ഫാമിലിയായുള്ള ബൈക്ക് യാത്രയെക്കുറിച്ച് വീമ്പിളക്കിയയാള്‍ക്ക് ഒരു യുവാവിന്‍റെ മറുപടി…

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഒരു പ്രമുഖ ട്രാവൽ ഗ്രൂപ്പിൽ ഒരു യുവാവ് ഭാര്യയും രണ്ടു കുട്ടികളുമായി ബൈക്കില്‍ അതിരപ്പിള്ളിയിലെക്ക് പോയ സംഭവം പോസ്റ്റ്‌ ചെയ്തു. പോകുന്ന വഴി പുലിയോ കടുവയോ പിടിച്ചില്ലെന്നും ഇയാള്‍ കുറിച്ചിരുന്നു. അഹങ്കാരം നിറഞ്ഞ രീതിയിലുള്ള പോസ്റ്റിനെതിരേ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഈ പോസ്റ്റിന് മറുപടിയായി ശ്രീജിത്ത് കെ. ജനകന്‍ എന്നയാള്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

ശ്രീജിത്തിന്‍റെ കുറിപ്പ് താഴെ കൊടുത്തിരിക്കുന്നു. ഒന്ന് വായിക്കാം…

“അഹങ്കാരത്തിന് കൈയ്യും കാലും വെച്ചിങ്ങനെ അർമാദിക്കരുത് സുഹൃത്തേ.. Co-passenger ഹെൽമറ്റില്ലാത്തത് (3 പേരുമായി, അതിൽ 5 ഉം, 10 ഉം വയസ്സുള്ള കുട്ടികളും) പോലുള്ള ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ 60KM/HR വേഗതയിൽ, അപാകതകളും മുന്നറിയിപ്പുകളും ചൂണ്ടിക്കാണിച്ച Sanchari Travel Forum ത്തിലെ മെംബേഴ്സിനെ വാശിക്കുവെല്ലുവിളിച്ചു നിങ്ങൾ യാത്ര നടത്തി.. അപകടങ്ങൾ മുൻകൂട്ടി അറിയിച്ച് വരുന്നതെന്നാണോ നിങ്ങൾ വിചാരിക്കുന്നത്..?

എന്റെ ജീവിതം ഒന്നു പറയാം..2013 ൽ എന്റെ വീട്ടിൽ നിന്ന് (മൂവാറ്റുപുഴ) എന്റെ മകനും ഭാര്യയുമായി എന്റെ ആൾട്ടോ കാറിൽ ഭാര്യയുടെ ഒരു exam നായി കൊല്ലത്തേക്ക് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടു. വീടിനടുത്തുള്ള കുടുംബക്ഷേത്രത്തിൽ നേർച്ചയിട്ടു തുടങ്ങിയ യാത്ര. പോകുന്ന വഴിയിൽ ഏറ്റുമാനൂർ ശിവക്ഷേത്രത്തിലും കയറി. ഭക്തനായ എന്റെ കൂടെ എന്നും ദൈവമുണ്ട് എന്ന് വിശ്വസിച്ചു നടത്തിയ യാത്ര. കൊല്ലം എത്തുന്നതിനു തൊട്ടു മുൻപ് ചവറ യിൽ വെച്ച് മഴയത്ത് തെറ്റായ ദിശയിൽ ഒരു പ്രായമായ മനുഷ്യൻ ഓടിച്ചു വന്ന ഒരു ഇന്നോവയിൽ അന്ന്‌ തകർന്നു പോയതാണെന്റെ കുടുംബത്തിന്റെ സന്തോഷം.

എന്റെ ഒന്നര വയസുള്ള മകൻ മരണപ്പെട്ടു..എന്റെ കണ്മുന്പിൽ വെച്ച്… ഏതോ മുജ്ജന്മ പാപം കൊണ്ടു എന്റെ ബോധം നശിച്ചിരുന്നില്ല.. ആഘാതത്തിൽ ഭാര്യയുടെ ബോധം പോയിരുന്നു..ഞങ്ങളെ രക്ഷപെടുത്തിയവർ ഒത്തിരി വാഹനങ്ങളെ കൈ കാണിച്ചെങ്കിലും നിർത്തിയില്ല.. ഒടുവിൽ നിർത്തിയ ഒരു ഓട്ടോയിൽ ഞങ്ങളെ അവർ വാരികയറ്റിയപ്പോൾ ബോധം നശിക്കാത്ത എന്റെ മടിയിൽ അവനെ അവർ കിടത്തി.. വാരിയെല്ല് തകർന്ന്…ഞാനും, എന്റെ ഭാര്യയും നാല് ദിവസം ICU വിൽ കിടന്നു. മാനസികവും, ശാരീരികവും ആയ ചികിത്സയും കൗൻസെല്ലിങ്ങുകളും ഒത്തിരി ചെയ്തതിനു ശേഷം..ഒന്നര വർഷം കഴിഞ്ഞാണ് ഞങ്ങൾ ആ ആഘാതത്തിൽ നിന്ന് കുറച്ചെങ്കിലും റിക്കവറി നേടാൻ കഴിഞ്ഞത്.

അതിനു ശേഷം എനിക്ക് മറ്റൊരു മകൻ പിറന്നു. പിന്നെയുള്ള എന്റെ വാഹനത്തിൽ ഞാൻ നോക്കിയത് സുരക്ഷ മാത്രമായിരുന്നു. കാർ എടുത്തപ്പോൾ ചൈൽഡ് സീറ്റും കൂടി എടുത്തു. ABS ERD, AIR BAG ഉള്ള വാഹനം നോക്കി എടുത്തു. 12 വയസ്സ് വരെ അവനെ മുൻ സീറ്റിൽ ഇരുത്തില്ല എന്നു തീരുമാനിച്ചു. ഇരുചക്രവാഹനം ഏതായാലും (ഏറ്റവും സുരക്ഷിതമല്ലാത്ത വാഹനം; ആരായാലും ഒന്നു വീണാൽ ആദ്യം റോഡിൽ ഇടിക്കുന്നത് തലയായിരിക്കും) അവനെ 12 വയസ്സു പ്രായം വരെ കയറ്റി യാത്ര ചെയ്യില്ല എന്നു തീരുമാനിച്ചു. അഥവാ വേണ്ടി വന്നാൽ തെറിച്ചു പോകാതെ എന്നെ ബന്ധിപ്പിച്ചു നിർത്താൻ Child Safety Belt വാങ്ങിച്ചു. അവന്റെ തലക്ക് ചേരുന്ന ISI mark ഉള്ള ഹെൽമറ്റും.

മിസ്റ്റർ…ഈ ലോകത്തെ ഏറ്റവും വലിയ ദുഃഖം പുത്ര വിയോഗമാണെടോ..! അതും കണ്മുന്നിൽ…! ഒരിക്കലും അതിൽ നിന്ന് നിങ്ങൾക്ക് മോചനമുണ്ടാവില്ല.. ഓരോ നിമിഷങ്ങളും നീറി..നീറിയുള്ള ജീവിതം. തന്റെ ഒരു നിമിഷത്തെ ധിക്കാരം കൊണ്ടു ചിലപ്പോൾ നിങ്ങളും, നിങ്ങളെ സ്നേഹിക്കുന്നവരും ചിലപ്പോൾ ആയുഷ്ക്കാലം കണ്ണീരു കുടിക്കേണ്ടി വരും… അങ്ങനെ നിങ്ങൾക്ക് വരാതിരിക്കട്ടെ… സന്തോഷം എന്നത് ജീവിതത്തിൽ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ചു വരില്ല എന്നറിഞ്ഞ എന്റെ സ്വന്തം അനുഭവത്തിൽ നിന്ന്, പച്ചയായ സത്യത്തിൽ നിന്നു പറഞ്ഞതാണിതെല്ലാം.”

കടപ്പാട്: ശ്രീജിത്ത് ജനകന്‍.

Check Also

ഓർമകളുടെ ഒരു പെരുമഴക്കാലം പോലെ പാളയത്തെ ഹോട്ടൽ താജ്

വിവരണം – Praveen Shanmukom, ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. തിരുവനന്തപുരത്ത് 1955 മുതൽ ഭക്ഷണപ്രേമികളുടെ ഹൃദയത്തിൽ ഇടം …

Leave a Reply