മൺട്രോ തുരുത്തിൻ്റെ ഹൃദയമറിഞ്ഞ് ഒരു കളിവള്ള യാത്ര…

വിവരണം – Aswathy Kuruvelil.

സഞ്ചാരി സുഹൃത്തുക്കളുടെ പതിവ് ചർച്ചക്കിടയിലാണ് വളരെ ആകസ്മികമായി മൺട്രോ ഒരു വിഷയമായി കടന്നുവന്നത് . ഈ ചൂടൻ കാലാവസ്ഥയിൽ എവിടെ ഒരു ഇവന്റ് നടത്തുമെന്നും ആലോചിച്ചു ഇരിക്കുകയാരുന്നു കോർ ടീം. പേരിനിടൊപ്പം തന്നെ മൺട്രോ യുടെ പച്ചപ്പും തണലും കനാലും മനസ്സിൽ നിറഞ്ഞുവന്നു.. ഇത്രെ അടുത്തുള്ള ഒരു സ്ഥലം ആയിട്ടും എനിക്കും അതുപോലെ ഗ്രൂപ്പിലെ പലർക്കും ഇതുവരെ മൺട്രോ പോകാനോ കാണാനോ സാധിച്ചിരുന്നില്ല . ഇത്തവണ ഉറപ്പായും പോകും എന്നു ഞാനും തീരുമാനിച്ചു.. ഗ്രൂപ്പിലെ ഒരു ചെറിയ ചർച്ചയിൽ നിന്നും മൺട്രോ നിവാസികളെയും മൺട്രോയിൽ മുന്നേ യാത്ര ചെയ്തവരെയും ഒരുമ്മിപ്പിച് വളരെ പെട്ടന്ന് തന്നെ ഒരു ഇവെന്റ്റ് ടീം സെറ്റ് ചെയ്തു..

അങ്ങനെ അഭി ,നിക്സൺ , ആതിര , നീലിമ, സജിത്ത് തുടങ്ങിയവർ അഡ്മിൻ ടീമുമായി ചേർന്ന് ഇവെന്റ്റ് ടീം പ്ലാനിങ് തുടങ്ങി. പിന്നീട് അന്വേഷണങ്ങളും തീരുമാനങ്ങളുമായി ഒരു രണ്ടു ദിവസം.. ട്രിപ്പിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചപ്പോൾ മുതൽ തന്നെ നല്ല പ്രതികരണം ആണ് ലഭിച്ചതു. 24 മണിക്കൂറിനുള്ളിൽ തന്നെ രജിസ്ട്രേഷൻ ഫിൽ ആവുകയും ചെയ്തു . അങ്ങനെ ഞങ്ങൾ 36 അംഗങ്ങളുമായി ‘Explore Munroe island’ എന്ന ഗ്രൂപ്പ് തുടങ്ങി ബാക്കി ചർച്ചകളും നിർദേശങ്ങളും എല്ലാം ഗ്രൂപ്പിലേക്ക് മാറ്റുകയും ചെയ്തു. ദിവസങ്ങൾ എണ്ണി ഞങ്ങളും നോക്കിയിരുന്നു.

ഏറ്റവും സന്തോഷം തോന്നിയത് ഏതു യാത്ര ഗ്രൂപ്പുകളിലാകട്ടെ മൺട്രോ എന്നൊരു പേരുകേട്ടാൽ സന്തോഷത്തോടെ അവിടം ഒരുനോക്ക് എങ്കിലും കാണാൻ ആഗ്രഹിക്കുന്ന ധാരാളം സഞ്ചാരികൾ കേരളത്തിൽ എന്നല്ല ലോകത്തിന്റെ പല കോണുകളിലും ഉണ്ട് എന്ന് അറിയാൻ കഴിയുന്നതാണ്.. അതുപോലെയാണ് നമ്മുടെ ഇവന്റിൽ പങ്കെടുക്കാനായി കേരളത്തിന്റെ തെക്കുനിന്നും വടക്കുനിന്നും നടുക്കുനിന്നും ഒക്കെ സഞ്ചാരി സുഹൃത്തുക്കൾ എത്തിച്ചേരാൻ തയ്യാറാണെന്ന് അറിഞ്ഞപ്പോഴുള്ള ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തവ ആയിരുന്നു..

കോഴിക്കോടൻ സഞ്ചാരിയുടെ നെടുംതൂണാത്ത മുനീർ ഇക്കാനെ ലുലുവിൽ പോയി പൊക്കി, കൊച്ചി ടീമിന്റെ മാരത്തോൺ താരം അജു ചിറക്കൽ ചേട്ടനെയും പൊക്കി, കൊടുങ്ങല്ലൂരുകാരൻ അരുൺ പീറ്റർ ചേട്ടനും ചേർന്ന ടീം വടക്കൻസ് അതിരാവിലെ തന്നെ കരുനാഗപ്പള്ളിയിൽ ലാൻഡ് ചെയ്തു. സിംഗപ്പൂരും ചൈനയും ഒക്കെ കടുക് മണിപോലും വിടാതെ കറങ്ങി നടന്നുവെങ്കിലും കേരളത്തിൽ ആദ്യമായി ബുള്ളറ്റിൽ ഒരു ഫാമിലി യാത്രക്കായി പുലർച്ചയുടെ തണുപ്പ് പോലും വകവയ്ക്കാതെ 4 മണിക് തിരുവനന്തപുറത്തുന്നു 5 വയസുള്ള കുഞ്ഞുമായി കണ്ണൂര്കാരൻ സൂരജേട്ടനും ഇന്ദുചേച്ചിയും ഇവെന്റിൽ താരമായ ഞങ്ങളുടെ പൊന്നോമന ലെച്ചുവും കൂടെ ബെന്നിചേട്ടനോടും അർജുൻ ചേട്ടനോടും ചേർന്ന് കൃത്യം ആറു മണിക്കുതന്നെ കൊല്ലം ഹൈസ്‌കൂൾ ജംഗ്‌ഷനിൽ എത്തി. കൊല്ലം റൈഡിങ് ടീമുമായി ചേർന്ന് നേരെ ജങ്കാറിൽ മൺട്രോ യിൽ എത്തി. ബാക്കി കൊട്ടാരക്കര, കുണ്ടറ, കരുനാഗപ്പള്ളി ടീമ്സ് ചിറ്റുമലയിൽ എത്തി ഒരുമിച്ച് റൈഡ് ആയി മൺട്രോ പോകാനും പ്ലാൻ ആയി.

ബെറ്റിസി, അരുണിമ ഇവരോടൊപ്പം അനിയത്തിയേം കൂട്ടി ഞാനും പുറപ്പെട്ടു. കൃത്യസമയത്തു എത്തുന്ന എന്റെ സ്വഭാവം കാരണം നമ്മുടെ സുഹൃത്തുക്കൾ 20മിനിറ്റു കാത്തുനിൽകേണ്ടി വന്നു. അഡ്മിന്റെ തെറിവിളിയെ 100 വാട്ട് ബൾബിന്റെ ചിരിയിൽ ഒതുക്കി ഞങ്ങളും റൈഡിനു തയാറായി. നിര നിരയായി നീങ്ങുന്ന 25 ഇൽ അധികം വാഹനങ്ങൾ വഴിവക്കത്തുള്ളവർക്കൊക്കെ ഒരു കൗതുക കാഴ്ചയായി.. 7:45 നു ഞങ്ങൾ മൺട്രോയിൽ എത്തി. അവിടെ ഞങ്ങളെയും കാത്തു നമ്മുടെ വിമലൻചേട്ടനും കുടുംബവും ഉണ്ടായിരുന്നു. നമ്മുടെ ഗ്രൂപ്പിലെ ആതിരചേച്ചിയുടെ അച്ഛനാണ് അദ്ദേഹം . ഇപ്പോൾ പുറത്തുള്ളവർക്ക് മൺട്രോ എന്നു പറഞ്ഞാൽ ആദ്യം വരുന്ന പേര് അദ്ദേഹത്തിന്റെയും മകൻ വിജീഷിന്റെയും ആണ് .

വണ്ടികൾ ഒതുക്കി എല്ലാവരും വള്ളക്കടവിൽ കയറി .കുറച്ചുപേർ ഒഴികെ എല്ലാവരും എനിക്ക് പുതുമുഖങ്ങൾ ആയിരുന്നു .ഞങ്ങൾ കയറിയ വള്ളം വിമലൻ ചേട്ടന്റേതായിരുന്നു . സൂരജേട്ടന്റെ ഭാര്യ ഇന്ദുവും മകൾ ലെച്ചുവും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പെട്ടെന്നാണ് ലെച്ചുവുമായി അടുത്ത്. അല്ലെങ്കിലും ഏത് ട്രിപ്പിലും എനിക്ക് പ്രീയപെട്ടതായി ഒരു കുട്ടിയെ കിട്ടാറുണ്ട്. ദീപിനെ പോലെ മല്ലീഹയെ പോലെ ഇവിടെ ലെച്ചുവും.

നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തനി ഗ്രാമമാണ് മൺട്രോ. അഷ്ടമുടി കായലിനും കല്ലടയാറിനും ഇടയിലുള്ള 8 ഓളം തുരുത്തുകളുടെ കൂട്ടം. കായലും പുഴയും ചെറു തോടുകളും തെങ്ങിൻതോപ്പുകളും കൗങ്ങിൻ തോപ്പുകളും ചെമ്മീൻ കെട്ടുകളും ഒപ്പം ഒരുപറ്റം നിഷ്കളങ്കരായ ആളുകളും ചേർന്ന് മൺട്രോയെ അതിമനോഹരം ആക്കിയിരിക്കുന്നു. തിരുവിതാംകൂർ ദിവാൻ പട്ടം ഏറ്റെടുത്ത കേണൽ മൺട്രോയുടെ സ്മരണാർഥമാണ് തുരുത്തിനു ഈ പേര്‌ നൽകിയിരിക്കുന്നത്. കാഴ്ചക്കാരുടെ ഒരു സ്വർഗ്ഗ ഭൂമിയാണ് മൺട്രോ. അത് എത്ര വർണിച്ചാലും മതിയാകൂല്ല, മതിവരില്ല.

ജങ്കാറും ബസും ആണ് പ്രധാന ഗതാഗത മാർഗങ്ങൾ. ചെറുതോടുകളിലൂടെയുള്ള കളിവള്ളങ്ങളിലുള്ള യാത്രയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഇന്നും വികസനങ്ങൾ അധികം എത്തിനോക്കിയിട്ടില്ലാത്ത ഒരിടം.. ആറുമാസം ഉപ്പുവെള്ളവും ആറു മാസം ശുദ്ധവെള്ളവും ലഭിക്കുന്ന കിണറുകളാണ് അവിടെ ഉള്ളതെങ്കിലും അവശ്യസർവീസുകളുടെ പരിമിതികൾ ധാരാളം അനുഭവിക്കുന്നവരാണെങ്കിൽ പോലും ഇന്നും ആ നാടിനെ അതിന്റെ ഭംഗിയിലും ആ ഗ്രാമീണത അതുപോലെ തന്നെ നിറഞ്ഞമനസോടെ കൊണ്ടുപോകുന്നതുമായ ഒരുപറ്റം സാധാരണക്കാരുടെ ഗ്രാമം..

ചെമ്പരത്തികളും തെച്ചിയും അതിരിടുന്ന വേലികളും ഇടവഴികളും ചെറുതോടുകളും ചെമ്മീൻ കെട്ടുകളും കയർ നിർമ്മാണവും , തങ്ങളുടെ കൃഷി ഉല്‌പന്നങ്ങളുമായി അതിരാവിലെ വള്ളത്തിൽ തുഴഞ്ഞുപോകുന്ന സാധാരണക്കാരും ഇവിടുത്തെ പതിവ് കാഴ്ചയാണ് . ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം. ഗൃഹാതുരത്വം തോന്നിക്കുന്ന ഒരുപാട് കാഴ്ചകളാൽ സമ്പന്നമാണ് മൺട്രോ.. നഷ്ടപെട്ട നമ്മുടെ കുട്ടിക്കാലം ആണ് നമ്മുക്കവിടെ കാണാൻ കഴിയുക.. കേരളം എന്ന പേരിനു ശരിയായ അർത്ഥം ഉൾകൊള്ളുന്ന സന്മനസുകളുടെ പച്ചപ്പു നിറഞ്ഞ ഗ്രാമം..!!

നാലഞ്ചു വള്ളങ്ങളിലായി സഞ്ചാരികളെയും കൊണ്ട് വിമലൻചേട്ടനും സംഘവും യാത്ര തുടങ്ങി. പോകുന്ന വഴിയിൽ ഓരോരോ കാഴ്ചകളെയും പറ്റി നല്ല വിവരണങ്ങൾ നല്കാൻ അദ്ദേഹം ശ്രദ്ദിച്ചു . ഇടയ്ക്കു ഒരു ടി ബ്രേക്ക് ഉണ്ടായിരുന്നു .എല്ലാവർക്കുമുള്ള നല്ല ചൂടൻ പഴംപൊരിയും ചായയുമായി സജിത്തേട്ടനും ആതിരചേച്ചിയും എത്തി.അതിനു ശേഷമായിരുന്നു ശെരിക്കും ട്വിസ്റ്റ്..!! ഇടുങ്ങിയ തൊടുകളിലൂടെയും മറ്റും മെയ് വഴക്കമുള്ള ഒരു അഭ്യസിയെപോലെ വിമലൻചേട്ടൻ തുഴയെറിഞ്ഞു. ഒട്ടനവധി പാലങ്ങളും തടികളും തലക്കുമീതെ, അവിടെ തലതാഴ്ത്തിയും വള്ളത്തിൽ താഴെ ഇരുന്നും ഒക്കെയുള്ള യാത്ര ഞങ്ങൾക്കൊരു പുതു അനുഭവമായി.

വഴിയിൽ ഒട്ടനവധി ചെമ്മീൻ കെട്ടുകൾ,കണ്ടൽ കാടുകൾ തെങ്ങിൻ തോപ്പുകൾ അങ്ങനെ ഒട്ടനവധി കാഴ്ചകൾ..!! പിറകെ വള്ളങ്ങളിൽ സ്രാങ്കും ടീമും തള്ളി തള്ളി മുൻപോട്ടു വന്നെങ്കിലും കൊല്ലം അഡ്മിനായ അനീഷേട്ടന്റെ തള്ളിനു മുൻപിൽ പകച്ചുപോയി. അങ്ങനെ വീണ്ടും ഞങ്ങൾ മുൻപിലെത്തി. വെള്ളത്തിലെ യാത്ര കഴിയുമ്പോഴേക്കും ഓരോ വള്ളത്തിൽ ഉള്ളവർക്കും നൂറു നൂറു കഥകൾ ഉണ്ടായിരുന്നു പറയാൻ . Couples വള്ളത്തിൽ പെട്ടുപോയ കുരുവിള ചേട്ടന്റെ മുഖം എല്ലാരിലും ചിരി ഉളവാക്കി.

അങ്ങനെ വീണ്ടും ഒരിടവേളക്ക് ശേഷം ഞങ്ങൾ വേടൻചാടി മലയിലേക്കു യാത്രയായി. അനു നെടിയവിള പാടി പുകഴ്ത്തി പ്രശസ്തമാക്കിയ അതേ വേടൻചാടി മല. കായലിനു അക്കരെ കടക്കാൻ വള്ളം കാത്തുനിന്നപ്പോൾ രണ്ടു കുട്ടികൾ ചൂണ്ടയിടുന്നത് കണ്ട് ഞങ്ങളും ഒപ്പം കൂടി. അവസാനം അന്ന് മുഴുവൻ മീൻ പിടിക്കാൻ ഉള്ള മൈദ എടുത്തു മീനിന് തിന്നാൻ കൊടുത്തുന്നു പറഞ്ഞ് പിള്ളേർ ഓടിച്ചു. വള്ളത്തിൽ അക്കരെ എത്തിയ ഞങ്ങൾ നടക്കാൻ തുടങ്ങി. ശ്യംചേട്ടൻ മുൻപിലും ബാക്കി ആട്ടിൻപറ്റം വരിവരിയായി പിറകിലും. നടന്നു നടന്ന് ഭൂമി ഉരുണ്ടതാണെന്നു മനസിലായപ്പോഴേക്കും പഴയ സ്ഥലം എത്താറായിരുന്നു.

സ്ഥലം പറഞ്ഞുതന്ന ആ മലവേടനെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് കുഞ്ഞാടുകൾ നടക്കാൻ തുടങ്ങി. “നമ്മുക് ചോയിച് ചോയിച് പോകാം” അങ്ങനെ പേരുപോലെ ശെരിക്കും exploring തന്നെ. നടന്നു ഇടവഴികളിലൂടെയും വീട്ടുമുറ്റങ്ങളിലൂടെയും ഒക്കെ പുരോഗമിച്ച ആ യാത്രയിൽ കൂട്ടായി വഴിയോരത്തെ പറമ്പിൽ നിന്നും കിട്ടിയ മാങ്ങയും കശുമാങ്ങയും ഒക്കെ. അങ്ങനെ മല തേടിപ്പോയ ഞങ്ങൾ ഒരു കായൽ തീരത്തു എത്തിയപ്പോഴേക്കും മുൻപ് ഇതേ വേടൻചാടിമല പോയിരുന്നു എന്നു തള്ളിയ അനീഷേട്ടനും പിള്ളേരും ഒരു വഴിയിലൂടെ അങ്ങെത്തി. കുറച്ചുനേരം കായലോരത്തു വിശ്രമിച്ചു വീണ്ടും ഞങ്ങൾ exploring തുടങ്ങി.

പോയ 36 പേരും ആ മഹാനെ, അനു നെടിയവിളയെ സ്മരിക്കുന്നുണ്ടായിരുന്നു. അതിസാഹസികമായ ഈ വേടൻചാടിമല യാത്രക്കൊടുവിൽ ഞങ്ങൾ ഒരു മുനമ്പിൽ എത്തി ചേർന്നു. വേടനെ കുറ്റം പറയാൻ ഒക്കുകേല, ആർക്കു കണ്ടാലും ഒന്ന് ചാടാൻ തോന്നും. കൂട്ടത്തിലുള്ള അജുവേട്ടനും രാഹുലേട്ടനും ഒക്കെ പുതിയ വഴി കണ്ടെത്തി അപ്പോഴേക്കും മുനമ്പിനു താഴെ എത്തിയിരുന്നു. താഴെ വിശാലമായ കായൽ. ഒരുപക്ഷെ, അസ്തമയസമയം ആയിരുന്നേൽ അതിമനോഹരം ആയിരുന്നേനെ അവിടുത്തെ കാഴ്ചകൾ. കുറച്ചു സമയം കൂടി അവിടെ ചിലവഴിച്ചു ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.

ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ വഴികാട്ടി അമ്പാടിച്ചേട്ടനും നീനുചേച്ചിയും മുൻപിലും ക്ഷീണിച്ചു അവശരായ കുഞ്ഞാടുകൾ പിന്നിലും. പോയ വഴി ഒന്നും തിരികെ വന്നപ്പോൾ കണ്ടില്ല. അവസാനം വിശന്നു അവശരായി കടവിൽ വന്നപ്പോൾ സീൻ കോൺട്ര!! വള്ളക്കാരൻ ഊണ് കഴിക്കാൻ പോയി. കൂവിയാൽ വള്ളക്കാരൻ വരുമെന്ന് ആരോ പറഞ്ഞ ഓർമയിൽ ആഞ്ഞു കൂവി. പിന്നെ അറിഞ്ഞു ഒരു മണിക്കൂർ കഴിഞ്ഞേ വള്ളക്കാരൻ വരു എന്നു. അടുത്ത വീട്ടിൽ കയറി വെള്ളം കുടിച്ച എല്ലാരും കടവത്തു ചുറ്റിപറ്റി ഇരുന്നു.

തൊട്ടടുത്ത വീട്ടിൽ വെള്ളം കുടിക്കാൻ കയറിയ ഞങ്ങൾ അവിടുത്തെ അടുക്കള തിരിച്ചുവയ്ച്ചു . ബിസ്കറ്റ്, റസ്‌ക്, മിക്‌സ്ചർ തുടങ്ങി മീനചേച്ചിയെകൊണ്ട് ചക്ക മുറിക്കുന്നത് വരെ എത്തിച്ചു. ചേച്ചിയുടെ കുട്ടികളുമായി കളിയ്ക്കാൻ തുടങ്ങിയ അഭി അവരുടെ ബാറ്റ് ഒടിച്ചു. അവസാനം മടൽ വെട്ടി ഒന്നാന്തരം MRF ബാറ്റ് ഉണ്ടാക്കി കൊടുത്ത ശേഷമാണു ഒന്നടങ്ങിയത്. വള്ളക്കാരൻ ചേട്ടൻ എത്തിയപ്പോഴേക്കും 2 pm. വിശന്നു കുടല് കരിഞ്ഞ ഞങ്ങൾ വണ്ടിയുടെ അടുത്തേക്ക് പാഞ്ഞു. അവിടെ എത്തിയപ്പോൾ വീണ്ടും സീൻ അഭിയുടെ വണ്ടി പഞ്ചർ. പൊരിവെയിലത്തു വീണ്ടും കുറെ നേരം നിന്നു. ഒരുവിധം വണ്ടിയെടുത്ത് ഫുഡ് പറഞ്ഞിരുന്ന സ്ഥലത്തേക്ക് പാഞ്ഞു.

പെരുമൺ പാലത്തിനു അടുത്തായിരുന്നു അത്. അവിടെ എത്തി ഭക്ഷണം ഓർഡർ ചെയ്ത ഞങ്ങൾ ചുറ്റുമുള്ളതൊന്നും കണ്ടില്ല. ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ ആന കരിമ്പിൻ കാട്ടിൽ കയറിയപോലെ ഉണ്ടായിരുന്നു തീൻ മേശ! കായലിന്റെ തീരത്തു വെള്ളത്തിൽ കാലുമിട്ടിരുന്നു ആസ്വദിച്ചുകൊ ണ്ടിരുന്ന ഞങ്ങളെ ഞെട്ടിച്ചുകൊണ്ട് അവർ ബാക്കിവന്ന ഭക്ഷണം കായലിലേക്ക് തള്ളി. എന്തോ മനസ്സിൽ വല്ലാണ്ട് അസ്വസ്ഥത പോലെ. ഇവരെയാണ് ആദ്യം ബോധവത്കരിക്കേണ്ടതെന്ന മുനീറിക്കയുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ച.

പിന്നീട് എല്ലാവരും പരസ്പരം പരിചയപ്പെടൽ തുടങ്ങി. കുഞ്ഞു ലെച്ചു മുതൽ മൂത്താപ്പ വരെയുള്ള ഓരോരുത്തരും അനുഭവങ്ങൾ പങ്കുവയ്ച്ചു. മുനീറിക്ക സഞ്ചാരി തുടങ്ങിയ കാലം മുതൽക്ക് ഉള്ള അനുഭവങ്ങൾ പറഞ്ഞു. സമയം വൈകി തുടങ്ങിയതിനാൽ ഗ്രൂപ്പ് ഫോട്ടോ എടുത്തു എല്ലാരും പിരിഞ്ഞു. വീണ്ടും അടുത്ത റൈഡിൽ കാണാം എന്ന ഉറപ്പോടെ, ഒരുപിടി നല്ല ഓർമകളും നല്ലൊരു സൗഹൃദ കൂട്ടായിമയുമായി, ഒപ്പം ഇങ്ങനെ ഒരു റൈഡ് കുറഞ്ഞ സമയത്തിനുള്ളിൽ റെഡി ആക്കാനും പാകപ്പിഴകൾ ഇല്ലാതെ മുൻപോട്ട് കൊണ്ട് പോകാനും സഹായിച്ച ഒരുപറ്റം നല്ല ആൾക്കാരെ നന്ദിയോടെ സ്മരിച്ചുകൊണ്ട്.

റൂട്ട് തിരുവനന്തപുരം ഭാഗത്തു ഉള്ളവർക്ക് കൊല്ലം – കുണ്ടറ -ചിറ്റുമല മൺട്രോ. ബസിലും ബൈക്കിലും എത്തിച്ചേരാൻ : കൊല്ലത്തു നിന്നും ജങ്കാർ സർവീസ് വഴി മൺട്രോയിൽ എത്താം. എറണാകുളം ഭാഗത്തു നിന്നു വരുന്നവർക്ക് കരുനാഗപ്പള്ളി -ഭരണിക്കാവ് – ചിറ്റുമല – മൺട്രോ. ട്രെയിനിൽ വരുന്നവർക്ക് മൺട്രോയിൽ റെയിൽവേ സ്റ്റേഷൻ ഉണ്ട്.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply