കെഎസ്ആര്‍ടിസി നന്നാകാത്തത് ജീവനക്കാരുടെ പെരുമാറ്റം കൊണ്ടാണോ?

ചില KSRTC അതിജീവന ചിന്തകൾ…!

കുറച്ചു നാൾ മുന്നെ ഒരു ഹർത്താൽ ദിവസം. ഞാൻ കുറ്റിപ്പുറത്ത് നിന്ന് കുന്നംകുളത്തേക്ക് KSRTC ബസിൽ യാത്ര ചെയ്യുകയാണ്. സമയം വൈകുന്നേരം 7 മണി കഴിഞ്ഞിരിക്കുന്നു. കുറ്റിപ്പുറത്ത് ഒരുപാട് നേരം കാത്ത് നിന്നിട്ടാണ് KSRTC ബസ് കിട്ടിയത്. ബസ് സമരം കാരണം വീട്ടിലെത്താൻ വേവലാതിപ്പെടുന്ന ധാരാളം സ്ത്രീകൾ ബസിലുണ്ട്. ബസ് സൂപ്പർ ഫാസ്റ്റ് ആണ്. ഒരു സൂപ്പർ ഫാസ്റ്റ് KSRTC ബസ്സ്, നിറയെ യാത്രക്കാരുമായി പോകുന്നതിൽ സന്തോഷം തോന്നി. മിക്കപ്പോഴും സീറ്റിൽ പോലും ആളിലാതെ അച്ചാളം പച്ചാളം പായുന്ന KSRTC ബസ്സുകൾ കണ്ടാണല്ലോ നമുക്ക് പരിചയം..!

ബസ്സ് ചങ്ങരംകുളം കഴിഞ്ഞപ്പോൾ രണ്ട് ടീച്ചർമാർ എഴുന്നേറ്റ് കണ്ടക്റ്ററോട് റിക്വസ്റ്റ് ചെയ്യുന്നത് കണ്ടു. “സർ, ഒന്ന് കടവല്ലൂർ സ്റ്റോപ്പിൽ നിർത്തിതരണം. ഞങ്ങൾക്ക് കടവല്ലൂർ സ്റ്റോപ്പിൽ നിന്നും 1 Km പിന്നെയും നടക്കാനുണ്ട്, ഒന്ന് നിർത്തി തന്നാൽ വലിയ ഉപകാരമായിരുന്നു. രാത്രിയായാൽ കൊണ്ടാണ്”.

കണ്ടക്‌ടർ തന്റെ സ്ഥാന മഹിമ മുഴുവൻ വെളിവാക്കി കൊണ്ട് മൊഴിഞ്ഞു. “ബുദ്ധിമുട്ടാ…ഇത് സൂപ്പർ ഫാസ്റ്റ് ആണ് എന്ന കാര്യമറിയത്തില്ലേ…? ഇനി അങ്ങ് പെരുമ്പിലാവില് ചെന്നേ നിർത്തത്തുള്ളൂ…”

ആലോചിക്കണം, കടവല്ലൂർ സ്റ്റോപ്പിൽ നിന്ന് 5 Km ദൂരമുണ്ട് പെരുമ്പിലാവിലേക്ക്. അവിടെ നിന്ന് ആ സ്ത്രീകൾക്ക് തിരിച്ച് കടവല്ലൂരിലേക്ക് തിരിച്ചു വരാൻ ഹർത്താൽ കാരണം ഒരു ഓട്ടോ പോലും കിട്ടില്ല..!  സമയം രാത്രി 7.45..!

മറ്റൊരു തമാശ കൂടി… കടവല്ലൂർ സ്റ്റോപ്പ്, നിയമ പ്രകാരം, ഒരു KSRTC റിക്വസ്റ്റ് സ്റ്റോപ്പ് ആണ്..! എന്തിനധികം പറയുന്നു, ഞങ്ങൾ ചില യാത്രക്കാർ ഇടപെട്ടിട്ടും, അപേക്ഷിച്ചിട്ടും, ബെൽ അടിച്ചിട്ടും, കണ്ടക്‌ടർ ഏമാൻ ഡബിൾ ബെൽ കൊടുത്ത് വണ്ടി വിട്ടു. ആ ടീച്ചർമാർക്ക് ഒടുവിൽ ഇറങ്ങാൻ സാധിച്ചത് പെരുമ്പിലാവിൽ മാത്രം. വീട്ടിൽ നിന്ന് 6 Km അകലെ..! ആ രാത്രിയിൽ അവർ ആരുടെയൊക്കെയോ കാരുണ്യം കൊണ്ട് എങ്ങനെയോ വീട് പറ്റി കാണണം…!😢

ഇനി പറയൂ, KSRTC പണ്ടാരമടങ്ങി പോകുന്നത് ജീവനക്കാരുടേയും, ഭരണകർത്താക്കളുടേയും കെടുകാര്യസ്ഥത കൊണ്ടാണോ..? അതോ പൊതുജനത്തിന്റെ പ്രാക്ക് കൊണ്ടാണോ…?

KSRTC ഇന്ന് ആയിരമായിരം കോടി രൂപ കടത്തിൽ മുങ്ങി നിൽക്കുകയാണ്. ശമ്പളവും പെൻഷനും കൊടുക്കാൻ കൈയിൽ കാശില്ല. പ്രൗഢിക്ക് മാത്രം ഇന്നും ഒരു കുറവും, ദൈവം സഹായിച്ചില്ല..!  ഇന്നു രാവിലെയും കണ്ടു കോഴിക്കോട്, സുൽത്താൻബത്തേരി, വയനാട് സൂപ്പർ ഫാസ്റ്റ്, ലിമിറ്റഡ് വണ്ടികൾ മുറ പോലെ ആളില്ലാതെ പോകുന്നുണ്ട്..!

KSRTC പൊളിയാൻ പോകുന്നു എന്ന് ഏകദേശം തീരുമാനമായതോടെ, ഇപ്പോൾ
നന്നാകാൻ ശ്രമിക്കുന്നത് മറ്റൊരു വെള്ളാന ആയ KSEB ആണ്. കണ്ട് പഠിക്കുന്നത് എപ്പോഴും നല്ലത് തന്നെ…! കണ്ടാലറിയാത്തവർ, കൊണ്ടാലറിയും…!

എഴുത്ത് – ജോൺ പനക്കൽ, കുന്നംകുളം.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply