ഭോപ്പാൽ ദുരന്തം : ഇന്ത്യ കണ്ട ഏറ്റവും വലിയ വ്യാവസായിക ദുരന്തം…

മുഗൾ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഭോപ്പാൽ, 1950 കളിൽ ഇവിടുത്തെ ജനസംഖ്യ ഏതാണ്ട് 60000 ഓളം മാത്രമായിരുന്നു. എന്നാൽ മദ്ധ്യപ്രദേശ് സംസ്ഥാനത്തിന്റെ തലസ്ഥാനം ആയതോടെ കൂടുതൽ ആളുകൾ ഇവിടെ സ്ഥിരതാമസമാക്കുവാൻ തുടങ്ങി.  ചെറിയ വനങ്ങളും കുന്നുകളും കൊണ്ട് ചുറ്റപ്പെട്ട ഒരു പ്രദേശമാണ് ഭോപ്പാൽ. ഇന്ത്യയുടെ ഏതാണ്ട് മധ്യപ്രദേശത്താണ് ഭോപ്പാൽ നിലകൊള്ളുന്നത്. തൊഴിലാളികളും, റിക്ഷാവലിക്കാരും ഒക്കെ അടങ്ങുന്ന സാധാരണക്കാരാണ് ഭോപ്പാലിലധികവും. ചേരി പ്രദേശങ്ങളോടൊപ്പം, ധനികർ മാത്രം താമസിക്കുന്ന സ്ഥലങ്ങളും പ്രത്യേകമായുണ്ട്. കാനേഷുമാരി അനുസരിച്ച് 1984 ൽ ഭോപ്പാലിൽ 8,00,000 ജനങ്ങൾ അധിവസിക്കുന്നുണ്ടായിരുന്നു.

അമേരിക്കൻ രാസവ്യവസായഭീമനായ യൂണിയൻ കാർബൈഡ് കമ്പനിയുടെ ഇന്ത്യയിലെ ഭോപ്പാലിലുണ്ടായിരുന്ന കീടനാശിനി നിർമ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാൽ ദുരന്തം എന്ന് അറിയപ്പെടുന്നത്. 1917 ലാണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ സ്ഥാപിതമാവുന്നത്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വളരെയധികം വീഴ്ച വരുത്തിയിട്ടുള്ള ഒരു സ്ഥാപനമാണിത് . വെസ്റ്റ് വെർജീനിയായിലുള്ള യൂണിയൻ കാർബൈഡിന്റെ ഉത്പാദനശാലയിൽ 1980-1984 കാലഘട്ടിൽ ഏതാണ്ട് 67 തവണ മീഥൈൽ ഐസോസയനേറ്റ് എന്ന വാതകം ചോർന്നിട്ടുണ്ട്. ഇത്തരം വീഴ്ചകളൊന്നും തന്നെ പൊതുജനങ്ങളെ നേരത്തേ തന്നെ കമ്പനി അറിയിക്കാൻ മുതിർന്നിട്ടില്ലായിരുന്നു. യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ ഇന്ത്യൻ വിഭാഗമാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ്. 50.9 ശതമാനത്തോളം ഓഹരി മാതൃകമ്പനിയായ യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ കയ്യിലാണ്, ബാക്കി സ്വകാര്യവ്യക്തികളുടെ കയ്യിലും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുമാണ്.

1926 ൽ എവറഡി കമ്പനി ഇന്ത്യാ ലിമിറ്റഡ് എന്ന ബാറ്ററി നിർമ്മാണ ശാല ആരംഭിക്കുന്നതോടെയാണ് യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് തങ്ങളൂടെ വ്യവസായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നത്.1959 ൽ എവറഡി കമ്പനി നാഷണൽ കാർബൺ കമ്പനി എന്ന പുതിയ പേരു സ്വീകരിച്ചു.1955 ൽ പബ്ലിക് ലിമിറ്റഡ് കമ്പനിയായി. ഇന്ത്യയിലെ ആദ്യ ഡ്രൈസെൽ കമ്പനിയായി തുടങ്ങിയ യൂണിയൻ കാർബൈഡ് പിന്നീട് കീടനാശിനി നിർമ്മാണത്തിലേക്കു കടക്കുകയായിരുന്നു. 1969 ൽ ആണ് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ ഭോപ്പാലിൽ പ്ലാന്റ് സ്ഥാപിക്കുന്നത്. മീതൈൽ ഐസോ സയനേറ്റ് ഉപയോഗിച്ച് സെവിൻ എന്ന നാമത്തിൽ കാർബറിൽ എന്ന രാസവസ്തു ഉണ്ടാക്കുകയായിരുന്നു കമ്പനി ചെയ്തത്. തുടക്കത്തിൽ അസംസ്കൃതവസ്തുക്കൾ അമേരിക്കയിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു. വളരെ അപകടകാരിയായ മീഥൈൽ ഐസോസയനേറ്റ് ബോംബെയിൽ നിന്നും ഭോപ്പാലിലേക്ക് കനത്ത പോലീസ് അകമ്പടിയോടെ ലോറികളിലാണ് കൊണ്ടു വന്നിരുന്നത്.

മീഥൈലാമൈൻ ഫോസ്ഫീനുമായി പ്രവർത്തിപ്പിച്ചുണ്ടാക്കുന്ന മീതൈൽ ഐസോ സയനേറ്റ് 1- നാഫ്ത്തനോളുമായി പ്രവർത്തിപ്പിച്ചാണ് കാർബറിൽ എന്ന സെവിൻ ഉദ്പാദിപ്പിക്കുന്നത്. ഇന്ത്യ കീടനാശിനിയുടെ വൻ വിപണിയാവും എന്നായിരുന്നു കമ്പനിയുടെ പ്രതീക്ഷ. വെള്ളപ്പൊക്കവും വരൾച്ചയുമായി വലയുന്ന കർഷകർക്ക് കമ്പനിയുടെ വില കൂടിയ കീടനാശിനി വാങ്ങാൻ കഴിവുണ്ടായിരുന്നില്ല. പ്രതിവർഷം 5000 ടൺ സെവിൻ നിർമ്മിക്കാനായിരുന്നു ഭാരത സർക്കാർ യൂണിയൻ കാർബൈഡിനു അനുമതി നൽകിയിരുന്നത്. എന്നാൽ ഇന്ത്യയിലെ വാർഷിക വിപണനം 2000 ടണ്ണിൽ കൂടുതലാവില്ല എന്നറിയാവുന്ന ഇന്ത്യൻ പ്രതിനിധി വളരെ ചെറിയ ഒരു ഉത്പാദനശാല നിർമ്മിക്കാനുള്ള ഉപദേശമാണ് മാതൃകമ്പനിക്കു നൽകിയത്. എന്നാൽ ഈ നിർദ്ദേശം കാറ്റിൽപ്പറത്തി ഏറ്റവും വലിയ ഒരു ഉത്പാദനശാല തന്നെ നിർമ്മിക്കാൻ യൂണിയൻ കാർബൈഡ് കോർപ്പറേഷൻ തീരുമാനിക്കുകയായിരുന്നു.

യൂണിയൻ കാർബൈഡ് കമ്പനിയുടെ വ്യവസായശാല 1969-ൽ ഭോപ്പാലിൽ സ്ഥാപിച്ചു. 51% ഓഹരി ഉടമസ്ഥത യൂണിയൻ കാർബൈഡ് കമ്പനിക്കും 49% ഇന്ത്യൻ പൊതുമേഖലാസ്ഥാപനങ്ങൾക്കും ആയിരുന്നു. ഇവിടെ നിന്ന് കാർബാറിൽ (സെവിൻ) എന്ന കീടനാശിനി ഉത്പാദിപ്പിച്ചു പോന്നു. കാർബാറിൽ ഉത്പാദനത്തിനുപയോഗിച്ചിരുന്ന ഒരു രാസവസ്തുവാണ് മീതൈൽ ഐസോസയനേറ്റ്. 1979-ൽ മീതൈൽ ഐസോസയനേറ്റ് ഉത്പാദനവിഭാഗം കൂടി ഈ വ്യവസായശാലയോട് ചേർത്തു. ഇത്ര മാരകമല്ലാത്ത മറ്റ് രാസവസ്തുക്കൾക്ക് പകരമായിരുന്നു MIC ഉപയോഗിച്ചത്. യൂണിയൻ കാർബൈഡ് കമ്പനിക്ക് ഈ രാസവസ്തുവിന്റെ ഗുണഗണങ്ങളെക്കുറിച്ചും അത് കൈകാര്യം ചെയ്യേണ്ടിയിരുന്ന വിധത്തെക്കുറിച്ചും അറിവുണ്ടായിരുന്നു.

ഡിസംബർ രണ്ടാം തീയതി രാത്രി 42 ടൺ മീതൈൽ ഐസോസയനേറ്റ് സൂക്ഷിച്ചിരുന്ന ഒരു സംഭരണിയിലേക്ക് വൻതോതിൽ വെള്ളം കയറി. സംഭരണിയിലേക്ക് പെട്ടെന്ന് വെള്ളം കയറുന്നതിനുള്ള കാരണത്തെക്കുറിച്ച് വ്യത്യസ്ത അനുമാനങ്ങൾ നിലവിലുണ്ട്. വാതച്ചോർച്ചയുണ്ടായ സമയത്ത് തൊഴിലാളികൾ വാതകക്കുഴലുകൾ വെള്ളം തെറിപ്പിച്ച് വൃത്തിയാക്കുകയായിരുന്നു. ചില നിരീക്ഷകരുടെ അഭിപ്രായം, ഈ സമയത്ത് വാതകക്കുഴലിനുള്ളിലേക്ക് നേരത്തേയുണ്ടായിരുന്ന വിടവുകളിൽ കൂടി വെള്ളം കയറി എന്നാണ്. പക്ഷേ, യൂണിയൻ കാർബൈഡ് കമ്പനി ഇത് നിഷേധിക്കുന്നു.1985 ലെ റിപ്പോർട്ടുകൾ ദുരന്തത്തെക്കുറിച്ച് കുറെക്കൂടി വ്യക്തമായ ചിത്രം നൽകി.

രാസപ്രവർത്തനം മൂലം സംഭരണിയിലെ താപനില 2000C ന് മുകളിലേക്ക് ഉയർന്നു. തത്ഫലമായി സംഭരണിക്കുള്ളിലെ മർദ്ദം അതിനു താങ്ങാനാവുന്നതിലധികമായി വർദ്ധിച്ചു. ഇങ്ങനെ അമിതമർദ്ദം വരുമ്പോൾ സ്വയം തുറന്ന് വാതകം പുറന്തള്ളുന്നതിനുള്ള സംവിധാനം സംഭരണിയിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രവർത്തിച്ച് വൻതോതിൽ വിഷവാതകം പുറന്തള്ളി. രാസപ്രവർത്തനം ചെറുക്കാൻ ശേഷിയുള്ള ലോഹങ്ങൾ കൊണ്ടായിരുന്നില്ല വാതകക്കുഴലുകൾ നിർമിച്ചിരുന്നത്. അവ രാസപ്രവർത്തനത്തിൽ ദ്രവിക്കുകയും ചെയ്തു. ഫോസ്ജീൻ, ഹൈഡ്രജൻ സയനൈഡ്, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ എന്നീ വിഷവാതകമിശ്രിതങ്ങളും മീഥൈൽ ഐസോസയനേറ്റും അന്തരീക്ഷത്തിലേയ്ക്ക് വ്യാപിച്ചു.

ശ്വാസനാളിയിലെ പുകച്ചിലോടെ ആളുകള്‍ ഉറക്കത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു.വിഷവാതകം ശ്വസിച്ചതിന്റെ ആദ്യലക്ഷണങ്ങളായ ശ്വാസമുട്ട്, ചുമ, ചർദ്ദി, കണ്ണിനു പുകച്ചിൽ എന്നിവ ചുറ്റുപാടുമുള്ളവർക്ക് വന്നുതുടങ്ങി. വാതകം ശ്വസിച്ച് ചുമച്ചും ശ്വാസംമുട്ടിയും നിരവധി പേര്‍ മരിച്ചുവീണു. ആയിരങ്ങള്‍ ബോധമറ്റുകിടന്നു. അനേകര്‍ക്ക് എന്താണു സംഭവിച്ചതെന്നറിയാതെ കാഴ്ച നഷ്ടപ്പെട്ട് തെരുവീഥികളിലൂടെ ഓടി. ഫാക്ടറിയുടെ ചുറ്റുപാടുമുള്ളവര്‍ ഒഴിഞ്ഞുപോകാനുള്ള സൈറനുകള്‍ മുഴങ്ങിയപ്പോള്‍ അവരുടെ കണ്ണിലെ കാഴ്ച മങ്ങാന്‍ തുടങ്ങിയിരുന്നു. ചിലര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മറ്റു ചിലരുടെ വായില്‍നിന്ന് നുരയും പതയും പ്രത്യക്ഷപ്പെട്ടു. കാഴ്ച മങ്ങൽ, കാഴ്ചയില്ലായ്മ, ശ്വാസതടസം, വായിൽ നിന്ന് നുരയും പതയും, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ഹമീദിയ ആശുപത്രിയിൽ ആളുകൾ എത്തിത്തുടങ്ങി.പോലീസ് ജാഗരൂകമായി. ചുറ്റുപാടുമുള്ളവർ ഒഴിഞ്ഞുപോകാൻ തുടങ്ങി. യൂണിയൻ കാർബൈഡ് മേധാവി വാതക ചോർച്ചയുണ്ടായെന്ന വാർത്ത നിഷേധിച്ചു. ആശുപത്രി സജ്ജീകരണങ്ങള്‍ കുറവായതിനാല്‍ പ്രദേശത്തെ ഹമീദിയ ആശുപത്രി രോഗികളെക്കൊണ്ട് നിറഞ്ഞു. ഹതഭാഗ്യരായ അനേകായിരങ്ങള്‍ റോഡുകളിലും തെരുവീഥികളിലും മരിച്ചുവീണു. തെരുവീഥികളില്‍ മരിച്ച മനുഷ്യരുടെയും മൃഗങ്ങളുടെയും കൂമ്പാരം. കാറ്റിന്റെ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാല്‍ നഗരത്തിലുടനീളം സഞ്ചരിച്ചു.

കാറ്റിന്റ ദിശയ്ക്കനുസരിച്ച് വാതകം ഭോപ്പാൽ നഗരത്തിലുടനീളം അലയടിക്കുകയും 16000 നും 30000 നും ഇടയിൽ ആൾക്കാർ കൊല്ലപ്പെടുകയും ചെയ്തു. 2 ലക്ഷത്തിൽപ്പരം ആൾക്കാരെ നിത്യരോഗികളാക്കിയ ഈ ദുരന്തം വിട്ടുമാറാത്ത ചുമ, കാഴ്ചതടസ്സം, കുട്ടികളിലെ തിമിരം, കാൻസർ, ക്ഷയം, തളർച്ച, വിഷാദം, പനി എന്നിവ ജീവിച്ചിരിക്കുന്നവർക്ക് നൽകി. ദുരന്തത്തിന്റെ പരിണതഫലങ്ങൾ ഇപ്പോഴും അലയടിക്കുന്നു. 5 ലക്ഷത്തിലധികം മനുഷ്യരെ ബാധിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ചോർച്ചയുണ്ടായ ഉടനെ 2,259 പേർ മരിച്ചു. രണ്ടാഴ്ചക്കകം 8,000-ൽ അധികം ആളുകൾ മരിച്ചതായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായി ഭോപ്പാൽ ദുരന്തം കണക്കാക്കപ്പെടുന്നു. ‘ഗ്ലോബൽ ടോക്സിക് ഹോട്ട് സ്പോട്ട്’ എന്നാണ്‌ ഗ്രീൻപീസ് പ്രസ്ഥാനം ഭോപ്പാലിനെ വിളിക്കുന്നത്.

ഭോപ്പാൽ ദുരന്തം മൂലം രോഗികളായിത്തീർന്നവരെ ചികിത്സിക്കുന്നതിനുള്ള അന്താരാഷ്ട്ര മെഡിക്കൽ കമ്മീഷൻ 1993-ൽ നിലവിൽ വന്നു. 2010 ജൂൺ 7 നാണ് ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായ ഭോപ്പാൽ വിഷവാതകച്ചോർച്ചയുടെ വിധി നടക്കുന്നത്. യൂണിയൻ കാർബൈഡ് ഇന്ത്യാ കമ്പനി മുൻചെയർമാൻ കേശബ് മഹീന്ദ്ര ഉൾപ്പെടെ 7 പേർക്ക് 1 ലക്ഷം രൂപ പിഴയും 2 വർഷം തടവും കമ്പനിയ്ക്ക് 5 ലക്ഷം രൂപ പിഴയുമാണ് ഭോപ്പാൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിധിച്ചത്. യൂണിയൻ കാർബൈഡ് ഇന്ന് ഡൗ കെമിക്കൽസ് എന്ന പേരിൽ നിരവധി കീടനാശിനികൾ ഉത്പാദിപ്പിക്കുന്നു. യൂണിയൻ കാർബൈഡ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമാ‍യിരുന്നു വാറൺ ആൻഡേഴ്സൺ. ദുരന്തം നടന്ന് നാലാം ദിവസം ആൻഡേഴ്സണെയും ആറ് ഉദ്യോഗസ്ഥരെയും ഭോപ്പാലിൽ വെച്ച് അറസ്റ്റുചെയ്തു. നരഹത്യമുതൽ വിവിധ ക്രിമിനൽ കുറ്റങ്ങൾ ചാർത്തി. എന്നാൽ അന്നു തന്നെ 25000 രൂപ ജാമ്യത്തുക കെട്ടിവെച്ച് ആൻഡേഴ്സൺ പുറത്തിറങ്ങിയ ശേഷം ഇന്ത്യവിട്ടു. മൂന്നു വർഷത്തിനുശേഷം സി.ബി.ഐ ആൻഡേഴ്സണിനും കമ്പനിക്കുമെതിരെ കേസ് ഫയൽ ചെയ്യുകയുണ്ടാ‍യി. പലതവണ സമൺസ് അയച്ചു. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. 2014 ഒക്ടോബറിൽ മരണമടഞ്ഞു. നിയമത്തിന് മുമ്പില്‍ ആന്‍ഡേഴ്‌സനെ എത്തിയ്ക്കാന്‍ കഴിയാത്തത് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയക്ക് ഒരു തീരാകളങ്കമായി അവശേഷിയ്ക്കുന്നു.

ദുരന്തത്തിന് ഇരയായവര്‍ക്ക് ലഭിച്ച നഷ്ടപരിഹാരത്തിന്റെ കാര്യം ഇതിലുമൊക്കെ വിചിത്രമാണ്. യൂണിയന്‍ കാര്‍ബൈഡുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ ഒത്തുതീര്‍പ്പില്‍ ദുരിതബാധിതര്‍ക്ക് യാതൊരു പങ്കുമില്ലായിരുന്നു. നഷ്ടപരിഹാരമായി ലഭിച്ച 470 മില്യണ്‍ ഡോളറില്‍ നല്ലൊരു ഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഇടത്തട്ടുകാരും പങ്കിട്ടെടുത്തു. നഷ്ടപരിഹാരം നല്‍കാന്‍ കാര്‍ബൈഡിന് ചെലവായത് വെറും ഇരുപത് ലക്ഷം ഡോളര്‍ മാത്രമായിരുന്നു എന്നത് മറ്റൊരു കാര്യം. അപകടത്തെ തുടര്‍ന്ന് കമ്പനിയ്ക്ക് 450 മില്യണ്‍ ഡോളര്‍ ഇന്‍ഷുറന്‍സ് തുക ലഭിച്ചിരുന്നു. ഭോപ്പാല്‍ ദുരന്തം ഇന്ത്യയിലെ മനുഷ്യ ജീവന്റെ വില തുലോം തുച്ഛമാണെന്ന് കൂടി നമ്മെ ഓര്‍മ്മിപ്പിയ്ക്കുന്നു. ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് ശരാശരി ഒരു ലക്ഷം രൂപയായിരുന്നു. അതും ഏറെനാളത്തെ നീതി യുദ്ധത്തിനൊടുവില്‍. അതേ സമയം 2001ലെ വേള്‍ഡ് ട്രേ‍ഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഏകദേശം 24 കോടി രൂപ വീതമാണ് ലഭിച്ചത്.

നൂറ്റാണ്ടിലെ തന്നെ ഏറ്റവും ഭയാനകമായ വ്യാവസായിക ദുരന്തമാണ് ഭോപ്പാലിലുണ്ടായത്. ആ ദുരന്തത്തിനിരയായ പതിനായിരക്കണക്കിനാളുകള്‍ ശാരീരികമായ അവശതകള്‍ അനുഭവിച്ച് ഇന്നും ജീവിക്കുന്നുവെന്നതാണ് ഗൗരവപരമായ സത്യം. ഇന്നും ദുരന്തബാധകപ്രദേശങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കുമടക്കം നിരവധി ശാരീരിക അവശതകളും ദൗർബല്യങ്ങളും ഉണ്ടാകുന്നു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply