റേഷന്‍കട വഴി ലഭിച്ച സര്‍ക്കാരിന്‍റെ ഹോം കിറ്റിൽ എന്തൊക്കെയുണ്ട്?

കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യകിറ്റുകളുടെ വിതരണം പുരോഗമിക്കുകയാണ്. സബ്‌സിഡി വിഭാഗത്തില്‍പ്പെട്ട നീല കാര്‍ഡുകാര്‍ക്കും, നോണ്‍ സബ്‌സിഡി വിഭാഗത്തിൽപ്പെട്ട വെള്ള കാർഡുകാർക്കും സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്നുണ്ട്.

ലോക്ക്ഡൗൺ കാരണം താമസസ്ഥലത്തു നിന്നും മാറി താമസിക്കുന്ന മുൻഗണന കാർഡുടമകൾക്ക് അതാത് വാർഡ്‌ മെമ്പറുടെ സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അടുത്തുള്ള റേഷൻ കടയിൽ നിന്നും കിറ്റ് കൈപ്പറ്റാം. സൂമൂഹ്യ അകലം കർശനമായി പാലിച്ചു കൊണ്ടാണ് കിറ്റ് വിതരണം നടത്തുന്നത് . സാമൂഹ്യ അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ അനുസരിക്കാത്ത റേഷൻ കട ഉടമകളിൽ നിന്നും 1000 രൂപ ഫൈൻ ഈടാക്കുന്നതാണ്.

സർക്കാർ തരുന്ന ഈ കിറ്റിൽ വെളിച്ചെണ്ണ, സൂര്യകാന്തി എണ്ണ, ഉപ്പ്, പഞ്ചസാര, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചായപ്പൊടി, കടുക്, ഉലുവ, പരിപ്പ്, വൻപയർ, കടല, ഉഴുന്ന്, പൊടിയരി, ആട്ട, അലക്ക് സോപ്പ്, കുളിക്കുന്ന സോപ്പ് തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം.

അധികമായി, ഈ മാസത്തെ റേഷന്‍ വിഹിതത്തിനൊപ്പം നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി ഈ മാസം ലഭിക്കും. കിലോയ്ക്ക് 15 രൂപ നിരക്കിലാണ് ഇത് ലഭിക്കുക. ഏഴു കിലോ പുഴുക്കലരിയും മൂന്നുകിലോ പച്ചരിയുമാകും ഇങ്ങനെ വിതരണം നടത്തുക, കൂടാതെ നീല കാര്‍ഡ് ഉടമകള്‍ക്ക് ഓരോ കാര്‍ഡിനും ലഭ്യതക്കനുസരിച്ച്‌ മൂന്നു കിലോവരെ ആട്ട 17 രൂപ നിരക്കിലും ലഭ്യമാക്കും.

മുന്‍ഗണനേതര നോണ്‍ സബ്‌സിഡി വിഭാഗക്കാര്‍ക്ക് കാര്‍ഡൊന്നിന് രണ്ടു കിലോഗ്രാം അരി കിലോയ്ക്ക് 10.90 രൂപ നിരക്കിലും ആട്ട 17 രൂപയ്ക്കും ലഭിക്കും. എല്ലാ വിഭാഗത്തിലുംപെട്ട വൈദ്യുതീകരിച്ച വീടുകളിലെ റേഷന്‍കാര്‍ഡിന് അര ലിറ്ററും വൈദ്യുതീകരിക്കാത്ത വീടുള്ള കാര്‍ഡുടമകള്‍ക്ക് നാല് ലിറ്ററും മണ്ണെണ്ണ 18രൂപ നിരക്കില്‍ ലഭിക്കും. ഏപ്രിലില്‍ മണ്ണെണ്ണ വാങ്ങാത്തവര്‍ക്ക് ഈമാസത്തെ വിഹിതത്തോടൊപ്പം അതുകൂടി ചേർത്ത് നൽകും.

സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യധാന്യ കിറ്റ്‌ പാവപ്പെട്ടവർക്ക്‌ സംഭാവന ചെയ്യാൻ ലളിതമായ സംവിധാനമായി. വെള്ള റേഷൻ കാർഡുടമകളുടെ നമ്പറിലേക്ക്‌ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫോൺ സന്ദേശം അയക്കും. കിറ്റ് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോൺ സന്ദേശത്തിൽ പറയും പ്രകാരം ഒന്ന് എന്ന നമ്പർ അമർത്തിയാൽ‌ സംഭാവന ചെയ്യാം.

24 ലക്ഷത്തോളം വരുന്ന വെള്ള കാർഡുടമകൾക്ക്‌ വെള്ളിയാഴ്‌ച മുതൽ സന്ദേശം അയച്ചുതുടങ്ങി. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റിലെ ഡൊണേറ്റ്‌ മൈ കിറ്റ്‌ എന്ന ഓപ്‌ഷൻ ഉപയോഗിച്ചും കിറ്റ്‌ സംഭാവന നൽകാം.

Check Also

നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന …

Leave a Reply