വിവരണം – ഷഹീർ അരീക്കോട്
“ഒറു ചിന്ന കഥ സൊല്ലട്ടുമാ” – ഞായറാഴച എന്താ പരിപാടി എന്നാലോചിച്ചപ്പോ, രാജമലയിൽ പോയാലോ എന്നൊരു വെളിപാടുണ്ടായി. (ആരേയും കൂട്ടാതെ ഒരു സോളോ സൺഡേ ട്രിപ്പ് – കിട്ടുന്ന വണ്ടിയിൽ ചാടിക്കേറി ഒരു യാത്ര). സാധാരണ ഞായറാഴ്ച അടിമാലിയിലുണ്ടേൽ, രാവിലെ എണീറ്റ് പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഒരു കട്ടനും കുടിച്ച് വീണ്ടും ഒരുറക്കം, പതിനൊന്ന് മണിക്ക് ശേഷം എണീറ്റ് ടൗണിൽ പോയി ഭക്ഷണം കഴിച്ച് മാർക്കറ്റിൽ പോയി കപ്പയും മീനും വാങ്ങി റൂമിൽ വന്ന് പാചകം, ഹൈറേഞ്ചുകാരുടെ ദേശീയ ഭക്ഷണമായ കപ്പയും മീൻ കറിയും കഴിച്ച് വീണ്ടും ഉറക്കം, അന്നത്തെ ദിവസം സ്വാഹ!. രാത്രി തന്നെ, ദേവികുളത്തു ജോലി ചെയ്യുന്ന സുഹൃത്തായ ശരീഫിനെ വിളിച്ചു രാജമലയെക്കുറിച്ച് അന്വേഷിച്ചു, പുള്ളി പറഞ്ഞത് “മഴയാണേൽ അങ്ങോട്ട് പോയിട്ട് കാര്യമില്ല ഒന്നും കാണില്ല”. പറഞ്ഞ പോലെ രാത്രി നല്ല മഴ.
രാവിലെ നേരത്തെ എണീറ്റു പക്ഷേ ടെറസ്സിൽ നിന്നും മഴത്തുള്ളിക്കിലുക്കം, കട്ടനടിച്ചു വീണ്ടും കിടന്ന് അലോചിച്ചു, എന്തായാലും പോയി നോക്കാം എന്ന നിലപാടിലെത്തി, കുളിയും കഴിഞ്ഞ് റെഡിയായി 7:45 AM ന് അടിമാലി ബസ്റ്റാന്റിൽ വന്നു. ചായ കുടി മൂന്നാറിലെത്തിയിട്ടാവാം – തമിഴന്റെ ഉഴുന്നുവടയും ചായയും – നാവിൽ വെള്ളമൂറി, (ഇത് കഴിക്കാൻ വേണ്ടി മാത്രം രാത്രിയിൽ ബൈക്കിൽ തണുത്ത് വിറച്ച് , അനീഷ് സാറിനൊപ്പം മൂന്നാറിൽ പോകാറുണ്ട്).
ബസ്റ്റാന്റിൽ വന്നപ്പോൾ മൂന്നാർ KSRTC സ്റ്റാർട്ട് ചെയ്ത് നിൽക്കുന്നു, ചാടിക്കേറി മുൻപിൽ ഇടതു വശത്തെ കണ്ടക്ടർ സീറ്റിന്റെ തൊട്ടുപുറകിലത്തെ സീറ്റ് കയ്യടക്കി മൂന്നാറിലേക്ക് 31 രൂപ കൊടുത്ത് ടിക്കറ്റെടുത്തു യാത്ര തുടങ്ങി. (ഈ യാത്രക്കെന്താ പ്രത്യേകത എന്ന് എന്നെ അറിയുന്നവർ ചോദിക്കാം, കാരണം ഞാൻ മിക്കവാറും ദിവസം യാത്ര തചയ്യുന്ന റൂട്ട് തന്നെയാണിത്, ഇന്നലെയും മൂന്നാറിൽ പോയിട്ടുണ്ട്. പക്ഷെ ഈ യാത്രക്കൊരു പ്രത്യേകതയുണ്ട്, കാരണം സാധാരണ ഞാൻ ഡ്രൈവ് ചെയ്ത് കൊണ്ട് പോകുമ്പോൾ ചുറ്റുമുള്ളത് ആസ്വദിക്കുന്നതിന് പരിമിതിയുണ്ട്, എന്നാൽ ഇന്ന് ഞാൻ സർച്ച തന്ത്ര സ്വതന്ത്രനായി യാത്ര ചെയ്യുകയാണ് ). അങ്ങനെ കൂമ്പൻ പാറയും പഞ്ചാരക്കുത്തിലെ പഞ്ചാരമണികളും കടന്ന് ഇരുട്ടുകാനത്ത് നിന്നും ആനച്ചാൽ വഴിയിലൂടെ ബസ്സ് പോയ്ക്കൊണ്ടിരിക്കുമ്പോൾ പെട്ടൊന്നാണത് സംഭവിച്ചത് – ‘മഴ’ ഞാൻ ‘പ്ലിംഗ് ‘.
ബസ്സിന്റെ ഷട്ടറുകൾ എല്ലാം താഴ്ന്നു, ആനച്ചാൽ കഴിഞ്ഞ് ചിത്തിരപുരത്തെത്തിയപ്പോൾ മഴ നിന്നു ഞാൻ മാത്രം ഷട്ടർ തുറന്നു, നല്ല തണുപ്പ് ബസ്സിനകത്തേക്ക് അടിച്ചു കയറി, ഞാൻ പുറത്തേക്ക് നോക്കി കാഴ്ചകൾ ആസ്വദിച്ചു, വലതു വശത്തെ സീറ്റിലിരിക്കുന്ന മഹിളാമണികൾ (വേഷം കണ്ടിട്ട് റിസോർട് ജീവനക്കാരികൾ ആണെന്ന് തോന്നുന്നു) എന്നെ പ്രാകിയിട്ടുണ്ടാകും, ആദ്യമായിട്ട് മൂന്നാർ കാണാൻ വരുന്ന എതോ മണ്ടൻ എന്ന് കരുതി ഒന്നും പറയാഞ്ഞതായിരിക്കും. (“ഷട്ടർ താഴ്ത്തെടാ കോപ്പേ” എന്നൊരു ഡയലോഗ് ഞാൻ പ്രതീക്ഷിച്ചതാ, പക്ഷെ അവർ മാന്യത കാണിച്ചു.) രണ്ടാം മൈൽവ്യൂ പോയിന്റും, പള്ളിവാസൽ പൈപ്പ് ലൈനും കടന്ന് ബസ്സ് മൂന്നാറിലെത്തി.
ഉഴുന്ന് വടയും ചായയും കുടിച്ച് മൂന്നാർ ജുമാ മസ്ജിദിന് സമീപത്തെ ബസ്റ്റോപ്പിലെത്തി – വീണ്ടും ‘മഴ’ പെയ്യുന്നു-തോരുന്നു. വീണ്ടും കൺഫ്യൂഷൻ, പോകണോ- തിരികെ പോകണോ. കുറേ നേരം ഇരുന്നാലോചിച്ചു. വരയാടിനെ കാണില്ല അതുറപ്പാണ് മഴയത്ത് നോ രക്ഷ. ചെറിയൊരു വെയിൽ നാളം – ഏതായാലും മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ, ട്രിപ്പ് ഓട്ടോയിൽ കയറി (മൂന്നാർ – രാജമല 8 കിലോമീറ്റർ) 20 രൂപയും കൊടുത്ത് ‘ഇരവികുളം നാഷണൽ പാർക്കി’ന് മുന്നിൽ ഇറങ്ങി – വീണ്ടും നല്ല മഴ, ഗേറ്റിന് മുൻപിൽ കുടക്കച്ചവടം പൊടിപൊടിക്കുന്നു. ഏതായാലും ടിക്കറ്റെടുക്കാൻ ക്യൂവിൽ നിന്നു, വീണ്ടും നെഗറ്റീവ് ന്യൂസ് – ഡ്യൂട്ടിയിലുള്ള ഒരു പോലീസുകാരൻ പറയുകയാണ് – “Heavy rain in hill top, no animal seeing, no sight seeing”. മൊത്തം ‘പൊഹ’യാണ് ഒന്നും കാണത്തില്ല, വീണ്ടും പ്ലിംഗ്. ഏതായാലും ക്യൂവിൽ നിന്ന് ഇറങ്ങി, വീണ്ടും ആലോചന – എന്നാ പിന്നെ ഒരു ചായ കുടിച്ച് ആലോചിക്കാം, അതല്ലേ അതിന്റെ ഒരിത്, ഏത്.
ഒരു മണിക്കൂർ കടന്നു പോയി മഴ കുറഞ്ഞു, വീണ്ടും ക്യൂവിലേക്ക് 95 രൂപ കൊടുത്ത് ടിക്കറ്റെടുത്തു, വീണ്ടും ക്യൂ (വെറും 35 മിനിറ്റ്) – ഹിൽ ടോപ്പിലേക്കുള്ള വാഹനത്തിൽ കയറാൻ. അഞ്ചാം നമ്പർ വാഹനത്തിൽ കയറി വിൻഡോ സീറ്റ് ഉറപ്പിച്ചു, ചെറിയ യാത്ര പക്ഷേ മനം കുളിർക്കുന്ന കാഴചകൾ, വെള്ളച്ചാട്ടം, കോട – ശരിക്കും ആസ്വദിച്ചു, ടോപ്പിലെത്തി വാഹനത്തിൽ നിന്ന് ഇറങ്ങി, ടിക്കറ്റ് ചെക്കിംഗ് കഴിഞ്ഞു, ഇനി ഏകദേശം ഒരു കിലോമീറ്റർ കാഴചകൾ കണ്ടും, ഫോട്ടോ എടുത്തും അർമാദിച്ചു ‘നടക്കാം’.
കുറിഞ്ഞിച്ചെടികളിൽ മൊട്ടുകൾ കാണാം രണ്ട് മാസത്തിനകം പൂക്കാൻ തയ്യാറെടുക്കുവാണ്. മനോഹര കാഴചകൾ, ചറപറ ഫോട്ടോഗ്രാഫർമാർ, മഴ, കോട, വെയിൽ, കാറ്റ്, എല്ലാം നിമിഷങ്ങൾക്കിടയിൽ മാറിമറയുന്നു, ശരിക്കും അടിപൊളി. നടന്ന് നടന്ന് മുകളിലെത്തി, ചിലരുടെ കുട ‘വടി’യായി, പലതരം കാഴ്ചകൾ, കാഴ്ചക്കാർ കൂടുതലും ഉത്തരേന്ത്യക്കാരാണ് പിന്നെ അറബികളുടെ ഒരു ടീമിനെയും കണ്ടു എല്ലാവരും മഴ നനഞ്ഞ് ആസ്വദിക്കുകയാണ്. തിരിച്ചു നടക്കേണ്ട പോയിന്റിലെത്തിയപ്പോൾ തികച്ചും അടിപൊളി അനുഭവം അവിടെ വെച്ച് മുക്കത്തുകാരായ അനസിനേയും ടീമിനെയും പരിചയപ്പെട്ടു, അവരെയും കൂട്ടി സെൽഫിയെടുത്തു അവരോട് സലാം പറഞ്ഞ് ഞാൻ താഴേക്കിറങ്ങി വാഹനം വരുന്ന പോയിന്റിലേക്ക് നടന്നു.
കാൽ മണിക്കൂർ കാത്തിരിപ്പിന് ശേഷം വാഹനം വന്നു, തിരിച്ച് താഴേക്ക്. റോഡിലിറങ്ങി കുറച്ചു കഴിഞ്ഞ് മൂന്നാറിലേക്ക് മടങ്ങുന്ന ഓട്ടോ കിട്ടി 20 രൂപ കൊടുത്തു. ഭക്ഷണം കഴിച്ച് മൂന്നാർ ബസ്സ്റ്റാന്റിൽ ചെന്ന് KSRTC (SF) യിൽ 38 രൂപ ടിക്കറ്റെടുത്ത് വീണ്ടും കല്ലാർ വഴി അടിമാലിയിലേക്ക് – പുറത്ത് മഴ, ഷട്ടറിട്ടു ഒരു മണിക്കൂർ ഉറക്കം, 5.30 PM ന് അടിമാലിയിൽ തിരിച്ചെത്തി.