പിന്നിലിടിച്ച മാരുതി ബലെനോ തവിടുപൊടി; ഒന്നുമറിയാതെ വോൾവോ കാർ..

ഇന്ത്യയിലെ കാറുകളുടെ സുരക്ഷയെക്കുറിച്ച് പലപ്പോഴും സംശയത്തോടെയാണ് എല്ലാവരും വീക്ഷിക്കാറുള്ളത്. നമ്മുടെ രാജ്യത്തെ കാർ വിപണിയിൽ പ്രധാനികളായ മാരുതിയാണ് ഈ കാര്യത്തിൽ ഏറ്റവും കൂടുതൽ പഴി കേൾക്കുന്നതും. മൈലേജ്, വിലകുറവ് എന്നിവയുടെ അടിസ്ഥാനത്തിൽ നോക്കുമ്പോൾ സുരക്ഷ കുറയുമെന്നു തന്നെയാണ് പൊതുവെയുള്ള വിലയിരുത്തലുകൾ. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ടാറ്റായുടെ ടിയാഗോ പോലുള്ള ചില കാറുകൾ സുരക്ഷയിൽ പേരുകേട്ടതാണ്.

ഏത് വാഹനം വാങ്ങുമ്പോഴും മൈലൈജും, എഞ്ചിന്‍ ശക്തിയും, മ്യൂസിക്ക് സിസ്റ്റവും സണ്‍റൂഫുമൊക്കെ മാത്രം ചോദിക്കുന്നവര്‍ ചോദിക്കാന്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. വാഹനത്തിന്റെ സുരക്ഷയെ കുറിച്ച്. ഇന്ത്യയിലെ റോഡപകടങ്ങല്‍ വര്‍ഷം തോറും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ആദ്യം ചോദിക്കേണ്ടത് സുരക്ഷയെ കുറിച്ചാണ്. പിന്നീടുള്ളതാണ് മൈലേജും എഞ്ചിനുമെല്ലാം. ഓടിക്കാന്‍ ആളില്ലാതെ വണ്ടിക്ക് മൈലേജും ഇത്ര കുതിരശക്തിയും ഉണ്ടായിട്ട് കാര്യമില്ലല്ലോ!

എന്തായാലും വിദേശ നിര്‍മ്മിത വാഹനങ്ങള്‍ക്കു മുന്നില്‍ ഇന്ത്യന്‍ വാഹനങ്ങളുടെ ദയനീയമായ അവസ്ഥ വ്യക്തമാക്കുന്ന ഒരു ചിത്രമാണ് കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലെ താരം.

സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC 60 എസ്‍യുവിയുടെ പിന്നിലിടിച്ച മാരുതിയുടെ ജനപ്രിയ വാഹനം ബലേനോയുടെ ചിത്രമാണ് വൈറലാകുന്നത്. അഡ്വ. ഉണ്ണികൃഷ്ണന്‍ എസ്‍ഡി എന്നയാള്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ബലേനോ തകര്‍ന്ന് തരിപ്പണമായതാണ് ചിത്രം വ്യക്തമാക്കുന്നത്. എന്നാല്‍ വോള്‍വോ ഒന്നും അറിഞ്ഞിട്ടേയില്ല. ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് ഉള്ളിലേക്ക് ചുരുങ്ങിപ്പോയ നിലയിലാണുള്ളത്. അപകടം നടന്നത് എവിടെയാണെന്ന് വ്യക്തമല്ലെങ്കിലും ബലേനോയുടെ സുരക്ഷതത്വത്തെ ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ ആയിരങ്ങളാണ് പങ്കു വയ്ക്കുന്നത്. എന്നാല്‍ 8 ലക്ഷത്തിന്റെ കാറിനെ 60 ലക്ഷം രൂപയുടെ കാറുമായി താരതമ്യം ചെയ്യാമോ എന്ന് ചോദിച്ച് ബലേനോയെ ന്യായീകരിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബെലേനോയുടെ പുതിയ പതിപ്പ് വിപണിയിലെത്തിയ ദിവസം തന്നെയാണ് ഈ അപകട ചിത്രങ്ങള്‍ പുറത്തു വന്നതെന്നതാണ് കൗതുകകരം. പുതിയ ബലേനോ പെട്രോള്‍ പതിപ്പിന് 5.45 ലക്ഷം രൂപ മുതല്‍ 8.77 ലക്ഷം വരെയും ഡീസലിന് 6.60 ലക്ഷം മുതല്‍ 8.60 ലക്ഷം രൂപ വരെയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 83 ബിഎച്ച്പി കരുത്തേകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 74 ബിഎച്ച്പി കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ബലേനോയുടെ ഹൃദയം. ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് റെസ്ട്രിയന്റ് സിസ്റ്റം, ഫോഴ്‌സ് ലിമിറ്റര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നീ സുരക്ഷാ സംവിധാനങ്ങളും പുതിയ വാഹനത്തിലുണ്ട്. 

സ്വീഡിഷ് വാഹനനിര്‍മ്മാതാക്കാളായ വോള്‍വോയുടെ ആഢംബര എസ്‌യുവിയായ എക്‌സ്‌സി 60മായി ബലേനോയെ താരതമ്യം ചെയ്യുന്നതു തന്നെ തെറ്റാണെന്ന പലരുടെയും വാദത്തില്‍ കഴമ്പില്ലാതെയില്ല. കാരണം  ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്നാണ് എക്‌സ്‌സി 60 അറിയപ്പെടുന്നത്. ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്‌കാരവും വോള്‍വോ XC60 സ്വന്തമാക്കിയത് കഴിഞ്ഞ വർഷമാണ്. സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടിയാണ് XC60 ഈ നേട്ടത്തിലേക്ക് ഓടിക്കയറിയത്.  ഏകദേശം 55.90 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുണ്ട് ഈ വാഹനത്തിന്. 

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്‌യുവിയാണ് എക്‌സ്‌സി 60. ഇന്ത്യയില്‍  2017 ഡിസംബറിലാണ് ഈ വാഹനം അവതരിപ്പിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വാഹനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 വാഗ്ദാനം ചെയ്യുന്നത്.

എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കും. ഒപ്പം ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം 130 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ സഹായിക്കും.

1969 സിസി എഞ്ചിനാണ് എക്‌സ്‌സി 60ന് കരുത്ത് പകരുന്നത്.  ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 233 ബിഎച്ച്പി കരുത്ത് പകരും.  8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ജഗ്വാര്‍ എഫ് പേസ്, ബെന്‍സ് ജിഎല്‍സി, ബിഎംഡബ്യു എക്‌സ്3, ഔഡി ക്യു5 എന്നിവയാണ് എക്‌സ്‌സി 60ന് നിലവില്‍ ഇന്ത്യയിലെ എതിരാളികള്‍.

ലേഖനത്തിനു കടപ്പാട് – ഏഷ്യാനെറ്റ് ന്യൂസ്, Road Pulse.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply