കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ചെന്നൈയിലേക്കും നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. പ്രതീക്ഷയോടെ കാത്തിരുന്ന സ്കാനിയ മഹാരാജ സര്‍വീസുകളും ചെന്നൈ മലയാളികളെ കൈവിട്ടതോടെയാണ് ഈ ആവശ്യം ശക്തമാകുന്നത്. ലക്ഷക്കണക്കിനു മലയാളികള്‍ വസിക്കുന്ന ചെന്നൈയിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ഇല്ലാത്തതുമൂലം സ്വകാര്യ, ഇതരസംസ്ഥാന ബസുകളില്‍ പൊള്ളുന്ന നിരക്കു നല്‍കേണ്ടി വരുന്നുണ്ട് യാത്രക്കാര്‍.
അടുത്തിടെ മറ്റു സംസ്ഥാനങ്ങളിലെ നഗരങ്ങളിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും ചെന്നൈയിലേക്കു മാത്രം ബസുകള്‍ ഇല്ല. സ്കാനിയ സര്‍വീസുകള്‍ ആരംഭിച്ചപ്പോള്‍ ചെന്നൈയിലേക്കുമുണ്ടാകും എന്നായിരുന്നു കോര്‍പ്പറേഷന്റ വാഗ്ദാനം. പെര്‍മിറ്റ് ലഭിക്കാത്തതിനാല്‍ ഈ ബസുകള്‍ പക്ഷേ, മറ്റു സര്‍വീസിനായി മാറ്റി. എന്നാല്‍ ചെന്നൈയിലേക്കു പെര്‍മിറ്റ് നല്‍കാത്തതിനു പിന്നില്‍ സ്വകാര്യബസ് ലോബിയുടെ ഇടപെടല്‍ ഉണ്ടെന്നും ആരോപണമുണ്ട്. കേരളത്തിലേക്കുള്ള പ്രധാന ഗതാഗതമാര്‍ഗം സ്വകാര്യ ബസുകളാണെന്നിരിക്കെ വന്‍ തുക ടിക്കറ്റിനത്തില്‍ കൊള്ളയടിക്കുന്ന സ്വകാര്യബസ് ലോബിയെ നിയന്ത്രിക്കാന്‍ ഗതാഗതവകുപ്പു മുന്‍കൈ എടുക്കണമെന്നും ചെന്നൈ മലയാളികള്‍ ആവശ്യപ്പെടുന്നു.
ചെന്നൈയിലേക്കും തിരിച്ചും ട്രെയ്ന്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ ഒരു മാസമെങ്കിലും മുന്‍പേ റിസര്‍വ് ചെയ്യേണ്ട സ്ഥിതിയാണ്. സ്വകാര്യ ബസുകള്‍ക്ക് ആയിരം മുതല്‍ 2500 രൂപവരെയാണു നിരക്ക്. തിരക്കേറുന്ന ഉത്സവ സീസണുകളില്‍ നിരക്ക് ഇരട്ടിയാകും. കേരളത്തില്‍ തിരുവനന്തപുരം, കൊട്ടാരക്കര, ചങ്ങനാശേരി, എറണാകുളം, ഗുരുവായൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്കു തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് സര്‍വീസുകള്‍ നടത്തുന്നുണ്ടുതാനും. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ചെന്നൈയിലേക്ക് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നത്.
ചെന്നൈ, തിരുച്ചിറപ്പള്ളി, പുതുച്ചേരി എന്നിവിടങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ചെന്നൈയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഏറെ അനുഗ്രഹമാകും കെഎസ്ആര്‍ടിസി സര്‍വീസുകളെന്നാണു പൊതു അഭിപ്രായം. നിലവില്‍ വാരാന്ത്യങ്ങളില്‍ ബസുകളില്‍ ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണുള്ളത്. കേരളത്തില്‍ ടെക്നോപാര്‍ക്കില്‍നിന്നു പോലും ചെന്നൈയിലേക്കു മൂന്നു സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുമ്പോഴാണ് കെഎസ്ആര്‍ടിസി ചെന്നൈ മലയാളികളെ അവഗണിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നൈയിലെ മലയാളി വിദ്യാര്‍ഥി മുഖ്യമന്ത്രിക്കു കത്ത് നല്കി. ചെന്നൈ ശ്രീപെരുമ്പതൂര്‍ രാജീവ്ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റ് മൂന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയും കൊട്ടാരക്കര സ്വദേശിയുമായ അഭിലാഷ് നാഥാണ് മുഖ്യമന്ത്രി പിണറായി വിജയനു കത്തു നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും താന്‍ ഇതേ ആവശ്യം കാണിച്ചു നിരവധി നിവേദനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കടപ്പാട് : മെട്രോ വാര്‍ത്ത