ഹോം ഗാർഡ് മാധവേട്ടൻ വീണ്ടും റോഡിലിറങ്ങും. മാധവേട്ടനെ ആശ്വസിപ്പിക്കാൻ നാട്ടുകാരും സാമൂഹ്യമാദ്ധ്യമങ്ങളും കൈകോർത്തപ്പോൾ അതു മാധവേട്ടൻ എന്ന സിഗ്നൽമാന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങുകയായിരുന്നു.
ഒരാഴ്ച മുമ്പായിരുന്നു ട്രാഫിക്ക് കുരുക്കിനിടയിൽ മാധവേട്ടന് പരസ്യമായി അപമാനം നേരിടേണ്ടി വന്നത്. മേലേ ചൊവ്വയിലാണു സംഭവം. ട്രാഫിക് നിയന്ത്രിച്ചു കൊണ്ടിരിക്കെ ഒരു കാർ തെറ്റായ ദിശയിലൂടെ ചീറിപ്പാഞ്ഞെത്തി. മറ്റു വാഹനങ്ങൾക്കു പോകാൻ ഒരു ഭാഗത്ത വാഹനങ്ങൾ തടഞ്ഞിട്ടിരിക്കുകയായിരുന്നു.
ട്രാഫിക്ക് നിയന്ത്രിക്കുന്നതിനിടയിൽ പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ സഞ്ചരിച്ച കാർ പോകാനാകില്ലെന്നു പറഞ്ഞു തടഞ്ഞിട്ടു, അതോടെ കാറിലുണ്ടായിരുന്നവർ മാധവേട്ടനോട് ചൂടായി. ഞങ്ങൾ ആരാണെന്ന് അറിയുമോടാ, പൊലീസിന്റെ ആളുകളാ, കാണിച്ചു തരാം എന്നായിരുന്നു വെല്ലുവിളി. നാട്ടുകാരും യാത്രക്കാരും നോക്കി നിൽക്കെ തന്നെ അസഭ്യം പറഞ്ഞ് കാറ് ചീറിപാഞ്ഞുപോയി.
ഇക്കാര്യം ചൂണ്ടിക്കാട്ടി പേര് ഉന്നയിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനു പരാതി നൽകിയെങ്കിലും കാര്യമായ നടപടിയൊന്നുമുണ്ടായില്ല. പിന്നെ എന്നെ അവിടെ ഡ്യൂട്ടിക്കും ഇട്ടിട്ടില്ല. കരാർ അടിസ്ഥാനത്തിലാണു ജോലി ചെയ്യുന്നത്. ഇതോടെയാണ് ഹോം ഗാർഡ് മാധവേട്ടൻ പണി മതിയാക്കാൻ തീരുമാനിച്ചത്.
ഈ സംഭവത്തോടെ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാരും മറ്റും രംഗത്തെത്തുകയായിരുന്നു. എങ്ങനെയും തുടരണമെന്ന ശാഠ്യമില്ലാത്തതുകൊണ്ടുതന്നെ മതിയാക്കുന്നതാണ് നല്ലതെന്ന് തോന്നിയായിരുന്നു ഇദ്ദേഹത്തിന്റെ പിന്മാറ്റം.
വാഹന ഡ്രൈവർമാർക്കെന്നല്ല, നഗരത്തിലെ ബസ് യാത്രക്കാർക്കുപോലും സുപരിചിതനാണ് ട്രാഫിക് നിയന്ത്റണത്തിൽ അഗ്രഗണ്യനായി അറിയപ്പെടുന്ന മാധവേട്ടൻ. ഇദ്ദേഹത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പോസ്റ്റുകളും ഒഴുകുകയാണ്. ആരെതിർത്താലും റോഡ് വിടാൻ മാധവേട്ടനെ അനുവദിക്കില്ലെന്നും പിന്നിൽ ഞങ്ങളെല്ലാമുണ്ടെന്നും പ്രഖ്യാപിച്ചാണ് മിക്ക പോസ്റ്റുകളും.
പൊരിവെയിലത്തും പേമാരിയിലും മടിയോ, അലംഭാവമോ കൂടാതെ ഡ്യൂട്ടി കൃത്യമായി നിർവഹിക്കുന്ന മാധവേട്ടൻ പലപ്പോഴും വാർത്തയിൽ നിറഞ്ഞിട്ടുണ്ട്. ജില്ലയ്ക്ക് പുറത്തുള്ളവർക്ക് പോലും അതുവഴി ഇദ്ദേഹത്തെ അറിയാം. മേലെ ചൊവ്വ ജംഗ്ഷനിലെ സ്ഥിരംമുഖമായിരുന്നു ഈയടുത്ത കാലം വരെ ഇദ്ദേഹം. ഈ സാന്നിദ്ധ്യം കൊണ്ടുതന്നെ ഇവിടെ കുരുക്ക് മുറുകുന്ന പതിവുമുണ്ടായിരുന്നില്ല.
മികവുറ്റ പ്രവർത്തനത്തിന് അംഗീകാരമെന്ന നിലയിൽ ഇതിനിടയ്ക്ക് നാല്പതിലേറെ പുരസ്കാരങ്ങൾ മാധവേട്ടനെ തേടിയെത്തിയിരുന്നു. സൈനിക സേവനത്തിനു ശേഷമാണ് തളിപ്പറമ്പ് മുയ്യം സ്വദേശിയായ മാധവൻ ഹോംഗാർഡായി നഗരത്തിലെത്തുന്നത്. റിട്ട. ഓണററി ക്യാപ്ടനായ ഇദ്ദേഹത്തിന്റെ പട്ടാളച്ചിട്ട ഡ്യൂട്ടിയിലുടനീളം കാണാമായിരുന്നു.
Photos – Manorama Online
News – malayalivartha