾ നിറഞ്ഞ കടലിന്റെ ശ്രീലങ്ക വരെ നീളുന്ന ഭാഗം, ഈ വിശ്വാസത്തിന് ബലം പകരുന്നു. നീലപ്പച്ച നിറത്തിലെ തെളിഞ്ഞ കടലിൽ കാൽ നനച്ച്, ഇന്ത്യയുടെ അവസാന മുനമ്പിലെ കുളിർകാറ്റേറ്റ് മതിയായെങ്കിൽ, അടുത്ത മൂന്നാം നമ്പർ ബസ് കയറി തിരിച്ച് രാമേശ്വരത്തെത്താം.

ഒരു ദിവസം കൊണ്ട് കണ്ടു തീർക്കാനാവുന്ന കാഴ്ചകളേ രാമേശ്വരത്തുള്ളൂ. തിരിച്ചു വരുന്ന വഴി രാവിലെ 4:55 മണിക്ക് പഴനിയിൽ ഇറങ്ങി, പഴനിമല കയറി, ദർശനവും കഴിഞ്ഞ് തിരിച്ചിറങ്ങി, വൈകുന്നേരം 6 മണിക്കുള്ള അമൃത എക്സ്പ്രസിൽ (വണ്ടി നമ്പർ- 16344- എല്ലാ ദിവസവും ഓടുന്നു) കയറിയാൽ രാത്രി 1:45 ന് എറണാകുളത്തെത്താം.

എറണാകുളത്ത് നിന്നും ചൊവ്വാഴ്ച വൈകുന്നേരം പുറപ്പെട്ട്, വെള്ളിയാഴ്ച രാവിലെ 01:45 തിരിച്ചെത്തുന്ന ഈ കോമ്പിനേഷൻ, ഫലത്തിൽ രണ്ട് ദിവസത്തെ അവധി കൊണ്ട്, രാമേശ്വരവും ധനുഷ്കോടിയും പഴനിയും കാണാനും അറിയാനും ഉള്ള അവസരം ഒരുക്കുകയാണ്.

Roads, Voyages & tales of adventure ഫേസ്ബുക്ക് പേജിന് വേണ്ടി ഷിംനിത്ത് എഴുതിയത്. Page Link – CLICK HERE.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply