വിവരണം – സമദ് അബ്ദുൽ.
ഒരു സുദീർഘ യാത്രയുടെ തുടർച്ച യായാണ് ഞങ്ങൾ സിംഗപ്പൂരിലേക്ക് പോകുന്നത് . വശ്യമനോഹരമായ ശ്രീലങ്കയുടെ അകത്തളങ്ങൾ മൂന്നുദിവസംകൊണ്ട് ഓടിത്തീർത്ത ക്ഷീണത്തിൽ കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയി രിക്കുയാണ് ഞാനും എന്റെ ചങ്ക് anwershineഉം. 2.30pm ന് ഞങ്ങളെയും വഹിച്ചു കൊണ്ട് എമിരേറ്റ്സ് വിമാനം സിങ്കപ്പൂർ എന്ന മഹാ നഗരത്തെ ലക്ഷ്യമാക്കി മേഘ പാളികളിലേക്കു ഊളിയിട്ടു.
സിങ്കപൂർ ഒരു പ്ലാൻട് സിറ്റി ആയാണ് അറിയപ്പെടുന്നത്.മലേഷ്യയിലെ ജോഹോർ സംസ്ഥാനത്തിനു തെക്കും ഇന്തോനേഷ്യയിലെ റിയാവു ദ്വീപുകൾക്കു വടക്കുമായി മലയൻ ഉപദ്വീപിന്റെ തെക്കേമുനമ്പിൽ സിംഗപ്പൂർ സ്ഥിതി ചെയ്യുന്ന ദ്വീപ സമൂഹം.സിങ്കപ്പൂർ സമയം 8.30 pm നു ചാങ്കി ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്തു.
Day 1 WWW.VFSGLOBAL.COM നിന്ന് വിസ മുൻകൂറായി എടുത്തി രുന്നതിനാൽ പെട്ടെന്ന് തന്നെ എല്ലാ ക്ലിയറൻസും കഴിഞ്ഞു പുറത്തുള്ള മെട്രോ സ്റ്റേഷനിലെത്തി. മൾട്ടിപ്ൾ ജേർണി മെട്രോ പാസും (ഈ പാസിൽ നാം മുൻകൂറായി പണം മെഷീൻ വഴിയോ കൗണ്ടർ വഴിയോ നിക്ഷേപിക്കണം.യാത്ര ചെയ്യുന്നതിനനുസരിച്ച് സോൺ വൈസ് പ്രകാരം പൈസ സ്വാപ്പിങ് വഴി വസൂലാക്കും) വാങ്ങിച്ചു മുൻകൂട്ടി ബുക്ക് ചെയ്ത റൂം തപ്പാനായി മെട്രോയിൽ കയറി. യാതൊരു പ്ലാനും ഇല്ലാത്ത യാത്ര ആയത് കൊണ്ട് തന്നെ സ്ഥലങ്ങളെക്കുറിച്ച് നിശ്ചയം ഒന്നുമില്ല. അതുകൊണ്ടു മെട്രോ യാത്രക്കിടയിൽ ഒരു സിംഗപ്പൂരിയനോട് ബുക്കിംഗ് കാണിച്ച് ഇറങ്ങേണ്ട സ്റ്റോപ്പ് അന്വേഷിച്ചു.അയാൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അത് പറഞ്ഞു തന്നു. അതിനു ശേഷമുള്ള ഏതോ സ്റ്റോപ്പിൽ ഇറങ്ങേണ്ടിയിരുന്ന അയാൾ ഞങ്ങളെ അതിശയിപ്പിച്ചുകൊണ്ട് ഞങ്ങളോടൊപ്പം റോച്ചോർ (Rochor) മെട്രോ സ്റ്റേഷനിൽ ഇറങ്ങി ഹോട്ടലിൽ എത്തിക്കുകയും സിംകാർഡ് എടുക്കാൻ സഹായിക്കുകയും ചെയ്തു. Booking.com വഴി 3സ്റ്റാർ പദവി എന്ന് പറയാവുന്ന ഒരു ഹോട്ടലിലാണ് ഞങ്ങൾ മുറിയെടുത്തിരുന്നത്.ആ ബുക്കിങ്ലൂടെ തന്നെ സിങ്കപ്പൂർ കറക്കം ഇച്ചിരി ചിലവ് കൂടിയതാണെന്ന സത്യം ഞങ്ങൾക്ക് ബോധ്യം വന്നിരുന്നു.
ഞങ്ങൾ താമസിച്ച ഹോട്ടലിനു അടുത്തു തന്നെയാണ് ‘ Little India’ എന്ന തെരുവ്.ഇതൊരു കൊച്ചു ഇന്ത്യ തന്നെയാണ്. ഒരു പാട് തമിഴ് വംശജരും തമിഴ് ഭക്ഷണ ശാലകളും ഉൾപ്പെട്ട ഒരു അണ്ണൻ അങ്ങാടി!! പബ്ബ്കളും ബാറുകളും ഒക്കെ ഉള്ള അവിടെ കറങ്ങിയടിച്ചശേഷം തമിഴ് ഹോട്ടെലുകളിലൊന്നിൽ നിന്ന് ഭക്ഷണവും കഴിച്ചു റൂമിലെത്തി.
Day 2 രാവിലെ റൂമിനടുത്തുള്ള 1928ൽ നിർമ്മിച്ച അവിടത്തെ പ്രധാന പള്ളികളിൽ ഒന്നായ സുൽത്താൻ പള്ളിയിലേക്ക് നടന്നു പോയി പ്രാർത്ഥന നടത്തി.വഴിയിൽ കണ്ണൂർക്കാരൻ കാക്ക ഒരു നൂറ്റാണ്ട് മുൻപ് തുടങ്ങിയ സംസം ഹോട്ടലിൽ നിന്നും അവിടത്തെ പ്രധാന വിഭവമായ മാനിറച്ചി കൊണ്ടുണ്ടാക്കിയ മുർതബക്(സാധനം സംഭവമാണുട്ടോ! അതിന്റെ കൂടെ സിങ്കപ്പൂർ വംശജർ ice cube ഇട്ട ചായ “കടിച്ചു” കുടിക്കുന്നത് കണ്ടത് അത്ഭുതമായി ഞങ്ങൾക്ക് തോന്നി) കഴിച്ചു തിരികെ നടന്നു. കേരളത്തിൽ നിന്നുള്ള കച്ചവടക്കാർ ചേർന്ന് നിർമിച്ച മലബാർ പള്ളിയും സെമിത്തേരിയും സമീപത്താണ്. അവിടെയും ഒന്ന് കയറി. മലയാളത്തിൽ മസ്ജിദിന്റെ പേര് കൊത്തിവെച്ച ബോർഡ് കണ്ടപ്പോൾ ഒന്ന് സല്യൂട്ടടിക്കാൻ തോന്നി.
തിരികെ റൂമിലെത്തി സിംഗപ്പൂരിന്റെ ബാക്കി കാഴ്ചകൾ കാണാനായി ഞങ്ങൾ റോച്ചോർ മെട്രോ സ്റ്റേഷനിൽ നിന്ന് മറീനബേയിലേക്ക് മെട്രോ കയറി(Rochor MRT station to Promenade MRT station).സിങ്കപ്പൂർ എവിടെ എത്ത ണമെങ്കിലും MRT എന്നറിയപ്പെടുന്ന മെട്രോയിൽ കയറിപ്പറ്റിയാൽ മതി. ഒരു പാട് വർഷങ്ങൾക്ക് മുമ്പ് തന്നെ പൊതു ഗതാഗത സംവിധാനങ്ങൾ ജനകീയമായിട്ടുണ്ട് അവിടെ.മെട്രോയിലെ അനൗൺസ്മെന്റിൽ മൂന്നാമതൊരു ഭാഷയായി തമിഴ് പറയുന്നത് കേട്ടപ്പോൾ ഒരു ഇന്ത്യൻ ഭാഷ എന്ന നിലയിൽ തെല്ലൊന്നുമല്ലH അഭിമാനം തോന്നിയത്.മറീന ബേയ്ക്ക് അടുത്തുള്ള പ്രൊമനേഡ് മെട്രോ സ്റ്റേഷനിൽ ഇറങ്ങി മറീന ബേ ലക്ഷ്യമാക്കി നടന്നു.
ഞങ്ങളെത്തിയത് മനോഹര നിർമി തിയായ മറീന ബേ സാൻഡ്സിലാണ് . മൂന്നു ടവറുകളെ ബന്ധിപ്പിച്ചുകൊണ്ട് കപ്പലിന്റെ ആകൃതിയിൽ നിർമിച്ച കെട്ടിടത്തിന്റെ ടെറസ്സിൽ, ഒരു ഹെക്ടർ ഏരിയയിലെ സ്കൈപാർകിന്റെ പ്രവേശനം ആഡംബര ഹോട്ടലിലെ താമസക്കാർക്ക് വേണ്ടിയുള്ളതാണ്. ഈ വലിയ റിസോർട്ടിൽ കാസിനോയും വലിയ അകത്തളവും ഷോപ്പിംഗ് സെന്ററും താമരയുടെ രൂപത്തിൽ നിർമിച്ച ആർട് സയൻസ് മ്യൂസിയവും മറ്റുമെല്ലാം ഉണ്ട്.
ചെറുതായി മഴ ചാറുന്നുണ്ടെകിലും ആ ചൂടുള്ള കാലാവസ്ഥയിലൂടെ നടന്ന് ഞങ്ങൾ ഗാർഡൻ ബൈ ദി ബേ യിൽ എ ത്തി. 250 ഏക്കറിലായുള്ള നേച്ചർ പാർക്ക് ആണ് ഇത്. സൗത്ത്, ഈസ്റ്റ്, സെൻട്രൽ എന്ന് മൂന്നായി തിരിച്ചിട്ടുള്ള ഗാർഡനിലെ 25 മുതൽ 50 മീറ്റർ വരെ പൊക്കത്തിൽ മരങ്ങളുടെ മാതൃകയിൽ ഉണ്ടാക്കിയിട്ടുള്ള സൂപ്പർ ട്രീ ഗ്രോവിലെ, 50 മീറ്റർ പൊക്കത്തിലുള്ള രണ്ടു മരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സ്കൈ വേ യിലൂടെ നടക്കാനുള്ള പ്രവേശനം മഴയായത് കൊണ്ട് നിർത്തിവച്ചിരുന്നു.ഇത് ഞങ്ങളെ തെല്ലൊന്നുമല്ല നിരാശരാക്കിയത്. അത് കൊണ്ട് ബിൽഡിങ്ങിനുള്ളിലായുള്ള ഫ്ലവർ ഡോം, ക്ളൗഡ് ഫോറെസ്റ്റ് എന്നിവ കാണാൻ പോയി. വലിയ മരങ്ങളും ചെ
ടികളും പൂക്കളും നിറഞ്ഞ ഫ്ലവർ ഡോമിനെ 7 ഭാഗമായി തിരിച്ചിട്ടുണ്ട്. സിംഗപ്പൂരിന്റെ നാഷണൽ പുഷ്പമായ ഓർക്കിഡിന്റെ വിവിധ ഇനങ്ങൾ ഇവിടെ കാണാം. വിവിധയിനം ഡാലിയ പൂക്കളുടെ പ്രദർശനം നടക്കുന്നിടത്ത് അതിനെ കുറിച്ച് വർണ്ണിക്കുവാനും ആൾക്കാരുണ്ട്. കണ്ണാടിക്കൂടുകളിൽ പലവിധത്തിലുള്ള ഷോകളും കാണാം.
അതിനു ശേഷം ക്ളൗഡ് ഫോറെസ്റ്റിൽ വന്നു. 42 മീറ്റർ പൊക്കത്തിലുള്ള ഇവിടെ, കടൽ നിരപ്പിൽ നിന്നും വളരെ ഉയരത്തിൽ മഞ്ഞ് മൂടിയ മലനിരകളിലെ കാടുകളുടെ ഭംഗിയെയും വെള്ളച്ചാട്ടത്തിനെയും വിവിധയിനം വൃക്ഷലതാദികളെയും കൃത്രിമമായി ഉണ്ടാക്കിയിരിക്കുന്നു. എലവേറ്റർ വഴി ഓരോ നിലകളിലും സജ്ജീകരിച്ചിരിക്കുന്ന പലവിധ കലാനിർമിതികളെയും കണ്ട് മുകളിലെത്തി. ക്ലൗഡ് ഫോറെസ്റ്റി നെ കുറിച്ച് എങ്ങനെ എഴുതണമെന്ന് എനിക്കറിയില്ല!വാക്കുകൾ ചിലപ്പോൾ പോരാതെ വരും ചില കാഴ്ചകൾ വിവരിക്കാൻ. ഒരു കൊടുംങ്കാട്ടിൽ എന്തൊക്കെ വന്യത നമുക്ക് കാണാൻ പറ്റുമോ അതെല്ലാം കൃത്രിമമായി ഒരുക്കിയിട്ടുണ്ട് ഇവിടെ.വളരെ മനോഹരമായ ദൃശ്യഭംഗിയും തണുപ്പും ഉള്ള അവിടെ കുറച്ചു നേരം ചിലവഴിച്ചശേഷം പുറത്തിറങ്ങി.തൊട്ടടുത്തുള്ള ഗാർഡനിൽ കുട്ടികളുടെ പാർക്കും മറ്റും മനോഹരമായി സെറ്റ് ചെയ്തിരിക്കുന്നു.
ശേഷം അക്കരെയുള്ള സിംഗപ്പൂരിന്റെ മുഖമുദ്രയായ മെർലയൺ കാണാൻ ബ്രിഡ്ജിലൂടെ നടന്നു. പഴയ ഫിഷിങ് വില്ലേജിനെ അനുസ്മരിപ്പിക്കുന്ന മീനിന്റെ ഉടലും പുതിയ നഗരത്തിന്റെ പേരിന്റെ അർഥമായ സിംഹത്തിന്റെ തലയും ചേർത്തുണ്ടാക്കിയ മെർലയൺ ഇപ്പോൾ മറീന ബേയെ അഭുമുഖീകരിച്ചാണ് നിലകൊള്ളുന്നത്.അതിന്റെ മുമ്പിൽ നിന്ന് എല്ലാരും selfi എടുക്കാനുള്ള ബഹളത്തിലാണ്.കൂടെ ഞങ്ങളും കൂടി.
അത് കഴിഞ് നടന്നു നടന്നു ഞങ്ങളെ ത്തിയത് ഫെറി വീലിനടുത്താണ്. ലാസ് വെഗാസിലെ ഫെറി വീലിന് പുറകിൽ പൊക്കത്തിൽ രണ്ടാം സ്ഥാനത്തുള്ള ഫെറി വീൽ ആയ #സിങ്കപ്പൂർ ഫ്ലൈയർൽ കയറി. 165 മീറ്റർ പൊക്കമുള്ള ഇതിൽ 28 എയർകണ്ടിഷൻ ക്യാബിനുകളാണുള്ളത്. വിശാലമായ ക്യാബിനിൽ നിന്ന് നോക്കുമ്പോൾ ഡൗൺടൗണിന്റെ ഭംഗിയും നഗരദൃശ്യവും ദൃശ്യമാകും. ഭക്ഷണം മുൻ കൂട്ടി ബുക്ക് ചെയ്താൽ ഫ്ലയറിലെ തീന്മേശയിലിരുന്നു കാഴ്ചകൾ കണ്ട് കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് ചുരുക്കം ചില ക്യാബിനുള്ളിൽ. ഫ്ലയർന്റെ ഏറ്റവും ഉയരത്തിൽ എത്തിയാൽ അയൽ രാജ്യങ്ങളായ മലേഷ്യയുടെയും ഇന്തൊനെഷ്യയുടെയും അതിരുകൾ കാണാൻ പറ്റും.
ആ ഉയരകാഴ്ചയും കഴിഞ്ഞു തിരികെ നടക്കുമ്പോൾ റോഡ് ക്ലോസ് ചെയ്ത് ചൈനീസ് ന്യൂ ഇയറിന്റെ ആഘോഷങ്ങളുടെ ഭാഗമായുള്ള കാർണിവലിന് വേണ്ടി ഒരുക്കങ്ങൾ നടക്കുന്നതാണ് കാണാൻ കഴിഞ്ഞത്. അടുത്തുള്ള സ്റ്റേഡിയത്തിലെ വലിയ സ്റ്റേജിൽ ഇതിനോടൊപ്പം നടക്കുന്ന പരിപാടിയുടെ ടിക്കറ്റിനു ശ്രമിച്ചെങ്കിലും, മഴ കാരണം ഇന്നലെ നടക്കേണ്ടിയിരുന്ന പ്രോഗ്രാം ഇന്നാക്കിയത് കൊണ്ട് ടിക്കറ്റെല്ലാം വിറ്റ് കഴിഞ്ഞു എന്ന മറുപടിയാണ് ലഭിച്ചത്.
ഒരു പാർക്കിൽ കുറച്ചു നേരം വിശ്രമിച്ച് ആഹാരമൊക്കെ കഴിച്ച് തിരികെ വന്ന് പ്ലാസ്റ്റിക് ഷീറ്റൊക്കെ വിരിച്ചു റോഡ് സൈഡിൽ സ്ഥലം പിടിച്ചു. ചൈനീസ് ന്യൂ ഇയർ ആഘോഷിക്കുന്ന സമീപ രാജ്യങ്ങളിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾക്ക് ഒടുവിലായി വർണ്ണശബളമായ വെടിക്കെട്ടും ഉണ്ടായിരുന്നു.കൂടെ ഘോഷ യാത്രയിൽ ബോളിവുഡ്ഡ് ഗാനത്തിന്റെ അക മ്പടിയുമായി ഇന്ത്യൻ നർത്തകി നർത്തകന്മാരും ഉണ്ടായിരുന്നു.എല്ലാം കൂടി ഒരു മണിക്കൂറോളം പരിസരം മറന്ന കാഴ്ച്ച കളാണ് ഞങ്ങൾക്ക് സമ്മാനിച്ചത്.അതും ഞങ്ങൾക്ക് lucky അടിച്ചതാണല്ലോ…
അവിടെ നിന്നും ഗാർഡൻ ബൈ ദി ബേയിലെ 9 p.m നുള്ള ലൈറ്റ് ആൻഡ് മ്യൂസിക് ഷോ കാണാൻ ഓടിയെത്തി. വിവിധ നിറങ്ങളിൽ തിളങ്ങുന്ന സൂപ്പർ ട്രീ ഗ്രോവിലെ മനോഹരമായ ഷോ കണ്ടശേഷം മറീന ബൈ സാൻഡ്സിലെത്തി. അവിടെ ഒരു മണിക്കൂർ ഇടവിട്ടുള്ള വാട്ടർ ആൻഡ് ലൈറ്റ് എന്ന പതിനഞ്ച് മിനിറ്റ് പബ്ലിക് ഷോയിലെ പാട്ടിനൊത്തുള്ള ഡാൻസിങ് ഫൗണ്ടനും ലേസർ ഷോയും മറ്റും കണ്ട ശേഷം റൂമിലെത്തി വിശ്രമിച്ചു.
DAY 3. തലേന്ന് ഓടി നടന്ന ക്ഷീണം കാരണം പിറ്റേന്ന് വൈകിയാണ് എണീറ്റത്.എന്തോ ഒരു പേരറിയാത്ത സിംഗപ്പൂരിയൻ ഭക്ഷണം പ്രാതലും കഴിച്ചു സിങ്കപ്പൂരിലെ പ്രധാന വാണിജ്യയിടമായ Orchard റോഡ്ലൂടെ നടന്നു.രാവിലെയായത് കാരണം നഗരം ഉണർന്നു വരുന്നതേയുള്ളൂ. ഓർച്ചാർഡ്(Orchard mrt station to Harbour front mrt station )സ്റ്റേഷനിൽ നിന്ന് മെട്രോ കയറിയാണ് സെന്റോസ ഐലണ്ടിലേക്ക് തിരിച്ചത്. മെട്രോയിൽ നിന്ന് മാറി കേബിൾ കാറിലാണ് മഴക്കാടുകൾ നിറഞ്ഞ ഈ ഐലൻഡിൽ എത്തിയത്. കേബിൾ കാർ യാത്രയിൽ ഹാർബറിന്റെ മനോഹരദൃശ്യങ്ങളും ഐലണ്ടിലെ കാഴ്ചകളും ആസ്വദിക്കാൻ സാധിക്കും.
സെന്റോസ ഐലൻഡ് റിസോർട്ടിൽ (ഈ നിർമ്മിത ദ്വീപിനെ പറ്റി എഴുതിയാൽ തീരാത്ത കാഴ്ചകൾ ഉണ്ടവിടെ ) ഹോട്ടലുകളും, ഗോൾഫ് കോഴ്സുകളും, ബീച്ചുകളും തീം പാർക്കും മറ്റും ഉണ്ട്. ടൈഗർ ടവർ എന്ന വ്യൂയിങ് ടവറും, ബട്ടർഫ്ളൈ പാർക്കും,സെന്റോസ മെർലയണും, യൂണിവേഴ്സൽ സ്റ്റുഡിയോ പാർക്കും, 4D അഡ്വെഞ്ചർ ലാൻഡും മാഡം ട്യൂസൻസിലെ മെഴുകുപ്രതിമകളും, മെഗാ സിപ് അഡ്വെഞ്ചർ പാർക്കും, ഐ ഫ്ലൈ, കിഡ്സനിയ, മോഷ് തുടങ്ങിയവയും, പല പേരിൽ ഉള്ള ബീച്ചുകളും മറ്റും ഇവിടെ കാണാം. ഒന്നോ രണ്ടോ ദിവസം കൊണ്ട് കണ്ട് തീർക്കാൻ പറ്റാത്തത്ര കാര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട് ഈ ഐലൻഡിൽ.
ഒരു ദിവസം അവിടെ ചിലവഴിച്ച്, രാത്രി ബീച്ചിൽ സജ്ജീകരിച്ച ത്രികോണാ കൃതിയിൽ ഉള്ള നിരവധി പ്രോജെക്ഷൻ സ്ക്രീനുകളിലും ചീറ്റിയയടിക്കുന്ന വെള്ളത്തിലുമായി നടത്തുന്ന ദി വിങ്സ് ഓഫ് ടൈം എന്ന അതിമനോഹരമായ ഷോ കണ്ടു. വെള്ളത്തിന്റെയും തീയുടെയും ലേസറിന്റെയും പാട്ടിന്റെയും അകമ്പടിയോടെ അര മണിക്കൂർ നേരം പറയുന്ന കഥ വർണ്ണ ശബളമായ വെടിക്കെട്ടോടു കൂടി സമാപിക്കും.
തിരിച്ചു ലിറ്റിൽ ഇന്ത്യയിൽ തന്നെ വന്നു നമ്മുടെ സ്വന്തം ദോശ കഴിക്കാൻ. ഹോട്ടലിനടുത്ത് കൂടി ഗണേശോത്സവം പോലുള്ള ഒരു ഘോഷയാത്രയും ഞങ്ങൾ കഴിക്കുന്നതിടയിൽ കടന്നു പോയി.ഇപ്പോഴാണ് പൂർണ്ണമായി മനസ്സിലാക്കാനായത്, വെറുതെയല്ല ഇതിനെ ‘ലിറ്റിൽ ഇന്ത്യ’ എന്ന് വിശേഷിപ്പിക്കാൻ കാരണമെന്ന്.
സിങ്കപ്പൂർ എന്നത് ഇത്രയും ദിവസം കൊണ്ട് കണ്ടു തീർക്കാവുന്ന ഒന്നല്ല.ഒരു ചെറിയ രാജ്യത്തെ ടൂറിസത്തിലൂടെയും വികസനത്തിലൂടെയും എങ്ങനെ കൊടുമുടിയിലെത്തിക്കാൻ കഴിയുമെന്ന് അവിടുത്തെ ഭരണാധികാരികൾ നല്ല രീതിയിൽ കാണിച്ചു തന്നിട്ടുണ്ട്.ഇത്രയും വൃത്തിയും മനോഹാര്യതയും ഉള്ള ഒരു നഗരം എന്റെ യാത്രയിൽ വേറെ കാണാൻ കഴിഞ്ഞിട്ടില്ല.അതിലുപരി അവിടുത്തു കാരുടെ പെരുമാറ്റ രീതിയും ഞങ്ങൾക്ക് വളെരയധികം സന്തോഷമുളവാക്കിയിട്ടുണ്ട്.
ഇനിയും സാന്റോസ ഐലൻഡും സിംഗപ്പൂരിന്റെ മറ്റു ആകർഷണങ്ങളും കാണാൻ വരാമെന്നു മനസിലുറപ്പിച്ച് ആ മഹാ നഗരത്തോട് വിട പറഞ്ഞു.