മഴക്കാലത്തു ബദ്രിനാഥിലേക്കുള്ള യാത്ര അപകടകരം ആണെന്നാണ് കേട്ടിട്ടുള്ളത്.. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഒക്കെ അവിടെ പോവുന്നവഴി സർവസാധാരണം ആണെന്നാണ്… എന്നാൽ ഇതുപോലുള്ള വെല്ലുവിളികൾ നേരിടാൻ താല്പര്യം ഉള്ളവരാണോ നിങ്ങൾ .. എന്നാൽ ഒന്നും ആലോചിക്കാതെ വിട്ടോ… ചിലവ് ചുരിക്കിയാണ് എന്റെയോരോ യാത്രയും.. അതുകൊണ്ടുതന്നെ ഇ വിവരങ്ങൾ ആർകേലും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു…
സ്വന്തമായി ബൈക്ക്, ബുള്ളറ്റ് ഒന്നുമില്ല.. പബ്ലിക് ട്രാൻസ്പോർട് മാത്രം ആശ്രയിച്ചാണ് എന്റെ യാത്രാ… കഴിഞ്ഞ ചോവ്വാ അതായിത് ജൂലൈ 18ന് വൈകിട്ടു ഒരു ട്രിപ്പിനെപറ്റി തീരുമാനിക്കുന്നു… ബുധൻ രാവിലെ ബദരീനാഥ് ഉറപ്പിച് പ്ലാൻ ചെയുന്നു..
ഉച്ചക്ക് വെറുതെ അന്നത്തെ ട്രെയിൻ നോക്കിയപ്പോ നിസാമുദ്ദിൻ എക്സ്പ്രസ്സ്ന് സീറ്റ് ഉണ്ടായിരുന്നു … മറ്റൊന്നും ആലോചിക്കാതെ ഷൊർണുരിൽനിന്ന് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു(തനിച്ചു പോകുന്നതിന്റെ ഒരു ഗുണം.. ആരോടും ഒന്നും ആലോചിക്കേണ്ട)…
രാത്രി 9ന് ഷൊർണുരിൽ നിന്ന് കേറി(ജൂലൈ 19 ).. ഒരു ഏകദേശ കണക്കുകൂട്ടൽവെച്ച് ജൂലൈ 26 ബുധന് തിരിച്ചുള്ള മംഗളക് ടിക്കറ്റ് ബുക്കും ചെയ്തു… കൊങ്കൺ വഴി എല്ലാ ബുധനാഴ്ച്ചയും തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന വണ്ടി … 8 സ്ലീപ്പർ കോച്ചുള്ള വണ്ടിയിൽ S4ൽ മാത്രം ചാർജിങ്നുള്ള സൗകര്യം…
ഭാഗ്യത്തിന് ഞാൻ S4ൽ ആയിരുന്നെങ്കിലും ബാക്കി ഉള്ളവർ മൊത്തം ചാർജിങ്നായി ഇ കോച്ചിൽ…പോരാത്തതിന് മഴയത്തു ചോർന്നൊലിച്ചും മറ്റും മൊത്തത്തിൽ ഗംഭീരയാത്രാ… പോരാത്തതിന് കായംകുളത്തുനിന്ന് കേറിയ ഒരു പയ്യന്റെ ഫോൺ രാജസ്ഥാനിൽ വെച്ച് നഷ്ടപ്പെട്ടു… മൂന്നാം ദിവസം (ജൂലൈ 21 വെള്ളി) വൈകിട്ട് ആറരക്ക് നിസാമുദ്ദിൻ എത്തി…
ഫോൺ നഷ്ടപ്പെട്ടവന്റെകൂടെ അവിടെ complaint ഒക്കെകൊടുക്കാൻ പോയി(ട്രെയിനിൽവെച് ഫോൺ നഷ്ടപ്പെട്ടാൽ TTRന്റെ കൈയിൽനിന്നും FIR FORM ഫിൽ ചെയ്ത് വാങ്ങണം. എന്നാൽമാത്രമേ റെയിൽവേ സ്റ്റേഷനിൽ complaint FIR ഫയൽ ചെയ്യാൻ പറ്റൂ). നിസാമുദീനിൽനിന്ന് ISBT (കാശ്മീരിഗേറ്റ്) വരെ ലിഫ്റ്റ് കിട്ടിയതുകൊണ്ട് ചുളുവിന് അവിടെ എത്തി… മുൻപ് ഋഷികേശ് വരെ പോയിപരിചയം ഉള്ളതുകൊണ്ട് എളുപ്പത്തിൽ ബസ് കണ്ടുപിടിച്ചു… അങ്ങനെ 9:30 ക്കു ഡൽഹിയിൽ നിന്ന് ഋഷികേശിലേക്കുള്ള ബസ് കേറി … വെളുപ്പിനെ 3 മണിക്ക് ഋഷികേശിൽ എത്തി… അവിടെ നിന്ന്
ജോഷിമഠിലേക്കും ബദ്രിനാഥിലേക്കും പ്രൈവറ്റ് ബസുകൾ ലഭിക്കും…
അങ്ങനെ ആറു മണിക്കാണ് ഋഷികേശിൽനിന്നും ബദ്രിനാഥിലേക്ക്പുറപ്പെട്ടത്(ജൂലൈ 22 ശെനിയാഴ്ച്ച)… ചെറിയ 30 സീറ്റ് ഉള്ള ബസാണ്… ഏറ്റവും ബുദ്ധിമുട്ട് തോന്നിയ യാത്രാ ഇതാണ് … ഋഷികേശിൽ നിന്നും ബദരീനാഥ് വരെ ഏകദേശം പത്രണ്ട് മണിക്കൂർ യാത്രവരും… പക്ഷെ താഴ്വരയിൽനിന്നും മലയിടുക്കുകളിലൂടെ ഹിമാലയം പർവതം ലക്ഷ്യമാക്കിയുള്ള യാത്രാ കണ്ണിനും മനസിനും കുളിർമ നല്കുമെന്ന കാര്യത്തിൽ സംശയമില്ല..
ഋഷികേശിൽനിന്നും തൊട്ടടുത്ത സീറ്റിൽ സഹയാത്രികനായി കിട്ടിയത് ബാംഗ്ലൂരിൽനിന്നുള്ള ഒരു ആർമികാരൻ … പുള്ളിക്കാരന് അല്പം തമിഴ് അറിയായിരുന്നതുകൊണ്ട് എനിക്ക് ജോഷിമഠ് വരെ കമ്പനിക്കൊരാളായി…
ഏകദേശം ബദ്രിനാഥിൽനിന്ന് 50km മുന്നെയായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ജോഷിമഠ്.. ബദ്രിനാഥിലേക്കുള്ള ഒരു gateway എന്നൊക്കെ വിശേഷിപ്പികാം ജോഷിമഠ്നെ…
ഇവിടെനിന്നും മുന്നോട്ടുള്ള യാത്രയാണ് ഏറ്റവും അപകടമെന്ന് പറയാം .. മലമുകളിൽനിന്നു റോഡിലേക്കുവീഴുന്ന പാറക്കല്ലുകൾ ആണ് ഒന്ന് … മണ്ണിടിച്ചിലാണ് മറ്റൊന്ന്… ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സ്ഥിരമായി ജോലിക്കാരും, ജെസിബി, പാറക്കല്ലുകൾ പൊട്ടിക്കാനുള്ള യന്ത്രങ്ങൾ അങ്ങനെ എല്ലാ സചീകരണങ്ങളും ഉണ്ടാവും… അങ്ങോട്ടുള്ള യാത്രയിൽ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല …
അങ്ങനെ അന്ന് വൈകിട്ടു 6 മണിയോടെ ബദ്രിനാഥ് എന്ന എന്റെ ലക്ഷ്യത്തിലേക്കു ഞാൻ എത്തിച്ചേർന്നു… ചുറ്റുപാടും ഹിമാലയൻ പർവതങ്ങൾ .. അതിനുള്ളിൽ സ്ഥിതിചെയ്യുന്ന ചെറിയൊരു പട്ടണം ഗ്രാമം എന്നൊക്കെ വിശേഷിപ്പിക്കാം ബദ്രിനാഥിനെ…
ഞാൻ കരുതിയതിലും തണുപ്പ് അധികമായിരുന്നു അവിടെ … ബാഗിലുണ്ടായിരുന്ന ജാക്കറ്റ്
എടുത്തിട്ടശേഷമാണ് ബസിനെ പുറത്തേക്കിറങ്ങിയത്… വളരെ സുന്ദരമായ പ്രദേശം … എന്റെകൂടെ ബസിൽ ഉണ്ടായിരുന്നവരെല്ലാം തീർത്ഥാടകരാണ് … ബസ് ഇറങ്ങിയുടനെ എല്ലാവരും ബദ്രിനാഥ് അമ്പലത്തിലെ ദർശനത്തിനുവേണ്ടി അമ്പലം ലക്ഷ്യമാക്കി നടന്നു … ഞാൻ ഒരു റൂം അന്വേഷിച്ചും… അങ്ങനെ രണ്ട് ദിവസത്തേക്ക് അവിടെ റൂം എടുത്തു…
റൂമിൽ കെയറിയയുടനെതന്നെ നാലുദിവസമായി മുടങ്ങി കിടന്ന എന്റെ കർമങ്ങൾക്കൊക്കെ ഒരു തീരുമാനം ഉണ്ടാക്കി …
എല്ലാം കഴിഞ്ഞു പുറത്തിറങ്ങി കഴിക്കാനായി ഒരു ഹോട്ടൽ തപ്പി നടന്നു… south indian ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ ഉണ്ടവിടെ … അങ്ങനെ രണ്ട് മസാലദോശ വാങ്ങി… അതോടെ എനിക്ക് മതിയായി(അവിടുത്തെ എന്ത് ഭക്ഷണവും കഴിച്ചോളൂ… നമ്മടെ ഭക്ഷണത്തിനെ പറ്റി ആലോചിക്കിയേ വേണ്ട)
സ്ഥലം ഒന്ന് കാണാലോയെന്നുവെച്ചു നടന്നു… അങ് മലയുടെ മുകളിൽ മഞ്ഞുമൂടിയിരിക്കുന്നത് കാണാം… താഴ്വരകളിൽ ഒക്കെ ഉരുകിപോയിരിക്കുന്നു … അമ്പലങ്ങളും ആശ്രമങ്ങളുമാണ് അവിടെ കുടുതലും.. പിന്നെ കുറെ ലോഡ്ജുകളും … പോലീസ് സ്റ്റേഷൻ , ആശുപത്രി , ബാങ്ക്, എന്നിവയൊക്കെ ഓരോന്നുവെച്ചു ഉണ്ടവിടെ….
ചായക്കടകൾ പച്ചക്കറികടകൾ തുണിക്കടകൾ ഒക്കെ ഉണ്ടവിടെ .. എല്ലാം താൽക്കാലികം മാത്രം.. വർഷത്തിൽ ആറുമാസം മഞ്ഞുമൂടികിടക്കുന്ന സ്ഥലമാണ് ബദ്രിനാഥ്… അതുകൊണ്ടുതന്നെ വർഷത്തിൽ ആറുമാസം മാത്രമേ ഇവിടേ താമസിക്കാൻ പറ്റു. ചില സന്യാസികൾ മാത്രം മലയിടുക്കുകളിലുള്ള ഗുഹകളിൽ ആറുമാസത്തെ സചീകരണങ്ങളോടെ താമസിക്കും… കോടവന്ന് പ്രദേശം മൊത്തം മൂടാൻതുടങ്ങി … ഞാൻ നേരെ റൂമിലേക്ക് വെച്ചുപിടിച്ചു…
രാവിലെ ആറുമണിക്കെണീറ്റു ബാഗിൽ ക്യാമറയും ഒരു കുപ്പി വെള്ളവും എടുത്തിട്ട് പുറത്തിറങ്ങി… ട്രെക്കിങ്ങും മറ്റും താല്പര്യം ഉള്ളകൂട്ടത്തിലായോണ്ട് ഏതേലും മല കിഴടക്കാമെന്ന് വെച്ചു… ചുറ്റിനും മലകൾ മാത്രം… ഒരു കുന്നിലേക്ക് മാത്രം കോൺക്രീറ്റ് ഇട്ട ഒരു ചെറിയ നടപ്പാത കയറിപോവുന്നത് കണ്ടു…
വഴിയുണ്ടായിട്ടും അവിടൊന്നും ആരെയും കാണാത്തതുകൊണ്ട് അങ്ങോട്ടു പോവാമെന്ന് വെച്ചു…
ബദ്രിനാഥ് അമ്പലവും അളകനന്ദ പുഴയും കടന്നുവേണം അവിടേക്ക് പോവാൻ .. മഴ ആയതുകൊണ്ടാവും അളകനന്ദ ചെളികളർന്ന വെള്ളവുമായി കുതിച്ചൊഴുകുന്നത് … അവിടിവിടങ്ങളായി മൂന്നുനാല് തൂക്കുപാലങ്ങൾ ഉണ്ട് അളകനന്ദ കടക്കാൻ … ഞാൻ ഒട്ടും നേരം കളയാതെ മല ലക്ഷ്യമാക്കി നടന്നു… പുഴക്കപ്പുറമാണ് അവിടുത്തെ ജനങളുടെ വാസം … ചെറിയ വീടുകൾ .. അതിനുമുന്നിലുടെ ഞാൻ നടന്നുനീങ്ങി …
എല്ലാവീട്ടിലും പശുവുണ്ട് … പശുവിനെക്കൊണ്ടാണ് അവരുടെ പ്രധാന വരുമാന മാർഗം … ഞാൻ മലകേറി തുടങ്ങി…
ഉയരങ്ങളിലേക്ക് ഓരോ തവണ കയറുമ്പോഴും തിരിഞ്ഞുനിന്ന് ബദ്രിനാഥിന്റെ ഭംഗി ആസ്വദിക്കാനും ഫോട്ടോ എടുക്കാനും ഞാൻ മറന്നില്ല .. മുകളിൽ എത്തിയപ്പോൾ വീണ്ടും വഴി മലയിടുക്കിലൂടെ കാണാമറയത്തോളം നീണ്ടുകിടക്കുന്നു… ഒന്നും ആലോചിക്കാതെ മുന്നോട്ടു തന്നെ നടന്നുനീങ്ങി..
മുകളിൽ പറക്കിടയിലൊക്കെ കല്ലുകൊണ്ടുണ്ടാക്കിയ വാസസ്ഥലങ്ങൾ കാണാം .. ഇവിടാവും സന്യാസികൾ മഞ്ഞുകാലത്തു അഭയം തേടുന്നത്. മുകളിൽ നല്ലൊരു സ്ഥലം കണ്ടപ്പോൾ ഞാൻ അവിടെയിരുന്നു… മുന്നോട്ട് അവസാനമില്ലാത്ത മലനിരകൾ. തിരിഞ്ഞുനോക്കിയാൽ താഴെ ബദ്രിനാഥ് കാണാം. ഞാൻ ഇതുവരെ കണ്ടത്തിൽവെച്ചു ഏറ്റവും മനോഹരമായ കാഴ്ച്ച… മലമുകളുകൾ കൊടവന്നു മൂടാൻതുടങ്ങി . അധികനേരം അവിടെയിരിക്കുന്നത് പന്തിയല്ലെന്നുതോന്നിയ ഞാൻ പതിയെ താഴേക്ക് നടന്നു.. ഉച്ചയോടെ റൂമിൽ തിരിച്ചെത്തി.. അപ്പോഴേക്കും ഞാൻ ഇരുന്ന സ്ഥലമടക്കം പർവ്വതങ്ങളെ എല്ലാം കോട വിഴുങ്ങിയിരുന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ബദ്രിനാഥിലെ മറ്റൊരു ആകർഷണമായ മന വില്ലേജിലേക്കായി എന്റെയാത്ര.. ബദ്രിനാഥിൽനിന്നു 3 km അകലെയാണ് മന വില്ലേജ് സ്ഥിതിചെയുന്നത്.
വ്യാസ് ഗുഹയും ഗണേഷ് ഗുഹയുമാണ് മനയിലെ പ്രധാന ആകർഷണം. കടൽനിരപ്പിൽനിന്ന് 10133.5 അടി ഉയരത്തിലാണ് ഇവിടം സ്ഥിതിചെയുന്നത്. വൈകുന്നേരത്തുകൂടേ ഞാൻ തിരിച് ബദ്രിനാഥിലെത്തി.
പിറ്റേന്ന് ( ജൂലൈ 24 തിങ്കൾ) രാവിലെ മടങ്ങാനാണ് എന്റെ പ്ലാൻ.. നാളത്തെ ബസ് ടിക്കറ്റ് ഇന്നേ എടുക്കാമെന്നറിഞ്ഞു.. അങ്ങനെ ബസ് സ്റ്റാൻഡിൽപോയി പിറ്റേന്ന് രാവിലത്തെ ബസിനു ബുക്ക് ചെയ്തു… തിരിച് റൂമിലെത്തിയ ഞാൻ അതുവരെ സന്ദർശിക്കാത്ത ബദ്രിനാഥ് അമ്പലത്തിലും അവസാനനിമിഷം പോയി…
പിറ്റേന്ന് രാവിലെ 5 മണിക്കായിരുന്നു ബസ്. സമയത്തുതന്നെ സ്റാൻഡിലെത്തി. ബദ്രിനാഥിൽനിന്നും ഒരു പതിനഞ്ച് കിലോമീറ്റർ ഓടിക്കാണും, റോഡ് ബ്ലോക്കായി .. മണ്ണിടിച്ചിൽ കരണമാണെന്നാണ് അറിയാൻ കഴിഞ്ഞത്. മൂന്നുമണിക്കൂർ അവിടെ നിൽകേണ്ടിവന്നു.. പക്ഷെ അത് വെറുതെ ആയില്ലെന്നു മനസിലായത് എന്റെ ബസിൽ തന്നെ ഉണ്ടായിരുന്ന ഒരു മലയാളി സന്യാസിനിയെ പരിചയപെട്ടപ്പോഴായിരുന്നു. (അമ്മ എന്നാണ് എല്ലാവരും വിളിക്കുന്നത് ) അമ്മ പലയിടങ്ങൾ കറങ്ങി ഇപ്പൊ നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. ഒരു മലയാളിയെ കിട്ടിയ സന്തോഷത്തിലായി ഞാൻ. ഡെൽഹിവരെ ഒന്നിച്ചുപോവാമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തു.
ഒറ്റക്കാണോ എന്ന എന്റെ ചോദ്യത്തിന് തനിച്ചല്ല ഭഗവാൻ കൂടെയുണ്ടന്നായിരുന്നു അമ്മയുടെ മറുപടി. തനിച്ചാണോ ഇത്ര ദൂരമൊക്കെ യാത്ര ചെയ്യുന്നതെന്ന അമ്മയുടെ ചോദ്യത്തിന്, തനിച്ചല്ല ഭഗവാൻ കൂടെയുണ്ടെന്ന് ഞാനും. കൂടുതൽ പരിചയപെട്ടതിൽനിന്നു എന്നെ അവസാന നിമിഷം അമ്പലത്തിൽ എത്തിച്ച ഭഗവാന്റെ ലീലകളെപറ്റിയും അമ്മ പറഞ്ഞു. അങ്ങനെ അഞ്ചുമണിക്കിറങ്ങിയ ഞങ്ങൾ വൈകിട്ട് ഏഴോടെയാണ് ഹരിദ്വാറിൽ എത്തുന്നത്.
ക്ഷീണംകൊണ്ട് അമ്മക്ക് മുന്നോട്ടു യാത്ര ചെയ്യാൻ പറ്റാതെ വന്നതോടെ അമ്മ ഹരിദ്വാറിൽ റൂമെടുത്തു തങ്ങാൻ തീരുമാനിച്ചു.. ഞാൻ അമ്മയോട് യാത്ര പറഞ്ഞു, എന്റെ മടക്കയാത്ര തുടർന്നു
എനിക്കുവന്ന യാത്രാചിലവിന്റെ ചെറിയൊരു അവലോകനം.
Shoranur-Nizamuddin : 800/-, Nizamuddin-ISBT(kashmeerigate) : 50/-(shareauto), ISBT-Rishikesh : 261/-, Rishikesh-Badrinath : 425/-, Room(Badrinath 400/- for 2 days), Badrinath-Haridwar : 465/-, Haridwar-Delhi : 200/-(train sleeper), Delhi-Nizamuddin :100/-, Nizamuddin-Shoranur :900/-. ഫുഡ് വേറെ വരും… Total എന്റെ Budget – Rs 7000 /പത്തുദിവസം.
കണ്ടതൊക്കെവെച്ച് ഇതാ ചെറിയൊരു വീഡിയോ..
© Bibin Joseph
Source – https://www.facebook.com/groups/TeamSanchari/permalink/1537087119682420/