വെള്ളക്കെട്ടിലൂടെ കാറില്‍ സഞ്ചരിച്ച കുടുംബത്തിനു നേര്‍ക്ക് ഗുണ്ടായിസം..

കേരളം മൊത്തം കനത്ത മഴയാണ് ഇപ്പോള്‍. എല്ലായിടത്തും റോഡില്‍ വെള്ളം കയറിയിരിക്കുകയാണ്. വെള്ളം കയറിയെന്നു വെച്ച് ആളുകള്‍ക്ക് സഞ്ചരിക്കാതെ തരമില്ലല്ലോ. തല്‍ഫലമായി പുഴപോലെയായ റോഡുകളിലൂടെ കെഎസ്ആര്‍ടിസി ബസ്സുകള്‍ അടക്കം ചില വാഹനങ്ങള്‍ പോകുന്നുമുണ്ട്. മിക്കയിടത്തും പ്രദേശവാസികള്‍ റോഡില്‍ വെള്ളം കയറിയത് ഒരാഘോഷമാക്കി മാറ്റിയിരിക്കുകയാണ്. റോഡിലെ വെള്ളത്തില്‍ വഞ്ചി തുഴയുക, അതുവഴി പോകുന്നവരെ സന്തോഷത്തോടെ ആര്‍പ്പു വിളിക്കുക, ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടു വൈറല്‍ ആക്കുക അങ്ങനെ അങ്ങനെ..

എന്നാല്‍ കഴിഞ്ഞ ദിവസം ഇതുപോലെ വെള്ളക്കെട്ടിലൂടെ പോയ്ക്കൊണ്ടിരിക്കുകയായിരുന്ന ഒരു കാറിനു നേര്‍ക്ക് ഒരു കൂട്ടം ആളുകള്‍ നടത്തിയ ഗുണ്ടായിസം ആരെയും ഞെട്ടിക്കുന്നതാണ്. സംഭവം ഇങ്ങനെ : കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പിള്ളിയില്‍ നിന്നും വിവാഹശേഷം തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്നവര്‍ക്ക് നേരെയായിരുന്നു അതിക്രമം. സംഭവം നടക്കുമ്പോള്‍ കാറില്‍ വരനും വധുവും അമ്മയുമെല്ലാം ഉണ്ടായിരുന്നു.

കോട്ടയം ജില്ലയിലെ കടയത്ത് എത്തിയപ്പോള്‍ റോഡില്‍ നിറയെ വെള്ളമായിരുന്നു. എല്ലാ വാഹനങ്ങളെയും പോലെ വെള്ളക്കെട്ടിലൂടെ വളരെ പതിയെത്തന്നെയാണ് ഇവരുടെ കാറും പൊയ്ക്കൊണ്ടിരുന്നത്. ഇതിനിടയില്‍ വെള്ളത്തില്‍ നിന്നിരുന്ന ഒരുകൂട്ടം ആളുകള്‍ ദൂരെ നിന്നും തന്നെ ഈ കാറിനെ തടയാന്‍ വരികയും അസഭ്യം പറഞ്ഞുകൊണ്ട് ഓടിയടുക്കുകയും ആയിരുന്നു. എന്താണ് കാരണം എന്നറിയാതെ പതറിയ കാര്‍ യാത്രക്കാരെ വകവെയ്ക്കാതെ ചുറ്റും കൂടിയവര്‍ കാറിനുള്ളിലെ സ്ത്രീകള്‍ അടക്കമുള്ളവരുടെ ദേഹത്തേക്ക് വെള്ളം കൊരിയോഴിക്കുകയും കാറിന്‍റെ ബോണറ്റും വശങ്ങളും അടിച്ചു ചളുക്കുകയും ചെയ്തു. ഇതിനിടെ ആള്‍ക്കൂട്ടത്തിലെ ചിലര്‍ ബലമായി കാറിന്‍റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് ഒടിച്ചെടുക്കുകയും ചെയ്തു.

ഈ സംഭവമെല്ലാം കാറില്‍ ഘടിപ്പിച്ചിടുണ്ടായിരുന്ന ഡാഷ് ക്യാമറ പകര്‍ത്തുന്നുണ്ടായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം കാറില്‍ ഉണ്ടായിരുന്നവര്‍ വീഡിയോ പരിശോധിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലായി മാറി. ഇതിനിടെ ഇവര്‍ പോലീസില്‍ വീഡിയോ സഹിതം പരാതി കൊടുക്കുകയും ചെയ്തിട്ടുണ്ട്.

ഇതും കേരളത്തിലാണ്.. സ്ത്രീകളെ പോലും വെറുതെ വിടുന്നില്ല. സദാചാരപോലീസിനെതിരെ നടപടി സ്വീകരിക്കും എന്ന് പറഞ്ഞിട്ടും ഇവർക്കതൊന്നും പ്രശ്നമല്ല… ഇവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് നാമോരോരുത്തരുടേയും കടമയാണ്. പലേടത്തും നിസ്സഹായരെയാണ് സദാചാരപോലീസ് ഉപദ്രവിക്കുന്നത്. എല്ലായിടവും കാണും ഇതുപോലെ കുറേ ആളുകള്‍. അതുകൊണ്ടുതന്നെ ആ നാടിനും കൂടി പേരുദോഷവും ശാപവുമാണ് ഇത്തരം തെമ്മാടികൾ. പുറമേ കാണുമ്പോൾ നമുക്കു മനസിലാകുന്നില്ലങ്കിലും മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉള്ളിലുള്ള ഇവനൊക്കെ അതിന്റെ കെട്ടുവിടുമ്പോൾ ഇരിക്കേണ്ടത് പോലീസ് സെല്ലിൽ ആണ്. ആ നാട്ടുകാരെ മുഴുവൻ കുറ്റപ്പെടുത്താൻ കഴിയില്ല. ഇത്രയും ശക്തമായ തെളിവു കയ്യിൽ ഉള്ളപ്പോള്‍ മുഖം നോക്കാതെ കര്‍ശനമായ നടപടി എടുക്കേണ്ടത് പോലീസിന്‍റെ കടമയാണ്. അതു ഇവര്‍ക്കുവേണ്ടി മാത്രമല്ല ഇനിയുള്ളവർക്കും ഇത്തരം തിക്ത അനുഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply