പോകാം കോടമഞ്ഞു പൊതിയുന്ന കുടജാദ്രിയിലേക്ക്…

വിവരണം – Nabeel Mohammed KT.

ഒരു വെളിപാട് എന്നോണം ഒക്ടോബർ ന്റെ അവസാനത്തിൽ അപ്രതീക്ഷിതമായി പുറപ്പെട്ട യാത്ര പുലർച്ചെ 3 മണിക്ക് മൂകാംബികയിൽ എത്തി നിന്നു.. ചുറ്റിലും പരന്നു കിടക്കുന്ന കോടയിലൂടെ ലൈറ്റ്ന്റെ വെളിച്ചം മാത്രം കണ്ണിൽ ഉടക്കുന്നു.. ചരിത്രമുറങ്ങുന്ന ആ ക്ഷേത്രത്തിനു മുമ്പിൽ അന്യരെപ്പോലെ ഞങ്ങൾ നിന്നു.. ഏതു മതക്കാർക്കും കയറാവുന്ന എണ്ണപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് മൂകാംബിക ദേവീക്ഷേത്രവും.. മലയാളിയായ ശ്രീ ശങ്കരാചാര്യരുമായി ക്ഷേത്രത്തിന്റെയും ദേവിയുടെയും ചരിത്രം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ തീര്ഥാടനത്തതിനായി ഒരുപാട് മലയാളികൾ ഇവിടെ എത്താറുണ്ട്..
കൊല്ലൂർ നിന്നാണ് കുടച്ചാദ്രി യിലേക്ക് ഉള്ള യാത്ര ആരംഭിക്കുന്നത് എന്ന് അറിയാമായിരുന്നു.. നട തുറക്കാൻ സമായമാവാത്തതിനാൽ ദേവിയെ നേരിട്ടു കാണാനാവാതെ ഞങ്ങൾ വണ്ടി കൊല്ലുർ റോഡിലേക്ക് തിരിച്ചു..

ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസത്തിന്റെ തുടക്കം ആയിരുന്നു അത്.. സമയം ഒരുപാട് ഉള്ളതിനാൽ ഞങ്ങൾ ഒന്ന് വിശ്രമിക്കാൻ തീരുമാനിച്ചു.. കൊല്ലൂർ റോഡിനോട് ചേർന്ന് തന്നെ ഉള്ള ഒരു ചെറിയ വെള്ളച്ചാട്ടത്തിന്റെ അടുത്ത് ഞങ്ങൾ നിർത്തി.. എങ്ങും തളംകെട്ടിയ നിശ്ശബ്ദതയിൽ വെള്ളം ചെറു കണങ്ങളായി പാറയിൽ ഇടിച്ചു ചിതറുന്ന ശബ്ദം മാത്രം… ആ ശബ്ദവും കാടിന്റെ ഭീകരതയും ആസ്വദിച്ച് കയ്യിൽ ഉണ്ടായിരുന്ന റൈൻ കോട്ടും വിരിച്ച് അവിടെ കിടന്നു.. ഏകദേശം 2 മണിക്കൂറോളം മാത്രം ഉറങ്ങിയ ആ ഉറക്കം ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഉറക്കമായി തോന്നി…

ജീപ്പിൽ മല കയറേണ്ട എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.. അവരുടെ സൗകര്യത്തിനു നമ്മൾ നിൽക്കണം എന്നതായിരുന്നു കാരണം… അങ്ങനെ യാത്ര തുടർന്നു. പക്ഷെ വഴിയിലൊന്നും ഒരാളെ പോലും കാണാത്തതിനാൽ യഥാർത്ഥവഴി പോലും അറിയാതെ പരീക്ഷണാടിസ്ഥാനത്തിൽ ഞങ്ങൾ ഏതെല്ലാമോ വഴികളിലൂടെ സഞ്ചരിച്ചു.. നല്ല മഞ്ഞു വീണ് നനഞ്ഞിരുന്ന പുല്ലിൽ ഗതി കിട്ടാതെ ഞങ്ങളുടെ ടയറുകൾ പുളഞ്ഞു.. പലപ്പോഴും വീണു.. നേരം വെളുത്തു ഒരാളെ കാണുന്നത് വരെ ആ കളി തുടർന്നു..

ചോദിച്ചറിഞ്ഞു കൊല്ലൂർ എത്തിയപ്പോഴേക്കും സമയം 7:30 ആയിരുന്നു.. പക്ഷെ അപ്പോയേക്കും ഇനി മല കയറിയിട്ട് കാര്യമുണ്ടോ എന്ന ചിന്ത ഞങ്ങളെ അലട്ടിത്തുടങ്ങിയിരുന്നു.. അവസാനം എന്തായാലും വന്നില്ലേ എന്ന കാരണം കൊണ്ട് വണ്ടി കുടജാദ്രി റോഡിലേക്ക് തിരിച്ചു.. കൊല്ലൂർ നിന്നും കുടജാദ്രിയിലേക്ക് 40 km ആണ് ദൂരം.. ചെക്ക്പോസ്റ് വരെ പൊതുവേ നല്ല റോഡ് ആണ്. നേരത്തെ പിന്നിട്ട വഴികളെല്ലാം ശെരിക്കും സ്വർഗം ആയിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്.. ഓഫ്‌റോഡ് എന്നു പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല.. ഒരു കല്ലിൽ നിന്നും അടുത്ത ഒരു കല്ലിലേക്ക്.. അതായിരുന്നു അവസ്‌ഥ..
ആ റോഡിലൂടെ ജീപ്പ് ഓടിക്കുന്നവരെ കണ്ടാൽ നമിക്കണം എന്നു വരെ തോന്നുന്ന അവസ്‌ഥ..

സ്വർഗ്ഗത്തിലോട്ടുള്ള വഴി കല്ലും മുള്ളും നിറഞ്ഞതാണ് എന്നു മലയുടെ മുകളിലോട്ടു എത്തിയപ്പോൾ ബോധ്യമായി.. ആകാശം മുട്ടറായി കോടയിൽ പുതഞ്ഞു വിചാരിച്ചതിലും സുന്ദരിയായിരുന്നു അവൾ… അതുവരെയുള്ള യാത്രയുടെ ഞെരുക്കം ഇല്ലാതാക്കാൻ ഈ ഒരു കാഴ്ച തന്നെ മതിയായിരുന്നു.. ഏകദേശം 20 KM ഓളം ഉള്ള ഈ ചെമ്മണ്പാത ചെന്നവസാനിച്ചത് ഭദ്രകാളിക്ഷേത്രത്തോട് ചേർന്ന ജീപ്പ് സ്റ്റാന്റിൽ ആയിരുന്നു.. അവിടെ മലയാളം സംസാരിക്കുന്ന പൂജാരിമാർ ഞങ്ങളെ വരവേറ്റു.. അവർ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുകയും കുടജാദ്രിയുടെ ചരിത്രം വിവരിച്ചു തരികയും ചെയ്തു.. ശങ്കരാചാര്യരുടെയും ദേവിയുടെയും കഥ.. ദേവിയെ പ്രസാദിപ്പിച് കേരളത്തിലേക്ക് കൊണ്ടുപോകും വഴി ദേവി കൊല്ലൂർ കുടിയിരുന്ന കഥ.. ദേവിയെ വീണ്ടും പ്രസാദിപ്പിക്കാൻ ശങ്കരാചാര്യർ തപസ്സനുഷ്ഠിച്ച സ്ഥലമാണ് ചരിത്രത്തിൽ കുടജാദ്രി.. നീലപ്പടുതയിൽ മറച്ച ചായക്കടയിൽ നിന്നും ഒരു ചായയും കുടിച്ചു നടത്തം ആരംഭിച്ചു..

ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യമാണ് കുടജാദ്രിക്ക്. പച്ചവിരിച്ച മൊട്ടക്കുന്നുകളും ഇടതൂർന്ന മഴക്കാടുകളും പാറക്കെട്ടുകളും കുന്നുകൾക്ക് ഇടയിലൂടെ ചെമ്പട്ടു വിരിച്ചപോലെയുള്ള ചെമ്മണ് പാതകളും… ശെരിക്കും വിവരണാതീതമായ സൗന്ദര്യമാണ് അവൾക്ക്.. മെലിഞ്ഞ വഴികളിലൂടെ മുന്നോട്ടു നടന്നപ്പോൾ വള്ളികൾ തൂങ്ങിയാടുന്ന പേരറിയാത്ത മരങ്ങളുടെ കൂട്ടം കണ്ടു.. ശരാവതി താഴ്വരയുടെ പ്രത്യേകത എന്നോണം ഇവിടെയും രാജവെമ്പാല പോലുള്ള പാമ്പുകളുടെ സാന്നിധ്യമുണ്ടെന്നു പറയപ്പെടുന്നു.. രണ്ടായി പിരിയുന്ന വഴിയുടെ തൊട്ടുമുൻപ് ‘ഗണേശഗുഹ’ എന്നെഴുതിയ ഒരു ബോർഡ് മരത്തിൽ തറച്ചിരിക്കുന്നു.. ഇതുവഴി പത്തു മിനുട്ട് നടന്നാൽ ഗുഹയിലെത്താം.. ചെറിയൊരു ഗുഹയിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നു ആരോ തെളിച്ചു വെച്ച ദീപവും പൂക്കളും പൂജാസാധാനങ്ങളും അവിടെ കാണാം.. അടുത്ത ലക്ഷ്യം സർവജ്ഞപീഠം ആണ്.

കോടയെ കീറിമുറിച്ച് മേഘങ്ങൾക്ക് മുകളിലൂടെ എന്നു തോന്നിപ്പിക്കും വിധമുള്ള ആ യാത്ര സർവക്ഞപീഡത്തിന്റെ അടുത്ത് എത്തിയപ്പോൾ സമയം 11 കഴിഞ്ഞിരുന്നു.. ആദിശങ്കരൻ തപസ്സിരുന്ന സ്ഥലം. ദേവീസാനിധ്യത്തിനു വേണ്ടി ആദിശങ്കരൻ ഇവിടെ തപസ്സിരുന്നു എന്നാണ് വിശ്വാസം. സമചതുരാകൃയിൽ രണ്ടു മീറ്റർ വീതിയിലും നീളത്തിലും തീർത്ത ഒരു കരിങ്കൽ നിർമിതി ആണ് സർവജ്ഞപീഠം. വിനോദയാത്രക്കല്ലാതെ കുടജാദ്രിയിൽ എത്തുന്നവരുടെ പ്രധാൻ ലക്ഷ്യം ഇതാണ്.. യഥാർഥ ട്രെക്കിങ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.. സർവജ്ഞപീഠത്തിനു പിന്നിലൂടെയുള്ള ഇടുങ്ങിയ വഴിയേ നടന്നാൽ ചിത്രമൂലയിൽ എത്താം.. ആ യാത്ര ഇത്തിരി ആയാസം തന്നെ ആണ്.. കോടമൂടിയ കാടിനെ തഴുകിയുള്ള യാത്ര.. മരങ്ങൾക്കും പറക്കെട്ടുകൾക്കും വള്ളികൾക്കും ഇടയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം നീളുന്ന യാത്ര ചിത്രമൂലയിൽ അവസാനിക്കുന്നു..

ശുദ്ധമായ വെള്ളത്തിന്റെ തിരശീലയാൽ മറച്ചു വെക്കപ്പെട്ട ഒരു ഗുഹ. ആദിശങ്കരൻ ദീർഘകാല തപസ്സനുഷ്ഠിച്ച സ്ഥലം. ഇപ്പോഴും തപസ്സനുഷ്ടിക്കുന്ന സന്യാസിമാരെ അവിടെ കാണാം.. അങ്ങു ദൂരെ കാണുന്ന മൂകാംബിക നഗരത്തിന്റെ കാഴ്ചയും ക്യാമറയിൽ പകർത്തി ഒരു ചെറുകുളിക്ക് ശേഷം അവിടുന്ന് മടങ്ങി.. തുരിച്ചിറങ്ങുമ്പോൾ ഒരു ചെറുമഴയെ അനുഗമിച്ചു തണുത്ത കാറ്റും കോടയും എത്തി.. ചെറുകോടയാൽ കുടജാദ്രി ഞങ്ങൾക്ക് യാത്രയയപ്പ് നൽകി..
ഞങ്ങൾ അടുത്ത ലക്ഷ്യസ്ഥാനമായ ശരാവതി നദിയിലെ അത്ഭുതമായ ജോഗ് വെള്ളച്ചാട്ടത്തെ ലക്ഷ്യമാക്കി നീങ്ങി..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply