കേരള ബ്ലാസ്റ്റേഴ്സിനു വേണ്ടി യുവ സോഫ്റ്റ്വെയർ എൻജിനീയരുടെ സോളോ K2K റൈഡ് !!

ഈ വർഷം ആരാധകരുടെ പ്രതീക്ഷക്ക് ഒത്തു ഉയരാൻ കഴിയാതെ പോയ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി സോളോ K2K റൈഡ് ചെയ്ത യുവ സോഫ്റ്റ്വെയർ എഞ്ചിനീയർ സാമൂഹ്യ മാധ്യമങ്ങളിൽ പ്രശംസ പിടിച്ചു പറ്റി. കൊച്ചി ഇൻഫോപാർക്കിൽ സ്വകാര്യ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ക്വാദിർ അബ്ദുൽ ആണ് കാക്കനാട് മുതൽ കൊടികുത്തി മല വരെ സോളോ K2K റൈഡ് നടത്തിയത്.

ചെറുപ്പം തൊട്ടേ ഫുട്ബോളിനെയും ക്രിക്കറ്റിനെയും നെഞ്ചോടു ചേർത്തിരുന്ന ഈ കാസർഗോടുകാരൻ മലയാളിയുടെ ഇഷ്ട ഭക്ഷണം പുട്ടും കടലയുമാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം ഫോമിന് കാരണം കളിക്കാരുടെയോ മാനേജ്മെന്റിന്റെയോ കുറവല്ലെന്നും അത് ഗ്രൗണ്ടിൽ ഈർപ്പം കൂടുതൽ ആയത് കൊണ്ടാണെന്നും ഉള്ള സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഈ ദീർഘദൂര യാത്രയുടെ ലക്ഷ്യം എന്ന് ക്വാദിർ യാത്രഭൂമിക്കനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വെളിപ്പെടുത്തി. ഒരുപാടു നാളത്തെ തയ്യാറെടുപ്പിനു ശേഷമാണു ഡിസംബർ മുപ്പതാം തീയതി പന്ത്രണ്ടു മണിക്ക് ക്വാദിർ രണ്ടു ദിവസം നീളുന്ന ഈ ദീർഘ ദൂര യാത്രയ്ക്ക് തുടക്കം കുറിച്ചത്.

സമൂഹത്തിനോ പ്രകൃതിക്കോ കേടുപാട് വരുത്താതെ കാണുന്ന വണ്ടിക്ക് കൈ കാണിച്ചു ഇങ്ങനെ ഒരു സന്ദേശവും കൊണ്ട് ഈ ഉദ്യമം പൂർത്തിയാക്കാം എന്നാണ് ആദ്യം കരുതിയതെങ്കിലും അങ്കമാലിയിലുള്ള ചിറ്റപ്പൻ അതിന്റെ ദൂഷ്യ ഫലങ്ങൾ വിശദീകരിച്ചപ്പോൾ ആ പദ്ധതി ഉപേക്ഷിക്കുക ആയിരുന്നു.

ഭാരിച്ച സാമ്പത്തിക ചെലവ് വേണ്ടിയിരുന്ന ഈ യാത്രയ്ക്കുള്ള പണം സ്വരൂപിക്കാനുള്ള ഓട്ടത്തിലായിരുന്നു പിന്നീട്. ബാങ്കുകളോ സുഹൃത്തുക്കളോ എന്തിനു ഉപദേശിച്ച അങ്കമാലിയിലെ കൊച്ചപ്പൻ പോലും സഹായിക്കുന്നില്ല എന്ന അവസ്ഥ വന്നപ്പോഴാണ് അധ്വാനിച്ചുണ്ടാക്കിയ കാശിനു തന്നെ ഈ യാത്ര പോണം എന്ന് ക്വാദിർ തീരുമാനിച്ചത്. 130 രൂപയുടെ ഗ്രിൽചിക്കൻ ഉപേക്ഷിച്ചു പ്ലേറ്റ് ഷവർമ കഴിച്ചും വൈകുന്നേരത്തെ ചായയുടെ കൂടെ ഒരു പരിപ്പുവട മാത്രം കഴിച്ചും ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ യാത്രക്കാവശ്യമായ പണം സ്വരൂപിച്ചു.

അതീവ ദുർഘടമായ കാക്കനാട് – ആലുവ – തൃശൂർ – വടക്കാഞ്ചേരി – ഷൊർണുർ – ചെർപ്പുളശ്ശേരി -പെരിന്തൽമണ്ണ റൂട്ട് ആണ് യാത്രക്ക് തിരഞ്ഞെടുത്തത്. വടക്കാഞ്ചേരി ഭാഗത്തു നക്സലൈറ്റ് ഭീഷണി ഭയന്നത് കൊണ്ടും സ്വപ്നം കണ്ടു വണ്ടി ഓടിച്ചതു കൊണ്ടും കുതിരാൻ വടക്കഞ്ചേരി വഴി ഒറ്റപ്പാലത്തൂടെ ആണ് ക്വാദിർ ലക്ഷ്യസ്ഥാനമായ പെരിന്തൽമണ്ണയിൽ രാത്രി എട്ടോടെ എത്തിയത്. ചുറ്റുപാടും നെൽപ്പാടങ്ങൾ അതീവ സുന്ദരമായ നയനാനുഭൂതിയാണ് നൽകിയത്. പോകുന്ന വഴിയിലെ കവലകൾ തോറും ലഘുരേഖകൾ വിതരണം ചെയ്യാൻ ക്വാദിർ മറന്നില്ല.

പെരിന്തൽമണ്ണയിലെ ലോഡ്ജിൽ രാത്രി തങ്ങിയ ശേഷം അതിരാവിലെ അഞ്ചരയ്ക്ക് തന്നെ ബ്ലാസ്റ്റേഴ്സിന്റെ നിറമായ മഞ്ഞയും അണിഞ്ഞു കൊടികുത്തിമലയിലേക്ക് ക്വാദിർ പുറപ്പെട്ടു. ഏത് സമയത്തും പ്രവേശനം ഉണ്ടെന്നുള്ള കാര്യം പലയിടത്തായി ചോദിച്ചുറപ്പിച്ച കാര്യം ആണേലും പോരുന്ന വഴിയിൽ ഉള്ളവരോടും ചോദിച്ചു അതിൽ ഉറപ്പു വരുത്തിയ ശേഷമാണു കൊടികുത്തിമലയിൽ എത്തിയത്. മൊബൈലിന്റെ അരണ്ട വെളിച്ചത്തിൽ മുകളിലോട്ട് കിലോമീറ്ററുകളോളം നടക്കുമ്പോൾ മനസ്സിൽ കൊടികുത്തി മലയോട് ബ്ലാസ്റ്റേഴ്സിന്റെ സന്ദേശം എത്തിക്കുക എന്നത് മാത്രമായിരുന്നു ചിന്ത. ഏറ്റവും മുകളിൽ വരെ നടന്നെത്തിയെങ്കിലും അവിടെ വെച്ചു പട്ടി കുരച്ചപ്പോൾ തിരിച്ചിറങ്ങാൻ നിർബന്ധിതൻ ആയി പോയെന്നു പോയെന്നു ക്വാദിർ യാത്രഭൂമിക്കു അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പങ്കുവെച്ചു.

തന്റെ യാത്ര പരിപൂർണതയിൽ എത്തില്ല എന്നും തന്റെ കഷ്ടപ്പാടുകൾ ലോകം അറിയില്ല എന്നും ഓർത്തു കണ്ണുനീരോടു കൂടിയാണ് താൻ ആ മല ഇറങ്ങിയതെന്നു ക്വാദിർ ഓർത്തെടുത്തു. തികഞ്ഞ ദൈവ വിശ്വാസിയായ ക്വാദിർ അപ്പോഴും ദൈവം തന്നെ എങ്ങനെയേലും സഹായിക്കും എന്ന് അടിയുറച്ചു തന്നെ വിശ്വസിച്ചിരുന്നു. തിരികെ പകുതി ദൂരം ഇറങ്ങിയപ്പോൾ ആണ് മനുഷ്യരുടെ ശബ്ദം കേട്ടത്. ഏഴെട്ടു പേരടങ്ങുന്ന ആ സംഘവും മുകളിലേക്ക് ആണെന്ന് അറിഞ്ഞപ്പോൾ അവർക്കൊപ്പം വീണ്ടും മുകളിലേക്ക് കയറാൻ തുടങ്ങി. മുകളിൽ എത്തിയപ്പോൾ നേരത്തെ കുരച്ചിരുന്ന പട്ടി മിണ്ടാതെ അരികു പറ്റി നിൽക്കുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നു ക്വാദിർ പറഞ്ഞു.

കൊടികുത്തിമലയുടെ വാച്ച് ടവറിനു മുകളിൽ പ്രകൃതി ഒരുക്കിയത് വേറൊരു ലോകം തന്നെ ആയിരുന്നു. ദൂരെ നേർത്ത പാട പോലെ മഞ്ഞും കണ്ടു കൊണ്ട് സൂര്യോദയം കണ്ടത് ക്വാദിറിന് ജീവിതത്തിൽ എന്നും ഓർത്തിരിക്കാവുന്ന ഒരു നിമിഷം ആയിരുന്നു. ആൾക്കാരുടെ ബാഹുല്യം കാരണം വിചാരിച്ച ഏകാന്തത കിട്ടിയില്ലേലും കൊടികുത്തിമല ഒരു അനുഭവം തന്നെയായിരുന്നു ക്വാദിർ പറഞ്ഞു. ആവശ്യത്തിലധികം സമയം അവിടെ ചെലവഴിച്ചു അടുത്തുള്ള മലയിലോട്ട് പോകാനും അവിടെ ഏകാന്തമായി ഇരിക്കാനും മറന്നില്ല. പറ്റാവുന്നിടം ഒക്കെ പോയി കണ്ട ശേഷം പതിയെ ആ മലയിറങ്ങി തിരികെ കാക്കനാടിലേക്ക് തിരിച്ചു ഡിസംബർ 31 വൈകുന്നേരത്തോടെ യാത്ര അവസാനിപ്പിച്ചു.

യാത്രയിലുടനീളം പ്രകൃതിക്ക് ഏറ്റവും കുറവ് മുറിവേൽപ്പിക്കാൻ ശ്രമിച്ചിരുന്നു എന്ന് ക്വാദിർ കൂട്ടിച്ചേർത്തു. ശബ്ദ മലിനീകരണം കുറക്കാൻ ആക്സിലറേറ്റർ ഏറ്റവും കുറവ് മാത്രമാണ് താൻ ഉപയോഗിച്ചതെന്നു അദ്ദേഹം അടിവരയിട്ടു. ഇത്ര ഒക്കെ ചെയ്തിട്ടെന്തായി, ഇന്നലെ വീണ്ടും ബ്ലാസ്റ്റേഴ്‌സ് തോറ്റില്ലേ എന്ന പരിഹാസം കലർന്ന ചോദ്യത്തിന് കലങ്ങിയ നിറഞ്ഞ കണ്ണോടെ കലിപ്പ് തീർക്കണം കപ്പടിക്കണം എന്ന് പറഞ്ഞു വിതുമ്പി കൊണ്ടാണ് അഭിമുഖം അവസാനിപ്പിച്ചത്.

ഇത്രേം കഷ്ടപ്പെട്ട് വായിച്ചവർക്ക് ഉപകാരപ്രദമായ ഇച്ചിരി എങ്കിലും വിവരങ്ങൾ :

മലപ്പുറം ജില്ലയിൽ പെരിന്തല്മണ്ണക്കടുത്തു, സമുദ്ര നിരപ്പിൽ നിന്ന് 1500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വനം വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള മനോഹരമായ പുൽമേടുകൾ… മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കൊടികുത്തി, അക്ഷരാർത്ഥത്തിൽ അതിനു അർഹമാണെന്നു ഒരിക്കലെങ്കിലും അവിടം സന്ദർശിച്ചവർക്ക് ബോധ്യപ്പെടും… മേലെ വരെ വാഹനങ്ങൾ കടത്തി വിടില്ല.

താഴെ വാഹനങ്ങൾ നിർത്തി രണ്ടു കിലോമീറ്ററോളം മെറ്റൽ പാതയിലൂടെ ചെന്നാൽ മേലെ ടവറിനടുത്തെത്താം… പാലക്കാട് ഭാഗത്തു നിന്നും വരുന്നവർ, മണ്ണാർക്കാട് കഴിഞ്ഞു, പെരിന്തൽമണ്ണ എത്തുന്നതിനു മുൻപ് അമ്മിനിക്കാട് എന്ന സ്ഥലത്തു നിന്നും വലത്തോട്ട് തിരിഞ്ഞു 6കിലോമീറ്റർ യാത്ര ചെയ്താൽ കൊടികുത്തി മലയിൽ എത്താം… കോഴിക്കോട് നിന്നും വരുന്നവർ പെരിന്തൽമണ്ണയിൽ നിന്ന് മണ്ണാർക്കാട് റോഡിൽ കുറച്ചു ദൂരം ചെന്നാൽ അമ്മിനിക്കാട് എത്താം…. ഏത് കാലാവസ്ഥയും കൊടികുത്തി യാത്രക്ക് അനുയോജ്യമാണെങ്കിലും, കാലത്ത് നേരത്തേ എത്തുകയാണെങ്കിലേ പൂർണരൂപത്തിലുള്ള ഒരു ഫീൽ കിട്ടുകയുള്ളൂ…. കൂടെ ചെറു മഴ കൂടിയുണ്ടെങ്കിൽ നിങ്ങളാണ് ഭാഗ്യവാന്മാർ.

വരികൾ: Quadir Abdul.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply