ലോകത്തെ ഏറ്റവും കൂടുതൽ ക്ഷേത്രങ്ങൾ ഉള്ള ജൈന തീർത്ഥാടന കേന്ദ്രം – പാലിത്താന

വിവരണം – Sakeer Modakkalil.

ഇതൊരു തീർത്ഥയാത്രയാണ്.. അതെ ജൈന മതക്കാരുടെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രത്തിലേക്ക്. ജീവിതത്തിലൊരിക്കലെങ്കിലും ഓരോ ജൈന വിശ്വാസിയും ഇവിടേക്ക് തീർത്ഥാടനം നടത്തണമെന്നാണ് വിശ്വാസം. ഏറ്റവും കൂടുതൽ ജൈന മത വിശ്വാസികൾ ഉള്ള മൂന്നാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്‌. ഞങ്ങൾ മൂന്നു പേരാണ് ഈ തീർത്ഥാടനത്തിലുള്ളത്. രണ്ടു പേർ ഗുജറാത്തികൾ തന്നെയാണ്. അത് കൊണ്ട് ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യണ്ട അവരെന്നെ കൊണ്ട് പോകേണ്ടിടത്തൊക്കെ കൊണ്ട് പൊയ്ക്കോളും. കാരണം അവർ രണ്ടു പേർക്കും ഗുജറാത്ത്‌ കൈവെള്ളയിലെ വര പോലെയാണ്. ഓരോ മുക്കും മൂലയും അറിയാം..ഞാനും ലക്ഷ്മണും ജാംനഗറിൽ നിന്നു ബൈക്കിൽ പുറപ്പെട്ടു.. ഗോണ്ടലിൽ വെച്ചു ചേതൻ ജോഷി ഞങ്ങളോടൊപ്പം ചേരും അതാണ്‌ പ്ലാൻ. പുള്ളി അവിടെ ഒരു സ്കൂളിൽ സംസ്കൃത അധ്യാപകനാണ്. ബ്രാഹ്മണനും സംസ്കൃതത്തിൽ ഗവേഷണം നടത്തുന്ന പണ്ഡിതനുമാണ് പുള്ളി.

രാവിലെ ഏഴു മണിക്ക് പുറപ്പെട്ടെങ്കിലും കാര്യങ്ങൾ വിചാരിച്ച പോലെയല്ല നടക്കുന്നത്. മഴയാണ് വില്ലൻ. ഞങ്ങൾ വണ്ടി ഓടിക്കാൻ തുടങ്ങുമ്പോൾ മഴ തുടങ്ങും.. എവിടെങ്കിലും കേറി നിന്നാൽ മഴയും നിൽക്കും.. വീണ്ടും വണ്ടി സ്റ്റാർട്ടാക്കി ഇറങ്ങും മഴ തുടങ്ങും. ഇങ്ങനെ മഴയും ഞങ്ങളും തമ്മിൽ തൊട്ടുകളി കളിച്ചു കളിച്ചാണ് പോക്ക്. വഴിയിലുള്ള എല്ലാ ചായക്കടയും ഞങ്ങൾ കവർ ചെയ്തു ( മഴയത്തു കേറി നിൽക്കാൻ ). വെറും 3 മണിക്കൂർ കൊണ്ട് എത്തേണ്ട ഗോണ്ടലിൽ ഞങ്ങൾ 6 മണിക്കൂർ കൊണ്ടാണ് എത്തിയത്. ഗോണ്ടലിൽ വെച്ചു ചേതൻ ജോഷി ഞങ്ങളോടൊപ്പം ചേർന്നു. ഗോണ്ടൽ വരെ എനിക്ക് പരിചയമുള്ള സ്ഥലമാണ്. അവിടന്നങ്ങോട്ട് ഭാവ്നഗർ ലക്ഷ്യമാക്കിയാണ് യാത്ര. പാലിത്താന ഭാവ്നഗർ ജില്ലയിലാണ്. ഏതായാലും എല്ലാ പ്ലാനിങ്ങും തെറ്റി. ഇനി ആസ്വദിച്ചങ്ങനെ സാവധാനം പോകാൻ തീരുമാനിച്ചു. മഴക്കും കുറച്ചു ശമനം ഉണ്ട്. മഴക്കാറുള്ളത് കൊണ്ട് യാത്രയുടെ ക്ഷീണം അറിയുന്നില്ല. നല്ല തണുത്ത അന്തരീക്ഷം.

വൈകുന്നേരത്തോടെ ഞങ്ങൾ പാലിത്താനായിൽ എത്തി. നല്ല തിരക്ക് പിടിച്ച ഒരു ചെറിയ ടൗൺ ആണ്. എല്ലായിടത്തും ജന്മാഷ്ടമി ആഘോഷത്തിന്റെ പോസ്റ്ററുകളും ആളുകൾ ആഘോഷത്തിന്റെ തിരക്കിലുമാണ്.കുറെ ദിവസമായി മഴയില്ലാതിരുന്ന പാലിത്താനയിൽ ഞങ്ങൾ എത്തിയപ്പോൾ ഞങ്ങളുടെ അനുഗ്രഹം കൊണ്ടാണെന്ന് തോന്നുന്നു മഴയും എത്തി. മഴ പെയ്യാത്ത നാട്ടിൽ മഴ പെയ്യിച്ച ഋഷ്യശൃങ്ഗന്റെ കഥയാണ്‌ ഓർമ വന്നത്. തീർത്ഥാടനം ‘ശത്രുഞ്ജയ ‘ എന്ന ഒരു മലയുടെ മുകളിലേക്കാണ്. സമയം വൈകിയിരിക്കുന്നു. ഇനി ഇപ്പോൾ മല കയറ്റം നടക്കില്ല. അതുകൊണ്ട് ഒരു മുറിയെടുത്തു താമസിക്കാം. നാളെ രാവിലെയേ ഇനി മല കയറ്റം നടക്കൂ.

റൂം എടുക്കാൻ ചെന്ന ഞങ്ങളെ ആദ്യം ഗസ്റ്റ് ഹൗസുകാരൻ ഞെട്ടിച്ചു. വേറൊന്നുമല്ല 3 പേർക്ക് ബാത്ത്റൂം അറ്റാച്ചഡ് അടിപൊളി റൂം എക്സ്ട്രാ കിടക്കയടക്കം വെറും 350 രൂപ… ഇങ്ങനത്തെ ഗസ്റ്റ് ഹൌസ്കൾ ഒക്കെ ഇപ്പോളും ഉണ്ടോ എന്ന് മനസ്‌സിൽ ഓർത്തു. ഫ്രീ ആയി ഭക്ഷണവും താമസവും കിട്ടുന്ന ധർമശാലകൾ ഉണ്ട്. പക്ഷേ അവർ ജൈന മതക്കാർക്ക് മാത്രമേ കൊടുക്കൂ. ഈ ജൈന മതക്കാരനാണോ അല്ലേ എന്ന് ഇവരെങ്ങനെ കണ്ടു പിടിക്കും എന്ന് ലക്ഷ്മണിനോട് ഞാൻ ചോദിച്ചു. എന്നെ വേണമെങ്കിൽ കണ്ടു പിടിക്കാം. പക്ഷേ ഇവരെയെങ്ങനെ കണ്ടു പിടിക്കും?.

ഉച്ചയ്ക്ക് കാര്യമായി ഒന്നും കഴിക്കാത്തത് കൊണ്ട് വിശപ്പിന്റെ വിളി വരാൻ തുടങ്ങിയിരിക്കുന്നു. അടുത്തു തന്നെയുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി. അത് പറഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്‌ ഇതൊരു ശുദ്ധ വെജിറ്റേറിയൻ ഗ്രാമമാണ്. ജൈന മത തീർത്ഥാടന കേന്ദ്രമായതു കൊണ്ടാണ്. ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ച ശേഷം ബില്ലു കണ്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി. 3 പേർ തന്തൂരി റൊട്ടിയും ഹൈദരാബാദി ബിരിയാണിയും തൈരും, വെജിറ്റബിൾ കറിയും ഒക്കെ വയറു നിറയെ AC റൂമിൽ ഇരുന്നു കഴിച്ചിട്ടും ബിൽ വെറും 340 രൂപ ( നല്ല സ്റ്റാൻഡേർഡ് ഹോട്ടൽ തന്നെയാണ് ).

വരുന്ന വഴിയിൽ അധികം ദൂരെയല്ലാതെ ഒരു ഉത്സവം നടക്കുന്നത് ഞങ്ങൾ കണ്ടിരുന്നു. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവിടെയൊന്നു പോയി വരാം എന്ന് തീരുമാനിച്ചു. നാഗപഞ്ചമി ഉത്സവമാണ്… റോഡിൽ നിന്നു കുറച്ചു മാറി ഒരു ചെറിയ നാഗ ക്ഷേത്രമുണ്ട് അവിടെയാണ് ഉത്സവം. വഴിയിൽ നിറയെ നമ്മുടെ നാട്ടിലെ ഉത്സവത്തിനുള്ളത് പോലെ തന്നെ കടല കച്ചവടക്കാരനും കളിപ്പാട്ടക്കാരനും ഐസ്ക്രീംകാരനും ഉൾപ്പെടെ സകല കച്ചവടക്കാരും ഉണ്ട്. പുഴുങ്ങിയ ചോളം എനിക്ക് വളരെ ഇഷ്ടമാണ് അതിനാൽ അതും തിന്നു കൊണ്ട് ക്ഷേത്രത്തിലേക്ക് നടന്നു. ആവിടെ ഫ്രീയായി ഭക്ഷണമൊക്കെയുണ്ട്. പത്ത് രൂപയ്ക്കു കയ്യിൽ ചിലർ പച്ചകുത്തുന്നു. വെറുതെ അവിടെയൊക്കെ ഒന്ന് കറങ്ങി നടന്നു..

ഉത്സവത്തിന്‌ പോകുന്ന വഴിക്ക് തന്നെ റോഡരികിലായി ഒരു ജൈന ക്ഷേത്രമുണ്ട്. 101 ചെറിയ മന്ദിരങ്ങളുടെ ഒരു ക്ഷേത്ര സമുച്ചയമാണിത്. ഓരോ കൊച്ചു കൊച്ചു മന്ദിരത്തിനകത്തും ജൈന വിഗ്രഹങ്ങളുണ്ട്. അതിന്റെ വാസ്തു ശില്പ രീതികൾ കുറച്ചു വ്യത്യസ്തമാണ്. മഹാവീരന്റെ ജീവിതം ആസ്പദമാക്കി ഒരു ചുമർ ചിത്രശില്പങ്ങളും അവിടെയുണ്ട്. കൂടുതൽ സമയം അവിടെ നിൽക്കാൻ സമയമില്ലാത്തതു കൊണ്ട് വേഗം തിരിച്ചു പോന്നു. രാവിലെ മല കയറാനുള്ളത് കൊണ്ട് അവിടേക്കുള്ള ദൂരവും കയറ്റം തുടങ്ങുന്ന സ്ഥലവും ഒക്കെയൊന്ന് പോയി നോക്കാൻ തീരുമാനിച്ചു. രാവിലെ ഇനി വഴി തെറ്റണ്ടല്ലോ.. 9 മണിയോടെ ഉറങ്ങാൻ കിടന്നപ്പോൾ അടുത്തുള്ള ക്ഷേത്രത്തിൽ ജന്മാഷ്ടമി പരിപാടികൾ തുടങ്ങിയിരുന്നു. നൃത്തത്തിന്റെയും ഭക്തി ഗാനത്തിന്റെയും സംഗീതം കാതുകളിൽ അലയടിച്ചു . ഇനി അത് പോയി കാണാനുള്ള ഊര്ജം ബാക്കിയില്ല. എപ്പോഴോ അറിയാതെ ആ സംഗീതത്തിൽ ലയിച്ചു ഉറങ്ങിപ്പോയി.

രാവിലെ 6 മണിക്കേ ഉണർന്നു എത്രയും പെട്ടെന്ന് മലകയറാൻ റെഡി ആയി. അതിരാവിലെ കയറുന്നതാണ് എന്ത് കൊണ്ടും നല്ലത് പ്രകൃതി ഭംഗിയും ആസ്വദിക്കാം വെയിലിന്റെ ശല്യവും ഉണ്ടാവില്ല. പല്ല് തേക്കാൻ നോക്കിയപ്പോൾ പേസ്റ്റിനു പകരം ബാഗിൽ ഇട്ടിരിക്കുന്നത് വേദനക്ക് തേക്കുന്ന ഓയിന്മെന്റ് ആയ ‘വോളിനി ‘ആണ്. ഭാഗ്യത്തിന് അത് കൊണ്ട് പല്ല് തേച്ചില്ല. ( ഞാൻ അത് കൊണ്ട് പല്ല് തേച്ചു എന്ന് ചില അസൂയക്കാർ പറയുന്നുണ്ട് ). ഏതായാലും കുളിച്ചു റെഡി ആയി ശത്രുഞ്ജയ മല കയറാൻ പുറപ്പെട്ടു. വഴിയരികിൽ എണ്ണിയാലൊടുങ്ങാത്ത ക്ഷേത്രങ്ങളാണ്… ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും ഉണ്ട്.. വല്ല മാഹിഷ്മതിയിലോ മഹാഭാരതം സീരിയലിൽ കാണപ്പെടുന്ന ലോകത്തോ എത്തിപ്പെട്ട പോലെ തോന്നും. റോഡിന്റെ വൃത്തി ആരെയും അത്ഭുദപ്പെടുത്തും.. വഴിയരികിൽ ജൈന തത്ത്വങ്ങൾ ഉല്ലേഖനം ചെയ്ത ഫലകങ്ങൾ കാണാം. നടന്നു കയറാൻ വയ്യാത്തവരെ കാത്തു മഞ്ചലുമായി ആളുകൾ കാത്തിരിക്കുന്നുണ്ട്.

പാലിത്തന ഒരു ശ്വേതംബര ( white clad ) ജൈന തീർത്ഥാടന കേന്ദ്രമാണ്. 900 ഓളം ക്ഷേത്രങ്ങൾ ശത്രുഞ്ജയ മലയുടെ മുകളിൽ ഉണ്ട്. പാലിത്തനയിൽ മൊത്തം 3000 ക്ഷേത്രങ്ങൾ ( ഹിന്ദു ക്ഷേത്രങ്ങൾ ഉൾപ്പെടെ )ഉണ്ട് എന്ന് പറയപ്പെടുന്നു. 2014 ൽ ലോകത്തിലെ ആദ്യത്തെ ശുദ്ധ വെജിറ്റേറിയൻ ഗ്രാമമായി നിയമപരമായി പ്രഖ്യാപിക്കപ്പെട്ട സ്ഥലമാണ് പാലിത്തന. 1656 ൽ ഷാജഹാന്റെ മകനും ഗുജറാത്ത്‌ ഗവര്ണറുമായിരുന്ന’ മുറാദ് ബക്ഷ് ‘ആണ് പാലിത്തന ഗ്രാമം പ്രമുഖ ജൈന കച്ചവടക്കാരനായ ശാന്തിദാസ്‌ ദവേരിക്ക് ദാനമായി നല്കിയത്. അതിനെ തുടർന്നാണിവിടെ വിപുലമായ ജൈന ക്ഷേത്രങ്ങൾ പണിതുയർത്തിയത്.

കയറ്റം തുടങ്ങുന്നിടത്തു തന്നെ വലിയൊരു ജൈന ക്ഷേത്രം ഉണ്ട്. വല്ല ടിബറ്റിലോ ചൈനയിലോ പോയ പോലെ, ക്ഷേത്രത്തിന്റെ വാസ്തു ശില്പ രീതി കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോവും . മല കയറുന്നതിനു ചില നിയമങ്ങളൊക്കെ ഉണ്ട്. ഭക്ഷണം കൊണ്ട് പോകാൻ പാടില്ല,രാത്രിക്ക് മുൻപേ എല്ലാവരും ( പൂജാരിമാർ ഉൾപ്പെടെ ) തിരിച്ചിറങ്ങണം അങ്ങനെയൊക്കെ. മൃത്യുഞ്ജയ മല മുഴുവൻ ജൈനന്മാർക്കു പുണ്യ ഭൂമിയാണ്. മുകളിൽ ഒരു ചെറിയ ശിവ ക്ഷേത്രമുള്ളതു കൊണ്ട് ഹിന്ദുക്കളും ഉണ്ട് തീർത്ഥാടകാരിൽ. മുസ്ലിംകളും ഇവിടേക്ക് ധാരാളമായി വരാറുണ്ട്. അതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. അലാവുദ്ധിൻ ഖില്ജിയുടെ കാലത്ത് പാലിതനക്കെതിരെ സുൽത്താന്മാരുടെ ആക്രമണം ഉണ്ടായത്രേ. അതിൽ നിന്നു പാലിത്തനയെ രക്ഷിച്ചത് അംഗാർ പീർ ബാബ എന്ന സൂഫി വര്യനാണ്. അദ്ദേഹം ആകാശത്ത് നിന്നു തീമഴ പെയ്യിച്ചെന്നും അങ്ങനെ സുൽത്താൻ സൈന്യം തോറ്റോടി എന്നാണ് കഥ. അദ്ധേഹത്തിന്റെ ദർഗ ഇപ്പോഴും ക്ഷേത്രത്തോട് ചേർന്ന് ക്ഷേത്ര വളപ്പിൽ തന്നെ മുകളിലുണ്ട്.

കയറ്റിത്തിനിടയിൽ ഒരു ചെറിയ കൂട്ടം കുട്ടികൾ സ്‌പീക്കറിൽ ഉറക്കെ സൂഫി സംഗീതവും കേട്ടു കൊണ്ട് കയറുന്നു. കുറച്ചു സമയം അവരുടെ കൂടെ കൂടി. വഴിയരികിൽ നിരവധി ക്ഷേത്രങ്ങൾ ഉണ്ട്.ദാഹിച്ചു തൊണ്ട വരളുന്നു.. നിർജലീകരണം കാരണം തലവേദനയും തുടങ്ങി. കുത്തനെയുള്ള കയറ്റിത്തിനിടയിൽ എവിടെയും വെള്ളമില്ല. അവസാനം കുറച്ചു സമയം നിലത്തു കിടക്കേണ്ടി വന്നു ക്ഷീണം മാറാൻ. ഏകദേശം മുകളിലെത്തിയപ്പോൾ വെള്ളം നല്കുന്നുണ്ട്. കയറുന്ന വഴി ജൈനന്മാർ പവിത്രമായി കരുതുന്നത് കൊണ്ട് തന്നെ നല്ല വൃത്തിയിൽ സൂക്ഷിച്ചിട്ടുണ്ട്. പ്രകൃതിയോടിണങ്ങി നല്ല ശുദ്ധവായുവും ശ്വസിച്ചു പക്ഷികളുടെ സംഗീതവും കേട്ടു അങ്ങനെ കയറിയാൽ മനസ്സു നിറയും. മുകളിലെത്തിയപ്പോൾ ഞാനും ജിനൻ ( conquerer ) ആയി.

ഋഷഭനാഥ ( ഋഷഭ ദേവ, ആദീശ്വർ )എന്ന ആദ്യത്തെ ജൈന തീർത്ഥങ്കരന്റെ പേരിലാണ് മുകളിലെ ഏറ്റവും പ്രധാന ക്ഷേത്ര സമുച്ചയം. പൊതുവേ വിദേശികളെ പ്രധാന ക്ഷേത്ര സമുച്ചയം വരെയേ അനുവദിക്കൂ. ഉള്ളിൽ ഫോട്ടോ എടുക്കാനും അനുവാദമില്ല. എന്തായാലും ഞാനും ഉള്ളിൽ കയറി. ക്ഷേത്ര സമുച്ചയത്തിനകത്തു വല്ലാത്തൊരു ശാന്തമായ അന്തരീക്ഷമാണ്. ചുറ്റിലും നൂറു കണക്കിന് വലുതും ചെറുതുമായ ക്ഷേത്രങ്ങൾ. ചിലതിലൊക്കെ പൂജയുണ്ട്. ക്യാമറ അനുവദിച്ചാൽ നിങ്ങൾ ഫോട്ടോ എടുത്തു ക്ഷീണിക്കും. അത്രയ്ക്ക് മനോഹരവും വ്യത്യസ്തവുമാണ് കൊത്തു പണികൾ. അന്തരീക്ഷത്തിൽ ചന്ദനത്തിന്റെയും പേരറിയാത്ത ഏതൊക്കെയോ സുഗന്ധ ദ്രവ്യങ്ങളുടെയും മനം മയക്കുന്ന ഗന്ധം. ഹിന്ദു ക്ഷേത്രങ്ങളിലേതിൽ നിന്നു കുറച്ചു വ്യത്യസ്തമായ ഒരു സുഗന്ധമാണ്.ഒരു തരം mystic world. ഇനിയുള്ളത് ശ്രീകോവിൽ ആണ്. സാധാരണ ക്ഷേത്രങ്ങളിൽ പോയാൽ ഞാൻ ശ്രീകോവിലിൽ കയറാറില്ല. അവരുടെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിനു ഭക്തനല്ലാത്ത ഞാൻ എന്തിനു ഭംഗം വരുത്തണം ? പക്ഷേ ഇത്തവണ ലക്ഷ്മണിന്റെ നിർബന്ധത്തിനു വഴങ്ങി അവസാനം ഞാനും ഉള്ളിൽ കയറി. മുഖം വെള്ളത്തുണി കൊണ്ട് മറച്ചാണ് ദർശനത്തിനു പലരും കാത്തിരിക്കുന്നത്. കുറെ സ്ത്രീകള് നിലത്തിരുന്നു ജൈന മത ഗ്രന്ഥങ്ങൾ വായിക്കുന്നുണ്ട്. കുറച്ചു സമയം അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു. അടുത്തുള്ള ശിവ ക്ഷേത്രത്തിൽ ലക്ഷ്മണും ചേതൻ ജോഷിയും ദർശനവും നടത്തി.

പ്രധാന ക്ഷേത്രത്തിൽ നിന്നു തിരിച്ചിറങ്ങുന്ന വഴിയിൽ തന്നെയാണ് അംഗാർ പീർ ബാബയുടെ ദർഗ. കുട്ടികളില്ലാത്തവർ അവിടെ കുഞ്ഞു തൊട്ടിലുകൾ സമർപ്പിക്കും കുട്ടികളുണ്ടാവാൻ. ആസ്തമ രോഗികൾ തങ്ങളുടെ ഇൻഹേലർ സമർപ്പിക്കും ആസ്തമ മാറാൻ. അങ്ങനെ പല കാഴ്ച്ച ദ്രവ്യങ്ങളും ദർഗയിൽ ഉണ്ട്. പ്രത്യേകമായി ക്ഷേത്ര കമ്മിറ്റി അനുവദിക്കുന്ന ദിവസങ്ങളിൽ അവിടെ ഭക്ഷണ ദാനവും ഉണ്ട്. ഇന്നു അന്നദാനമുള്ള ദിവസമാണ്. പക്ഷേ അതിനു കാത്തു നിൽക്കാൻ ഞങ്ങൾക്ക് സമയമില്ലാത്തതു കൊണ്ട് തിരിച്ചിറങ്ങി. തിരിച്ചിറങ്ങുന്നതു എളുപ്പമാണെങ്കിലും മുട്ടുകാലിന്റെ പരിപ്പിളകും. താഴെയെത്തിയപ്പോൾ വല്ലാതെ ക്ഷീണിച്ചു. തലേന്ന് ഭക്ഷണം കഴിച്ച ഹോട്ടലിൽ തന്നെ കയറി വീണ്ടും ഉച്ചഭക്ഷണം കഴിച്ചു.

ഇനിയുള്ള യാത്ര വല്ലഭിയിലേക്കാണ്. വല്ലഭി ഇപ്പോൾ വല്ലഭപുർ എന്നാണ് അറിയപ്പെടുന്നത്. നളന്ദ സർവകലാശാലയോട് കിടപിടിക്കുന്ന വല്ലഭി സർവകലാശാല നില നിന്നിരുന്നത് ഇവിടെയാണ്‌. നാലാമത്തെ ജൈന സമ്മേളനവും നടന്നത് ഇവിടെയാണ്‌. ഗൂഗിളിൽ തിരഞ്ഞാൽ വല്ലഭിയുടെ അവശിഷ്ടങ്ങളായി വെറും രണ്ടേ രണ്ടു ഫോട്ടോകളെ ലഭിക്കൂ. വല്ലഭിയിൽ പോയി ആ സർവകലാശാലയുടെ അവശിഷ്ടങ്ങൾ കണ്ടെത്തി ലോകത്തോട്‌ വിളിച്ചു പറയണമെന്ന ആഗ്രഹത്തോടെയാണ് അവിടേക്ക് പോയത്‌. കുറെ വർഷങ്ങൾക്കു മുൻപ് അവിടെ സന്ദർശിച്ചു ചില അവശിഷ്ടങ്ങൾ കണ്ടിട്ടുണ്ടെന്ന ചേതൻ ജോഷി സാറിന്റെ അനുഭവ സാക്ഷ്യമാണ് എന്റെ പ്രതീക്ഷ. പുള്ളിക്കും കൃത്യമായി ഇപ്പോൾ അത് ഈ ഗ്രാമത്തിൽ എവിടെയാണ് ഉള്ളതെന്ന് അറിയില്ല. കുറെ അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആർക്കും അറിയില്ല. എവിടെയായിരുന്നു സർവകലാശാല നിലനിന്നിരുന്നതെന്നു. ചിലർ പറഞ്ഞു തങ്ങളുടെ കുട്ടിക്കാലത്ത് ചില അവശിഷ്ടങ്ങൾ ഒക്കെയുണ്ടായിരുന്നു പക്ഷേ ഇന്നവയൊക്കെ നിലം നികത്തി നഷ്ടപ്പെട്ടു എന്ന്. വല്ലാത്ത അരിശം തോന്നി. എങ്ങനെ അവർക്കിതിന് ധൈര്യം വന്നു. ഇന്ത്യയുടെ മഹത്തായ ഒരു പാരമ്പര്യമാണ് ഇവർ നശിപ്പിച്ചു കളഞ്ഞിരിക്കുന്നതു.ഒരു ചരിത്ര വിദ്യാർത്ഥിക്ക് മാത്രമേ അപ്പോഴത്തെ എന്റെ ഫീലിംഗ് മനസ്സിലാകൂ.

അവിടെ നിന്നു തിരിച്ചു മടങ്ങുമ്പോൾ ചുറ്റുമുള്ള വിശാലമായ പാട ശേഖരങ്ങളിലേക്കു എന്റെ കണ്ണുകൾ ഒരിക്കൽ കൂടി നീണ്ടു. ഇവിടെ എവിടെയോ ആകാം ആ സർവകലാശാല….ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പണ്ഡിതരെ സൃഷ്ടിച്ചിരുന്ന ആ സർവകലാശാല…. പുരാതന ഭാരതത്തിലെ സിവിൽ സർവീസ് അക്കാദമി… നഷ്ടപ്പെട്ടു പോയി..വല്ലാത്ത ഒരു നിരാശ എന്നെ പിടികൂടി… എന്റെ കയ്യിൽ ഒരു ടൈം മെഷീൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു… എങ്കിൽ ഞാൻ അക്കാലത്തേക്കു പോയി അത് കണ്ടു പിടിച്ചേനെ..

പോരുന്ന വഴിക്ക് ഒരു ചെറിയ അപകടം ഉണ്ടായി കയ്യിലെ കുറച്ചു പെയിന്റ് ( തൊലി ) ഇളകി. 10 km അകലെയുള്ള ഒരു ഹോസ്പിറ്റലിൽ പോയി മരുന്നൊക്കെ വെച്ചു കെട്ടി യാത്ര തുടർന്ന്. സമയം രാത്രി 12 മണിയൊക്കെ കഴിഞ്ഞിരിക്കുന്നു. ഗ്രാമങ്ങളിലൂടെയാണ് യാത്ര. പേരിന് റോഡ് ഒക്കെയുണ്ട് ചുറ്റും കട്ട കുത്തുന്ന ഇരുട്ടാണ്. ചേതൻ ജോഷി സാറിന്റെ വീട്ടിലേക്കാണ് പോകുന്നത് ( sadodar ). അവർ കൂടെയുള്ളത് കൊണ്ട് മാത്രമാണ് ഞാനിങ്ങനൊരു സാഹസത്തിനു മുതിർന്നത്. തീർത്തും വിജനമായ പ്രദേശങ്ങളിലൂടെയാണ് യാത്ര. ഇടയ്ക്കിടെ ചില ഗ്രാമങ്ങളിൽ എത്തും. ചില വീടുകളിൽ ആളുകൾ ഉറങ്ങാതിരിപ്പുണ്ട്. ഇടക്കൊക്കെ വഴി തെറ്റിയും വഴി ചോദിച്ചും ഒക്കെയാണ് പോക്ക്. ഏകദേശം 40 km ഇങ്ങനെയാണ് പൊയ്ക്കൊണ്ടിരുന്നത്. റോഡിൽ ചെറിയ മുള്ളൻ പന്നിയെ പോലുള്ള ഒരു ജീവി പന്ത് പോലെ ചുരുണ്ട് കൂടി കിടക്കുന്നുണ്ട്. ആളു ചെറുതാണെങ്കിലും പിടിക്കാൻ ചെന്നാൽ പണി കിട്ടും..

ചിലപ്പോഴൊക്കെ ബൈക്കിന്റെ വെളിച്ചം ഓഫാക്കി അപരിചിതമായ ആ സ്ഥലങ്ങളിൽ വെറുതെയിരുന്നു. അങ്ങനെ ഇരിക്കുന്നത് വല്ലാത്തൊരു അനുഭൂതിയാണ്. ഭയം എന്ന വികാരം തന്നെ ഒരു അനുഭൂതിയായി മാറും, ആസ്വദിക്കാൻ കഴിയും … സമയം 2 മണിയോടടുത്തു. അവസാനം ചേതൻ ജോഷി സാറിന്റെ വീട്ടിലെത്തി. ഇനി ഇന്നത്തെ ഉറക്കം ഇവിടെയാണ്. നാളെ രാവിലെ എണീറ്റു ജാംനഗറിലേക്കു പോകാം.

Travel tips – റൂട്ട് – ജാംനഗർ – ഗോണ്ടൽ – ബബ്‌റ – പാലിത്തന – വല്ലഭ്പുർ – ഗോണ്ടൽ – സഡോദർ – 541 km, ഭക്ഷണത്തിന് -ശ്രീ അവധ് റെസ്റ്റോറന്റ്, താമസം – പട്ടേൽ ഗസ്റ്റ് ഹൌസ് – GSRTC ബസ്‌ സ്റ്റാൻഡിനു എതിർ വശത്ത്. ഭാവ്നഗറിൽ നിന്നു പാലിത്തനയിലേക്കു ട്രെയിൻ സർവീസ് ഉണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply