തേക്കുകളുടെ നാട്ടിൽ ഒരു പട്ടിണിപ്പെരുന്നാൾ… കിടിലന്‍ യാത്രാവിവരണം…

രാവിലെ പെരുന്നാൾ നമസ്കാരം കഴിഞ്ഞ് പള്ളിയിൽ നിന്ന് മടങ്ങിവരുമ്പോഴാണ് കസിൻ സുമയ്യചോദിച്ചത് ‘നമ്മക്ക് എവടേലും പോയാലോ’ എന്ന്.. എവടേക്ക് എന്ന മറുചോദ്യമായിരുന്നു പ്രതികരണം… ഫാമിലി ട്രിപ്പോ ജില്ലക്ക് പുറത്തുള്ള കറക്കമോ നടക്കൂല്ലാന്ന് ആദ്യമേ അറിയാം.
കോട്ടക്കുന്ന്, കൂട്ടായി, നിലമ്പൂർ, ഇങ്ങനെ ലിമിറ്റഡ് ഓപ്ഷനുകൾ മാത്രം മുന്നിലുള്ള ഞങ്ങൾക്കു
മുന്നിൽ അവൾ തന്നെ പറഞ്ഞു; ‘നിലമ്പൂരിൽ പോവാ’ന്ന്…ആദ്യം വേണോ എന്ന് ആലോചിച്ചെങ്കിലും പെരുന്നാളായോണ്ട് ഇത്തിരി രസാവാല്ലോ എന്നു കരുതി പോവാമെന്നു വെച്ചു…

അങ്ങനെയാണ് അനിയത്തി മോളിയും (നിഹാല) സുമയ്യയും അവളുടെ അനിയൻ കുഞ്ഞാവയും (സുഹാൻ) ചേർന്ന് തേക്കുകളുടെ നാട്ടിലേക്ക് ഒരു പെരുന്നാൾ യാത്രക്കൊരുങ്ങിയത്. വീട്ടിൽ ചെന്ന് കാര്യം അവതരിപ്പിച്ചപ്പോൾ പതിവുപോലെ ആദ്യം ഉമ്മ അടുക്കുന്നില്ല. ‘നല്ലോരു
ദിവസായിട്ട് തെണ്ടിപ്പോവാ’ എന്ന ഡയലോഗും…’വൈകുന്നേനുമുന്നെ തിരിച്ചെത്തും ഉമ്മാ’ എന്നു പറഞ്ഞ് സോപ്പിട്ട് പതപ്പിച്ചു. തുടക്കത്തിൽ എപ്പോഴും കുറച്ച് ടൈറ്റ് ഇടുന്ന ഉമ്മ അങ്ങനെ പച്ചക്കൊടി വീശി. പ‍ളളിയിൽ നിന്ന് വന്നപ്പോ അവിൽ കുഴച്ചുവച്ചത് കഴിച്ചിരുന്നു. പെരുന്നാൾ
ബിരിയാണി ഒന്നും തയ്യാറായിട്ടില്ല. രാവിലെ ഉണ്ടാക്കിവെച്ച ചോറ് നാലാളും കുറേശ്ശെ കഴിച്ചു. വിശന്നുവലഞ്ഞിറങ്ങരുതല്ലോ…

‘വിശ്വവിഖ്യാതമായ’ അങ്ങാടിപ്പുറം^നിലമ്പൂർ റൂട്ട് തീവണ്ടിയിൽ പോകാനായിരുന്നു തീരുമാനം. സഞ്ചാരിയിലൂടെയും മറ്റും ഏറെ ഹിറ്റായ, ഈ കാൽപനിക തീവണ്ടിപ്പാതയിലൂടെ
വർഷങ്ങളായി യാത്ര ചെയ്തിട്ട്. ഗൂഗ്ൾ നോക്കിയപ്പോ 12.15നേ തീവണ്ടിയുള്ളൂ…രണ്ടും കൽപിച്ച്
ഇറങ്ങി.റെയിൽവേസ്റ്റേഷനിലെത്തി ടിക്കറ്റും എടുത്ത് കുറെ നേരം അവിടത്തെ
ചാരുബെഞ്ചുകളിലിരുന്ന് നേരം പോക്കി. ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ എന്ന ഹിറ്റ്
സിനിമയിൽ കാണിക്കുന്ന റെയിൽവേ സ്റ്റേഷൻ ആണല്ലോ അങ്ങാടിപ്പുറം എന്നോർത്തപ്പോൾ
ചെറുതായിട്ടൊരു രോമാഞ്ചം വന്നപോലെ. ഓരോ കുപ്പി സോഫ്റ്റ്ഡ്രിങ്ക്സും രണ്ട് കപ്പ ചിപ്സ് പാക്കറ്റും ഇതിനിടയിൽ വാങ്ങിയിരുന്നു.

********************

കൃത്യം 12.18 ആയപ്പോൾ വരവറി‍യിച്ചുകൊണ്ടുള്ള ഹോണടി കേട്ടു. നോക്കിയപ്പോ
നിലമ്പൂരീന്ന് ഷൊർണൂരേക്കു‍ള്ള തീവണ്ടിയാണ്. ആ വണ്ടി രണ്ടാം പ്ലാറ്റ്ഫോമിൽ വന്നു നിന്ന്
അധികം വൈകാതെ അടുത്ത സൈറണും മുഴങ്ങി, ഇതാ നമ്മൾ ആകാംക്ഷയോടെ കാത്തിരുന്ന ട്രെയിനിെൻറ രാജകീയാഗമനം. നാലുപേരും വേഗം കേറിയിരുന്നു. പെരുന്നാൾ ആയതോണ്ടാണോ അതോ എന്നും ഇങ്ങനെയാണോ എന്നറീല്ല, മിക്ക ബോഗികളിലും തിരക്ക് കുറവാണ്.

അങ്ങനെ ‘ദിമോസ്റ്റ് ഓവർ റേറ്റഡ്, ദി മോസ്റ്റ് റൊമാൻറിക്’ പാതയിലൂടെ ചൂളം വിളിച്ചുകൊണ്ട് ഞങ്ങളുടെ തീവണ്ടി മുന്നേറി.  ചരിത്രത്തിലേക്കുള്ള ചൂളം വിളിയുമായി ഷൊർണൂർ^നിലമ്പൂർ തീവണ്ടി സർവിസ് തുടങ്ങിയിട്ട് 90 വർഷമായി എന്ന് എവിടെയോ വായിച്ചതോർത്തു. 1927
ഫെബ്രുവരിയിലായിരുന്നു ഷൊർണൂരിൽ നിന്ന് അങ്ങാടിപ്പുറം വരെ എത്തിയതത്രേ…ആ വർഷം ഒക്ടോബറിൽ പാത നീട്ടി തേക്കുകളുടെ നാട്ടിലെത്തിച്ചു. കൽകരിപ്പുക തുപ്പി കുതിച്ചെത്തുന്ന ആ ഭീമാകാരനെ കണ്ടപ്പോൾ നാട്ടുകാർ കൗതുകത്തോടെ വാപൊളിച്ച് നിന്ന ആ ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മനസിലേക്കെത്തി. (ആൾക്കാർ അങ്ങനൊക്കെ നിന്നു കാണുമായിരിക്കും ല്ലേ…)

ഗതകാലസ്മരണകൾ ഉള്ളിൽ കിടന്ന് തിളച്ച് ഓവറായപ്പോ ഞാൻ പുറത്തേക്ക് നോക്കാൻ തുടങ്ങി. പച്ചപുതച്ച് നിൽക്കുന്ന വയലേലകൾ, അങ്ങിങ്ങായി തലയുയർത്തി നിൽക്കുന്ന വീടുകൾ, പശ്ചാത്തലത്തിൽ പ്രൗഢിയോടെ തലയുയർത്തിനിൽക്കുന്ന മലനിരകൾ, അതുക്കും മീതെ ചിതറിത്തെറിച്ച് കിടക്കുന്ന മേഘജാലങ്ങൾ എല്ലാം കൂടെചേർന്ന് ജനൽകമ്പികൾക്കിടയിലുടെ മനോഹരമായ ഫ്രെയിമുകളൊരുക്കി. പട്ടിക്കാട്, മേലാറ്റൂർ, തുവ്വൂർ, തൊട്ടിയപ്പുലം, വാണിയമ്പലം..അങ്ങനെ സ്റ്റോപുകൾ ഓരോന്നായി പിറകിലേക്ക് ഓടിമറിഞ്ഞു. വെള്ളിയാർ,
ഒലിപ്പുഴ തുടങ്ങിയ പുഴകൾക്കു കുറുകെ തീവണ്ടി കുതിച്ചുകൊണ്ട് കടന്നുപോയി.

ഉച്ചവെയിലിന് ആശ്വാസം പകരാനായി പാതയുടെ ഇരുവശങ്ങളിലും നിറയെ ആൽമരങ്ങളും മറ്റു തണൽമരങ്ങളും കാണാം..നിലമ്പൂരിലേക്കടുക്കുന്തോറും ഇത് തേക്കുമരങ്ങളായി മാറുന്നു. അതുപിന്നെ തേക്കിെൻറ നാട്ടിലെത്തുമ്പോ പിന്നെ തേക്കല്ലാതെ പ്ലാവ് കാണാൻ പറ്റുമോ എന്നു
ചോദിക്കരുത്.. ഒന്നേ പത്തോടെ ഞങ്ങൾ മലപ്പുറത്ത് റെയിൽപാത അവസാനിക്കുന്ന ഏക ഇടമായ നിലമ്പൂരിലെത്തി. കേരളത്തിൽ തന്നെ റെയിൽവേ ട്രാക്ക് അവസാനിക്കുന്ന അപൂർവ സ്റ്റേഷനുകളിലൊന്നായിരിക്കും നിലമ്പൂർ. ട്രെയിനിൽ നിന്ന് ഇറങ്ങിയപ്പോ ആണ് കണ്ണുപൊട്ടിക്കുന്ന വെയിലാണെന്ന് തിരിച്ചറിഞ്ഞത്. വെയിലുണ്ടാവുമെന്ന് മുൻകൂട്ടി കണ്ട ഞാൻ ബാഗിൽ കരുതിയിരുന്ന കുടകൾ പുറത്തേക്കെടുത്തു.

*****************************

രാജ്യറാണിയുടെ രാജകീയ കവാടത്തിൽ നിന്ന് പുറത്തേക്കിറങ്ങി ബസ് സ്റ്റോപിലേക്ക്. ബസ്
സ്റ്റോപ് എന്നൊന്നും പറയാനില്ല, കുറെ കടകളുടെ മുന്നിലാണ് ബസ് കാത്തുനിക്കുന്നത്.
അവിടെയാണേൽ ഒടുക്കത്തെ തിരക്കും. പെരുന്നാളായോണ്ട് ബസ് കുറവായിരിക്കുമെന്ന് ഊഹിച്ചു. സംഭവം ശരിയാണ്, ഒരു അരമണിക്കൂറോളം പോസ്റ്റായി നിന്നപ്പോ ബസ് വന്നു. അതിൽക്കേറി നിലമ്പൂരിലേക്ക് വച്ചുപിടിച്ചു. ഏഹ്, നിലമ്പൂരീന്ന് നിലമ്പൂരിലേക്ക് വീണ്ടും ബസ് കേറിപോവാണോ എന്നു കരുതേണ്ട. ആദ്യത്തേത് റെയിൽവേ സ്റ്റേഷൻ. അടുത്തത് ബസ് സ്റ്റാൻഡ്്.

രണ്ടും തമ്മിൽ ഏഴ് രൂപ പോയിൻറ് വ്യത്യാസം ഉണ്ട്. അങ്ങനെ തിരക്കേറിയ ആ ബസിൽ സ്റ്റാൻഡിലെത്തി. മുമ്പെപ്പോഴോ വന്ന ചെറിയൊരു ഓർമയുണ്ട് സ്റ്റാൻഡ്. ആദ്യം തേക്ക് മ്യൂസിയത്തിലായിരുന്നു പോവാൻ പ്ലാൻ ചെയ്തത്. അവിടെന്ന് വഴിക്കടവ് ബസിനാണ് പോകേണ്ടിയിരുന്നത്. ഇത്തിരിനേരം നിന്നപ്പോൾ ഒരു കെ.എസ്.ആർ.ടി.സി ടി.ടി വന്നു. തേക്കുമ്യൂസിയം നിർത്തുവോ എന്നു ചോദിച്ചപ്പോൾ അവിടെ സ്റ്റോപ് ഇല്ലെന്നായിരുന്നു മറുപടി. നാലുപേരുണ്ടെന്ന് പറഞ്ഞപ്പോ ഡ്രൈവർ ഒ.കെ പറഞ്ഞു.

അങ്ങനെ വീണ്ടും തിരക്കുള്ള ബസിൽ…ഇതിലും മിനിമം ചാർജ് യാത്രയേ ഉള്ളൂ. അങ്ങനെ
സഞ്ചാരികളുടെ കാലടികളും അവരുടെ വണ്ടിചക്രങ്ങളും ഏറെ പതിഞ്ഞു പരുവമായ ഊട്ടി ഹൈവേയിലൂടെ കുതിച്ചു നീങ്ങി ഞങ്ങളെ ലക്ഷ്യസ്ഥാനത്ത് തട്ടി ആനവണ്ടി വീണ്ടും പറപറന്നു.

*********************

തേക്ക് മ്യൂസിയത്തിെൻറ മുന്നിലാണ് ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്. ടിക്കറ്റെടുത്തിട്ട് വേണം അകത്തോട്ട് കേറാൻ (ഒരാൾക്ക് 40 രൂപയാണെന്നാണ് ഓർമ). മ്യൂസിയം വളപ്പിലേക്ക് നമ്മളെ കൊട്ടും കുരവയുമൊരുക്കി സ്വീകരിക്കാനായി ഇഷ്ടംപോലെ വാനരപ്രഭുക്കളുണ്ട്. ഗേറ്റുമുതൽക്കേ അവരങ്ങനെ സ്വൈര്യവിഹാരം നടത്തുകയാണ്കെട്ടോ…കുറെയേറെ അവരുടെ കുസൃതികൾ കണ്ടുനിന്നു അകത്തേക്ക് നീങ്ങി.

തേക്കുകളുടെ ചരിത്രവും ജീവശാസ്ത്രവും വർത്തമാനവും പരിചയപ്പെടുത്തുന്നതിനായി ഒരിടം; കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച തേക്ക് മ്യൂസിയത്തെ അങ്ങനെ വിശേഷിപ്പിക്കാം. ഒരു പക്ഷേ ലോകത്തിലെത്തന്നെ ഏക തേക്ക് മ്യൂസിയം ഇതായിരിക്കാം. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു തേക്കുമരത്തിെൻറ വേരുപടലമാണ്
സഞ്ചാരികളെ അകത്തേക്ക് സ്വാഗതം ചെയ്യുക.

തേക്കിെൻറ നല്ല കിടുക്കൻ തടികളും തടിയില്‍ തീര്‍ത്ത ഉരുവും പത്തായപ്പുരയും തേക്ക്‌ തൂണുകളുമെല്ലാം മുന്നോട്ടുപോവുന്തോറും നമ്മുടെ കാഴ്ചയിൽപെടും. തേക്കുകളുടെ വിസ്മയകരമായ ലോകത്തുനിന്നും പുറത്തേക്കിറങ്ങി ഞങ്ങളെത്തിച്ചേർന്നത് ജൈവവൈവിധ്യ ഉദ്യാനത്തിലേക്കാണ്. പെരുന്നാളാഘോഷിക്കാൻ കുടുംബത്തോടെ എത്തിയവരും കൂട്ടുകാരോടൊപ്പം വന്നവരുമൊക്കെ കറങ്ങിത്തിരിയുന്നുണ്ട് അവിടെ.

കുഞ്ഞുപിള്ളാർക്കായി ഒരുക്കിവെച്ച ഊഞ്ഞാലും ചെറിയ റൈഡുകളും ഒക്കെ കണ്ടപ്പോ മനസും കുഞ്ഞുപ്രായത്തിലേക്ക് പോയി. പക്ഷേ തൊട്ടപ്പുറത്ത് ‘ഞാൻ എല്ലാം കാണുന്നുണ്ടെന്ന ഭാവത്തിൽ നിക്കുന്ന സെക്യൂരിറ്റിച്ചേട്ടൻ സമ്മതിക്കൂന്ന് തോന്നീല്ലാത്തോണ്ട് ആ ഉദ്യമം അവിടെ കളഞ്ഞു. എന്നാലും കുറച്ചപ്പുറത്തുള്ള സീസോയും സ്വിങ്സും ഒന്നും വെറുതെ വിടാൻ മനസനുവദിച്ചില്ല. ആ ഗാർഡനിലും അവിടത്തെ ഔഷധോദ്യാനത്തിലും മുള ഇടനാഴിയിലുമെല്ലാം കുറെ നേരം ചുറ്റിത്തിരിഞ്ഞ് സെൽഫിയെടുത്ത് നടന്നു. ഒരു ലൈറ്റ് ഹൗസുണ്ട്, അവിടെകേറിയാൽ തേക്ക്മ്യൂസിയത്തിലെ ഉദ്യാനം മുഴുവൻ കാണാം. കുറച്ചുനേരം ഒരു തണലിലിരുന്ന് കയ്യിലുള്ള വെള്ളവും സ്നാക്സും പുറത്തെടുത്തു.

നാലാൾക്കും നല്ല വിശപ്പുണ്ടായിരുന്നു. കപ്പ ചിപ്സിൻറെ പാക്കറ്റ് രണ്ടും കാലിയായതറിഞ്ഞില്ല, എന്നിട്ടും വിശപ്പിൻറെ തീവ്രതക്ക് വലിയ കുറവൊന്നുമില്ല. പെരുന്നാളായിട്ട് നല്ല കോഴിബിരിയാണി തിന്നിരിക്കേണ്ട ആൾക്കാരാ ഈ വെയിലത്ത് നട്ടം തിരിഞ്ഞ് മിന‍റൽ വാട്ടറും കപ്പ ചിപ്സും കഴിച്ച് വിശപ്പടക്കുന്നതെന്നോർത്തപ്പോൾ ഞങ്ങൾക്ക് ഞങ്ങളോട് തന്നെ സഹതാപം തോന്നി. തിരിച്ചുനടന്നപ്പോൾ ഒരു കുഞ്ഞു വെള്ളച്ചാട്ടം കണ്ടു. കുറെ
പിള്ളാർ അതിനുമുന്നിൽ നിന്ന് പടമെടുത്ത് രസിക്കുന്നുണ്ട്, നമ്മളും വിട്ടില്ല. ഒടുവിൽ
എത്തിച്ചേർന്നത് വള്ളിപ്പടർപ്പുകൾക്കിടയിലേക്ക്. അതിലും കേറി കുറേനെരം മേഞ്ഞു.
മ്യൂസിയത്തിനുപുറത്തേക്ക് നടക്കുമ്പോൾ നേരത്തെ കണ്ട വാനരപ്പടയുടെ അംഗസംഖ്യ കൂടീട്ടുണ്ട്. ഒരു മരത്തിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി മറിഞ്ഞും കൂടെയുള്ളോരെ വികൃതി കാണിച്ചും അവരങ്ങനെ തിമർക്കുകയാണ്. അതിൻറെയടിൽ ഒരു കുരങ്ങമ്മയും കുരങ്ങുകുഞ്ഞും (അമ്മയും മോനുമാണെന്ന് ഊഹിച്ചതാണേ) തമ്മിൽ നല്ല രസമുള്ള കലാപരിപാടി നടക്കുന്നുണ്ട്.

കുറേ നേരം കണ്ടുനിന്നപ്പോ സമയം പോയതറിഞ്ഞില്ല. അവര്ടെ സംഭാഷണങ്ങൾ ഒക്കെ നമുക്ക് സങ്കൽപിക്കാൻ പറ്റുന്നുണ്ട്. അമ്മ കുഞ്ഞിൻറെ തലയിൽ പേൻ നോക്കാൻ വിളിക്കുകയാണ്.
ചെറുപ്പത്തിൽ ഒരു കഴുത്തിൽ തുടൽ കെട്ടിയ ഒരു കുരങ്ങച്ചനെയും കൊണ്ട് നാട്ടിലൂടെ ഇടക്ക് വരുന്ന ചേട്ടനെ ഓർത്തുപോയി. ‘പേൻ നോക്കിത്തരും, ചാടിക്കളിക്കെട കുട്ടിരാമ എന്നുപറഞ്ഞാൽ ചാടിക്കളിക്കും’ എന്നൊക്കെയാണ് പുള്ളിയുടെ വാഗ്ദാനങ്ങൾ. മര്യാദക്ക് തലയിൽ നോക്കാൻ സമ്മതിച്ചില്ലെങ്കിൽ കുരങ്ങനെക്കൊണ്ട്നോക്കിപ്പിക്കുമെന്നായിരുന്നു അക്കാലത്ത് ഉമ്മയുടെയും മറ്റും ഭീഷണി.

കുരങ്ങൻ മുടി പിടിച്ച് വലിക്കുമ്പോ ഉണ്ടാവുന്ന വേദനയോർത്ത് വേഗം നല്ല കുട്ടിയായി പേൻ നോക്കാൻ ചെന്നിരിക്കും. പക്ഷേ ശരിക്കും കുരങ്ങൻമാർ എത്ര പാവായിട്ടാണ് പേൻ നോക്കുന്നെ എന്ന് ഈ കാഴ്ച കണ്ടപ്പോ മനസിലായി. ഒട്ടും വേദനിപ്പിക്കാതെ ആ കുഞ്ഞിൻറെ മുടിയിൽ തലോടുകയാണ് അമ്മ. അമ്മയുടെ സ്നേഹസ്പർശം കൊണ്ട് സുഖമുള്ള ആലസ്യത്തിലേക്ക് വീണിരിക്കുന്നു നമ്മുടെ കുഞ്ഞുകുരങ്ങ്.

ഇടക്കെപ്പോഴോ രണ്ടാളും തമ്മിൽ വാക്പോര് ഉണ്ടായി, അങ്ങോട്ടും ഇങ്ങോട്ടും ദേഷ്യപ്പെടുന്നതും
പിണങ്ങി മാറി ഇരിക്കുന്നതും കുഞ്ഞുവാവ തേങ്ങിക്കരയുന്നതുമൊക്കെ കണ്ടപ്പോൾ കൗതുകം
ഇരട്ടിയായിഇതെല്ലാം മൊബൈലിൽ പകർത്തിക്കൊണ്ടിരിക്കുന്ന എന്നെ നോക്കിയും അവർ
എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ഒടുവിൽ അടികൂടി അമ്മയും മോനും രണ്ട് വഴിക്ക്
പോയപ്പോൾ ഞങ്ങളും അവിടെനിന്ന് ഇറങ്ങി.

************************************

അടുത്ത ലക്ഷ്യം കനോലി പ്ലോട്ടാണ്. ലോകത്തിലെ ഏറ്റവുമാദ്യത്തെ മനുഷ്യനിർമിത
തേക്കുതോട്ടമാണ് കനോലി പ്ലോട്ട്. 1846ൽ മലബാർ കലക്ടറായ എച്ച്.വി കനോലിയുടെ (HV Conolly) നിർദേശപ്രകാരം ചാത്തുമേനോൻ എന്ന വ്യക്തിയാണ് ഇത്രയധികം തേക്കുകൾ ഇവിടെ വച്ചുപിടിപ്പിച്ചത്. മ്യൂസിയത്തിൽ നിന്ന് മഞ്ചേരി റൂട്ടിലുള്ള ബസിൽ കേറിയാൽ 10 രൂപ ചാർജിൽ അവിടെയെത്തും. റോഡിൻറെ ഇരുവശത്തും സഞ്ചാരികളെ
പ്രലോഭിപ്പിക്കുന്നതിനായി നിരവധി ഭക്ഷണശാലകളും മറ്റും തുറന്നുവെച്ചിട്ടുണ്ട്.

പ്രൈവറ്റ് ബസുകാർ ഓരോ സ്ഥലപ്പേരും ഉച്ചത്തിൽ വിളിച്ചുപറഞ്ഞ് ആൾക്കാരെ ബസിൽ കേറ്റുന്ന തന്ത്രം പോലെ കടക്കാർ ഓരോന്ന് ഉച്ചത്തിൽ വിളിച്ചുകൂവുന്നുണ്ട്. അതു കണ്ടപ്പോൾ ഞങ്ങളുടെ ഉള്ളിലെ വിശപ്പിൻറെ സിംഹം ഉണർന്നുതുടങ്ങി. പക്ഷേ എന്തു ചെയ്യാനാ, പോക്കറ്റിൽ നോക്കിയപ്പോ 150 രൂപ പോലും തികച്ചില്ല. ഇനി നാട്ടിലേക്ക് മടങ്ങണമെങ്കിൽ നിലമ്പൂരങ്ങാടീല് പോയി എ.ടി.എമ്മിൽ കുത്തി എടുത്തിട്ട് വേണം…പാവം ഞങ്ങൾ, എന്തേലും കഴിക്കാനുള്ള ഉണർന്ന വിശപ്പുസിംഹത്തെ വീണ്ടും തല്ലിയുറക്കി.പ്ലോട്ടിനകത്തേക്ക് കയറാനുംവേണം 25 രൂപയുടെ ടിക്കറ്റ്.

നാലുപേർക്കും ടിക്കറ്റ് എടുത്ത് ഞങ്ങൾ നടന്നു. തേക്കുകൾ നല്ല കുളിരും തണലും ഒരുക്കിയ ഒരു നീണ്ട നടപ്പാതയിലൂടെ കനോലി സായിപ്പിനെ സ്മരിച്ചുകൊണ്ട് ഞങ്ങൾ നടന്നു. ചാലിയാർ പുഴക്ക് കുറുകെയുള്ള നീണ്ടൊരു തൂക്കുപാലം കടന്നുവേണം തേക്കുകളുടെ ആ വിശാലമായ സാമ്രാജ്യത്തിലെത്താൻ. പുഴയുടെ ഇരുവശങ്ങളിലും കുഞ്ഞോളങ്ങൾ തഴുകിയൊഴുകുന്ന കാഴ്ചയും ഒരുഭാഗത്ത് കുറുവൻപുഴയെന്ന കുഞ്ഞുപുഴ ചാലിയാറിനെ ചുംബിച്ചുചേരുന്നതും കണ്ട് ഞങ്ങൾ തൂക്കുപാലം കടന്നു.

തേക്ക്മ്യൂസിയം പോലെത്തന്നെ കനോലിപ്ലോട്ടും പെരുന്നാൾതിരക്കിലമർന്ന് കിടക്കുകയാണ്.
നോക്കുന്നിടത്തെല്ലാം തലയുയർത്തി നിൽക്കുന്ന വല്യവല്യ തേക്കുമരങ്ങൾ. ആകാശം മുട്ടിനിൽക്കുകയാണോ എന്നു സംശയിച്ചുപോവും. ഓരോ മരത്തിനും ഓരോ നമ്പർ
നൽകിയിട്ടുണ്ട്. 49.2 മീറ്റർ ഉയരവും 429 സെ.മീ വണ്ണവുമുള്ള 23 ആം നമ്പർ തേക്കുമരമാണ് അതിലെ ഏറ്റവും ഭീമാകാരൻ. അഞ്ചരയേക്കറിലേറെ വ്യാപിച്ചുകിടക്കുന്ന ആ തേക്കിൻ കാട്ടിൽ 117 തേക്കുകളുണ്ട്. ഇക്കാര്യങ്ങളെല്ലാം കൃത്യമായി എഴുതിവെച്ചിട്ടുമുണ്ട് കെട്ടോ. ആ തേക്കുമരങ്ങളൊക്കെയുണ്ടല്ലോ, ഒരു നാലോ അഞ്ചോ പേർ ചേർന്ന് കൈ കോർത്ത്പിടിച്ച്
ചുറ്റിവരിഞ്ഞ് നിന്നാലും ഈ ഭീമൻതേക്കുകളെ കൈപിടിയിലൊതുക്കാനാവില്ല. കുറെ പേർ വട്ടം ചുറ്റി നിന്ന് നോക്കുന്നുണ്ട്.അവിടത്തെ വമ്പൻ മരങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ ഒക്കെ എടുത്ത്, താഴെക്കൂടെ ഒഴുകുന്ന പുഴയിലും നോക്കിനിന്ന് കനോലി പ്ലോട്ടിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി.

********************************

അവിടെനിന്ന് തിരിച്ച് നിലമ്പൂരിലേക്ക് ബസ് ക‍യറി. വിശപ്പിെൻറ കാര്യം ഇപ്പോ ഏകദേശം തീരുമാനായിട്ടുണ്ട്. പെരുന്നാളായോണ്ട് ഹോട്ടലുകൾ അധികമൊന്നും തുറന്ന് കാണാനും ഇല്ല. സ്റ്റാൻഡിൽ ചെന്ന് എ.ടി.എം കൗണ്ടർ തപ്പി കുറേ നടന്നു. ഒടുവിൽ അന്വേഷിച്ച് കണ്ടെത്തി പൈസ എടുത്ത് വീണ്ടും സ്റ്റാൻഡിലേക്ക്. സമയം അഞ്ചുമണി കഴിഞ്ഞിട്ടുണ്ട്. അവിടെനിന്ന് മഞ്ചേരിക്കാണോ പെരിന്തൽമണ്ണക്കാണോ എളുപ്പമെന്നന്വേഷിച്ചപ്പോൾ വലിയ വ്യത്യാസമില്ലെങ്കിലും മഞ്ചേരിക്കാണ് ദൂരക്കുറവെന്നറിഞ്ഞു.

മഞ്ചേരിയിൽ നിന്നാണ് വീട്ടിലേക്കും ദൂരക്കുറവുള്ളത്. കുറച്ചധികം നേരം കാത്തുനിന്നിട്ടും ബസൊന്നും വരുന്നില്ല. ഇതിനിട‍യിലെപ്പോഴോ ഒരു പെരിന്തൽമണ്ണ ബസ് വന്നിരുന്നു. ദൂരം ആലോചിച്ചും മഞ്ചേരി ബസ് ഇപ്പോ വരുമല്ലോ എന്നോർത്തും അതിൽ കേറിയില്ല. എന്നാൽ
കേറാതിരുന്നത് അബദ്ധമായെന്ന് പിന്നീട് മനസിലായി. കാരണം ഒരു മണിക്കൂറോളം നിന്നിട്ടാണ് പിന്നീടൊരു മഞ്ചേരി ബസെത്തിയത്. പെരിന്തൽമണ്ണ ബസും പിന്നെ ഒന്നുപോലും വന്നില്ല. വഴിക്കടവിലേക്ക് ഇഷ്ടംപോലെ മഞ്ചേരിയിൽനിന്നുള്ള ബസ് പോണുണ്ട്, ഇങ്ങോട്ടൊന്നും വരണില്ലല്ലോ..

ഇതിനിടയിൽ വിശപ്പിൻറെ കനലൊക്കെ ഏകദേശം കെട്ടുപോയിരുന്നു. ബേക്കറിൽ കേറി വല്ലതും ക‍ഴിക്കാമെന്നു വിചാരിച്ചെങ്കിലും അതിനിടയിലെങ്ങാൻ ബസ് വന്നാൽ കിട്ടുല്ലല്ലോ
എന്നോർത്ത് ശ്രമം ഉപേക്ഷിച്ചു. വല്ല സ്നാക്സും വാങ്ങി യാത്രക്കിടയിൽ കഴിക്കാമെന്നു കരുതി നിന്നപ്പോഴാണ് മഞ്ചേരിയിലേക്കുള്ള ബസ് വരുന്ന കണ്ടത്, ഒറ്റ ഓട്ടമായിരുന്നു നാലുപേരും
ചേർന്ന്.ബസിനടുത്തെത്തിയപ്പോൾ സ്റ്റെപിലേക്ക് കേറാൻ പോലും പറ്റാത്തത്ര തിരക്ക്. ഒരു
ബാലികേറാമല കേറും പോലെ ഞങ്ങളാ ബസിൽ കേറിപ്പറ്റി. സീറ്റൊന്നും ഇല്ലെന്ന് പ്രത്യേകിച്ച്
പറേണ്ട കാര്യോമില്ലല്ലോല്ലേ.. കമ്പിയിൽ പിടിക്കേണ്ട കാര്യംപോലുമില്ല.

വല്ലാത്തൊരു യാത്രയായിരുന്നു. സ്കൂളിലും കോളജിലും പഠിക്കുന്ന കാലത്ത് കൺസഷൻ കൊടുത്ത് ഇത്തരം യാത്രകൾ ഇഷ്ടംപോലെ നടത്തിയതിൻറെ ഒരു മുൻപരിചയം വെച്ച് ഞങ്ങൾ ഒരു വിധം അഡ്ജസ്റ്റ് ചെയ്തു. ഓടിയോടി എടവണ്ണയിലോ മറ്റോ എത്തിയപ്പോ ആണ് സീറ്റ് കിട്ടീത്. ഒടുവിൽ സംഭവബഹുലമായ ആ യാത്ര മഞ്ചേരി എത്തിക്കിട്ടി. ഹൊ… ഇനി നാട്ടിലേക്കുള്ള ബസ്
കേറണം. മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ബസ് കിട്ടാൻ ഏറെ നേരമൊന്നും
കാത്തുനിക്കേണ്ടിവന്നില്ല. ബസിലും പിന്നെ ഓട്ടോയിലുമായി ഒടുവിൽ വീടണഞ്ഞു, നേരം
നോക്കിയപ്പോൾ ഏഴുമണി. ‘വൈകുന്നേനുമുമ്പെ’ത്തന്നെ തിരിച്ചെത്തിയ രണ്ട് യുവസന്താനങ്ങളെ കാത്തിരിക്കുന്ന ഉമ്മയും, ‘ഒന്നിനാത്രം പോന്ന’ (matured ആയ) ഈ പെങ്കുട്ട്യോളിതെവിടെപോയി കിടക്കുവാ എന്ന ചോദ്യം മുഖത്തൊട്ടിച്ചുവെച്ച് വല്യുമ്മയും പൂമുഖത്തുതന്നെയുണ്ടായിരുന്നു….

ശുഭം….

വരികൾ : @Naheema Poonthottathil

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply