ട്രെയിനിനെ തൊട്ടുരുമ്മി ഒരു തായ് മാർക്കറ്റ്; കാണണോ ഈ ദൃശ്യ വിസ്മയം?

വാഹനങ്ങൾക്കുള്ള പൊതുനിരത്തു കയ്യേറി പഴം, പച്ചക്കറി, വ്യാപാരശാലകൾ നടത്തുന്നതും റെയിൽ പാളങ്ങൾക്ക് സമീപം കുടിലുകളിൽ ജനവാസവുമെല്ലാം ഇന്ത്യയിൽ പുതുമയുള്ള കാര്യമല്ല. പക്ഷെ റെയിൽവേ പാളത്തിൽ തന്നെ ഭക്ഷ്യപദാർത്ഥ ചന്ത നടത്തുകയെന്ന വിസ്മയ ദൃശ്യം നിങ്ങൾക്ക് എവിടെ കാണുവാൻ സാധിക്കും? അത് കാണണമെങ്കിൽ തായ്‌ലന്റിലെ സമൃത് സൊങ്കറാമിൽ ചെല്ലേണ്ടി വരും! തായ്ലാൻഡിന്റെ തലസ്ഥാനനഗരിയായ ബാങ്കോക്കിന് 37 മൈൽ പടിഞ്ഞാറുള്ള സമൃത് സൊങ്കറാമിലെ മെയ്ക്‌ലൊങ് മാർക്കറ്റിലാണ് ഈ അപൂർവ്വ സംഭവമുള്ളത്.

മാർക്കറ്റിൽ പഴവും പച്ചക്കറിയും തവള പൊരിച്ചതും മറ്റും വാങ്ങാൻ ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുമ്പോഴാകും ട്രെയിനിന്റെ വരവ് അറിയിച്ചുകൊണ്ടുള്ള സൈറൺ മുഴങ്ങുക. ഞൊടിയിടയിൽ വ്യാപാരികൾ പാളങ്ങളിൽ നിരത്തിയിരിക്കുന്ന കച്ചവടസാധനങ്ങളും ടെന്റും എല്ലാം പാലങ്ങളുടെ ഇരു വശങ്ങളിലേക്കും വലിച്ചു മാറ്റും. ഈ സമയത്ത് ആളുകൾ ഒതുങ്ങി നില്ക്കണം.

പാളങ്ങളിലെ ഈ മാർക്കറ്റിനെപ്പറ്റി അറിവുള്ളതിനാൽ ട്രെയിൻ വളരെ മെല്ലെയാണ് അത് വഴി ഓടിക്കുക. ഏകദേശം മണിക്കൂറിൽ 15 മൈൽ വേഗത മാത്രം. ട്രെയിൻ കടന്നുപോയാലുടൻ വ്യാപാരികൾ വട്ടികളിലും പാത്രങ്ങളിലും നിറച്ച പഴം, ഭക്ഷണപദാർത്ഥങ്ങൾ, സാധനസാമഗ്രികളുമായി പാളത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുകയായി. ഇന്ദ്രജാല പ്രകാരമെന്നവണ്ണം വാങ്ങാനുള്ള ആളുകളും പാളത്തിലേക്ക് കയറി വിലപേശി തുടങ്ങും. ഞൊടിയിടയിൽ ഒന്നും അറിയാത്ത പോലെ മാർക്കറ്റ് പഴയപോലെയാകുകയും ചെയ്യും. ആ അപൂർവ്വ ദൃശ്യങ്ങൾ കാണുവാൻ ഈ വീഡിയോ ഒന്നു നോക്കൂ…

പാളത്തിനരികിലേക്ക് വലിച്ചുമാറ്റിയ താല്കാലിക ടെന്റുകളിൽ തൂക്കിയിട്ടിരിക്കുന്ന പഴക്കൂടകളിലും പഴക്കുലകളിലും വസ്ത്രശേഖരങ്ങളിലും മറ്റും ഉരസിയാണ് ട്രെയിനിന്റെ പോക്ക്. ലിചി, ഡ്യൂറിയൻ, മാങ്ങ, അപ്പോൾ പിടിച്ച് കൊണ്ടുവന്ന കടൽമീനുകൾ, കന്പിൽ കോർത്ത് ചുട്ടെടുത്ത ചൂടൻ തവള ഇറച്ചി, ഗന്ധം പകരുന്ന സുഗന്ധ വ്യഞ്ജനങ്ങൾ, തുണിത്തരങ്ങൾ എന്നിങ്ങനെയെല്ലാം ഈ പാളത്തിലെ വിസ്മയ ചന്തയിൽ ലഭ്യമാണ്. തായ്‌ലന്റിന്റെ മാത്രം വിസ്മയക്കാഴ്ചയായി മാറിയിരിക്കുന്നു ഈ ചന്ത. ദിവസേന എട്ടു തവണ ഈ വിസ്മയ ദൃശ്യം ആവർത്തിക്കപ്പെടുന്നു. എട്ടുതവണയാണ് മേ ക്ലോജിൽ നിന്ന് ബാർലെയിമിലേക്കും തിരികെയുമുള്ള ട്രെയിൻ സർവീസുകൾ നടത്തുന്നത്.

ഈ കാഴ്ച കാണുവാൻ മാത്രമായി ദിവസേന ധാരാളവും ആളുകളാണ് ഇവിടെ എത്തുന്നത്. ട്രെയിൻ കടന്നുപോകുന്ന സമയത്ത് ആ ദൃശ്യങ്ങൾ പകർത്തുവാൻ സഞ്ചാരികളുടെ ഇടിയായിരിക്കും അവിടെ. ഇതിനായി മണിക്കൂറുകൾ മുന്നേ വന്നു സ്ഥലം പിടിക്കുന്നവരും ഉണ്ട്.

പക്ഷേ നമ്മുടെ നാട്ടിൽ നിന്നും തായ്‌ലൻഡ് സന്ദർശിക്കുന്നവരിൽ ഭൂരിഭാഗം ആളുകളും ഈ വിസ്മയക്കാഴ്ചകളെക്കുറിച്ച് അറിയാതെ പോകുന്നു. ട്രാവൽ ഏജൻസികളുടെ പാക്കേജിൽ ഈ കാഴ്ച ഉൾപ്പെടുത്താറുമില്ല.

ഇനി അടുത്ത തവണ തായ്‌ലൻഡിൽ പോകുമ്പോൾ ഈ അപൂർവ്വ സംഭവം കൂടി കാണുവാൻ ശ്രമിക്കുക… ചുമ്മാ ശ്രമിച്ചാൽ മാത്രം പോരാ.. പോയി കാണണം അത്. എന്നിട്ട് ചിത്രങ്ങൾ എടുത്ത് ഫേസ്ബുക്കിലും മറ്റുമിട്ട് ലൈക്ക് വാങ്ങുകയും ചെയ്യാം. അപ്പൊ ഹാപ്പി ജേർണി..

കടപ്പാട് – Respected Writer.

Check Also

മഞ്ഞും തണുപ്പും ആസ്വദിച്ച് താമസിക്കുവാൻ നന്ദി ഹിൽസിലേക്ക്

ബെംഗളൂരു നഗരത്തിലൊക്കെ മൊത്തം ചുറ്റിയടിച്ചു കഴിഞ്ഞപ്പോൾ അൽപ്പം സ്വസ്ഥമായി ചിലവഴിക്കുവാനുള്ള ഒരു സ്ഥലത്തെക്കുറിച്ചായി പിന്നെ ചിന്ത. ഒട്ടും ആലോചിക്കേണ്ടി വന്നില്ല, …

Leave a Reply