കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ്സിലെ ഒരു യാത്രക്കാരന്‍റെ അനുഭവം…

കെഎസ്ആര്‍ടിസിയുടെ ഏറ്റവും വേഗതയേറിയ സര്‍വ്വീസുകളാണ് മിന്നല്‍ ബസ്സുകള്‍. ഈയടുത്ത് ചില വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടി മിന്നലിനു ധാരാളം ആരാധകരും ഉണ്ടായി. മിന്നല്‍ ബസ്സില്‍ യാത്ര ചെയ്ത മീത്തോ സുബൈര്‍ എന്ന യാത്രക്കാരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. അദ്ദേഹത്തിന്‍റെ പോസ്റ്റ്‌ വായിക്കാം….

“ഈയടുത്ത് കെ എസ് ആർ ടി സി യുടെ മിന്നൽ എക്സ്പ്രസ്സിൽ യാത്ര ചെയ്തു. രണ്ട് ദിവസം മുൻപേ ഓൺലൈനിൽ ടിക്കറ്റ് കൺഫേം ചെയതു. യാത്രാ ദിവസം ക്രുവിന്റെ ഫോൺ നമ്പർ SMS കിട്ടി.കൂടെ ശുഭയാത്ര ആശംസയും. രാത്രി 9.40 ന് ആണ് വണ്ടി ആലപ്പുഴയിൽ എത്തുന്നത്. ആലപ്പുഴ സ്റ്റാൻഡിൽ അന്വേഷിച്ചു. വണ്ടി ഇവിടെയല്ല , മുനിസിപ്പൽ സ്റ്റാൻഡിൽ ആണ് വരുന്നതെന്ന് അവർ പറഞ്ഞു.

സംശയം തീർക്കാൻ ജീവനക്കാരുടെ ( സംശയം വേണ്ട കണ്ടക്ടർ , ഡ്രൈവർ തന്നെ ) നമ്പറിൽ വിളിച്ചു. ഒറ്റ റിങിൽ തന്നെ ഫോൺ എടുത്തു. അദ്ദേഹം ഉടൻ മറുപടി തന്നു. വണ്ടി സ്റ്റാൻഡിൽ കയറില്ല.. മുനിസിപ്പൽ സ്റ്റാൻഡിൽ എത്താൻ. ചേർത്തല ബസ്സിൽ കയറി അവിടെ ഇറങ്ങി. 9.40 ന് എത്തേണ്ട മിന്നൽ പത്ത് മണിയായിട്ടും കാണാനില്ല. വളരെ സന്ദേഹത്തോടെ ജീവനക്കാരുടെ നമ്പറിൽ വീണ്ടും വിളിച്ചു.

വീണ്ടും ഒറ്റയടിക്ക് തന്നെ ഫോൺ എടുത്തു. വണ്ടി ലേറ്റ് ആണ്. അമ്പലപ്പുഴ കഴിഞ്ഞു. ചാത്തന്നുരിൽ പാർടി സമ്മേളനം . റോഡ് ബ്ലോക്ക്. പൊതുബോധം വെച്ചാണെങ്കിൽ കെഎസ്ആർടിസി ഒരിക്കലും നന്നാകില്ലെന്ന് പറയാം. പക്ഷെ വഴി മുടക്കിയത് രാഷ്ട്രീയക്കാരാണ്. തന്നെയുമല്ല എനിക്ക് തിരക്കുമില്ല. രാത്രിയല്ലേ.. വെളുത്താലും പ്രശ്നമില്ല എന്ന മൂഡിലാണ് ഞാനും.

10.33 ന് മിന്നൽ എത്തി.. എന്റെ സീറ്റ് കൈവശപ്പെടുത്തി. പുഷ്ബാക്ക്… ആവശ്യത്തിന് ലെഗ് സ്പേസ് … ഒരു നിരയിൽ രണ്ട് വീതം നാല് സീറ്റുകൾ മാത്രം… എന്റെത് വിൻഡോ സീറ്റ് അല്ല. വിൻഡോ സീറ്റിൽ ഇരിക്കുന്നയാൾ അതെല്ലാം അടച്ചു പൂട്ടി ഇയർ ഫോൺ തിരുകി പാട്ട് കേൾക്കുന്നു. എ സി അല്ലാത്തതിനാൽ നല്ല ചൂട്. വിൻഡോ ഒന്ന് തുറന്നിടാൻ അയാളൊട്ട് സമ്മതിക്കുന്നുമില്ല.

വണ്ടി മെല്ലെ നീങ്ങി. രണ്ട് കിലോമീറ്റർ പിന്നിട്ടു കാണും. ഭക്ഷണത്തിനു നിർത്തി. എതിർ വശത്തെ രണ്ടു സീറ്റ് ഒഴിവ്. ഞാൻ അതിലൊന്നിലെ വിൻഡോ സീറ്റ് തരമാക്കി.
പത്ത് മിനിറ്റു കഴിഞ്ഞപ്പോൾ വണ്ടി സ്റ്റാർട്ട് ചെയ്തു. ഗ്ലാസ് ഓപ്പൺ ചെയ്തു നല്ല തണുത്ത കാറ്റ് ആസ്വദിച്ച് ഞാൻ ഇരുന്നു. ശരവേഗത്തിൽ മിന്നുകയാണ് വണ്ടി. ടയർ റോഡിൽ ടച്ച് ചെയ്യന്ന ടക് ടക് എന്ന ശബ്ദം കാതിൽ മുഴങ്ങുന്നു.എൽ ഐ സി പോളിസികൾ ഫോഴ്സിൽ ആയതിനാൽ സ്പീഡ് നല്ല ത്രിൽ ആയി.

പടച്ചോനെ.. പതിനൊന്നരക്ക് വൈറ്റില ഹബ്ബ്. പന്ത്രണ്ട് മണിക്ക് അങ്കമാലി. ഒരു മണിക്ക് തൃശൂർ.
രണ്ടു മണിക്ക് എനിക്ക് ഇറങ്ങേണ്ട സ്ഥലമായ പെരിന്തൽമണ്ണ. ആലപ്പുഴ – പെരിന്തൽമണ്ണ റൂട്ടിലെ 200 കിലോമീറ്റർ മൂന്നര മണിക്കൂർ കൊണ്ട്. ദൈവമേ ..അന്തിച്ചു പോയി… ട്രെയിൻ പോലും ആറേഴ് മണിക്കൂർ എടുക്കുന്ന സ്ഥാനത്ത് നമ്മടെ ‘മിന്നൽ’ പേര് തന്നെ അന്വർത്ഥമാക്കി കുതിച്ച് പാഞ്ഞെത്തി. അതും ദുബയിൽ അല്ല.. കൊച്ചു കേരളത്തിൽ..

പെരിന്തൽമണ്ണ ഇറങ്ങുമ്പോൾ ഡ്രൈവറെ ആരാധനയോടെ ഒന്നു നോക്കി. അദ്ദേഹവുമൊത്ത് ഒരു സെൽഫി എടുക്കണമെന്ന് തോന്നി. പക്ഷെ ഇനി അവർക്ക് ബത്തേരി വരെ മിന്നാനുള്ളതാണ്.  ഡ്യൂട്ടിക്കിടയിൽ ഞാൻ ഒരു തടസ്സമാകേണ്ട എന്നു കരുതി. സാധാരണയായി ഞാന്‍ അങ്ങനെ പ്രാർത്ഥിക്കാറില്ല. എങ്കിലും ഹൃദയപൂർവ്വം പ്രാർത്ഥിച്ചു. “ദൈവമെ… ഇത് നിന്നു പോകല്ലെ… മിന്നൽ എക്സ്പ്രസ്സ് നീണാൾ വാഴട്ടെ…..” ”

Written By -Meetho Subair.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply