സ്ഥിരമായി ജോലിചെയ്ത ബസ്സിനോട്‌ KSRTC കണ്ടക്ടര്‍ക്ക് തോന്നിയ പ്രണയം…

ബസിനോട് പ്രണയം. നാളുകളായി ഒപ്പം ഉണ്ടായിരുന്ന ബസിനോട് ആ ബസിൽ സ്ഥിരമായി സേവനം ചെയ്തിരുന്ന കണ്ടക്ടർക്ക് തോന്നുന്ന സ്നേഹം. ബസ് മറ്റൊരു ഡിപ്പോയിക്ക് നൽകേണ്ടി വരുബോൾ ഉണ്ടാകുന്ന വേദന. വരികളിൽ വരക്കാൻ കഴിയാതെ കുഴങ്ങുന്ന ഈരാറ്റുപേട്ട ksrtc കണ്ടക്ടർ സമീർ ഈരാറ്റുപേട്ട. അതിനെക്കുറിച്ച് സമീറിന്‍റെ വാക്കുകളിലൂടെ തന്നെ നമുക്ക് കേള്‍ക്കാം.

“യാത്രയയക്കുക എന്നത് ഏറെ വൈകാരികമായ ഒരു അവസ്ഥയാണ്. പ്രത്യേകിച്ച് നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണങ്കിൽ.നമ്മുടെ സാമൂഹിക ജീവിതത്തിന്റെ പുനർ ക്രമീകരണത്തിന് കാരണമായ എന്തോ ഒന്ന് അതുമായി ബന്ധപ്പെട്ട് കിടക്കുകയാണങ്കിൽ ആ യാത്രയയപ്പിന് ഹൃദയ നൊമ്പരങ്ങളെ പിടിച്ചു നിർത്താനാവാത്ത വിധമുള്ള വേദനകൾ സമ്മാനിച്ചാവും അവ നമ്മെ വിട്ട് പോവുക.

അത്തരത്തിൽ ഇഴയടുപ്പം കൂട്ടിയ ഒരുപാട് അനുഭവങ്ങളുടെ പ്രളയമായിരുന്നു RSC 140 എന്ന എന്റെ സ്വന്തം *അന്ന*. ദസ്തയേവിസ് കിക്ക് അന്നയോടുള്ള പ്രണയത്തോളം ഇതിനെ വ്യഖ്യാനിക്കാനാവുമോ എന്നെനിക്കറിയില്ല. ഒന്നറിയാം 14 വർഷത്തെ സർവീസിനിടയിൽ ആരോടും തോന്നാത്ത പ്രണയം ആയിരുന്നു എന്റെ *അന്ന* യോട് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ എനിക്ക് അനുഭവപ്പെട്ടത്.ഇക്കാലത്തിനിടക്ക് രണ്ടു പ്രാവശ്യം മാത്രമാണ് കൂടെ വരില്ല എന്ന് പറഞ്ഞ് പിണങ്ങി വഴിയിൽ നിന്നത് എന്നത് തന്നെ പ്രണയത്തിന്റെ മാറ്റ് കൂട്ടുന്നു.

ഒന്നിനോടും വൈകാരികമായ ഒരു ബന്ധം സൂക്ഷിക്കാൻ പാടില്ല എന്ന് ഇന്ന് വീണ്ടും തിരിച്ചറിയുന്നു. ഒരുപാട് കൊല്ലത്തിനും ശേഷം ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് പടിയിറങ്ങുമ്പോൾ തോന്നുന്ന അതേ നെഞ്ചിടിപ്പ്, കരച്ചിൽ, നഷ്ടബോധം – അതാണീ നിമിഷം അനുഭവിക്കുന്നത്… ഈ വർഷക്കാലം എന്നോടൊപ്പമുണ്ടായിരുന്ന, ഞാൻ ഒപ്പമുണ്ടായിരുന്ന RSC 140 (ഈരാറ്റുപേട്ട) ബസിന്റെ അവസാന ട്രിപ്പ് ആയിരുന്നു ഇന്ന്. നാളെ ഈ ബസ് ആലുവ ഡിപ്പോയ്ക്ക് കൈമാറുന്നു. ചീഫ് ഓഫിസിൽ നിന്നുള്ള ഓർഡർ ഉണ്ട് എന്നുള്ള വിവരം എന്നെ വളരെ കാഷ്വലായി അറിയിക്കുമ്പോൾ അതിത്ര മാത്രം സങ്കടം ഉണ്ടാക്കുന്നതാണെന്ന് ആർക്ക് മനസിലാവാനാണ്??

എന്‍റെ ചങ്കായിരുന്നു RSC 140 എന്ന ബസ്. സ്വന്തം നാട്ടിലൂടെ കടന്ന് പോകുന്ന ബസ്.. അടുത്ത സുഹൃത്തുക്കൾ, ബന്ധുക്കൾ, നാട്ടുകാർ ,പതിവ് യാത്രക്കാർ, വന്ന് പോകുന്നവർ, സൗഹൃദം അവശേഷിപ്പിച്ച് കടന്നു പോകുന്നവർ, ഇതേ വണ്ടി തേടിപ്പിടിച്ച് വരുന്നവർ, കാത്തിരുന്ന് കയറുന്നവർ, ഒറ്റ യാത്രയിൽ പ്രാരാബ്ധം തൊട്ട് സ്വപ്നങ്ങൾ വരെ പങ്കു വയ്ക്കുന്നവർ.. അങ്ങനെ എല്ലാവരോടും സൗഹൃദം പങ്കിടാനുള്ള, കുശലം ചോദിക്കാനുള്ള “ഇടം”. അതാരുന്നു RSC 140. ഇനിയും അവരെല്ലാവരും അതുപോലെ ഉണ്ടാവാം.. ഞാനും.. പുതിയ ബസും… പക്ഷെ RSC 140 എന്ന വികാരം …അതിന് പകരം മറ്റൊന്നില്ല…

പുതിയ സാരഥികളും യാത്രക്കാരുമായ് യാത്ര തുടരൂ RSC 140. വഴിയിൽ നമുക്ക് ഇനിയും കണ്ടു മുട്ടാം…. KSRTC അധികൃതർ ഇത് ഈരാറ്റുപേട്ടക്ക് തന്നെ തരുമെന്ന പ്രതീക്ഷയോടെ……സമീർ ഈരാറ്റുപേട്ട.”

ഇത്രയും വായിച്ചിട്ട് നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഉറ്റവരെ പിരിഞ്ഞിരിക്കുന്ന ഒരു മനുഷ്യന്‍റെ വേദന നിറഞ്ഞ മനസ്സിന്‍റെ അവസ്ഥയാണ് സമീറിന്‍റെ ഈ വാക്കുകളിലൂടെ നമുക്ക് കാണാനാകുന്നത്. പുതിയ ബസ്സിനെയും സമീര്‍ ചിലപ്പോള്‍ ഇതുപോലെ സ്നേഹിക്കുമായിരിക്കും. പക്ഷേ പഴയ ബസ്സിനെ സ്നേഹിച്ചയത്രയും വരുമോയെന്ന് സംശയമായിരിക്കും. സമീറിന്‍റെ ചങ്കായ RSC 140 എന്ന കെഎസ്ആര്‍ടിസി ബസ് ആലുവ ഡിപ്പോയില്‍ നിന്നും വീണ്ടും ഈരാറ്റുപേട്ട ഡിപ്പോയിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയോടെ നമുക്കും കാത്തിരിക്കാം…

കടപ്പാട് – Ente Erattupetta.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply