പിടവൂര്‍ കിഴക്കേതെരുവ് പാതയിലാണ് സ്വകാര്യബസുകളുടേയും അമിതവേഗതയില്‍ പായുന്ന ടിപ്പറുകളുടെയും ഓട്ടത്തിനെതിരെ നാട്ടുകാര്‍ റോഡിലിറങ്ങി. ജനജാഗ്രതസമിതി രൂപീകരിച്ചാണ് ശക്തമായ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
പാതയില്‍ സ്വകാര്യബസുകളുടെ മല്‍സരയോട്ടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സാഹചര്യത്തിലാണ് ജനജാഗ്രതസമിതി രൂപീകരിക്കാന്‍ നാട്ടുകാര്‍ തയ്യാറായത്. ട്യൂഷന് കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന തലവൂര്‍ അവിട്ടത്തില്‍ മനോജ്-ബീന ദമ്പതികളുടെ മകന് വിനായകി (16) നെയാണ് ശരണ്യ എന്ന സ്വകാര്യബസ് ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍പെട്ട ബസിന് ടാക്സോ, പെര്‍മിറ്റോ ഉണ്ടായിരുന്നില്ല എന്നാണ് സൂചന.
നിരവധി തവണ പരാതി പറഞ്ഞിട്ടും പരിശോധനകള്‍ക്ക് വാഹനവകുപ്പോ പോലീസോ തയ്യാറായിട്ടില്ല. മിനിട്ടുകളുടെ വ്യത്യാസത്തില്‍ സ്വകാര്യബസ് ഒരേ ഭാഗത്തേക്ക് സര്‍വീസുകള്‍ നടത്തുന്നത് കാരണം പലപ്പോഴും മത്സരയോട്ടം പതിവാണ്. ഇതിനുപുറമെ ഇതേ റൂട്ടില്‍ കെഎസ്ആര്‍ടിസി കൂടി സര്‍വീസ് നടത്തുന്നതിനാല്‍ അപകടകരമായി രീതിയിലാണ് സ്വകാര്യബസുകളുടെ മരണപാച്ചില്‍. അമിതവേഗത്തില്‍ പായുന്ന ബസുകള്‍ മുന്‍പും അപകടത്തില്‍പെട്ടിട്ടുണ്ട്. യാത്രക്കാരെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി ബസ് നിര്‍ത്തുന്നത് റോഡിന്റെ മധ്യഭാഗത്ത് തന്നെയാണ്. ഇതിനാല്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാനാവില്ല.
പാതയില്‍ തന്നെ അമിതവേഗത കാരണം അപകടങ്ങള്‍ നടന്നതിന്റെ പേരില്‍ ഇരുപതിലധികം കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പത്തോളം കേസുകള്‍ കെഎസ്ആര്‍ടിസി നേരിട്ട് കൊടുത്തതാണ്. വാഹനവകുപ്പിന്റെയോ പോലീസിന്റെയോ പരിശോധനകള്‍ നടക്കാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ ജനജാഗ്രതസമിതി രൂപീകരിച്ചത്. പത്തനാപുരം താലൂക്ക് ആസ്ഥാനമായിട്ടും വാഹനവകുപ്പിന്റെ ഓഫീസ് ഇവിടെ എത്തിയിട്ടില്ല. പുനലൂര്‍ ജോയിന്റ് ആര്‍ടിഒയ്ക്കാണ് ചുമതല. അവരാകട്ടെ പത്തനാപുരം മേഖലയെ ശ്രദ്ധിക്കാറേയില്ല.
കടപ്പാട് – ജന്മഭൂമി