ബുധനാഴ്ച കെഎസ്ആര്‍ടിസി ബസ്സുകളും ഓടില്ല..

പെട്രോള്‍ ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ജനുവരി 24 ന് സംസ്ഥാനത്ത് സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹനപണിമുടക്കില്‍ കെഎസ്ആര്‍ടിസിയിലെ ഇടതു യൂണിയനുകള്‍ പങ്കെടുക്കും. സിഐടിയു, എഐടിയുസി സംഘടനകള്‍ ഇതുസംബന്ധിച്ച നോട്ടീസ് നല്‍കി.

സ്വകാര്യ ബസ്, ഓട്ടോ ടാക്‌സി, ലോറി എന്നിവ പണിമുടക്കില്‍ പങ്കെടുക്കും. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടത്തുന്നത്. ഡീസല്‍, പെട്രോള്‍ വില കുറയ്ക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും നേരത്തെ വര്‍ധിപ്പിച്ച എക്‌സൈസ് തീരുവ വേണ്ടെന്ന് വയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്നും സംയുക്ത സമര സമിതി ആവശ്യപ്പെട്ടു.

റോഡ്ഗതാഗതമേഖല ഒന്നാകെ കുത്തകവല്‍ക്കരിക്കാനും ദശലക്ഷക്കണക്കിന് മോട്ടോര്‍ തൊഴിലാളികളെയും തൊഴില്‍ ഉടമകളെയും വഴിയാധാരമാക്കാനും ഇടയാക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

അതേസമയം ഈ മാസം 30 മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകളും പണിമുടക്കും. ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആണ് സമരം പ്രഖ്യാപിച്ചത്. ബസ് ചാര്‍ജ് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം. നേരത്തെ, ബസ് ഓപ്പറേറ്റേഴ്‌സ് കോര്‍ഡിനേഷന്‍ കമ്മിറ്റി ഫെബ്രുവരി ഒന്ന് മുതല്‍ സമരം പ്രഖ്യാപിച്ചിരുന്നു.

ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സിന്റെ ആവശ്യം. അതേസമയം ജനുവരി 22 ന് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാരസമരം നടത്തും.

ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മൂന്ന് ആഴ്ച കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. വ്യവസായത്തിന്റെ നിലനില്‍പ്പിന് പര്യാപ്തമായ ശുപാര്‍ശകള്‍ റിപ്പോര്‍ട്ടില്‍ പരിമിതമാണെങ്കില്‍പോലും റിപ്പോര്‍ട്ടിനെ കുറിച്ച് ബസുടമകളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

റിപ്പോര്‍ട്ടില്‍ 10 ശതമാനം ചാര്‍ജ് വര്‍ദ്ധനയാണ് ശുപാര്‍ശ ചെയ്തിട്ടുള്ളതെന്നറിയുന്നു. ഇത് തീര്‍ത്തും അപര്യാപ്തമാണ്. രാമചന്ദ്രന്‍ കമ്മീഷന്‍ തെളിവെടുപ്പു നടത്തുമ്പോള്‍ ഡീസല്‍വില ലിറ്ററിന് 64 രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ 67 രൂപയ്ക്ക് മുകളിലാണ്.

14,000ത്തോളം സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് സര്‍വീസ് നടത്തുന്നത്. 2014 മേയ് 20നാണ് അവസാനമായി ബസ് ചാര്‍ജ് കൂട്ടിയത്. നാല് വര്‍ഷത്തിനുള്ളില്‍ ജീവനക്കാരുടെ വേതനത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനയുണ്ടായി. ഇന്‍ഷ്വറന്‍സ് തുകയും സ്‌പെയര്‍പാര്‍ട്‌സുകളുടെ വിലയും വര്‍ദ്ധിച്ചു.

ഈ സാഹചര്യത്തില്‍ ചാര്‍ജ് കൂട്ടാതെ പിടിച്ചു നില്‍ക്കാനാവില്ല. സര്‍ക്കാര്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് നയം രൂപീകരിക്കുകയാണ് വേണ്ടത്. പെട്രോളിയം ഉല്‍പന്നങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നും ഭാരവാഹികള്‍ പറഞ്ഞു.

കടപ്പാട് – http://www.evartha.in/2018/01/20/ksrtc-75.html

Check Also

നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന …

Leave a Reply