7500 രൂപയ്ക്ക് രാജസ്ഥാനിലേക്ക് 9 ദിവസത്തെ ട്രിപ്പ് എങ്ങനെ പ്ലാന്‍ ചെയ്യാം?

വിവരണം – ആര്‍.വി. ലെനിന്‍.

രാജസ്ഥാനിലേക്ക് ഇങ്ങനെയും പോകാം. (ഒറ്റയ്ക്കോ കൂട്ടായോ കുടുംബമായോ). ആഡംബര കാഴ്ച തേടലിനും സമ്പൂർണ അലഞ്ഞ് തിരിയലിനും മധ്യേയുള്ള ഒരു മാർഗം. ഇതൊരു യാത്രാവിവരണമല്ല. ചെലവ് അവതരണം മാത്രമാണ്. ആകെ 9 ദിവസം ( ലക്ഷ്യസ്ഥാനത്തേക്കും തിരിച്ചുമുള്ള യാത്ര ഒഴികെ). ജയ്സാൽമീർ < ജോധ്പൂർ < മൗണ്ട് അബു < ഉദയ്പൂർ < ചിത്തോഡ്ഗട്ട് < പുഷ്കർ < അജ്മേർ < ജയ്പൂർ.

യാത്ര – ₹ 2534 ബസ്,ട്രെയിൻ, ഓട്ടോ, ഷെയർ ജീപ്പ്. താമസം – ₹ 2336 റെയിൽവേ റൂമുകൾ (Retiring room- Non AC Double bed ). ഭക്ഷണം – സാധാരണ ഹോട്ടലുകൾ, തട്ടുകട, വാൻ കട (രാജസ്ഥാൻ ഗവ: ന്റെ പദ്ധതി പ്രകാരം ജയ്പൂർ, അജ്മേർ, ഉദയ്പൂർ എന്നിവടങ്ങളിലെ റെയിൽവേ സ്റ്റേഷന്റെയും ബസ്സ്റ്റാന്റിന്റെയും മുന്നിൽ കിടക്കുന്ന വാനിൽ നിന്ന് രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് എന്നീ നേരങ്ങളിൽ യഥാക്രമം 5, 8, 8 രൂപ കൊടുത്ത് ഓരോ ദിവസവും വിത്യസ്ഥമായ ആഹാരം വയറ് നിറച്ച് കഴിക്കാം.). പലവക – ₹ 2455 മൊത്തം ചെലവ് – ₹ 7325.

1. ഇതിൽ എഴുതിയിരിക്കുന്ന നിരക്കുകൾ പരമാവധി ബാർഗെയിൻ ചെയ്ത് കുറച്ചതാണ്. അതിലും കുറയ്ക്കാൻ പറ്റുമോയെന്ന് നോക്കുക. ഏത് നിരക്കായാലും, തത്പര കക്ഷികളോട് ആദ്യം നേരിട്ട് വിലപേശാൻ നിൽക്കാതെ അതുമായി ബന്ധമില്ലാത്ത അവിടെത്തന്നെയുള്ള ആൾക്കാരോട് ചോദിക്കുക. ഉദാഹരണത്തിന് ഓട്ടോ കൂലി ഓട്ടോക്കാരനോട് ചോദിക്കാതെ അവിടെയുള്ള പച്ചക്കറിക്കച്ചവടക്കാരനോടോ ബസ് കാത്ത് നിൽക്കുന്ന ആളോടോ ചോദിക്കുക. കൃത്യം പറഞ്ഞ് തരും.

2. അധികം യാത്ര പോയിട്ടില്ലാത്തവർ അൽപ്പം ദൂരെയാത്രയൊക്കെ പോകുമ്പോൾ പോകുന്ന ദൂരത്തെയും കടന്ന് പോകുന്ന ദിവസത്തെയും ചിലവഴിക്കുന്ന പണത്തെപ്പറ്റിയുമൊക്കെ കൂലങ്കഷമായി ചിന്തിക്കും. അപ്പോൾ പിന്നെ പോന്ന പോക്കിൽ തന്നെ അവിടെയുളള മുഴുവൻ സ്ഥലവും കണ്ടു തീർക്കണമെന്ന ആവേശവും ആഗ്രഹവും ഒക്കെയുണ്ടാകും, സ്വാഭാവികം. പക്ഷെ കാണരുത്. ഒരു മാളിൽ പോയിരുന്ന് രാവിലെയും ഉച്ചയ്ക്കും വൈകിട്ടും ഓരോ സിനിമ വീതം ഒരാഴ്ച കണ്ടാൽ എങ്ങനെയിരിക്കും. അതുപോലിരിക്കും ഓടിനടന്നുള്ള കാഴ്ച കാണൽ. അവസാനം ഒന്നുപോലും മര്യാദയ്ക്ക് ഓർമ്മ കാണില്ല, കണ്ട സ്ഥലത്തിന്റെ പേരു പോലും… സമയനഷ്ടവും ധനനഷ്ടവും അപ്പോഴാണ് ശരിക്കുമുണ്ടാകുന്നത് . പൊങ്ങച്ചമടിക്കാമെന്നല്ലാതെ ആ യാത്ര കൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവും ഉണ്ടാകില്ല. ഇതൊരു മത്സരമല്ല എന്ന പ്രാഥമിക ബോധ്യത്തോടെ വേണം ഓരോ യാത്രയും തുടങ്ങാൻ.. കുറച്ച് കാണുക, കൂടുതൽ ആസ്വദിക്കുക. എല്ലാം കണ്ടവരായി ആരുമില്ല. ആരുമിനി എല്ലാം കാണാനും പോകുന്നില്ല.

3. രാജസ്ഥാൻ പോകാൻ പറ്റുന്ന ഏറ്റവുംനല്ല സമയം ഫെബ്രുവരി മാസമാണ്. ഉച്ചയ്ക്ക് പോലും തണുപ്പായതിനാൽ നടന്ന് പരമാവധി കാഴ്ചകൾ കാണാം. ക്ഷീണിക്കില്ല. മരുഭൂമി വാസത്തിന് വെളുത്ത വാവ് ദിവസം തന്നെ തിരഞ്ഞെടുക്കാം. തണുപ്പിലമർന്ന് നിലാവിൽ മുങ്ങി നക്ഷത്രങ്ങളെ കണ്ടുറങ്ങാം. എല്ലായിടവും Network ഉം Net ഉം കിട്ടാൻ Vodafone or Airtel ഉപയോഗിക്കാം.

4. സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചുള്ള യാത്രയേക്കാൾ പൊതുഗതാഗത സംവിധാനം ഉപയോഗിച്ചുള്ള യാത്രകൾ പ്രത്യേകിച്ചും ബസ് യാത്രകൾ, ലക്ഷ്യം വക്കുന്ന സ്ഥലങ്ങൾക്കുപരി ആ നാട്ടിലെ നാട്ടേരെയും ജീവതത്തിനെയും ഒരു വിധം നമ്മെ പരിചയപ്പെടുത്തും, ലക്ഷ്യം വെക്കാത്ത അനുഭവും അറിവും തരും. ബസ് യാത്ര അത്ര മോശം യാത്രയല്ലെന്നർത്ഥം. കൂടാതെ ഈ യാത്രയിൽ ബസിന് വേണ്ടി എവിടെയും കാത്ത് നിന്ന് അധികം സമയം പോകുമെന്ന മുൻവിധിയും വേണ്ട. പുഷ്ക്കറിലേക്കുള്ള ബസിനാണ് ആകെ കാത്ത് നിൽക്കേണ്ടി വന്നത്. അതും 10 മിനിറ്റ്.

5. ഗൂഗിൾ മാപ്പ് നന്നായി വർക്ക് ചെയ്യുന്ന ഒരു സ്മാർട്ട് ഫോൺ കയ്യിലുണ്ടെങ്കിൽ ചെറിയ ദൂരങ്ങളിലുള്ള സ്ഥലങ്ങളെല്ലാം നമ്മുക്ക് അത് നോക്കി നടന്ന് പോയി കാണാം. ആരോടും ഒന്നും ചോദിക്കേണ്ടി വരില്ല. സ്വന്തമായില്ലെങ്കിലും അളിയന്റെയോ അമ്മാവന്റെയോ കാമുകൻറയോ കാമുകിയുടെയോ കൂട്ടുകാരുടെയോ കടമായി മേടിച്ച് കടപ്പാട് രേഖപ്പെടുത്തി തിരികെ കൊടുത്താലും വേണ്ടീല്ല, കൊണ്ടു പോയാൽ ഉപകാരപ്പെടും.. ഒരാഡംബരമാകില്ലെന്ന് സാരം. ( സ്മാർട്ട് ഫോണുള്ളവർക്ക് Ola വഴി ഓട്ടോ വിളിച്ചാൽ സിറ്റിക്കുള്ളിൽ 4 km വരെ 29 രൂപയേ ഈടാക്കുകയുള്ളു. )

6. യാത്ര പോകുന്നതിന് ഭാഷ ഒരു തടസ്സമാന്നെന്ന് ഒരിക്കലും കരുതരുത്. അറിയാവുന്ന ഭാഷയിൽ അങ്ങ് സംസാരിക്കുക. കഴിവതും സാധാരണക്കാരോട്. നമ്മൾ ഉദ്ദേശിക്കുന്ന കാര്യം മനസ്സിലാക്കിയെടുക്കാനുള്ള ബാദ്ധ്യത അവർ ഒറ്റയ്ക്കോ കൂട്ടായോ ഏറ്റെടുക്കുന്ന അത്ഭുതം അവിടെ കാണാം. ഹിന്ദി അറിയില്ലെങ്കിൽ അങ്ങോട്ട് കയറി അറിയില്ലെന്ന് കഴിവതും പറയാതിരിക്കുക. അതവരെ കളിയാക്കുന്നതുപോലെയാണവർക്ക് തോന്നുക. (കേരളം എന്താ ഇൻഡ്യയിലല്ലേ എന്ന് ഒന്ന് രണ്ട് പേർ ചോദിച്ചു.)

7. നിയമപരമായും അല്ലാതെയും സംഘടിത ചൂഷണം നടത്തി ലോകത്ത് ഒരേ പോലെ വളരുന്ന ഒരേർപ്പാടാണ് ടൂറിസം. കാഴ്ചതേടൽ സമ്പത്തുള്ളവന്റെ മാത്രം മൗലികാവകാശമാണെന്നാണ് പൊതു ബോധം. ഇങ്ങ് പേരില്ലാത്ത നാരങ്ങവെള്ള കച്ചവടക്കാരന് മുതൽ അങ്ങ് പേരുള്ള മുതലാളിക്ക് വരെ നമ്മുടെ പഴ്സിന്റെ കനം കുറയ്ക്കുക എന്ന ഒറ്റ ലക്ഷ്യമേയുള്ളു. അതുകൊണ്ട് പണമുള്ളവന്റെ വിനോദമാണ് കാഴ്ച കാണൽ എന്നുള്ള പരമ്പരാഗത യുക്തിയോടുള്ള സമരം കൂടിയാകട്ടെ നമ്മുടെ ഓരോ യാത്രയും..

ആദ്യമായി ട്രെയിൻ ടിക്കറ്റ് റിസർവ്വ് ചെയ്യണം. റിസർവേഷൻ ഉണ്ടെങ്കിൽ മാത്രമേ റെയിൽവേ സ്റ്റേഷനിൽ റൂം (Retiring Room) ബുക്ക് ചെയ്യാനും ക്ലോക്ക് റൂമിൽ ലഗ്ഗേജ് സൂക്ഷിക്കാനും കഴിയുള്ളൂ. രാത്രിയിലും രാവിലെയും ഒക്കെയാണ് യാത്ര എന്നുള്ളത് കൊണ്ട് സ്ലീപ്പർ ക്ലാസോ 2nd സിറ്റിങ്ങോ ബുക്ക് ചെയ്താൽ മതിയാകും. (റൂം വേണ്ടാത്തിടത്ത് ജനറൽ ക്ലാസിൽ യാത്ര ചെയ്താലും കുഴപ്പമില്ല. തിരക്ക് തീരെയുണ്ടാകില്ല.)

റെയിൽവേ സ്റ്റേഷനിൽ റൂം ബുക്ക് ചെയ്യുന്നതിന്റെ ഗുണങ്ങൾ

1 ഏതു പാതിരാത്രിയിലും റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയാൽ റൂമിനുവേണ്ടി പുറത്ത് പോകേണ്ടി വരില്ല, അലയേണ്ടി വരില്ല. 2. എപ്പോൾ വേണമെങ്കിലും പുറപ്പെട്ട് പോകാം.

3. മഹാനഗരങ്ങളിൽ പോലും തുച്ഛമായ നിരക്കിൽ നല്ല വിശാലമായ, വൃത്തിയുള്ള ഡോർമിറ്ററിയും റൂമും ലഭിക്കും. (Non AC ഡബിൾ ബെഡ് റൂമിന് 250 രൂപ മുതൽ പരമാവധി 350 രൂപവരയേ ചെലവാകുകയുള്ളു. മറ്റ് റൂം ഫിൽ ആയതിനാൽ ഉദയപൂരിൽ ഡബിൾ ഡീലക്സ് AC റൂം ബുക്ക് ചെയ്തപ്പോൾ 600 രൂപയും ടാക്സും മാത്രമാണായത്.)

4.യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് മുതലോ എത്തിച്ചേർന്നതിനു ശേഷം 48 മണിക്കൂർവരെയൊ റൂം ബുക്ക് ചെയ്യാം. (ഇതിനായി റെയിൽവേ സ്റ്റേഷനിൽ പോകണമെന്നില്ല. റിസർവ്വേഷൻ ടിക്കറ്റിന്റെ PNR നമ്പർ വഴി ഓൺലൈൻ ആയി ബുക്ക് ചെയ്യാവുന്നതാണ്. 12 മണിക്കൂറിന്റെ ഗുണിതങ്ങളായാണ് റൂമുകൾ ബുക്ക് ചെയ്യേണ്ടത് (12,24,36,48).
www.rr.irctctourism.com.

ആരംഭം.. (Day 1) : യാത്ര തുടങ്ങുന്നത്, കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വൃത്തികെട്ട പഴയ ഡൽഹി സ്റ്റേഷനിൽ നിന്നാണ്. ( തലസ്ഥാന നഗരിയിൽ കുപ്പതൊട്ടിയെ തോൽപ്പിക്കുന്ന ഇങ്ങനൊരു സ്റ്റേഷൻ ഉള്ളതുകണ്ട് യാത്രയുടെ തുടക്കത്തിൽ നിരാശപ്പെടണ്ട. പോകേണ്ടുന്ന മറ്റെല്ലാ സ്റ്റേഷനും വളരെ നല്ലതാണ്.) വൈകീട്ട് 5.35 ന് പുറപ്പെടുന്ന ജയ്സാൽമീർ ട്രെയിൻ (14659) പിറ്റേന്ന് രാവിലെ 11.45 ന് ജയ്സാൽമീർ സ്റ്റേഷനിൽ എത്തും.(18 hr, ₹ 440) എത്തിയാൽ നേരെ റെയിൽവേ ക്ലോക്ക് റൂമിലേക്ക് പോകാം. ഭാരം ഒട്ടും തോന്നിക്കാത്ത അത്യാവശ്യ സാധനങ്ങൾ മാത്രം ഒരു ചെറിയ ബാഗിൽ വച്ചിട്ട് ബാക്കി മുഴുവൻ ലഗേജും ക്ലോക്ക് റൂമിൽ സൂക്ഷിക്കാം. ( യാത്രയിൽ ഒന്നും ഒരു ഭാരമാകരുത്. ഒരു ദിവസത്തേക്ക് 15 രൂപ മാത്രമാണ് ഈടാക്കുന്നത്. നമ്മൾ കൊടുക്കുന്ന ലഗേജുള്ള ബാഗ് പൂട്ടിയിരിക്കണം എന്ന് മാത്രമാണ് ആകെയുള്ള നിർബന്ധം. രണ്ട് സിപ്പുകൾ തമ്മിൽ പരസ്പരം കൂട്ടിച്ചേർത്ത് ഒരു ഡ്യൂക്ലി പൂട്ടിട്ട് പൂട്ടിയാൽ മതിയാവും.)

അവിടെ നിന്നും നേരെ ജയ്സാൽമീറിലെ സം സാൻഡ് ഡ്യൂൺസ് (Sam Sand dunes) എന്ന മരുഭൂമിയിലെ മണൽ കൂനകളിലേക്ക് പോകാം. രണ്ട് ഓപ്ഷൻസ് ആണ് മുന്നിലുള്ളത്

1. താജുവിന്റെ പാക്കേജ് (9414469998) : ജൈസാൽമീറിൽ നിന്നും ഉച്ചക്ക് 2 മണി യോടുകൂടി അവരുടെ ജീപ്പിൽ കൂട്ടിക്കൊണ്ടുപോയി ഖുൽദാര ( ഉ പേക്ഷിക്കപ്പെട്ട ഗ്രാമം) തുടങ്ങിയ സ്ഥലങ്ങളും കാണിച്ചു നേരെ മരുഭൂമിയിലെത്തിക്കും. അവിടെ നിന്നും രാത്രിഭക്ഷണവും കഴിച്ച് രാജസ്ഥാനി നാടൻ ഡാൻസും കണ്ട് കിടന്നുറങ്ങാം. രാവിലെ ഉദയവും കണ്ട് ഒരു മണിക്കൂർ ഒട്ടക സവാരി കൂടി നടത്താം. തിരികെ വരുമ്പോൾ ഒരു ഗ്രാമം കൂടി കാണിച്ച് രാവിലെ11 മണിയോട് കൂടി ജൈസാൽമീറിൽ തിരികെ എത്തിക്കും. ₹ 1550/- ( പീക്ക് സീസണിൽ ).

2. സൊഹൈലിന്റെ പാക്കേജ് (9829830294) : നമ്മൾ എങ്ങനേലും സം സാൻഡ് ഡ്യൂണിൽ എത്തുക. അവിടെ നിന്നും സൊഹൈൽ കൂട്ടും. വൈകിട്ട് 5.30 ന് സൊഹൈലിന്റെ ജീപ്പിൽ പുറപ്പെട്ട് അസ്തമനവും കണ്ട് അടുത്തടുത്തുള്ള മൂന്ന് മണൽകൂനകളിലൂടെ അര മണിക്കൂർ ജീപ്പ് സഫാരിയും നടത്തി മരുഭൂമയിലുള്ള സൊഹൈലിന്റെ ക്യാമ്പിലെത്തുന്നു. അവിടെ നിന്നും രാത്രി ഭക്ഷണവും കഴിച്ച് നക്ഷത്രങ്ങളും നിലാവും കണ്ട് അകാശം നോക്കി മണലിലോ കട്ടിലിലോ കിടന്നുറങ്ങാം. രാവിലെ എഴുന്നേറ്റ് സൂര്യോദയം കണ്ടിട്ട് വേണേൽ ചായയും ബിസ്ക്കറ്റും കഴിച്ച് ഒരു അര മണിക്കൂർ ഒട്ടക സവാരിയും വീണ്ടും ഒരു അര മണിക്കൂർ ജീപ്പ് സഫാരിയും നടത്തി കയറിയിടത്ത് തിരികെ എത്താം. ₹1200/-( പീക്ക് സീസണിൽ ).

‌ഹിന്ദിയിൽ ആകെ അറിയുന്നത് കിത്തനെ എന്ന വാക്ക് മാത്രമായത് കൊണ്ട് ഇവരുടെ നമ്പർ തന്ന Muhssir Karadan ഉം Shiyas Kr നിരന്തരം ഇവരെ വിളിച്ച് സംസാരിച്ചിട്ടാണ് ഈ റേറ്റിലെത്തിയത്. ഹിന്ദി അറിയാമെങ്കിൽ ഇതിലും റേറ്റ് കുറപ്പിക്കാം… ‌വിവിധ പ്യാക്കേജുകളുമായി നിരവധി ഡെസേർട്ട് ക്യാമ്പുകൾ സമിലുണ്ട്. ടെന്റിൽ താമസിക്കാം. നമ്മെ പൊതിയുന്ന ഇടനിലക്കാരെ ഒഴിവാക്കി ഇവിടെ എത്തി നേരിട്ട് ബുക്ക് ചെയ്യാവുന്നതോ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതോ ആണ്. പീക്ക് സീസണിൽ റേറ്റ് 3000 രൂപ മുതൽ ആരംഭിക്കും. നമ്മളെ പോലെയുള്ളവർക്ക് മുകളിൽ ആകാശവും താഴെ മരുഭൂമിയും മതി എന്നുള്ളത് കൊണ്ട് സൊഹൈലിന്റെ പ്യാക്കേജ് തിരഞ്ഞെടുത്തു.

ജയ്സാൽമീർ (Day 2 & 3) : ജെയ്സാൽമീർ റെയിൽവേ സ്‌റ്റേഷന്റെ മുന്നിൽ നിന്ന് ആട്ടോ വിളിച്ച് നേരേ ഹനുമാൻ ചൗറഹയിൽ എത്തുക (Hanuman Chouraha). (2.8 KM, 10 minute, ₹ 25).അവിടെ നിന്നും എപ്പോഴും സം സാന്റ് ഡ്യൂൺസിലേക്ക് share jeep കിട്ടും. (39 km, 48 minute, ₹ 50).

സാന്റ് ഡ്യൂൺസിൽ എത്തിയാൽ അവിടെ സൊഹൈലിന്റെ ചെറിയ ഒരു ഷെൽട്ടറിൽ വിശ്രമിക്കാം. ചായ കുടിക്കാം. വെറുതെ മണൽ കൂനകൾ കയറിയിറങ്ങാം. വൈകിട്ട് 5.30 ന് സൊഹൈൽ കൂട്ടാൻ വരുമ്പോൾ ജീപ്പിൽ കയറി പോകാം. പിന്നീട് ഉള്ളത് അനുഭവങ്ങളാണ്. മരുഭൂമിയിലെ നിശബ്ദമായ വിജനതയിൽ, നക്ഷത്രങ്ങളെ കണ്ട് നിലാവിൽ കുളിച്ച് സ്വർണമണൽത്തരിയുടെ മരവിപ്പിക്കുന്ന തണുപ്പിൽ ബ്ലാങ്കറ്റ് മൂടി കിടന്നുറങ്ങന്നത് ഏറ്റവും മറക്കാനാവാത്ത ഒന്നാകും…. (സൊഹൈൽ രാത്രിയിൽ നമ്മളെ ഏൽപ്പിച്ച് പോകുന്നത് ഹിന്ദി പോലുമല്ലാത്ത ഒരു ഭാഷ സംസാരിക്കുന്ന രണ്ട് തനി രാജസ്ഥാനി പയ്യന്മാരെ.. നമ്മൾക്ക് ഹിന്ദിയും അറിയില്ല അവർക്ക് മലയാളവും അറിയില്ല. പോകുമ്പോൾ സൊഹൈൽ പറഞ്ഞത് ഇവന്മാരെ വിശ്വസിക്കാം ട്ടോ.. എന്നാണ് പറഞ്ഞതെന്ന് മ്മ്ളങ്ങ് വിശ്വസിച്ചു. കയ്യിലുണ്ടായിരുന്ന ഏക വിലപിടിപ്പുള്ള സാധനമായ ക്യാമറ അവരെ ഏൽപ്പിച്ച് അറ്റമെഴാ വാനിതിൻ കീഴിൽ സുഖമായി കിടന്നുറങ്ങി ).

രാവിലെ പാക്കേജ് പ്രകാരമുള്ള കാര്യമെല്ലാം നടപ്പിലാക്കി സൊഹൈൽ ഒരു 9.30 ഓട് കൂടി നമ്മെ റോഡിൽ എത്തിക്കും. ഒരു ഷെയർ ജീപ്പ് ആളെ കുത്തിനിറച്ച് നമ്മൾക്ക് മുന്നിൽ എത്തുമ്പോൾ അതിൽ കയറി ജയ് സാൽമീറിലേക്ക് മടങ്ങി എത്താം.(39 km, 48 minute, ₹ 50). ഓട്ടോ വിളിച്ച് വീണ്ടും റെയിൽ വേ സ്റ്റേഷനിൽ എത്തി(2.8 KM, ₹ 25) ക്ലോക്ക് റൂമിൽ നിന്ന് ലഗേജ് എടുത്ത് നേരുത്തെ ബുക്ക് ചെയ്തിരുന്ന റേയിൽവേ റൂമിൽ ( 8.00 hr to 20.00 hr, ₹ 320) വന്ന് ഫ്രഷ് ആയി ഓട്ടോയിൽ കയറി ( 2 Km, ₹ 20) കോട്ടയിൽ എത്താം. കോട്ട (₹ 100) കണ്ടിട്ട് നടന്ന് (1Km) ഗാധിസർ (Gadisar Lake) തടാകത്തിലേക്ക് പോകാം. അവിടെ അതുല്യരായ തെരുവ് ഗായകരേയും ഉപകരണ വാദ്യക്കാരേയും കാണാം. കേൾക്കാം. തടാകത്തിൽ നിന്ന് സ്റ്റേഷനിലേക്ക് രാത്രി കാഴ്ചകൾ കണ്ട് നടന്ന് തന്നെ ( 1.4 km ) മടങ്ങാം. നാഷണൽ ഡെസേർട്ട് ഫെസ്റ്റിവൽ നടക്കുന്ന സമയമായതുകൊണ്ട് സ്റ്റേഡിയത്തിൽ പകൽ നടന്ന പല ജാതി മത്സരങ്ങളും രാത്രിയിൽ ആടി തിമിർത്ത പല മാതിരി ഡാൻസും കണ്ടാണ് മടങ്ങിയത്. ( ഈ യാത്ര നടത്തിയത് 2018 ജനുവരി 26 മുതൽ ഫെബ്രുവരി 07 വരെയാണ്.).

പ്ലാൻ ഒന്ന് മാറ്റി പിടിച്ചാൽ ഇങ്ങനെയും പോകാം. ജയ്സാൽമീറിൽ എത്തിയതിന് ശേഷം നേരേ ബൈക്ക് റെന്റിന് കൊടുക്കുന്ന കോട്ടയുടെ മുൻവശത്തുള്ള ഷോപ്പിലേക്ക് പോകുക. അത്ര അകലമല്ലാത്ത തരത്തിൽ മൂന്ന് ഷോപ്പുണ്ട്. എല്ലാ വണ്ടിയും കിട്ടും. ആക്റ്റീവ 200 നും 400 നും ഇടയിൽ വാടകയ്ക്ക് കിട്ടും. അടുത്തടുത്ത് ഷോപ്പുള്ളതിനാൽ ബാർഗെയിൻ ചെയ്ത് മുകളിൽ പറഞ്ഞതിലും കുറച്ച് ഒപ്പിക്കാൻ നോക്കണം. (ലൈസൻസ് കാണിക്കണം.) എന്നിട്ട് സം സാന്റ് ഡ്യൂണിലേക്ക് ഒരു വിടലങ്ങ് വിടുക. അവിടെ എത്തുന്നതിന് മുൻപ് കാണാൻ കുറെയുണ്ട്. കുറച്ച് കണ്ട്, ആരുമായാണോ പാക്കേജിൽ ഏർപ്പെട്ടിട്ടുള്ളത് അവർക്ക് മുൻപായി എത്തി, മരുഭൂമിയിലെ രാത്രി വാസവും കഴിഞ്ഞ്, പിറ്റേന്ന് രാവിലെ മടങ്ങുന്ന വഴിയിൽ ബാക്കിയുള്ളതും കൂടി കണ്ട് ഉച്ചയോടെ ജയ് സാൽമീറിൽ എത്തി വണ്ടി തിരികെ ഏൽപ്പിക്കാം. ശേഷം കോട്ടയും തടാകവും കണ്ട് മടങ്ങാം. സം ലേക്ക് പോകുന്ന വഴിയിൽ എന്തൊക്കെ കാണാം എന്നുള്ളത് Shaheer Athimannil ന്റെ 19.07.17 ലെ പോസ്റ്റിൽ നോക്കിയാൽ മതി.  രണ്ടര ദിവസം ജയ്സാൽമീറിൽ കിട്ടിയാൽ നന്നായി കാണാം.

ജോധ്പൂർ( Day 4) : രാത്രി 12.45 ന് ജോധ്പൂറിലേക്ക് ഒരു ട്രെയിനുണ്ട് (15013). അത് രാവിലെ ഏഴ് മണിക്കുള്ളിൽ ജോധ്പൂറിൽ എത്തും.(No.15013 , 5.35 hr, ₹ 195). നേരുത്തെ ബുക്ക് ചെയ്തിട്ടുള്ള റൂമിൽ എത്തി ( 8.00 hr to 8.00 hr, ₹ 400) fresh ആയി അവിടെ നിന്നും ജോധ്പൂർ യാത്രയാരംഭിക്കാം. പുറത്തിറങ്ങിയാൽ മെഹ്റാൻഗട്ട് കോട്ടയിലേക്ക് (Mehrangarh fort) നേരിട്ട് ബസില്ല. നാഗൗരി ഗേറ്റ് (Nagori Gate or circle) വഴി പോകുന്ന ബസിൽ കയറി ( 3.8 km, 20 min, ₹ 10) നാഗൗരി ഗേറ്റിൽ ഇറങ്ങി അവിടെ നിന്നും ഷെയർ ആട്ടോയിൽ ( 1.7km, 5min, ₹ 10) ജസ്വന്ത് താഡയിൽ (Jaswant Thada) എത്താം. അടുത്തെങ്ങും ഹോട്ടൽ ഇല്ലാത്തതിനാൽ ഉച്ചയ്ക്കുള്ള ഭക്ഷണം കയ്യിൽ കരുതിയാൽ ജസ്വന്ത് താഡയും കണ്ട് (₹ 30 ) ഭക്ഷണവും കഴിച്ച് കോട്ടയിലേക്ക് നടന്ന് പോകാം (850 mtr). ( താഡയുടെ മുന്നിലെ പച്ചമര തണലിൽ കിടന്ന് ഒരു മണിക്കൂറോളം അങ്ങുറങ്ങിയതാണ് അവിടുത്തെ മറക്കാനാവാത്ത അനുഭവം.😊😊).

കോട്ട കണ്ട് (₹ 150) വേണേൽ താഴ്വരയിലെ സൂര്യാസ്തമനവും കണ്ട് വന്ന രീതിയിൽ തന്നെ മടങ്ങാം. മടങ്ങി വന്ന് ജോധ്പൂരിലെ പുരാതന മാർക്കാറ്റായ സർദാർമാർക്കറ്റിലൂടെ സന്ധ്യ മുതൽ തെണ്ടിതിരിഞ്ഞ് നടക്കാം. തിക്കും തിരക്കും ബഹളവും ആസ്വദിക്കാം. കാശുണ്ടേൽ വിലപേശി എന്തേലുമൊക്കെ വാങ്ങാം. ക്ലോക്ക് ടവർ കാണാം. ഉള്ളിൽ കയറാം. (പ്രവേശനം 10 – 6.00, ₹ 10 ). ശേഷം റൂമിലേക്ക് മടങ്ങി എത്തി നേരുത്തേ ഉറങ്ങാം. രാവിലെയുള്ള 5.30 ന്റെ ട്രെയിന് (No.11089, 4.43 hr, ₹ 185 ) മൗണ്ട് അബുവിന് പോകേണ്ടതാണ്. ( വെളുപ്പിനെ 5.55 ന്റെ ട്രെയിന് പോകാൻ നിൽക്കരുത്. എത്താൻ ലേറ്റാകും. ആരോഗ്യം ഉള്ളവർക്കും Budget Travellers നും അന്നേ ദിവസം തന്നെ രാത്രിയുള്ള ട്രെയിന് മൗണ്ട് അബുവിന് പോകാവുന്നതാണ്.)

മൗണ്ട് അബു( Day 5) : രാവിലെ 10.15 ന് അബു റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയാൽ ലഗേജെല്ലാം വേഗത്തിൽ ക്ലോക്ക് റൂമിൽ വച്ച് (₹ 15) അടുത്തുള്ള (650 mtr) ബസ് സ്റ്റാന്റിൽ എത്തി മൗണ്ട് അബുവിലേക്കുള്ള ബസിൽ കയറാവുന്നതാണ്. (19 km, 53 minute, ₹ 45 ). മൗണ്ട് അബുവിൽ എത്തി ബസിറങ്ങി മുന്നോട്ട് നടന്നാൽ ബൈക്ക് റെന്റിന് കൊടുക്കുന്ന ഒന്നിലധികം ഷോപ്പുകൾ കാണാം. വിലപേശിത്തന്നെ ഒരു ആക്ടിവ വാടകയ്ക്ക് എടുത്ത് (₹ 150 )കറക്കം ആരംഭിക്കാം. മൊത്തത്തിൽ അങ്ങോട്ട് ഇങ്ങോട്ടും എല്ലാം കൂടി ഒരു ഒരു 45 കിമോമീറ്ററിനുളളിൽ യാത്ര ചെയ്തു തീർക്കാം.( ഏറ്റവും അകലെയുള്ള ഗുരു ശിഖാറിലേക്കുള്ള പരമാവധി ദൂരം 15 km ആണ് ) പോകേണ്ട സ്ഥലങ്ങളുടെ മാപ്പ് ഷോപ്പിൽ നിന്നും കിട്ടും. നോക്കിയങ്ങ് പോയാൽ മതി. 200 രൂപയുടെ പെട്രോൾ ഷോപ്പുകാർ അടിക്കാൻ പറയും. അടിക്കരുത്.100 രൂപയ്ക്കേ അടിക്കാവൂ. ബാക്കിയാകുന്ന പെട്രോൾ ഊറ്റലാണ് ഈ ബിസിനസ്സിലെ അവരുടെ പ്രധാന ലാഭം. നമ്മുടെ ഇഷ്ടത്തിന് സ്ഥലവും കണ്ട് സന്ധ്യയ്ക്ക് സൂര്യാസ്തമനവും കണ്ട് വന്ന വഴിയേ മടങ്ങാം. രാത്രി 9 മണി വരെ ബസുണ്ട് അബു റോഡിലേക്ക്. (വണ്ടി ഓടിക്കനറിയാത്തവർക്ക് മൗണ്ട് അബുവിലെത്തിയാൽ സഞ്ചാരികൾക്ക് വേണ്ടിയുള്ള ഷെയർ ജീപ്പ് കിട്ടും. ആളൊന്നിന് 200 രൂപ മേടിക്കും. സ്ഥലങ്ങളെല്ലാം കൊണ്ടു പോയി കാണിക്കുമെങ്കിലും അവരുടെ സമയക്രമത്തിനനുസരിച്ച് നീങ്ങണം എന്നത് ഒരു ന്യൂനതയാണ്.).

അബു റോഡ് സ്റ്റേഷനിൽ തിരികെ എത്തിയാൽ ക്ലോക്ക് റൂമിൽ നിന്നും ലഗേജെടുത്ത് നേരുത്തെ ബുക്ക് ചെയ്തിരുന്ന റൂമിൽ (20.00hr – 8.00hr, ₹ 246) കയറി കിടന്നുറങ്ങാം. അബു റോഡിൽ നിന്ന് ഉദയപൂരിന് ട്രെയിനില്ലാത്തതിനാൽ അടുത്ത ദിവസം രാവിലെ ഉദയപൂരിലേക്ക് ബസിൽ പോകണം.(അതിനായി അബു റോഡ് ബസ് സ്റ്റാൻറിൽ നിന്നും നേരുത്തെ തന്നെ ഉദയപൂരിലേക്കുള്ള ബസിന്റെ സമയക്രമം ചോദിച്ച് മനസ്സിലാക്കുക. രാവിലെ 5.45 മുതൽ ബസ്സുണ്ടാകും ).

ഉദയപൂർ (Day 6 & 7) : ഉദയപൂരിൽ കുറഞ്ഞത് ഒരു നാല് ദിവസം എങ്കിലും കാണാനുള്ളത് ഉണ്ട്.
ഏറ്റവും കുറഞ്ഞത് രണ്ടു ദിവസമെങ്കിലും കാണണം. കഴിവതും രാവിലെ തന്നെ അബു റോഡ്‌ ബസ് സ്റ്റാന്റിൽ നിന്നും ബസ് കയറി (147 km, 3.20 hr, ₹ 165) ഉദയപൂരിലെത്താം. ഷെയർ ആട്ടോയിൽ (1 km, ₹ 10) കയറിയോ, നടന്നോ റെയിൽവേ സ്റ്റേഷനിൽ എത്തി ലഗ്ഗേജ് ക്ലോക്ക് റൂമിൽ ( ₹ 15) വച്ചിട്ട് അവിടെ നിന്നും സിറ്റി പാലസിലേക്ക് ഓട്ടോയിൽ പോകാം (2.5 km, ₹ 40). ഏറ്റവും കൂടിയ കഴുത്തറപ്പൻ ടിക്കറ്റ് നിരക്കുള്ളത് ഇവിടെയാണ്. വന്നതല്ലേ എന്തായാലും പാലസ് കയറി കണ്ടേക്കുക.( ₹ 50 for Entry & ₹ 350 for മ്യൂസിയം ) പുറത്തിറങ്ങി നേരേ ജഗദീഷ് ടെമ്പിളിൽ ( 210 mtr) പോയി അവിടെ നിന്നും ലാൽ ഘട്ടിൽ എത്തി (200 mtr ) പിച്ചോള തടാകവും കണ്ട് ബോട്ടിങ്ങും നടത്തി (₹ 150- 200) 4 മണിയോട് കൂടി പുറത്തിറങ്ങി ഒരു ഓട്ടോ വിളിച്ച് (4 km, 20 minute, ₹ 100. ഇതിലും കുറഞ്ഞ നിരക്കിൽ അവിടെ എത്താനുള്ള സംവിധാനമുണ്ടോയെന്ന് അന്വേഷിക്കുക) സാജൻഘട്ടിലെത്താം.

അവിടെ നിന്നും നടന്നോ ഷെയർ ടാക്സിയിലോ ( 3.7 km, Entry fee ₹ 90, Taxi fee ഇരുവശത്തേക്കും കൂടി ₹ 100) മലമുകളിലെ മൺസൂൺ പാലസിലേക്ക് പോകാം. മറക്കാനാവാത്ത അനുഭവമായിരിക്കും പാലസിന് ചുറ്റുമുള്ള കാഴ്ചകൾ. സൂര്യാസ്തമനം കണ്ട് ടാക്സിയിൽ തന്നെ താഴേക്കെത്താം. താഴെയെത്തി നേരേ തന്നെ കുറച്ച് നടന്നാൽ (1km) മെയിൻ റോഡിൽ ( ഹനുമാൻ മന്ദിർ ) എത്തും. അവിടെ നിന്നും ഷെയർ ഓട്ടോയിൽ ( 7.2 km, 25 mnt, ₹ 20 ) ഉദയപൂർ ബസ്സ്റ്റാന്റിലോ റെയിൽവേ സ്റ്റേഷനിലോ എത്താം. ലഗേജ് എടുത്ത് (₹ 15) ബുക്ക് ചെയ്തിട്ടുള്ള റൂമിൽ കൊണ്ട് പോയി വക്കാം. ( 20.00 hr – 8.00 hr- മൊത്തം 36 മണിക്കൂർ, ₹ 800 ). ഒന്നര ദിവസം റൂം കസ്റ്റഡിയിൽ കിട്ടുന്നതിനാൽ മുഷിഞ്ഞതെല്ലാം അവിടെ അലക്കിയിടാം. കിടന്നുറങ്ങാം.

കുമ്മൽഗഢ് & രണക്പൂർ (Day 7) ; രാവിലെ പോകുന്നത് ഒഴിവാക്കാനാവാത്ത പ്രധാനപ്പെട്ട രണ്ടിടങ്ങളിലേക്കാണ്. കുമ്മൽഗട്ട്‌ കോട്ടയും (Kumbalgarh fort) രണക്ക്പൂർ (Ranakpur)ജൈന ക്ഷേത്രവും. ഇവിടേക്ക് ഗ്രാമങ്ങളിലൂടെയുള്ള ബസ് യാത്ര രസകരമാണ്. കുമ്മൽഗട്ടിലേക്ക് നേരിട്ട് ബസില്ല. രണ്ട് രീതിയിൽ അവിടേക്ക് പോകാവുന്നതാണ്. 1.ബസ്സ്റ്റാന്റിൽ നിന്ന് സൈറ(Sayra)വഴി പോകുന്ന ബസിൽ കയറി (64 km, 2.07 hr, ₹ 75) സൈറയിൽ ഇറങ്ങി അവിടെ നിന്നും അടുത്ത ബസിൽ കയറി (28 km, 1.23 hr, ₹ 30 ) കുമ്മൽഗഡിൽ എത്താവുന്നതാണ്. 2. പ്രൈവറ്റ് ബസ് സ്റ്റാന്റിൽ നിന്നും കൽവാരയ്ക്ക് (Kelwara) പോകുന്ന ബസlൽ കയറി അവിടെ ഇറങ്ങി അവിടെ നിന്നും കുമ്മൽ ഗഡിലേക്കുള്ള ബസിൽ കയറി അവിടെ എത്താവുന്നതാണ്.

കുമ്മൽഗട്ട്‌ ബസ് സ്റ്റോപ്പിൽ ഇറങ്ങിയാൽ അവിടെ നിന്നും കോട്ടയിലേക്ക് കൊണ്ടുപോകാൻ മാരുതി ജിപ്സി കിടപ്പമുണ്ട്. കാശ് കൊടുക്കണം. നമ്മൾക്ക് നടന്ന് കയറാം. (1.2 km).കഴിവതും നേരുത്തെ കോട്ടയിൽ എത്തുന്നതാണ് മിടുക്ക്. നന്നായി കണ്ട് നേരുത്തേ മടങ്ങിയാലേ രണക്പൂർ ക്ഷേത്രം ആസ്വദിച്ച് കാണാൻ കഴിയൂ. (പ്രവേശനം 12 മുതൽ 5 വരെ). കോട്ട ( ₹ 15) കണ്ട് താഴെ ബസ് സ്റ്റോപ്പിൽ എത്തിയാൽ വീണ്ടും സൈറയ്ക്കുള്ള ബസിൽ കയറുക. സൈറയിൽ എത്തി രണക്പൂരിനുള്ള അടുത്ത ബസിൽ കയറിയാൽ (11 km, 29 minute, ₹ 20 ) ക്ഷേത്രത്തിന്റെ മുന്നിൽ തന്നെ ഇറങ്ങാം. ലഗേജ് ഒന്നും തന്നെ ക്ഷേത്രത്തിനുളളിലേക്ക് പ്രവേശിപ്പിക്കില്ല. പുറത്തെ ക്ലോക്ക് റൂമിൽ ( ₹ 10) സൂക്ഷിക്കാം.

സൂക്ഷിപ്പുകാരൻ കൃത്യം 5 മണിക്ക് തന്നെ റൂം പൂട്ടി സ്ഥലം വിടുമെന്നുള്ളത് കൊണ്ട് ക്ഷേത്രത്തിൽ നിന്നും 5 മണിക്ക് തന്നെ പുറത്തിറങ്ങേണ്ടി വരും. ഒരു ലഗേജും കയ്യിൽ കരുതാതിരിക്കുന്നതാണ് നല്ലത്. ക്യാമറയ്ക്ക് മാത്രമാണ് ഇവിടെ ചാർജ് ഈടാക്കുന്നത്.(മൊബൈൽ ക്യാമറ ₹ 100, മറ്റുള്ളത് ₹ 200 ). മൗണ്ട് അബുവിലെ ദിൽവാര ക്ഷേത്രത്തിലെ കൊത്തുപണികൾ ഒരു അതിശയമാണേൽ ഇത് അത്ഭുതമാണ്. കുറഞ്ഞത് 2 മണിക്കൂറെങ്കിലും വേണം ഒരു വിധമെങ്കിലും കാണാൻ. കണ്ട് പുറത്തിറങ്ങിയാൽ 8 മണി വരെ ഉദയപൂരിലേക്കുള്ള നേരിട്ടുള്ള ബസ് കിട്ടും. (91 km, 2.55 hr, ₹ 90).ബസ് സ്റ്റാന്റിൽ എത്തിയാൽ അവിടെ നിന്നും നടന്ന് റെയിൽ വേ സ്‌റ്റേഷനിൽ എത്താവുന്നതാണ്. ശേഷം കഴിച്ച് കിടന്ന് ഉറങ്ങാം.

ചിത്തോഡ്ഗട്ട്‌ ( Day 8 ) : ഉദയപൂരിൽ നിന്നും രാവിലെ 6.00 മണിക്ക് ചിത്തോഡ്ഗട്ടിലേക്കുള്ള (Chittorgarh) ട്രെയിനിൽ (No.12991, II Sitting, 2 hr, ₹ 85) കയറിയാൽ 8 മണിയ്ക്ക് അവിടെയെത്തും. ലഗേജ് ക്ലോക്ക് റൂമിൽ ഏൽപ്പിച്ച് (₹ 15) പുറത്തേക്കിറങ്ങിയാൽ മാർക്കറ്റിലേക്കുള്ള ഷെയർ ആട്ടോ കിട്ടും ( 2 km, ₹ 5). അതിൽ മാർക്കറ്റിൽ ഇറങ്ങി അവിടെ നിന്നും ഒരു ഓട്ടോ പിടിച്ച് കോട്ടയിൽ എത്താം. ( 3.6 km, ₹ 50. ഷെയർ ഓട്ടോ കിട്ടുമോയെന്ന് അന്വേഷിക്കുക ). ഒരു ദിവസം മുഴുവൻ നടന്ന് കാണാനുണ്ട് കോട്ട. കിലോമീറ്ററുകളോളം നീളത്തിൽ വ്യാപിച്ച് കിടക്കുകയാണ്. കോട്ടയ്ക്കുള്ളിൽ കയറിയാൽ (₹ 15) നിരവധി ഷെയർ ഓട്ടോ കിട്ടും. 5 രൂപ വീതം കൊടുത്താൽ ഓരോ സ്ഥലത്തു കൊണ്ട് ഇറക്കും. ഒന്നിൽ കയറി ഏറ്റവും അങ്ങേയറ്റത്തുള്ള റാണി പത്മിനിയുടെ കൊട്ടാരത്തിൽ എത്തുക. (₹ 10) . എന്നിട്ട് തിരിച്ച് നടന്ന് കാണാൻ തുടങ്ങുക. വൈകുന്നേരം ആകുമ്പോഴേക്കും ഒരു വിധം കണ്ട് തീർക്കാം. കോട്ടയ്ക്കുള്ളിൽ നിന്ന് തന്നെ ഒരു ഷെയർ ഓട്ടോയിൽ കയറി താഴെ മാർക്കറ്റിൽ എത്താം. (₹ 10) അവിടെ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക്. രാത്രി 7.30 ന് അജ്മേറിന് ഒരു ട്രെയിൻ ഉണ്ട് (No. 12982, 3 hr, ₹ 170). ക്ലോക്ക് റൂമിൽ നിന്നും ലഗേജ് എടുത്ത് ട്രെയിനിൽ കയറുക. 10.30 ന് അജ്മേറിൽ (Ajmer) എത്തിയാൽ സ്റ്റേഷനിൽ ബുക്ക് ചെയ്തിട്ടുള്ള റൂമിൽ പോയി കിടന്ന് ഉറങ്ങാം. (20.00 – 8.00 .36hrs, ₹ 570).

അജ്മേർ & പുഷ്കർ (Day 9) : രാവിലെ പുറത്തിറങ്ങി നേരേ ഷെയർ ഓട്ടോയിൽ കയറി ബസ് സ്റ്റാന്റിലേക്ക്.(1.5k m, ₹ 5). അവിടെ നിന്നും പുഷ്കറിലേക്കുള്ള (Pushkar) ബസിൽ. (15 km, 40 minute, ₹ 15).പോകുന്ന വഴിയിൽ ആനാസാഗർ (Anasagar) തടാകത്തിന്റെ കരയിൽ ഇറങ്ങി വേണേൽ ഭംഗി ആസ്വദിക്കാം. അല്ലെങ്കിൽ തിരിച്ച് വരുമ്പോൾ. പുഷ്കറിലെത്തിയാൽ തടാകം കാണാം. അമ്പലത്തിൻ പോകാം. ഗലികളിലൂടെ അലഞ്ഞ് തിരിഞ്ഞ് ഉച്ചയോടെ മടങ്ങാം. അജ്മേറിലെ രാത്രി മനോഹരമാണ്. പ്രത്യേകിച്ചും ദർഗയിലെ ഖവാലിയും ഗലികളിലൂടെയുള്ള രാത്രി നടത്തവും. അതും കണ്ട് റെയിൽവേ സ്‌റ്റേഷനിൽ എത്തി റൂമിൽ കയറി കിടന്നുറങ്ങാവുന്നതാണ്.

ജയ്പൂർ ( Day 10) : രാവിലെ 6.10 നാണ് ജയ്പൂരിനുളള ട്രെയിൻ. (No.14322, 2.20 hr, ₹ 140). അതിൽ പുറപ്പെട്ടാൽ 8.30 ആകുമ്പോൾ ജയ്പ്പൂരെത്തും. അവിടെ എത്തിയാൽ ഒന്നോ രണ്ടോ ദിവസം എടുത്ത് ജയ്പൂർ കണ്ട് തീർക്കാം. ജയ്പൂർ ഒരു ലക്ഷ്യമല്ലായിരുന്നു. നാട്ടിലേക്കുള്ള വണ്ടി ഉച്ചയ്ക്ക് 2.10 ന് ആയതിനാൽ രാവിലെ പോയി അമീർ പാലസ് കാണാനായിരുന്നു പ്ലാൻ. പിന്നെ ആലോചിച്ചപ്പോൾ എനിക്കും തോന്നി, എല്ലാം കൂടി ഒരുമിച്ച് കണ്ടു തീർക്കാൻ ഇതൊരു മത്സരമൊന്നുമല്ലല്ലോ എന്ന്. കണ്ടത് തന്നെ നല്ലോണം ഓർമയിൽ നിൽക്കുന്നില്ല. അങ്ങനെ പദ്ധതി ഉപേക്ഷിച്ചു. ചുമ്മാ റെയിൽവേ സ്റ്റേഷന് മുന്നിൽ തെണ്ടിതിരിഞ്ഞ് നടന്ന് യാത്ര അവസാനിപ്പിച്ചു.

അവസാനമായി ഒന്ന് കൂടി. ഓരോ ദേശത്തെയും കോട്ടയും കൊട്ടാരങ്ങളും കെട്ടിടങ്ങളും മാത്രമല്ല ചരിത്ര നിർമിതികൾ, അവരുടെ ഭക്ഷണം കൂടിയാണ്. കുറഞ്ഞത് താലിയും പൊഹയും ബാട്ടിയും കച്ചോരിയും രുചിക്കുക. അജ്മേറിലെ ദൂത്തും കുടിക്കുക. യാത്രകൾ നാവിന്റേത് കൂടിയാകട്ടെ..

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply