ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്.

വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു. വലിയ മൈതാനം കടന്ന് മുറ്റത്തെത്തിയപ്പോള്‍ കാലാനുസൃതമായി വന്ന മാറ്റങ്ങള്‍ വ്യക്തമായിരുന്നു. പഴയ ഓടുമേഞ്ഞ ക്ളാസ് മുറികള്‍ ഇന്നില്ല, പകരം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ സ്ഥാനം പിടിച്ചിട്ടുണ്ട്, എന്നാല്‍ ഓഫീസും, മുന്‍വശത്തെ കെട്ടിടവും മാറ്റത്തിന്‍റെ കൈ തട്ടാതെ നില്‍ക്കുന്നുണ്ട്, ഒരുപാട് തലമുറകള്‍ക്ക് അറിവുപകര്‍ന്ന അക്ഷരക്കളരിയുടെ പ്രൗഡി ഒട്ടും കുറയാതെ.

മുറ്റത്തിന്‍റെ കോണിലെ അരളി മരം പൂത്തുനില്‍ക്കുന്നു, പരീക്ഷ ചൂടേറുന്ന വേനലില്‍, മുറ്റത്ത് പൂക്കളം വരയ്ക്കുന്ന ശീലം ഇന്നും മാറ്റമില്ലാതെ തുടരുന്നതാവണം. ഉച്ച ഭക്ഷണം കഴിഞ്ഞ് കൈ കഴുകാനുള്ള പൈപ്പ് ഇപ്പഴും അരളിമരത്തിന്‍റെ കീഴെ തന്നെയാണ്. ഒരുപാട് തവണ തൊലിപോയ കാല്‍മുട്ടുമായി ഈ പൈപ്പിന്‍ കീഴെ ഞാന്‍ നിന്നിട്ടുണ്ട്.

എവിടെനിന്നോ ഓടിവന്ന കാറ്റിന്‍റെ വികൃതിയില്‍, എന്‍റെ ചുറ്റും പൊഴിഞ്ഞ അരളിപ്പൂക്കള്‍ക്കൊപ്പം, ഓര്‍മ്മകള്‍ വീണ് മനസ്സ് നിറയുന്നത് ഞാനറിഞ്ഞു. വരാന്തയിലൂടെ പഴയ ക്ളാസ്മുറികള്‍ തിരഞ്ഞ് ചെന്നപ്പോള്‍, സുധ ടീച്ചറുടെയും, വസന്ത ടീച്ചറുടെയും, മറ്റ് പ്രിയ അദ്ധ്യാപകരുടെയും ശബ്ദം കേള്‍ക്കുന്ന പോലെ.. കൂട്ടുകാരുമായി പങ്കുവെച്ച തമാശകള്‍, പിന്‍ ബഞ്ചിലെ അടക്കം പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍.. അങ്ങനെ അങ്ങനെ അങ്ങനെ… ഒന്നിനുപിറകെ ഒന്നായി. കണ്‍കോണില്‍ ഉരുണ്ടുകൂടിയ നീര്‍ത്തുള്ളി പീലികളില്‍ തടഞ്ഞ് വീഴാന്‍ പ്രയാസപ്പെട്ടു.

വയലും, കാവും നിറഞ്ഞ നാട് എന്നര്‍ത്ഥം വരുന്ന, പൊയില്‍ക്കാവ് എന്ന പ്രദേശത്താണ് എന്‍റെ വിദ്യാലയം. വയലിന്‍റെ ശേഷിപ്പുകള്‍ മാത്രമേ ഇന്ന് കാണാനുള്ളൂ. വിദ്യാലയത്തിന്‍റെ പിന്‍ഭാഗത്ത് ഏക്കറുകളോളം നിറഞ്ഞ് നില്‍ക്കുന്ന അമ്പലക്കാവാണ്. കാവുള്ളത് കൊണ്ട് ഈപ്രദേശത്ത് ധാരാളം ശുദ്ധവായുകിട്ടുമെന്ന് രസതന്ത്രം അദ്ധ്യാപകനായ സുനില്‍സാര്‍ പറഞ്ഞത് ഞാനോര്‍ക്കുന്നു.

കാവിനകത്ത് തിരക്കുഴിയും, വനദുഃര്‍ഗ്ഗാദേവിക്ഷേത്രവും ഉണ്ട്. ആ കാലങ്ങളില്‍ ഉച്ച സമയ ഇടവേളകളില്‍ ഞങ്ങള്‍ കാവിനകത്തെ ഊടുവഴികളില്‍ കളിച്ചുനടന്നിരുന്നു. സൂര്യപ്രകാശത്തിന് കാവിനകത്തേക്ക് വരാന്‍ ഇന്നും പിശുക്കാണ്. ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ ഞങ്ങള്‍ വനദുഃര്‍ഗ്ഗയ്ക്കൊപ്പം കണ്ണുപൊത്തിക്കളിച്ചു, പേരറിയാത്ത മരങ്ങളോട് കുശലം ചോദിച്ചു. പണ്ട് രമ ടീച്ചര്‍ പഠിപ്പിച്ച കവിതയിലെ പക്ഷിയെ കൂവിതോല്‍പ്പിച്ചു, ഒടുവില്‍ പിണങ്ങിപ്പോയ പക്ഷിയോട് അരുതെന്ന് പറയാന്‍ മറന്നു. പക്ഷിക്കൊപ്പം മറ്റെന്തൊക്കയോകൂടി ചിറകടിച്ചെന്ന ഒരു വിങ്ങല്‍ ഇന്ന് മനസ്സില്‍ ബാക്കിയാവുന്നു.

കൂടുതല്‍ സമയം കിട്ടുന്ന വെള്ളിയാഴ്ച്ചകളില്‍ കാവും കടന്ന്, അറബിക്കടലിന്‍റെ കാലിലെ കൊലുസ്സുകള്‍ എണ്ണിതിട്ടപ്പെടുത്താന്‍ ഞങ്ങള്‍ പോവാറുണ്ടായിരുന്നു. വാസ്കോഡഗാമയുടെ കഥ പറഞ്ഞുതന്ന ചരിത്രാദ്ധ്യാപിക പ്രീത ടീച്ചര്‍ അറിയാതെ കാപ്പാട് പോയതിന് കിട്ടിയ ചൂരലിന്‍റെ പാട് കണങ്കാലിലെവിടെയോ ഉണ്ടോയെന്ന് തോനിപ്പോയി. അറിയാതെ ചുണ്ടില്‍ ചിരിപടര്‍ന്നു.

അവസാനവര്‍ഷമായ പത്താംതരത്തില്‍ ഇളയച്ഛന്‍ കൂടിയായ നാരായണന്‍സാറായിരുന്നു ക്ളാസ്സ് അദ്ധ്യാപകന്‍. അതുകൊണ്ട് തന്നെ പതിവായി വൈകി എത്തലും, ഗൃഹപാഠം ചെയ്യാനുള്ള മറവിയുമൊക്കെ പമ്പയും എരുമേലിയും കടന്ന് സന്നിധാനത്തേക്ക് പോയി. വേറെ നിര്‍വ്വാഹമില്ലായിരുന്നു എന്നും വേണേല്‍ പറയാം.

മുന്‍വശത്തെ കെട്ടിടത്തിന്‍റെ രണ്ടാം നിലയിലായിരുന്നു ഞങ്ങളുടെ 10 B എന്ന ക്ളാസ്സ്. ക്ളാസിലെ ജനാലയോട് അടുത്ത് നില്‍ക്കുന്ന മട്ടിമരത്തിന്‍റെ കൊമ്പില്‍ കൂടുകൂട്ടിയ കിളികുഞ്ഞുങ്ങളെ കൗതുകത്തോടെ നോക്കിയതും, തകര്‍ത്തുപെയ്യുന്ന വര്‍ഷകാലത്ത് കടലിരമ്പത്തിന് കാതോര്‍ത്തതും, കൂവിവിളിച്ച് കളിയാക്കികൊണ്ട് എവിടേക്കോ പോകുന്ന തീവണ്ടിയെ നോക്കിനിന്നതും ഓര്‍ത്ത് നില്‍ക്കേ… പ്യൂണ്‍ ശശിയേട്ടന്‍ വന്ന് വിളിച്ചപ്പോഴാണ് ഓര്‍മ്മകളില്‍ നിന്നും തിരിച്ച് കയറിയത്. അദ്ദേഹത്തോടൊപ്പം ഞാന്‍ ഓഫീസിലേക്ക് നടന്നു.

ഇന്ന് സുരേഷ്സാറാണ് പ്രധാനാധ്യാപകന്‍റെ കസേരയില്‍, വിശേഷങ്ങള്‍ പങ്കുവെച്ചശേഷം അദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തിത്തന്നു. നന്ദി രേഖപ്പെടുത്തി ഞാന്‍ ഇറങ്ങി. മൈതാനം കഴിഞ്ഞപ്പോഴാണ് എന്‍റെ ബൈക്ക് എടുക്കാന്‍ മറന്നകാര്യം തിരിച്ചറിഞ്ഞത്.

ചെറിയൊരു ചമ്മലോടെ ഞാന്‍ തിരിഞ്ഞ് നടക്കാനായി ഒരുങ്ങവേ അകലെ നിന്നും നോക്കി പുഞ്ചിരിക്കുന്ന സാറിനെ കണ്ടു. പരിസരം മറന്ന നിമിഷങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം, ഈ തിരുമുറ്റത്ത് സാക്ഷ്യപ്പെടുത്തിയത് എന്‍റെ വിദ്യാലയ ജീവിതത്തിന്‍റെ കൂടി പകര്‍പ്പായിരുന്നിരിക്കണം.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply